2021, ഏപ്രിൽ 17, ശനിയാഴ്‌ച

ബോദ്‌ലേർ - അലഞ്ഞും കരഞ്ഞും



അഗഥാ പറയൂ, നിന്റെ ഹൃദയം ചിലനേരം പറന്നുപോകാറുണ്ടോ,
ഈ കറുത്ത കടലിൽ നിന്ന്, ഈ ദുഷിച്ച നഗരത്തിൽ നിന്ന്?
സ്വച്ഛവും ഗഹനവുമായി- കന്യകാത്വം പോലെ-
ദീപ്തനീലിമ പൊട്ടിവിടരുന്ന മറ്റൊരു കടലിലേക്ക്?
അഗഥാ പറയൂ, നിന്റെ ഹൃദയം ചിലനേരം പറന്നുപോകാറുണ്ടോ?

സാഗരം, മഹാസാഗരം, വേദനകളിൽ നമുക്കു സാന്ത്വനം!
ഏതു പിശാചാണിരമ്പുന്ന കാറ്റിന്റെ മഹാവാദ്യവുമായി
കടലിനെ, ആ കഠോരഗായകനെ നിയോഗിച്ചയച്ചത്,
നമുക്കു താരാട്ടു പാടുകയെന്ന പുണ്യകർമ്മത്തിനായി?
സാഗരം, മഹാസാഗരം, വേദനകളിൽ നമുക്കു സാന്ത്വനം!

കപ്പലുകളേ! തീവണ്ടികളേ! അകലേക്കെന്നെക്കൊണ്ടുപോകൂ!
ഞങ്ങളുടെ കണ്ണീരു വീണു ചെളി കെട്ടിയ ഇവിടം വിട്ടകലെ!
നേരല്ലേ, അഗഥയുടെ കരയുന്ന ഹൃദയവും ചിലനേരം പറയാറില്ലേ,
“കുറ്റബോധത്തിൽ നിന്ന്, അപരാധത്തിൽ നിന്ന്, ശോകത്തിൽ നിന്ന്
കപ്പലുകളേ! തീവണ്ടികളേ! അകലേക്കെന്നെക്കൊണ്ടുപോകൂ!”

എത്രയകലെയാണു നീ, സുഗന്ധപൂരിതമായ പറുദീസാ!
തെളിഞ്ഞ നീലിമയ്ക്കടിയിൽ സുഖവും സ്നേഹവും മേളിക്കുന്നിടം,
ഞങ്ങൾ സ്നേഹിക്കുന്നവ ഞങ്ങളുടെ സ്നേഹത്തിനർഹമാകുന്നിടം,
നിർമ്മലാനന്ദത്തിൽ ഹൃദയങ്ങൾ മുങ്ങിത്താഴുന്നിടം!
എത്രയകലെയാണു നീ, സുഗന്ധപൂരിതമായ പറുദീസാ!

എന്നാൽ കൗമാരപ്രണയങ്ങളുടെ പച്ചപ്പറുദീസ,
യാത്രകൾ, പാട്ടുകൾ, ചുംബനങ്ങൾ, പൂച്ചെണ്ടുകൾ,
കുന്നുകൾക്കു പിന്നിൽ സ്പന്ദിക്കുന്ന വയലിനുകൾ,
ഇരുളുന്ന തോപ്പുകളിൽ മദിരയുടെ ഭാജനങ്ങൾ,
-എന്നാൽ കൗമാരപ്രണയങ്ങളുടെ പച്ചപ്പറുദീസ,

പാപബോധമില്ലാത്ത, രഹസ്യാനന്ദങ്ങളുടെയാ പറുദീസ,
ഇന്ത്യയെക്കാൾ, ചൈനയെക്കാൾ നമുക്കതകലെയാണോ?
കരഞ്ഞും വിലപിച്ചും നമുക്കതിനെ തിരിച്ചുവിളിക്കാനാകുമോ,
രജതശോഭയാർന്ന ഗാനങ്ങളാൽ നമുക്കു ജീവിപ്പിക്കാനാകുമോ,
പാപബോധമില്ലാത്ത, രഹസ്യാനന്ദങ്ങളുടെയാ പറുദീസയെ?



അഭിപ്രായങ്ങളൊന്നുമില്ല: