2021, ഏപ്രിൽ 6, ചൊവ്വാഴ്ച

ബോദ്‌ലേർ- ഭൂമി കുഴിക്കുന്ന അസ്ഥികൂടങ്ങൾ



I

പ്രാക്തനകാലത്തെ മമ്മികളെപ്പോലെ
പുസ്തകങ്ങളുടെ ജഡങ്ങൾ സുഖശയനം നടത്തുന്ന
കപ്പൽത്തുറയിലെ പൊടിപിടിച്ച കടകളിൽ
വില്പനയ്ക്കു വച്ച ശരീരശാസ്ത്രപുസ്തകങ്ങൾ.

മ്ലാനമാണു വിഷയമെങ്കിലും
അജ്ഞാതനായൊരു ചിത്രകാരന്റെ അറിവും കഴിവും
ആ വെറുങ്ങലിച്ച ചിത്രങ്ങൾക്കൊരു
വിചിത്രസന്ദര്യം നല്കുന്നതിൽ വിജയിച്ചിരിക്കുന്നു.

ആ നിഗൂഢതകളെ പിന്നെയും ഭീതിദമാക്കുംവണ്ണം
പാടത്തിറങ്ങിയ പണിക്കാരെപ്പോലെ
ഭൂമി കുഴിക്കുന്ന അസ്ഥികൂടങ്ങളേയും
തൊലിയൂർന്നുപോയ ജഡങ്ങളേയും നാം കാണുന്നു.

II

മാംസപേശികൾ വലിഞ്ഞുമുറുകിയും
തണ്ടെല്ലിന്റെ കരുത്തെല്ലാമെടുത്തും
വിധിക്കു വഴങ്ങിയ കുടിയാന്മാരെപ്പോലെ
കല്ലു പോലുറച്ച നിലം കിളച്ചുമറിക്കുന്നവരേ,

എന്തു വിചിത്രമായ വിളയാണു നിങ്ങൾ കൊയ്യുന്നതെന്നു പറയൂ,
ശവപ്പറമ്പിൽ നിന്നു വിളിച്ചിറക്കിയവരേ,
ഏതു ജന്മിയുടെ കലവറ നിറയ്ക്കാനാണ്‌
നിങ്ങൾ പാടുപെടുന്നതെന്നു പറയൂ.

ദുർഭഗമായൊരു വിധിയുടെ വിശദചിത്രങ്ങളേ,
നിങ്ങൾ തെളിയിക്കാൻ ശ്രമിക്കുന്നതിതാണോ:
ആഴമേറിയ ശവക്കുഴിക്കുള്ളിൽ പോലും
ആ വാഗ്ദത്തനിദ്ര ഞങ്ങൾ മോഹിക്കേണ്ടെന്ന്?

ശൂന്യതയും കള്ളക്കളി കളിക്കുമെന്ന്,
സർവ്വതും, മരണം പോലും, നമ്മോടു നുണ പറയുമെന്ന്?
ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ മരിച്ചുകഴിഞ്ഞാൽ,
നിത്യത എന്നതുള്ള കാലത്തോളം,

ഒരജ്ഞാതദേശത്തിന്റെ ഏകാന്തതയിൽ,
ചോരയൊലിക്കുന്ന, നഗ്നമായ പാദങ്ങൾക്കടിയിൽ
കരിമ്പാറ പോലുറച്ച മണ്ണിലാഞ്ഞുവെട്ടിയും
കൊത്തിയും കിളച്ചും ഞങ്ങൾ കഴിയണമെന്ന്?


അഭിപ്രായങ്ങളൊന്നുമില്ല: