ഇതാ, ദൈവമേ,
എന്റെ ഹൃദയം.
നിന്റെ ചെങ്കോലതിലാഴ്ത്തിക്കോളൂ, കർത്താവേ.
ശരല്ക്കാലത്തു മൂപ്പെത്താൻ വൈകിയ
ഒരു സബർജല്ലിയാണത്,
ഉള്ളഴുകിയതുമാണത്.
അതിനെ അത്രയുമാഴത്തിൽ മുറിവേല്പിച്ച
ഭാവഗാനക്കഴുകന്മാരുടെ
എല്ലുകൂടങ്ങൾ പറിച്ചെടുക്കൂ,
നിനക്കൊരു കൊക്കുണ്ടെന്നു വരികിൽ
മടുപ്പിന്റെ തൊലിയും
ചെത്തിക്കളയൂ.
അതിനു നിനക്കു മനസ്സില്ലെന്നാണെങ്കിൽ
എനിക്കും വിരോധമൊന്നുമില്ല.
ഈ പഴഞ്ചൻ നീലാകാശവും
നക്ഷത്രങ്ങളുടെ നൃത്തവുമൊക്കെ
നീ തന്നെ കൈയിൽ വച്ചോളൂ.
അനന്തതയും കൈയിൽത്തന്നെയിരിക്കട്ടെ.
ഞാൻ എന്റെയൊരു ചങ്ങാതിയിൽ നിന്ന്
ഒരു ഹൃദയം കടം വാങ്ങിക്കോളാം.
ചിറ്റരുവികളും പൈൻമരങ്ങളും
യുഗങ്ങളുടെ ചുറ്റികയടികൾക്കെതിരു നില്ക്കാൻ പോന്ന
ഒരിരുമ്പുരാപ്പാടിയുമായി
ഒരു ഹൃദയം.
തന്നെയുമല്ല, സാത്താനെന്നെ വലിയ കാര്യവുമാണ്,
ഞങ്ങളൊരുമിച്ച് കാമാസക്തിയുടെ ഒരു പരീക്ഷ എഴുതിയിരുന്നു.
തെമ്മാടി! അവനെനിക്കു മാർഗരീറ്റയെ കണ്ടുപിടിച്ചുതന്നോളും-
അവനെനിക്കു വാക്കു തന്നിട്ടുണ്ട്.
കിഴവന്മാരായ ഒലീവുമരങ്ങൾക്കു ചുവട്ടിൽ
വേനൽരാവു പോലെ മുടി രണ്ടായി പിന്നിയിട്ട,
നിറമിരുണ്ട മാർഗരീറ്റ,
അവളുടെ നിർമ്മലമായ തുടകളിലേക്കു ഞാൻ തുളച്ചുകയറും.
അതില്പിന്നെ ദൈവമേ,
നിന്നെപ്പോലെ ഞാൻ സമ്പന്നനാകും,
നിന്നിലും സമ്പന്നനായെന്നും വരും.
എന്തെന്നാൽ,
സാത്താൻ തന്റെ ഉറ്റ ചങ്ങാതിമാർക്കു നല്കുന്ന
വീഞ്ഞിനു കിട നില്ക്കുന്നതല്ലല്ലോ ശൂന്യത.
കണ്ണീരു വാറ്റിയ മദിര.
അതിനെന്താ!
കളകൂജനം വാറ്റിയെടുത്ത
നിന്റെ മദിരയ്ക്കു തുല്യമാണത്.
പറയൂ, കർത്താവേ,
എന്റെ ദൈവമേ!
നീ ഞങ്ങളെ
പാതാളത്തിന്റെ കയത്തിലേക്കിടിച്ചുതാഴ്ത്തുകയാണോ?
കൂടുകൾ തകർന്ന, കണ്ണു കാണാത്ത,
കിളികളാണോ ഞങ്ങൾ?
വിളക്ക് കരിന്തിരി കത്തുന്നു.
എവിടെ ദിവ്യത്വത്തിന്റെ എണ്ണ?
തിരകളടങ്ങുകയാണ്.
കളിപ്പാവകളായ പടയാളികളെപ്പോലെ
ഞങ്ങളെ വച്ചു കളിക്കുകയാണോ നീ?
പറയൂ, കർത്താവേ,
എന്റെ ദൈവമേ!
ഞങ്ങളുടെ ദുഃഖം
നിന്റെ കാതുകളിലേക്കെത്താറില്ലേ?
ദൈവനിന്ദകൾ
നിന്നെ മുറിപ്പെടുത്താനായി
ഇഷ്ടിക കെട്ടാത്ത ബാബേൽഗോപുരങ്ങൾ
കെട്ടിപ്പൊക്കിയിട്ടില്ലേ?
അതോ, ആ കലപില കേൾക്കുന്നത്
നിനക്കൊരു രസമാണെന്നോ?
നീ ബധിരനാണോ? അന്ധനാണോ?
അതുമല്ല, മാനസികമായി കോങ്കണ്ണനാണോ,
അതിനാൽ മനുഷ്യാത്മാവിനെ ഇരട്ടയായി കാണുന്നവൻ?
ഉറക്കം തൂങ്ങുന്ന കർത്താവേ!
എന്റെ ഹൃദയത്തെ ഒന്നു നോക്കൂ,
ഒരു സബർജല്ലി പോലെ തണുത്തതിനെ,
ശരല്ക്കാലത്തു മൂപ്പെത്താൻ വൈകിയതിനെ,
അഴുകിത്തുടങ്ങിയതിനെ!
നിൻ്റെ വെളിച്ചം വരുമെന്നാണെങ്കിൽ
കണ്ണു തുറന്നാലും,
ഇനിയല്ല, നിന്റെ ഉറക്കം തീരില്ലെന്നാണെങ്കിൽ,
വരൂ, നാടോടിയായ സാത്താനേ,
ചോരക്കറ പറ്റിയ ദേശാടകാ,
ഒലീവുമരങ്ങൾക്കിടയിൽ മാരഗരീറ്റയെ കിടത്തൂ,
നിറമിരുണ്ട,
വേനൽരാവു പോലെ മുടി പിന്നിയ മാർഗരീറ്റയെ.
അവളുടെയാ വ്യാകുലനേത്രങ്ങളിൽ
ഐറിസ്പൂക്കൾ കൊണ്ടു പുള്ളി കുത്തിയ ചുംബനങ്ങളാൽ
തീ പടർത്തുന്നതെങ്ങനെയെന്നു ഞാനറിയട്ടെ.
പിന്നെ, ഒരന്ധമായ സന്ധ്യയിൽ
കാവ്യാത്മകമായ “എൻറിക്! എൻറിക്!” വിളികൾ *
ഞാൻ കേൾക്കും,
എന്റെ സ്വപ്നങ്ങളിലെല്ലാമപ്പോൾ
മഞ്ഞുതുള്ളി നിറയുകയുമാവും.
ഇതാ, കർത്താവേ,
ഇതാ, എന്റെ പഴയ ഹൃദയം.
ഞാൻ എന്റെയൊരു ചങ്ങാതിയിൽ നിന്ന്
പുതിയതൊന്നു കടം വാങ്ങാൻ പോകുന്നു.
ചിറ്റരുവികളും പൈൻമരങ്ങളുമൊക്കെയുള്ള
ഒരു ഹൃദയം.
അണലികളോ ഐറിസ്സുകളോ
ഇല്ലാത്ത ഒരു ഹൃദയം.
ബലിഷ്ഠമായിരിക്കുമത്,
ഒറ്റക്കുതിയ്ക്കു പുഴ ചാടിക്കടക്കുന്ന
ഗ്രാമീണയുവാവിനെപ്പോലതു
സുഭഗവുമായിരിക്കും.
(1920 ജൂലൈ 24)
ബോദ്‌ലേറും മറ്റും പ്രതിനിധികളായ ഫ്രഞ്ച് സാത്താനിസത്തിന്റെ സ്വാധീനം ഈ ആദ്യകാലകവിതയിൽ കാണാം. ലോർക്ക ആവർത്തിച്ചു വായിച്ചിരുന്ന പുസ്തകമാണ് ഗൊയ്ഥേയുടെ ഫൗസ്റ്റ്. ലോർക്ക ഇവിടെ ഫൗസ്റ്റിലെ നായകനായ എൻറിക്കുമായി (ഹെയ്ൻറിച്ച് ഫൗസ്റ്റ്) താദാത്മ്യം പ്രാപിക്കുകയാണ്.
ആദ്യകാലത്തെഴുതിയ ഒരു ലേഖനത്തിൽ ലോർക്ക ഇങ്ങനെ പരിഭവിയ്ക്കുന്നു: ‘കളിപ്പാട്ടങ്ങളായി ഉപയോഗപ്പെടുത്താനാണ് ദൈവം നമ്മെ സൃഷ്ടിച്ചതെന്നു വന്നുകൂടേ?...കൂട്ടിലടച്ചിട്ടിരിക്കുന്ന നമുക്ക് മനസ്സലിവില്ലാത്ത ആ ദൈവത്തിന്റെ വിരലുകൾക്കനുസരിച്ചിളകാനാണു വിധി എന്നു തോന്നുന്നു. അത്യാപത്തു വരുമ്പോൾ ആളുകൾ ആശ്ചര്യപ്പെടാറുണ്ട്: “എത്ര മഹത്താണ് ദൈവത്തിന്റെ ശക്തി!” അതെ, വളരെ മഹത്തായതു തന്നെയാണത്; അതുപക്ഷേ തിന്മയുടെ ശക്തിയാണ്; എന്നു പറഞ്ഞാൽ യാതനയുടെ.’
* നാടകത്തിൻ്റെ അവസാനരംഗത്ത് മാർഗരീറ്റ സ്വർഗ്ഗത്തേക്കുയരുമ്പോൾ ഫൗസ്റ്റിനെ പേരു പറഞ്ഞു വിളിക്കുന്നുണ്ട്.