2021, ഏപ്രിൽ 7, ബുധനാഴ്‌ച

ബോദ്‌ലേർ - ബാൽക്കണി



ഓർമ്മകൾക്കെല്ലാമമ്മേ, എന്റെ കാമുകിമാരിലനുപമേ,
എന്റെയാനന്ദസർവ്വസ്വമേ, എന്റെ കർമ്മങ്ങൾക്കാധാരമേ!
നമ്മുടെ ലാളനകളുടെ മാർദ്ദവം നിനക്കോർമ്മയുണ്ടാവും,
ഊഷ്മളമായ മുറിയ്ക്കകവും സായാഹ്നത്തിന്റെ ചാരുതയും.
ഓർമ്മകൾക്കെല്ലാമമ്മേ, എന്റെ കാമുകിമാരിലനുപമേ!

എരികനലുകളുടെ തീക്ഷ്ണത തിളക്കിയ സന്ധ്യകൾ,
മഞ്ഞു മൂടുന്ന പാടലസന്ധ്യകളിൽ നാമിരുന്ന ബാൽക്കണി;
മൃദുലമായിരുന്നുനിന്റെ മാറിടം! ദയാർദ്രമായിരുന്നു നിന്റെ ഹൃദയം!
മരണമില്ലാത്തതെന്തൊക്കെ നാമന്യോന്യമന്നു മന്ത്രിച്ചു.
എരികനലുകളുടെ തീക്ഷ്ണത തിളക്കിയ സന്ധ്യകൾ!

ഊഷ്മളസായാഹ്നങ്ങളിൽ അസ്തമയങ്ങളന്നെത്ര സുന്ദരമായിരുന്നു!
ആകാശമെത്ര വിപുലമായിരുന്നു! ഹൃദയമെത്ര സമർത്ഥമായിരുന്നു!
നിനക്കു മേൽ കുനിഞ്ഞുനില്ക്കെ, എനിക്കാരാദ്ധ്യയായ റാണീ,
നിന്റെ ചോരയുടെ വാസന ഞാൻ ശ്വസിക്കുന്നുവെന്നും ഞാനോർത്തു.
ഊഷ്മളസായാഹ്നങ്ങളിൽ അസ്തമയങ്ങളന്നെത്ര സുന്ദരമായിരുന്നു!

വലയം ചെയ്യുന്ന ചുമരു പോലെ രാത്രി പിന്നെ സാന്ദ്രമായി,
ഇരുളിന്റെ കയങ്ങളിൽ നിന്റെ കണ്ണുകൾ ഞാൻ കണ്ടറിഞ്ഞു,
നിന്റെ ശ്വാസം ഞാനൂറ്റിക്കുടിച്ചു, അമൃതമായി, കാകോളമായി!
എന്റെ കൈകളുടെ സാഹോദര്യത്തിൽ നിന്റെ കാലടികളുറക്കം പിടിച്ചു.
വലയം ചെയ്യുന്ന ചുമരു പോലെ രാത്രി പിന്നെ സാന്ദ്രമായി.

മരിച്ച നിമിഷങ്ങളെ പുനരാനയിക്കുന്ന മന്ത്രവിദ്യയെനിക്കറിയാം;
നിന്റെ കാൽമുട്ടുകളിൽ പറ്റിക്കിടന്നെന്റെ യൗവ്വനം ഞാനോർക്കുന്നു;
നിന്റെയലസസൗന്ദര്യത്തെ ഞാനെവിടെത്തേടാൻ,
നിന്റെ പ്രീതിദദേഹത്തിലല്ലാതെ, നിന്റെ സൗമ്യഹൃദയത്തിലല്ലാതെ?
മരിച്ച നിമിഷങ്ങളെ പുനരാനയിക്കുന്ന മന്ത്രവിദ്യയെനിക്കറിയാം!

ആ പ്രതിജ്ഞകൾ, ആ പരിമളങ്ങൾ, ആ ദീർഘചുംബനങ്ങൾ:
നമുക്കാഴമറിയാത്തൊരുൾക്കടലിൽ നിന്നവ പുനർജ്ജനിക്കുമോ,
ആഴക്കടലുകളുടെ കയങ്ങളിൽ നിന്നു മുങ്ങിക്കുളിച്ചുകയറിയതില്പിന്നെ,
നവയൗവ്വനമെടുത്താകാശത്തേക്കുയരുന്ന സൂര്യന്മാരെപ്പോലെ!
-ഹാ, ആ പ്രതിജ്ഞകൾ, ആ പരിമളങ്ങൾ, ആ ദീർഘചുംബനങ്ങൾ!

അഭിപ്രായങ്ങളൊന്നുമില്ല: