2021, മാർച്ച് 30, ചൊവ്വാഴ്ച

ബോദ്‌ലേർ - ശരല്ക്കാലഗീതം



I

വൈകാതെ നാമന്ധകാരത്തിന്റെ മരവിപ്പിലേക്കാണ്ടുപോകും,
അത്രമേൽ ഹ്രസ്വമായ വേനലിന്റെ വിശദവെളിച്ചമേ, വിട!
ആ ദാരുണശബ്ദമിപ്പോൾത്തന്നെ കാതുകളിൽ മുഴങ്ങുന്നു,
മുറ്റത്തെ തറക്കല്ലുകളിൽ വിറകുകൊള്ളികളുടെ മാറ്റൊലി!

ഹേമന്തമെല്ലാമെടുത്തെന്റെ ഹൃദയത്തിൽ വന്നു കുടിയേറും:
കോപം, പക, ഭീതി, ഉടൽവിറ, മോചനമില്ലാത്ത അടിമവേല.
ധ്രുവപ്രദേശമെന്ന നരകത്തിലെ സൂര്യനെന്നപോലെ
എന്റെ ഹൃദയം തണുത്തുറഞ്ഞൊരു ചോരക്കട്ടയാകും.

ഓരോ വിറകും വന്നുവീഴുമ്പോൾ ഞാൻ കിടുങ്ങിവിറയ്ക്കുന്നു;
ഇത്രയും ചതഞ്ഞൊരൊച്ചയല്ലല്ലോ കൊലമരം പണിയുമ്പോൾ കേൾക്കുക!
ഒരു കൂറ്റനിരുമ്പുകൂടത്തിന്റെ അക്ഷീണപ്രഹരങ്ങൾക്കടിയിൽ
തകർന്നടിയുന്നൊരു ഗോപുരമാണിന്നെന്റെ ചേതന.

ആ നിരന്തരമായ ഒച്ച കേട്ടു തല പെരുക്കുമ്പോളെനിക്കു തോന്നുന്നു,
ആരുടെയോ ശവപ്പെട്ടിയിലാണിയടിക്കുകയാണവർ. പക്ഷേ ആരുടെ?
ഇന്നലെ വേനലായിരുന്നു, ഇന്നിതാ, ശരല്ക്കാലവുമായി!
ആ അജ്ഞാതശബ്ദമൊച്ചപ്പെടുന്നതൊരു വിട വാങ്ങൽ പോലെ.

II

എനിക്കിഷ്ടമാണു പ്രിയേ, നിന്റെ നീണ്ട കണ്ണുകളിലെ പച്ചവെളിച്ചം,
ഇന്നുപക്ഷേ, സർവ്വതുമെനിക്കു ചവർത്തുപോയിരിക്കുന്നു,
ഇന്നെനിക്കു വേണ്ടതു നിന്റെ പ്രണയമല്ല, നിന്റെ കിടപ്പറയല്ല,
കടല്പരപ്പിലോളം തല്ലുന്ന തെല്ലു സൂര്യവെളിച്ചം മാത്രം!

എന്നിരുന്നാലുമാർദ്രഹൃദയമേ, എന്നെ നീ സ്നേഹിക്കണേ!
നിന്ദ്യനും നന്ദി കെട്ടവനുമാണെങ്കിലുമവനമ്മയാകണേ;
രമണീയമായൊരു ശരല്ക്കാലത്തിന്റെ, അസ്തമയസൂര്യന്റെ
ക്ഷണികമാധുര്യമാകണേ, എന്റെ കാമുകീ, എന്റെ സോദരീ!

ഇനി വൈകില്ല! ആർത്തിയോടെ ശവക്കുഴി കാത്തിരിക്കുന്നു!
ഹാ, നിന്റെ കാല്മുട്ടുകളിൽ ഞാനൊന്നു നെറ്റി ചേർക്കട്ടെ,
പൊള്ളുന്ന വേനലിന്റെ വെണ്മയെച്ചൊല്ലി വിലപിക്കുമ്പോൾത്തന്നെ
ശരല്ക്കാലാന്ത്യത്തിന്റെ സുവർണ്ണരശ്മികൾ ഞാൻ നുകരട്ടെ!

ബോദ്‌ലേർ- ഒരു പൂർവ്വജന്മം



വിശാലമായ പൂമുഖങ്ങളിൽ ദീർഘകാലം ജീവിച്ചൊരു കാലമെനിക്കുണ്ടായിരുന്നു,
അന്നൊരായിരം നിറങ്ങളാൽ സമുദ്രസൂര്യന്മാരതിനെ വെളിച്ചപ്പെടുത്തിയിരുന്നു;
പ്രതാപത്തോടുയർന്നു നിന്നിരുന്ന നെടിയ സ്തംഭങ്ങളുടെ നിരകളവയെ
അസ്തമയത്തിലാഗ്നേയശിലകളുടെ ഗുഹാമുഖങ്ങളാക്കി മാറ്റിയിരുന്നു.

ആകാശത്തിന്റെ ചിതറിയ ചിത്രങ്ങളും പേറി തിരകളുരുണ്ടുകേറുമ്പോൾ
ഉദാത്തവും നിഗൂഢവുമായ രീതിയിലതിൽ കലർന്നിരുന്നു,
എന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്ന അസ്തമയവർണ്ണങ്ങളും
പ്രബലമായ തന്ത്രികൾ മീട്ടുന്ന സമൃദ്ധസംഗീതവും.

മാദകാലസ്യത്തിൽ മുങ്ങി ഞൻ ജീവിച്ചതവിടെയായിരുന്നു,
സർവ്വാഡംബരങ്ങളുമായി, വാനനീലിമയ്ക്കും തിരകൾക്കുമിടയിൽ,
കസ്തൂരി മണക്കുന്ന നഗ്നകളായ അടിമപ്പെണ്ണുങ്ങൾക്കു നടുവിൽ;

പനയോലവിശറികൾ വീശി അവരെന്റെ നെറ്റിത്തടം തണുപ്പിച്ചിരുന്നു,
അവരുടെ ജീവിതലക്ഷ്യം ഇതൊന്നുമാത്രമായിരുന്നു:
എന്നെ തളർച്ചയിലാഴ്ത്തുന്ന നിഗൂഢവേദനയെ പിന്നെയും തീവ്രമാക്കുക.

ബോദ്‌ലേർ - പ്രകാശഗോപുരങ്ങൾ



റൂബൻ, വിസ്മൃതിയുടെ മഹാനദി, ആലസ്യത്തിന്റെ പൂങ്കാവനം,
ഉടലുകളുടെ മൃദുമെത്തയിൽ പ്രണയം വന്ധ്യമാകുന്നതവിടെ,
ജീവനെന്നാൽ നിലയ്ക്കാതൊഴുകിമറിയുന്നതുമവിടെ,
ആകാശത്തു വായുവെന്നപോലെ, കടലിലൊഴുക്കു പോലെ.

ലിയനാർഡോ, ഇരുണ്ടും ഗഹനവുമായൊരു ദർപ്പണം,
ഹിമാനികളും പൈന്മരങ്ങളും കെട്ടിയടച്ച ദേശം,
അവയുടെ നിഴലുകളിലവിടവിടെ മാലാഖമാർ,
നിഗൂഢതയുടെ മന്ദഹാസവുമായി മോഹിപ്പിക്കുന്നവർ.

റെംബ്രാന്റ്, രോദനങ്ങളൊടുങ്ങാത്ത ദാരുണമായൊരാതുരാലയം,
അതിലാകെയൊരലങ്കാരമായി കൂറ്റനൊരു ക്രൂശിതരൂപം,
മാലിന്യക്കൂനയിൽ നിന്നു കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുയരവെ,
വിലങ്ങനെ വന്നുവീഴുന്നു, ഒരു ഹേമന്തസൂര്യന്റെ ആകസ്മികരശ്മി.

മൈക്കലാഞ്ജലോ, ക്രിസ്തുവും ഹെർക്കുലീസും കെട്ടുപിണയുന്നൊരന്തരാളം,
പ്രബലരായ പ്രേതരൂപങ്ങൾ നിവർന്നെഴുന്നേറ്റുനില്ക്കുന്നു,
മങ്ങൂഴത്തിന്റെ സന്ദിഗ്ധതയിലവർ വിരലുകൾ വിതിർക്കുന്നു,
വരിഞ്ഞുമുറുക്കുന്ന ശവക്കച്ചകളവർ വലിച്ചുകീറുന്നു.

മല്ലയുദ്ധക്കാരന്റെ രോഷം, വനദേവന്റെ ഉച്ഛൃംഖലകാമം,
നിന്റെ പ്രതിഭ കാട്ടിത്തന്നതു ഖലന്മാരുടെ സൗന്ദര്യം,
രോഗാതുരമായൊരുടലിലെ ധാർഷ്ട്യം നിറഞ്ഞ ഹൃദയമേ,
പ്യൂഷേ, തടവുപുള്ളികളുടെ വിഷാദിയായ രാജാവേ.

വറ്റ്യു, ശബളാഭമായ ചിത്രശലഭങ്ങൾ പോലെ
വിശ്രുതഹൃദയങ്ങൾ പാറിക്കളിക്കുന്ന മേള,
നൃത്തച്ചുഴലികളിലിണകൾ ചുറ്റിത്തിരിയുമ്പോൾ
അവർക്കു മേലുന്മാദം പെയ്യുന്നു തൂക്കുവിളക്കുകൾ.

ഗോയ, നിറയെ ദുരൂഹതകളുമായി ഒരു ദുഃസ്വപ്നം,
മന്ത്രവാദിനികളുടെ പാതിരാസദിരിൽ പൊരിയുന്ന ഭ്രൂണങ്ങൾ,
കണ്ണാടിയിൽ നോക്കി കണ്ണിറുക്കുന്ന പടുകിഴവികൾ,
പിശാചുക്കളെ വശീകരിക്കാൻ ഇറുകിയ കാലുറകളണിയുന്ന ബാലികമാർ.

ദെലക്രോ, പതിതമാലാഖമാരുടെ താവളമായ ചോരത്തടാകം,
ദേവതാരങ്ങൾ തണൽ വിരിക്കുന്ന നിത്യഹരിതവനം,
വിഷണ്ണമായൊരാകാശത്തിനു ചുവട്ടിൽ വിചിത്രകാഹളങ്ങളലിയുന്നു,
വെബറുടെ തേങ്ങിയടങ്ങുന്ന നെടുവീർപ്പുകൾ പോലെ.

ഈ ശാപങ്ങൾ, ഈ വിലാപങ്ങൾ, ഈ ദൈവദൂഷണങ്ങൾ,
ഈ ഹർഷോന്മാദങ്ങൾ, കണ്ണീരുകൾ, രോദനങ്ങൾ, സങ്കീർത്തനങ്ങൾ,
ഒരായിരം കുടിലദുർഗ്ഗങ്ങളിലലയൊലിക്കുന്ന പ്രതിദ്ധ്വനികളാണവ;
മനുഷ്യഹൃദയങ്ങളെ മയക്കുന്ന ദിവ്യമായൊരു കറുപ്പുസത്ത്!

അതൊരായിരം കാവൽമാടങ്ങളാവർത്തിക്കുന്നൊരാക്രോശം,
ഒരായിരം കാഹളങ്ങൾ പകർന്നുപോകുന്നൊരാഹ്വാനം,
ഒരായിരം കോട്ടകൾക്കു മേൽ വെളിച്ചം വീശുന്ന പന്തങ്ങൾ,
പെരുങ്കാടുകളിൽ വഴി തുലഞ്ഞ വേട്ടക്കാരുടെ മറുവിളികൾ!


സത്യമായും ദൈവമേ, ഞങ്ങളഭിജാതരാണെങ്കിൽ,
ഇതത്രേ, ഞങ്ങൾക്കുള്ളൊരേയൊരു സാക്ഷ്യപത്രം,
ഒരു യുഗത്തിൽ നിന്നൊരു യുഗത്തിലേക്കുരുണ്ടുകൂടിയൊടുവിൽ,
നിത്യതേ, നിന്റെ കരയിൽ വീണു തലതല്ലുന്ന ഗദ്ഗദം!


2021, മാർച്ച് 29, തിങ്കളാഴ്‌ച

ബോദ്‌ലേർ - വാടകയ്ക്കൊരു കാവ്യദേവത

 

എന്റെ കാവ്യദേവതേ, രാജഗൃഹങ്ങളിലഭിരമിക്കുന്നവളേ,
മഞ്ഞു പെയ്യുന്ന രാത്രികളിലിരുളടഞ്ഞ മനംമടുപ്പിൽ
ജനുവരിയതിന്റെ ശീതക്കാറ്റുകളെ കെട്ടഴിച്ചുവിടുമ്പോൾ,
ഒരു കനലുണ്ടാവുമോ, നിന്റെ തണുത്തനീലിച്ച കാലടികൾക്കു ചൂടു പകരാൻ?

വെളിയടയുടെ വിടവുകളിലൂടെ നിലാവരിച്ചിറങ്ങുമ്പോ-
ളതിന്റെ ചൂടിൽ തുടുക്കുമോ, നിന്റെ തണുത്തുനീലിച്ച ചുമലുകൾ?
മടിശ്ശീലയും തൊണ്ടയുമൊരുപോലെ വറ്റിയതാണെന്നറിഞ്ഞിരിക്കെ
നീലവാനക്കമാനങ്ങളിൽ നിന്നു നീ പൊന്നിറുത്തെടുക്കുമോ?

അന്നന്നത്തെയപ്പത്തിനായൾത്താരബാലകരെപ്പോലെ
മടുപ്പോടെ ധൂപപാത്രങ്ങൾ വീശി നീ നടക്കണം,
നിനക്കു വിശ്വാസമില്ലാത്ത ‘സ്വസ്തി ദൈവമേ’ നീയേറ്റുപാടണം,

അല്ലെങ്കിൽ, പട്ടിണിക്കലാകാരനെപ്പോലെ കലയെ നീ വിലയ്ക്കു വയ്ക്കണം,
മ്ളേച്ഛപ്പരിഷകൾക്കു സ്വയം മറന്നു കുലുങ്ങിച്ചിരിക്കാൻ
അന്യർ കാണാത്ത കണ്ണീരു കുടിച്ചിറക്കി നീ പൊട്ടിച്ചിരിക്കണം.


ബോദ്‌ലേർ - ഭൂതം



പൈശാചനേത്രനായ മാലാഖയെപ്പോലെ
നിന്റെ കിടപ്പറയിൽ ഞാൻ വന്നുകേറും,
രാത്രിയുടെ നിഴലുകൾ ചുഴലുന്ന നേരം
അനക്കമില്ലാതെ ഞാൻ പതുങ്ങിയെത്തും.

ഇരുണ്ട സൗന്ദര്യമേ, നിനക്കു ഞാനർപ്പിക്കും
നിലാവു പോലെ തണുത്ത ചുംബനങ്ങൾ,
ശവമാടത്തിൽ ചുറയിട്ട പാമ്പിനെപ്പോലെ
നിന്റെയുടലുടനീളം ഞാനിഴഞ്ഞുകേറും.

മുഖം വിളർത്തു പിന്നെ പ്രഭാതമെത്തുമ്പോൾ
ഞാൻ കിടന്നിടം ശൂന്യമായി നിനക്കു കാണും,
കല്പലക പോലവിടം തണുത്തുകിടക്കും.

അന്യരാർദ്രതയാൽ ഭരിക്കാന്‍ നോക്കട്ടെ,
നിന്റെ ജീവിതവും, നിന്റെ യൗവനവും;
എനിക്കു മോഹം, ഭയം കൊണ്ടു നിന്നെ ഭരിക്കാന്‍.



ബോദ്‌ലേർ- സാത്താനു സ്തോത്രം



മാലാഖമാരിലാദ്യനേ, ജ്ഞാനത്തിലവരിൽ കേമനേ,
പതിതദേവനേ, സ്തുതി നിഷേധിക്കപ്പെട്ടവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ഭ്രഷ്ടനായ രാജനേ, വഞ്ചനയ്ക്കിരയായവനേ,
തറ പറ്റിച്ചാലും ബലമിരട്ടിച്ചെഴുന്നേൽക്കുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

നിഗൂഢവിദ്യകൾക്കു തമ്പുരാനേ, സർവജ്ഞനേ,
മനുഷ്യന്റെ നോവുകൾക്കു ശമനൌഷധമായവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

കുഷ്ടരോഗിക്കും പേനരിക്കുന്ന യാചകനുമൊരുപോലെ
സ്നേഹത്തിലൂടെ സ്വർഗ്ഗദാഹമുണർത്തുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

മരണമെന്ന കിഴവിപ്പെണ്ണിന്റെ സന്തതിയായി
പ്രകൃതിചപലനായ പ്രതീക്ഷയെ ജനിപ്പിച്ചവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

തന്റെ കഴുമരത്തിനു ചുറ്റും ജനങ്ങളാർത്തുകൂടുമ്പോൾ
പുച്ഛത്തോടവരെ വീക്ഷിക്കാൻ തടവുകാരനു ബലം നൽകുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ലുബ്ധയായ ഭൂമിയുടെ ഏതിരുണ്ട നിലവറകളിൽ
അസൂയക്കാരനായ ദൈവം രത്നങ്ങളൊളിപ്പിച്ചുവെന്നറിയുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ലോഹങ്ങളുടെ ഗോത്രങ്ങൾ കുഴിമാടങ്ങളിലുറങ്ങുന്നതെവിടെ,
ആ വെടിപ്പുരകളിലേക്കു കഴുകൻകണ്ണു പായിച്ചെത്തുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

മേൽക്കൂരകളിലുറക്കത്തിലിറങ്ങിനടക്കുന്നവരിൽ നിന്നും
തന്റെ പരന്ന കൈത്തലം കൊണ്ടു താഴ്ചകൾ മറയ്ക്കുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

കിഴവന്മാരായ കുടിയന്മാർ നടപ്പാതകളിൽ വീണുറങ്ങുമ്പോൾ
കുതിരക്കുളമ്പുകളിൽ നിന്നവരെ രക്ഷപ്പെടുത്തുവോനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

മനുഷ്യർ ഭയഭീതരാവുമ്പോളവർക്കു സമാശ്വാസമേകാൻ
വെടിയുപ്പും ഗന്ധകവും കലർത്തുന്ന വിദ്യയവരെ പഠിപ്പിച്ചവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ഹീനരും നിർദ്ദയരുമായ പണക്കാരുടെ മുഖങ്ങളിൽ
ഒരു നാളും മായാത്ത സ്വന്തം ചാപ്പ കുത്തുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

കീറത്തുണികളെയും മുറിവുകളെയുമനുതാപത്തോടെ പുണരാൻ
വേശ്യകളുടെ കണ്ണുകളെയും ഹൃദയത്തെയും പഠിപ്പിച്ചവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ഭ്രഷ്ടനൂന്നുവടിയായവനേ, ജ്ഞാനിയ്ക്കു വഴിവിളക്കേ,
കൊലക്കയർ കാത്തിരിക്കുന്നവന്റെ കുമ്പസാരമേൽക്കുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

പിതാവായ ദൈവമേദൻതോട്ടത്തിൽ നിന്നു കുടിയിറക്കിയവർ,
ഞങ്ങൾക്കതിൽപ്പിന്നെ വളർത്തച്ഛനായവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

പ്രാർത്ഥന

നിനക്കു സ്തോത്രം, മഹത്വവും സാത്താനേ,
ഒരുകാലം നീ വാണിരുന്ന സ്വർഗ്ഗത്തിലും,
ഇന്നു മൗനസ്വപ്നത്തിലാണ്ടു നീ കിടക്കുന്ന നരകത്തിലും!
ജ്ഞാനവൃക്ഷത്തിന്റെ ചുവട്ടിൽ നിനക്കരികിൽ ശയിക്കുമാറാകട്ടെ ഞാൻ,
നിന്റെ തലയ്ക്കു മേൽ പുത്തനൊരു ദേവാലയം പോലെ
ഇനിയൊരുനാളതിന്റെ ചില്ലകൾ പടരുമ്പോൾ!


ബോദ്‌ലേർ - ആബേലും കായേനും


ആബേലിന്റെ വംശമേ, തിന്നുക, കുടിയ്ക്കുക, ഉറങ്ങുക;
നിനക്കു മേലെന്നുമുണ്ടല്ലോ, ദൈവത്തിന്റെ സുപ്രീതമന്ദഹാസം!

കായേന്റെ വംശമേ, മലത്തിലും പൊടിയിലും കിടന്നിഴയുക;
നായ്ക്കളെപ്പോലെ ദുരിതമരണം മരിയ്ക്കുക.

ആബേലിന്റെ വംശമേ, നിന്റെ ബലി മണക്കുമ്പോൾ
മാലാഖമാരുടെ നാസകൾക്കിക്കിളിയാകുന്നു!

കായേന്റെ വംശമേ, നിന്റെ ദുരിതത്തിനും ദുഃഖത്തിനും
ഇനിയേതു കാലത്താണൊരവസാനമുണ്ടാവുക?

ആബേലിന്റെ വംശമേ, നീ വിതച്ചതു തഴയ്ക്കുന്നു,
നിന്റെ കാലികൾ പുഷ്ടിപ്പെടുന്നു.

കായേന്റെ വംശമേ, വിശന്നുമോങ്ങുന്ന  നായയെപ്പോലെ
നിന്റെ കുടലുകൾ നിലവിളിയ്ക്കുന്നു.

ആബേലിന്റെ വംശമേ, കുടുംബപ്പെരുമയുടെ ഊഷ്മളതയിൽ
കാരണവരെപ്പോലെ സുഖം പറ്റി ഇരിക്കുക;

കായേന്റെ വംശമേ, ഒറ്റയാനായ കുറുക്കനെപ്പോലെ
തണുത്തും വിറച്ചും മാളത്തിലൊളിയ്ക്കുക!

ആബേലിന്റെ വംശമേ, ധാരാളമായിപ്പെരുകുക;
നിൻ്റെ പൊന്നുമതുപോലെ പെരുകട്ടെ!.

കായേന്റെ വംശമേ, നീറിയെരിയുന്ന ഹൃദയമേ!
നിന്റെ തീക്ഷ്ണദാഹങ്ങളെ കരുതിയിരിക്കുക!

ആബേലിന്റെ വംശമേ, വെട്ടിവിഴുങ്ങുക, പെറ്റുപെരുകുക,
പഴത്തോട്ടം കൈയേറിയ കീടങ്ങളെപ്പോലെ.

കായേന്റെ വംശമേ, കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ
തളർന്ന കുടുംബത്തെയും വലിച്ചിഴച്ചു നീ നടക്കുക.

II

ആബേലിന്റെ വംശമേ, നിന്റെ ചീർത്ത ശവമൊരുനാൾ
ആവി പൊന്തുന്ന മണ്ണിനു വളക്കൂറു നൽകും!

കായേന്റെ വംശമേ, ഒരു ദൌത്യം നിനക്കു ശേഷിക്കുന്നു,
നിന്റെ സന്തതിപരമ്പരകളതേറ്റെടുത്തു നടത്തട്ടെ.

ആബേലിന്റെ വംശമേ, ഒരുനാൾ നീ നാണം കെടും:
കൃഷിക്കാരന്റെ കലപ്പയെ വേട്ടക്കാരന്റെ വാളു ജയിക്കും!

കായേന്റെ വംശമേ, ആകാശത്തു കയറിച്ചെല്ലൂ,
ദൈവത്തെ വലിച്ചെടുത്തു മണ്ണിലേക്കെറിയൂ!

*

ആബേലും കായേനും : ഉല്പത്തിപുസ്തകം 4. ആദമിന്റെ ഹവ്വയുടെയും പുത്രന്മാർ; ആബേൽ ഇടയനായിരുന്നു, കായേൻ കർഷകനും. ആബേലിന്റെ ബലി സ്വീകരിച്ച ദൈവം തന്റെ ബലി സ്വീകരിക്കാഞ്ഞതിൽ അസൂയാലുവായ കായേൻ ആബേലിനെ കൊന്നു. ദൈവം കായേനെ ‘നീ ഭൂമിയിൽ ഉഴന്നലയുന്നവനാവട്ടെ’ എന്നു ശപിച്ചു. ഭ്രഷ്ടനായ കായേനോടാണ്‌ കവിയുടെ അനുതാപം. കവിതയുടെ ഒന്നാം ഭാഗം കീഴ്വഴക്കപ്രകാരമുള്ള വിവരണം; കവിയുടെ നിഗമനങ്ങൾ രണ്ടാം ഭാഗത്ത്.

കൃഷിക്കാരന്റെ കലപ്പയെ വേട്ടക്കാരന്റെ വാളു ജയിക്കും: ആബേൽ വംശത്തിന്റെ സംതൃപ്തമായ സുഖജീവിതത്തെ കായേന്റെ ഭാവിസന്തതികളുടെ ക്ഷാത്രവീര്യം അട്ടിമറിക്കുമെന്ന് എ. ആദാംസിന്റെ വായന.

ബോദ്‌ലേർ - ഉടഞ്ഞ മണി

 

ദീർഘഹേമന്തരാത്രികളിൽ വിളറുന്ന കനലുകൾ നോക്കിയിരിക്കെ
മൂടൽമഞ്ഞിന്റെ പടുതയിലൂടരിച്ചെത്തുന്ന മണിയൊച്ചകളിൽ
പോയ കാലത്തിന്റെ വിദൂരസ്മൃതികൾ സാവധാനമുയരുമ്പോൾ
നൊമ്പരത്തോടെയെങ്കിലും, ഹൃദയം തുടിക്കുന്നതെത്ര മധുരമായി!

നിറഞ്ഞുതെളിഞ്ഞ തൊണ്ടയോടെ, തികഞ്ഞ ദാർഢ്യത്തോടെ,
കാലത്തിന്റെ തുരുമ്പു പിടിച്ചിട്ടും തളരാത്ത വിശ്വസ്തതയോടെ
വിശ്വാസികൾക്കു നേരം തെറ്റാതതാഹ്വാനമെത്തിക്കുന്നുവല്ലോ,
കാവൽ നിൽക്കുന്നൊരു സൈനികന്റെ ജാഗരൂകതയോടെ!

എന്നാൽ ഞാനോ; എന്റെയാത്മാവുടഞ്ഞുപോയിരിക്കുന്നു;
ശൂന്യരാത്രിയെ ഒരു ഗാനം കൊണ്ടു നിറയ്ക്കാനതു നോക്കുമ്പോൾ
പതറുന്ന തൊണ്ടയിൽ നിന്നുതിരുന്നതൊരു ക്ഷീണരോദനമല്ലോ,

തളം കെട്ടിയ ചോരയ്ക്കരികിൽ, ശവങ്ങളുടെ കൂനയ്ക്കിടയിൽ,
ഇളകാനാവാതെ, ശ്വാസമെടുക്കാനാവാതെ, ആരുമോർക്കാതെ,
പ്രാണപ്രയാസമെടുക്കുന്നൊരു സൈനികന്റേതുപോലെ.


ബോദ്‌ലേർ - ഒരു മുഖത്തിന്റെ വാഗ്ദാനങ്ങൾ



പുരികങ്ങളുടെ കമാനങ്ങളിൽ നിന്നന്ധകാരമൊഴുകുന്ന
വിളർത്ത സൌന്ദര്യമേ, നിന്നെ ഞാനാരാധിക്കുന്നു!
എ ത്രയും കറുപ്പാണു നിന്റെ കണ്ണുകൾക്കെങ്കിലും
അവയുണർത്തുന്ന ചിന്തകൾ അത്ര ശോകമയമല്ലല്ലോ.

നിന്റെ കണ്ണുകൾ, നിന്റെ കരിമുടിയ്ക്കിണകൾ,
ഒരു കുടിലദുർഗ്ഗത്തിൽ നിന്നൊളി ചിന്നുന്ന കണ്ണുകൾ,
ആലസ്യം മയങുന്ന കണ്ണുകളെന്നോടടക്കം പറയുന്നു:
“പ്രതിമകളുടെ സൌന്ദര്യത്തിലഭിരമിക്കുന്നവനേ,

ഞങ്ങൾ നിന്നിലുണർത്തിയ മോഹങ്ങളനുഭവമാകണോ,
നീ താലോലിക്കുന്ന ഭാവനകൾ യഥാർത്ഥമാകണോ?
എങ്കിൽ ഞങ്ങളെ വിശ്വസിക്കൂ, പിന്നിലേക്കിറങ്ങിച്ചെല്ലൂ,
ഉദരത്തിൽ നിന്നു ജഘനത്തിലേക്കൊന്നു സഞ്ചരിക്കൂ;

വിജൃംഭിച്ച, സുന്ദരമായ മുലകളുടെ തുമ്പുകളിൽ
വെങ്കലപ്പതക്കങ്ങൾ നിനക്കു കാണാം;
ഉദരത്തിന്റെ വെൽവെറ്റുമാർദ്ദവത്തിനടിയിലായി,
ഒരു ജപ്പാൻകാരിയെപ്പോലെ ചെമ്പിച്ച നിറത്തിൽ

സമൃദ്ധമായൊരു മൃദുരോമസഞ്ചയം നീ കാണും-
അവളുടെ തഴച്ചിരുണ്ട മുടിക്കെട്ടിനു നേർപെങ്ങൾ!
രാത്രീ, നിന്റെ അന്ധകാരത്തിനതു പ്രതിയോഗി,
ഒരു നക്ഷത്രവും തിളങ്ങാത്ത പരിധിയറ്റ രാത്രീ!”


ബോദ്‌ലേർ - ഭൂദൃശ്യം



എനിക്കു മോഹം, നിർമ്മലവും സരളവുമായ ഇടയഗാനങ്ങളെഴുതാൻ,
വാനനിരീക്ഷകരെപ്പോലാകാശത്തിനയൽവാസിയാകാൻ,
പള്ളിമേടകളിൽ മണികളാലപിക്കുന്ന ഭവ്യസങ്കീർത്തനങ്ങൾ
എന്റെ ദിവാസ്വപ്നങ്ങളിലേക്കൊഴുകിയെത്തുന്നതു കേൾക്കാൻ.
മച്ചറയിൽ ഇരുകൈകളും താടിക്കു കൊടുത്തിരിക്കുമ്പോൾ
പാടുകയും അലറുകയും ചെയ്യുന്ന പണിയാലകളെനിക്കു കാണാം,
പിന്നെ, പുകക്കുഴലുകൾ, മണിമേടകൾ- നഗരത്തിന്റെ കൊടിമരങ്ങൾ,
നിത്യതയെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മഹാകാശം.

എത്ര സുന്ദരം, പടരുന്ന മൂടല്മഞ്ഞിലൂടെ നോക്കിയിരിക്കുമ്പോൾ
മാനത്താദ്യതാരം പിറക്കുന്നതും ജനാലയ്ക്കൽ തിരി തെളിയുന്നതും,
കല്ക്കരിപ്പുകയുടെ പുഴകളാകാശത്തേക്കൊഴുകുന്നതും
ഏതിനും മേൽ വിളറിയ നിലാവതിന്റെ ഇന്ദ്രജാലം വിരിക്കുന്നതും.
വസന്തങ്ങൾ, ഗ്രീഷ്മങ്ങൾ, ശരല്ക്കാലങ്ങൾ കടന്നുപോകും,
പിന്നെ ഹിമപാതത്തിന്റെ വിരസതാളവുമായി ഹേമന്തമെത്തുമ്പോൾ
വാതിലുകളും ജനാലകളുമൊന്നൊന്നായി ഞാനിറുക്കിയടയ്ക്കും,
രാത്രിയിലൊരു മായാലോകത്തെന്റെ മനക്കോട്ടകൾ ഞാനുയർത്തും.
അങ്ങനെ ഞാൻ സ്വപ്നം കണ്ടുകിടക്കും നീലിച്ച ചക്രവാളങ്ങൾ,
ഉദ്യാനങ്ങൾ, വെൺകല്ലുകളിൽ കണ്ണീരൊഴുക്കുന്ന ജലധാരകൾ,
ചുംബനങ്ങൾ, രാവും പകലും പാടി മതിവരാത്ത കിളികൾ,
ഒരു ഗ്രാമീണകാവ്യത്തിനുചിതമായ ബാല്യകാലനിഷ്കളങ്കതകൾ.
എന്റെ ജനാലകളിൽ വിഫലമായലയ്ക്കുന്ന തെരുവുകലാപങ്ങൾ
എഴുത്തുമേശയിൽ നിന്നെന്റെ തലയുയർത്താൻ മതിയാവില്ല.
ഈ മാദകാനന്ദത്തിലാമഗ്നനാണു ഞാനെന്നതിനാൽ-
കവിത്വത്തിന്റെ പ്രബലേച്ഛ കൊണ്ടു വസന്തത്തെ ആവാഹിക്കുക,
സ്വന്തം ഹൃദയത്തിൽ നിന്നൊരു ദീപ്തസൂര്യനെ പുറത്തെടുക്കുക,
എരിയുന്ന ചിന്തകളെ ഊഷ്മളമയൊരു നിശ്വാസമാക്കുക.


ബോദ്‌ലേർ - ഹൃദയസംവാദം



ഇനിയടങ്ങൂ, ശോകമേ, നിന്റെ നൈരാശ്യമടക്കിവയ്ക്കൂ,
രാത്രിക്കായാർത്തിപ്പെട്ടതല്ലേ നീ, അതിതാ വന്നിറങ്ങുകയായി;
ചിലർക്കു ശാന്തിയുടേയും ചിലർക്കാധികളുടേയും വാഗ്ദാനവുമായി
അന്ധകാരത്തിന്റെ പടുത കൊണ്ടതു നഗരത്തെ മൂടുകയായി.

വിശന്ന മൃഗങ്ങളെപ്പോലെ നികൃഷ്ടരായ മനുഷ്യപ്പറ്റം
കരുണയറ്റ പീഡകൻ, ആനന്ദത്തിന്റെ ചാട്ടയിൻ കീഴിൽ
നശ്വരസുഖങ്ങളുടെ പാടത്തു കുറ്റബോധങ്ങൾ കൊയ്തെടുക്കട്ടെ;
ശോകമേ, കൈ പിടിക്കൂ, ഇവിടെ നിന്നു വഴി മാറിപ്പോവുക നാം.

നോക്കൂ, ആകാശത്തിന്റെ മട്ടുപ്പാവിൽ നിന്നു താഴേക്കു നോക്കുന്നു,
പഴഞ്ചൻ മേലുടുപ്പുകളുമണിഞ്ഞു പൊയ്പ്പോയ വർഷങ്ങൾ;
കടൽക്കയങ്ങളിൽ നിന്നുയരുന്നു, മന്ദഹസിക്കുന്ന പശ്ചാത്താപം.

ഒരു കമാനത്തിനു ചുവട്ടിൽ മരണാസന്നനായ സൂര്യനുറക്കമായി.
കിഴക്കു നിന്നു വലിച്ചിടുന്ന നീണ്ടുനീണ്ട ശവക്കോടി പോലെ
കേൾക്കൂ പ്രിയേ, മൃദുപാദപതനത്തോടെ രാത്രി വന്നെത്തുന്നതും.

2021, മാർച്ച് 28, ഞായറാഴ്‌ച

ബോദ്‌ലേർ - ആരോഹണം


തടങ്ങൾക്കു മേൽ, തടാകങ്ങൾക്കു മേൽ,
കാടിനും കടലിനും മലകൾക്കും മേഘങ്ങൾക്കും മേൽ,
സൂര്യനുമപ്പുറം, ആകാശമണ്ഡലത്തിനുമപ്പുറം,
നക്ഷത്രഗോളങ്ങളുടെ വിദൂരസീമകൾക്കുമപ്പുറം,

എത്ര നിരായാസമായി നീങ്ങുന്നു നീ,യെന്നാത്മാവേ!
തിരകളിൽ സ്വയം മറക്കുന്ന നീന്തല്ക്കാരനെപ്പോലെ
അപാരഗഹനതയിലൂടെ ചുണയാർന്നു നീ പാറുന്നു,
അവാച്യമായ പൗരുഷത്തിന്റെ തിമിർപ്പോടെ.

പോകൂ, ഈ വിഷച്ചതുപ്പിൽ നിന്നു പറന്നുപോകൂ,
ഉന്നതങ്ങളിലെ വായുവിൽ മുങ്ങി ശുദ്ധനാകൂ,
ആ സ്വച്ഛമേഖലകൾ നിറയ്ക്കുന്ന ദിവ്യാഗ്നി മോന്തൂ,
നിർമ്മലമായ സ്വർഗ്ഗീയപാനീയമെന്നപോലെ.

നമ്മുടെ മ്ളാനജീവിതങ്ങൾക്കു മേൽ കനം തൂങ്ങുന്ന
മടുപ്പിനും യാതനകൾക്കും ഉത്ക്കണ്ഠകൾക്കുമപ്പുറം
ദീപ്തവും പ്രസന്നവുമായ തുറസ്സുകളിലേക്കുയരാൻ
ചിറകുകൾ ബലത്തവൻ, അവനാണു ധന്യൻ!

പുലരി വിളിക്കുമ്പോൾ കുതിക്കുന്ന വാനമ്പാടികളെപ്പോലെ
ആകാശോന്മുഖമായി ചിന്തകളെ പറത്തിവിടുന്നവൻ,
ഈ ജീവിതത്തിനു മേലുയർന്നുപാറിനില്ക്കുന്നവൻ-
പൂക്കൾക്കും മൗനികളായ വസ്തുക്കൾക്കും ദ്വിഭാഷിയവൻ!

2021, മാർച്ച് 27, ശനിയാഴ്‌ച

ബോദ്‌ലേർ - പശ്ചാത്താപം മരണശേഷം



കറുത്ത വെണ്ണക്കല്ലിൽ പടുത്ത കുഴിമാടത്തിനുള്ളിൽ
ഇരുണ്ട സൗന്ദര്യമേ, നീയുറങ്ങിക്കിടക്കുമ്പോൾ,
നനഞ്ഞൊലിക്കുന്ന മരപ്പെട്ടകം നിന്റെ കിടപ്പറയും
ഒരു മൺകിടങ്ങിന്നകം നിന്റെ മാളികയുമാവുമ്പോൾ,

കാതരമായ നെഞ്ചും ജീർണ്ണത മൃദുലമാക്കിയ തുടകളും
ഒരു കല്പലകയ്ക്കടിയിലമർന്നു ഞെരിയുമ്പോൾ,
ഹൃദയത്തിന്റെ കൊതികളും തുടിപ്പുമതു വിലക്കുമ്പോൾ,
സാഹസയാത്രകളിൽ നിന്നു കാലടികളെത്തടയുമ്പോൾ,

എന്നിലെ മരിക്കാത്ത സ്വപ്നങ്ങളറിയുന്ന കുഴിമാടം,
(കവിയ്ക്കു രഹസ്യങ്ങൾ പങ്കു വയ്ക്കാൻ കുഴിമാടമല്ലേയുള്ളൂ?)
നിദ്രാരഹിതമായ ദീർഘരാത്രികളിൽ നിന്നോടു പറയും:

“മരിച്ചവർ വിലപിക്കുന്നതെന്തിനെന്നിനിയും പഠിച്ചില്ലേ,
അപൂർണ്ണതകളുടെ ഭാജനമായ ഗണികേ?”
-ഒരു പുഴുവപ്പോൾ നിന്റെ കവിളു കരളും, പശ്ചാത്താപം പോലെ.


ബോദ്‌ലേർ - ചോരയുടെ ജലധാര



ചോര കുത്തിയൊലിക്കുമ്പോലെ ചിലനേരമെനിക്കു തോന്നുന്നു,
തേങ്ങലിന്റെ താളത്തിലൊരു ജലധാര പോലെ;
ഒരു ദീർഘമർമ്മരത്തോടതൊഴുകുന്നതെനിക്കു കേൾക്കാം,
എന്നാലേതു മുറിവാണതിനുറവയെന്നറിയുന്നുമില്ല.

കുരുതിക്കളത്തിലൂടെന്നപോലെ നഗരത്തിലൂടതൊഴുകുന്നു,
പാതയിൽ പാകിയ കല്ലുകളിലതു തുരുത്തുകൾ തീർക്കുന്നു;
മൃഗവും മനുഷ്യനും പ്രാണിയുമതിൽ ദാഹം തീർക്കുന്നു,
സർവ്വപ്രപഞ്ചത്തെയുമതു ചെഞ്ചായം പൂശുന്നു.

ഒരു നാളെങ്കിലുമെന്റെയുൾക്കിടിലത്തെ പാടിയുറക്കാൻ
കുടിലമായ വീഞ്ഞുകുപ്പികളോടു ഞാനിരന്നു;
കണ്ണിനും കാതിനും പക്ഷേ, തെളിച്ചം കൂടിയതേയുള്ളു!

പ്രണയത്തിന്റെ വിസ്മൃതിയിൽ ഞാനഭയം തേടി;
പ്രണയവുമെനിക്കൊരു മുൾമെത്തയായതേയുള്ളു,
കനിവറ്റ വേശ്യകളതിൽ ദാഹം തീർത്തതേയുള്ളു.

ബോദ്‌ലേർ - എന്നുമൊരുപോലെ*



നിന്നിലീ വിചിത്രവിഷാദമെവിടെ നിന്നു വന്നു, നീ ചോദിച്ചു,
നഗ്നമായ കരിമ്പാറകളിൽ വേലിയേറ്റമെന്നപോലെ?
-ഹൃദയമതിന്റെ തോപ്പിൽ നിന്നു വിളവെടുത്തുകഴിഞ്ഞാൽ
ജീവിതമൊരു ശാപമത്രേ. എല്ലാവർക്കുമറിയുന്ന രഹസ്യം.

വെറുമൊരു സരളശോകം, ദുരൂഹതകളൊഴിഞ്ഞതും,
നിന്റെ പ്രസന്നത പോലേവർക്കുമായിത്തിളങ്ങുന്നതും.
ജിജ്ഞാസുവായ സുന്ദരീ, ചോദ്യങ്ങളതിനാൽ നിർത്തൂ,
കാതിനു മധുരമെങ്കിലും നിന്റെ നാവടക്കിവയ്ക്കൂ!

മിണ്ടരുതേ, കഥയറിയാതാടിപ്പാടി നടക്കുന്നവളേ!
ശിശുവിനെപ്പോലെ ചിരിക്കുന്ന മുഖമേ! ജീവിതമല്ല,
കാണാച്ചരടുകളാൽ നമ്മെ വരിയുന്നതു മരണം തന്നെ.

ഒരു നുണ കുടിച്ചെന്റെ ഹൃദയമുന്മത്തമാവട്ടെ,
ഒരു സുന്ദരസ്വപ്നത്തിലെന്നപോൽ നിന്റെ സുന്ദരനയനങ്ങളിലതു മുങ്ങട്ടെ,
നിന്റെ കണ്ണിമകളുടെ തണലത്തതു ദീർഘനിദ്രയിൽ മുഴുകട്ടെ!
*

* Semper eadem - 'എന്നുമൊരുപോലെ' എന്നർത്ഥം വരുന്ന ലാറ്റിൻ പ്രയോഗം.

(അപ്പോളോണീ സബാത്തിയേ എന്ന ‘വെളുത്ത വീനസ്’ പ്രചോദിപ്പിച്ച ഒമ്പതു കവിതകളിൽ ആദ്യത്തേത്. ബോദ്‌ലേർ പരിചയപ്പെടുന്ന കാലത്ത് ഒരു ബൽജിയൻ പണക്കാരനൊപ്പമാണ്‌ അവർ. കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും ഒരു താവളമായിരുന്നു ഇവരുടെ സ്വീകരണമുറി; കൂട്ടത്തിൽ അവരുടെ മുൻകാമുകരുമുണ്ടായിരുന്നു. ബോദ്ലെയർ അവരെ കണ്ടതു പക്ഷേ,  ശുദ്ധസൗന്ദര്യത്തിന്റെ ആദർശരൂപമായിട്ടാണ്‌. പേരു വയ്ക്കാതെഴുതിയ കത്തുകളിൽ വിഗ്രഹപൂജ പോലെ തോന്നുന്ന സ്വരത്തിൽ അവരെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം കവിതകളെഴുതി. കവിതകൾ വായിച്ച ‘കാവ്യദേവത’ ശാരീരികബന്ധത്തിനുള്ള സന്നദ്ധത കാണിച്ചപ്പോൾ പക്ഷേ കവി നിരാശനായിപ്പോയി; തന്റെ ‘കാവൽമാലാഖയും, കാവ്യദേവതയും, ദേവമാതാവു’മായി താൻ വരിച്ച സ്ത്രീയിൽ നിന്ന് ‘മാംസനിബദ്ധമായ പ്രണയ’മല്ല അദ്ദേഹത്തിനു വേണ്ടിയിരുന്നത്.)


2021, മാർച്ച് 26, വെള്ളിയാഴ്‌ച

ബോദ്‌ലേർ - അവളുടെ മുടി



പുറംകഴുത്തിലേക്കുലർന്നുവീഴുന്ന ചുരുൾമുടിയിഴകളേ!
കരിമുടിച്ചുരുളുകളേ! ആലസ്യം നിറയുന്ന പരിമളമേ!
ഹർഷോന്മാദമേ! ഇന്നുരാത്രിയിൽ, നമ്മുടെയിരുട്ടറയിൽ,
ആ മുടിക്കെട്ടിലുറങ്ങുന്ന സ്മൃതികളെക്കുടിപാർപ്പിക്കാൻ
ഒരു തൂവാല പോലതിനെ ഞാൻ വായുവിലെടുത്തു വീശട്ടെ!

വാടിത്തളർന്ന ഏഷ്യ, ചുട്ടുപൊള്ളുന്ന ആഫ്രിക്ക!
ഇങ്ങില്ലാത്ത, മൃതമായൊരു വിദൂരലോകമങ്ങനെത്തന്നെ
നിന്റെയാഴങ്ങളിൽ ജീവിക്കുന്നു, വാസനകളുടെ വനമേ!
അന്യരുടെയാത്മാക്കൾ സംഗീതത്തിൽ ജലയാത്ര നടത്തുമ്പോലെ
എന്റേതെന്റേ പ്രിയേ! നിന്റെ സുഗന്ധത്തിൽ നീന്തിനടക്കുന്നു.

അവിടെയ്ക്കു ഞാൻ പോകും, നീരു നിറഞ്ഞ മരങ്ങളുമാണുങ്ങളും
തീക്ഷ്ണോഷ്ണത്തിൽ ദീർഘമൂർച്ഛയിൽ വീഴുമവിടെ;
ബലത്ത മുടിപ്പിന്നലേ, അകലേക്കെന്നെക്കൊണ്ടുപോകുന്ന തിരപ്പെരുക്കമാകൂ!
കരിവീട്ടിക്കടലേ, നിന്നിലുണ്ടൊരതിദീപ്തസ്വപ്നം, പാമരങ്ങളും
കപ്പല്പായകളും തുഴക്കാരും കൊടിക്കൂറകളുമായി!

ആളുമാരവവും നിറഞ്ഞു മാറ്റൊലിക്കുന്ന തുറമുഖം;
എന്റെയാത്മാവവിടെ മോന്തുന്നു, നിറങ്ങളും മണങ്ങളും ഒച്ചകളും;
പൊന്നും പട്ടും പോലുള്ള ചാലുകളിലൂടൊഴുകുന്ന നൗകകൾ
പടുകൂറ്റൻ കൈകൾ വിടർത്തിപ്പുണരാനായുന്നു,
നിത്യോഷ്മളത തുടിക്കുന്ന തെളിഞ്ഞ നീലാകാശത്തെ.

പ്രണയം കൊണ്ടുന്മത്തനായെന്റെ മുഖം ഞാനതിൽ മുക്കും,
അവൾ ബന്ധിതയായിക്കിടക്കുന്ന ആ കരിങ്കടലിൽ;
തിരകളുടെ താരാട്ടിലുലയുമ്പോഴെന്റെയാത്മാവു പിന്നെയും
നിന്നെക്കണ്ടെടുക്കും, സഫലമായ ആലസ്യമേ!
പരിമളം മധുരിക്കുന്ന നിത്യവിശ്രമത്തിന്റെ നേരമേ!

കരിനീലമുടിക്കെട്ടേ, നിഴലു വിതാനിച്ച കൂടാരമേ,
വിപുലാകാകാശത്തിന്റെ നീലിമയെനിക്കു തിരിച്ചുതരൂ.
നിന്റെ പിണഞ്ഞ മുടിയുടെ പതുപതുത്ത ചുരുളുകളിൽ
വെളിച്ചെണ്ണയും കസ്തൂരിയും കീലും കലർന്ന ഗന്ധം
ആർത്തിയോടെ മോന്തി ഞാൻ പാതിബോധത്തിലാഴും.

എത്ര നേരവും! എന്നുമെന്നും! നിന്റെ തഴച്ച മുടിയിൽ
എന്റെ കൈകൾ വിതറും മുത്തും മാണിക്യവുമിന്ദ്രനീലവും,
എന്റെ തൃഷ്ണകളോടുദാസീനയാകരുതു നീയെന്നതിനായി!
സ്വപ്നം കണ്ടു ഞാൻ കിടക്കുന്ന മരുപ്പച്ചയല്ലേ നീ,
ഓർമ്മകളുടെ മദിര ഞാനൂറ്റിക്കുടിക്കുന്ന മരക്കുടുക്കയും?

1842ൽ പാരീസിൽ വച്ചു ബോദ്ലേർ കണ്ടുമുട്ടിയ ഷീൻ ദുവാൽ എന്ന സങ്കരവർഗ്ഗക്കാരിയാണ്‌ പിൽക്കാലത്ത് അദ്ദേഹത്തിന്റെ ‘കറുത്ത വീനസ്“ ആയത്.  അവരുടെ കറുത്തുതഴച്ച മുടി കവിയ്ക്കൊരു നിത്യാകർഷണമായിരുന്നു. ’നിന്റെ മുടിയിൽ ഒരർദ്ധഗോളം‘ എന്ന പേരിൽ പിന്നീടെഴുതിയ ഗദ്യകവിതയിലും ഇതേ പ്രമേയം ആവർത്തിക്കുന്നു.



2021, മാർച്ച് 25, വ്യാഴാഴ്‌ച

ക്ലാരിബെൽ അലെഗ്രിയ - സംക്ഷേപം



അറുപത്തിമൂന്നു കൊല്ലത്തെ ജീവിതത്തിനിടയിൽ
ചില നിമിഷങ്ങൾ 
ത്രസിപ്പിക്കുന്നവയായിരുന്നു
ചെളിക്കുഴികൾ ചാടിക്കടക്കുന്ന 
എന്റെ കാലടികൾ
മാഹ്ച്ചു പീച്ചുവിലെ ആറു മണിക്കൂർ
അമ്മയുടെ മരണം കാത്തിരിക്കുമ്പോൾ
ഫോണിന്റെ മണിയൊച്ച
എന്റെ കന്യകാത്വം നഷ്ടമാവാനെടുത്ത
പത്തു മിനുട്ടുനേരം
ആർച്ച് ബിഷപ്പ് റൊമേറോയുടെ കൊലപാതകം
വിളിച്ചറിയിക്കുന്ന കാറിയ ശബ്ദം
ഡെൽഫ്റ്റിലെ പതിനഞ്ചു മിനുട്ട്
എന്റെ മകളുടെ ആദ്യത്തെ കരച്ചിൽ
എന്റെ ജനതയുടെ മോചനത്തിനായി ദാഹിച്ചിരുന്ന
എത്രയെന്നെനിക്കറിയാത്ത വർഷങ്ങൾ
അനശ്വരമായ ചില മരണങ്ങൾ
ആ വിശക്കുന്ന പൈതലിന്റെ കണ്ണുകൾ
എന്നെ പ്രണയത്തിൽ കുളിപ്പിക്കുന്ന നിന്റെ കണ്ണുകൾ
മറക്കരുതാത്ത ഒരപരാഹ്നം
ഒരു കവിതയുടെ വരിയിൽ
ഒരു നിലവിളിയിൽ
ഒരു നുരയുടെ പൊട്ടിൽ
എന്നെ വാർത്തെടുക്കാനുള്ള ദാഹം
*

ഔചിത്യചിന്ത
-------------------------

എന്റെ കരിമ്പൂച്ചയ്ക്കറിയില്ല
ഒരുനാൾ താൻ മരിക്കുമെന്ന്
എന്നെപ്പോലവൻ
ജീവിതത്തിലള്ളിപ്പിടിക്കുന്നില്ല
ഒരു തൂവലിന്റെ ലാഘവത്തോടവൻ
പുരപ്പുറത്തു നിന്നു ചാടുന്നു
ഒന്നു പോറുകപോലും ചെയ്യാതവൻ
പുളിമരത്തിൽ പിടിച്ചുകയറുന്നു
പാലം കടക്കാനവനു പേടിയില്ല
ഇരുളടഞ്ഞ ഇടനാഴികൾ
ചതിയനായ കരിന്തേൾ
അവനു പേടിയില്ല
കാണുന്ന ഏതു പൂച്ചയോടും
സ്നേഹമാണെന്റെ കരിമ്പൂച്ചയ്ക്ക്
ഒരേയൊരു പ്രണയത്തിൽ
കുടുങ്ങിക്കിടക്കാനവനില്ല
എനിക്കു പറ്റിയപോലെ.
*

Claribel Alegria (1924-2018) നിക്കരാഗ്വൻ-സാൽവഡോറിയൻ കവിയിത്രി.


2021, മാർച്ച് 24, ബുധനാഴ്‌ച

ബോദ്‌ലേർ- പ്രലോഭനങ്ങൾ: അഥവാ, ഇറോസ്(കാമം), പ്ളൂട്ടസ്(ധനം), ഫീമി(കീർത്തി)

 

പോയ രാത്രിയിൽ കേമന്മാരായ രണ്ടു ചെകുത്താന്മാരും അത്രതന്നെ വിശേഷപ്പെട്ട ഒരു പിശാചിനിയും ഉറങ്ങിക്കിടക്കുന്ന മനുഷ്യന്റെ ദൗർബ്ബല്യത്തിനു മേൽ നരകം തന്റെ ആക്രമണം അഴിച്ചുവിടുകയും അവനുമായി രഹസ്യസമ്പർക്കം പുലർത്തുകയും ചെയ്യുന്ന പാതാളക്കോണി കയറി വന്നു. അരങ്ങത്തെത്തിയ അഭിനേതാക്കളെപ്പോലെ അവർ എന്റെ മുന്നിൽ വന്ന് പ്രതാപത്തോടെ നിലയുറപ്പിച്ചു. രാത്രിയുടെ അതാര്യപശ്ചാത്തലത്തിൽ എഴുന്നുനിന്ന ആ മൂന്നു രൂപങ്ങളിൽ നിന്നും ഒരു ഗന്ധകദീപ്തി പ്രസരിച്ചിരുന്നു. അവരുടെയാ പ്രതാപവും മേധാവിത്വവും കണ്ടപ്പോൾ ഇവർ ശരിക്കുമുള്ള ദേവന്മാരാണോയെന്ന് ഒരു നിമിഷം ഞാനൊന്നു ശങ്കിച്ചുപോവുകയും ചെയ്തു. 

ഒന്നാമത്തെ ചെകുത്താന്റെ മുഖം നോക്കിയാൽ അത് ആണിന്റേതോ പെണ്ണിന്റേതോ എന്നു നിർണ്ണയിക്കുക പ്രയാസമായിരിക്കും; അവന്റെ ഉടൽവടിവാകട്ടെ, പുരാതനനായ ബാക്കസ്സിന്റേതുപോലെ മാർദ്ദവമുള്ളതുമായിരുന്നു. ഏതെന്നറിയാത്ത ഒരു നിറം നിഴൽ വീശിയ അവന്റെ കൂമ്പിയ, മനോഹരമായ കണ്ണുകൾ ഒരു കൊടുങ്കാറ്റിന്റെ കണ്ണീർക്കണങ്ങളിറ്റുതീരാത്ത വയലറ്റുകളെ ഓർമ്മിപ്പിച്ചു; പാതി വിടർന്ന ചുണ്ടുകൾ ഒരു സുഗന്ധതൈലശാലയിലെ പരിമളങ്ങൾ വമിക്കുന്ന ഊഷ്മളമായ ധൂപപാത്രങ്ങൾക്കു സദൃശം; അവൻ ഓരോ തവണ നെടുവീർപ്പിടുമ്പോഴും ശലഭങ്ങൾ അവന്റെ ചുടുനിശ്വാസമേറ്റു തിളങ്ങിയിരുന്നു.

അവന്റെ ചെമ്പട്ടുകഞ്ചുകത്തിനു ചുറ്റുമായി അരപ്പട്ട പോലെ കിടക്കുന്ന മിന്നിത്തിളങ്ങുന്ന ഒരു സർപ്പം പത്തിയുയർത്തി കനല്ക്കണ്ണുകൾ കൊണ്ട് ആലസ്യത്തോടെ അവന്റെ മുഖത്തേക്കു നോക്കുന്നു. ആ ജീവനുള്ള നാടയിൽ നിന്ന് ആസുരദ്രാവകങ്ങൾ നിറച്ച കുപ്പികളും മിന്നുന്ന കത്തികളും ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളും തൂങ്ങിക്കിടപ്പുണ്ട്. വലതുകയ്യിൽ ചുവന്നു തിളങ്ങുന്ന ഒരു ദ്രാവകം നിറച്ച മറ്റൊരു കുപ്പി, വിചിത്രമായ ഇങ്ങനെയൊരു കുറിപ്പുമായി: “കുടിക്കുക, ഇതെന്റെ രക്തം, ഉന്മേഷത്തിനുള്ള ഒന്നാന്തരം പാനീയം.” ഇടതുകയ്യിലെ വയലിൻ തന്റെ സന്തോഷങ്ങളും ദുഃഖ്നങ്ങളും ഈണപ്പെടുത്താനും ശാബത്ത് രാത്രികളിൽ ഉന്മാദമെന്ന സാംക്രമികരോഗം പരത്താനും അവനെ സഹായിച്ച ഉപാധിയാണെന്നു വ്യക്തം.

അവന്റെ മെലിഞ്ഞ കണങ്കാലുകളിൽ നിന്ന് ഒരു സ്വർണ്ണത്തുടലിന്റെ പൊട്ടിയ കണ്ണികൾ ഞാന്നുകിടന്നിരുന്നു; അതു കൊണ്ടുണ്ടാകുന്ന അസൗകര്യം നിലത്തേക്കവന്റെ നോട്ടം വീഴ്ത്തുമ്പോൾ നന്നായി ഉരച്ചുമിനുക്കിയ രത്നക്കല്ലുകൾ പോലത്തെ തന്റെ കാൽനഖങ്ങളിലേക്ക് അഭിമാനത്തോടെ അവൻ നോക്കുന്നുമുണ്ട്.

ഒരു നിഗൂഢലഹരി പടരുന്ന ശോകപൂർണ്ണമായ കണ്ണുകൾ കൊണ്ടെന്നെയുഴിഞ്ഞിട്ട് ഈണത്തിൽ അവൻ പറഞ്ഞു: “നിങ്ങൾക്കിഷ്ടമാണെങ്കിൽ, നിങ്ങൾക്കിഷ്ടമാണെങ്കിൽ, നിങ്ങളെ ഞാൻ ആത്മാവുകളുടെ നാഥനാക്കാം; ശില്പിക്കു കളിമണ്ണിലുള്ളതിനെക്കാൾ അധികാരം ജൈവവസ്തുവിനുമേൽ നിങ്ങൾക്കുണ്ടാകും; തന്നിൽ നിന്നു പുറത്തുപോയി അന്യരിൽ സ്വയം നഷ്ടപ്പെടുത്തുന്നതിന്റെയും മറ്റാത്മാക്കളെ തന്നിലേക്കാകർഷിച്ചുവരുത്തി അവരുമായി ഒന്നുചേരുന്നതിന്റെയും നിരന്തരസുഖം നിങ്ങൾക്കനുഭവിക്കുകയും ചെയ്യാം.“

ഞാൻ പറഞ്ഞു: ”വളരെ നന്ദി! എന്നാൽ എന്റെ ദരിദ്രമായ ആത്മാവിനെക്കാൾ ഒട്ടും മൂല്യം കാണാൻ വഴിയില്ലാത്ത ഒരു പറ്റം നികൃഷ്ടജീവികളുമായി ഒരിടപാടും എനിക്കു വേണ്ട. നാണക്കേടുകളേ ഓർമ്മിക്കാനുള്ളുവെങ്കില്ക്കൂടി യാതൊന്നും മറക്കാനും എനിക്കാഗ്രഹമില്ല. എനിക്കു നിന്നെ അറിയില്ലെന്നു വന്നാലും, കിഴട്ടുപിശാചേ, നിന്റെ ഈ നിഗൂഢമായ കത്തികളും സംശയം തോന്നിക്കുന്ന കുപ്പികളും നിന്റെയാ കാൽത്തുടലുകളുമെല്ലാം നീയുമായുള്ള സൗഹൃദം സൗകര്യപ്രദമല്ലെന്നത് വ്യക്ത്മായി വിശദീകരിക്കുന്ന പ്രതീകങ്ങളാണ്. സമ്മാനങ്ങൾ നിന്റെ കയ്യിൽത്തന്നെ ഇരിക്കട്ടെ.“

രണ്ടാമത്തെ ചെകുത്താന്‌ ഇതുപോലെ വിഷാദവും സന്തോഷവും കലർന്ന ഭാവമായിരുന്നില്ല; പാട്ടിലാക്കുന്ന പെരുമാറ്റമോ ലോലവും വാസനിക്കുന്നതുമായ സൗന്ദര്യമോ ഉണ്ടായിരുന്നില്ല. കണ്ണുകളില്ലാത്ത മുഴുത്ത മുഖവും തുടകളിലേക്കു തൂങ്ങിക്കിടക്കുന്ന കുടവയറുമായി ഒരു പടുകൂറ്റൻ ആൾരൂപം; പൊന്നു പൂശിയ പോലത്തെ തൊലിയിലാകെ ലോകത്തെ ദാരിദ്ര്യത്തിന്റെ നാനാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന ചലിക്കുന്ന കൊച്ചുരൂപങ്ങൾ പച്ച കുത്തിയപോലെ വരച്ചുനിറച്ചിരിക്കുന്നു. അതിൽ  ആണികളിൽ നിന്നു സ്വയം തൂങ്ങിക്കിടക്കുന്ന ചടച്ചൊട്ടിയ കൊച്ചുമനുഷ്യരുണ്ട്; വിറയ്ക്കുന്ന കൈകളെക്കാൾ വാചാലമായി ദീനമായ കണ്ണുകൾ കൊണ്ടു യാചിക്കുന്ന എല്ലും തോലുമായി, വികൃതരൂപികളായ ഭൂതങ്ങളുണ്ട്; അകാലപ്പിറവികളായ കുഞ്ഞുങ്ങളെ തേഞ്ഞൊട്ടിയ മുലകളിൽ ചേർത്തുപിടിച്ചിരിക്കുന്ന പ്രായം ചെന്ന അമ്മമാരുണ്ട്; അങ്ങനെ പലതുമുണ്ട്.

ആ തടിയൻ ചെകുത്താൻ കൈ മുറുക്കി തന്റെ കുടവയറിൽ ആഞ്ഞിടിച്ചപ്പോൾ ഉണ്ടായ ദീർഘവും ലോഹം കിടുങ്ങുന്നതുപോലുള്ളതുമായ വലിയ ഒച്ച അനേകം മനുഷ്യജീവികളുയർത്തിയ നേർത്ത രോദനത്തിന്റെ മറ്റൊലി പോലെയാണൊടുങ്ങിയത്. ഒരു നാണവുമില്ലാതെ പുഴുപ്പല്ലും പുറത്തു കാണിച്ചുകൊണ്ട് അവൻ പൊട്ടിച്ചിരിച്ചപ്പോൾ ഏതു നാട്ടിലെയും ചില തീറ്റമാടന്മാരുടെ വിഡ്ഢിച്ചിരി പോലുണ്ടായിരുന്നു അത്.

അവൻ ഇതാണെന്നോടു പറഞ്ഞത്: “എന്തും നേടിയെടുക്കുന്നതും എന്തിന്റെയും മൂല്യമുള്ളതും എന്തിനെയും പകരം വയ്ക്കുന്നതുമായ ഒന്ന് ഞാൻ നിങ്ങൾക്കു നല്കാം!” എന്നിട്ടവൻ തന്റെ കൊഴുത്ത കുമ്പയിലടിച്ചപ്പോളുണ്ടായ മുഴങ്ങുന്ന ഒച്ച അവന്റെ ജല്പനത്തിനു ചേർന്ന ഭാഷ്യം ചമയ്ക്കുകയായിരുന്നു. 

അറപ്പോടെ മുഖം തിരിച്ചുകൊണ്ട് ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: “അന്യന്റെ ദുരിതം കൊണ്ടു നേടുന്ന ഒരൈശ്വര്യവും എനിക്കു വേണ്ട; ഒരു ചുമർചിത്രമെന്നപോലെ തന്റെ തൊലിയിൽ വരച്ചുവച്ചിരിക്കുന്ന ആ ദൗർഭാഗ്യങ്ങളുടെ കറ പറ്റിയ ഒരു സമ്പത്തും എനിക്കാവശ്യമില്ല.“

പിശാചിനിയുടെ കാര്യം പറയാനാണെങ്കിൽ, അവളെ ആദ്യം കണ്ടപ്പോൾ വിചിത്രമായ ഒരാകർഷണത്തിനു ഞാനൊന്നു കീഴടങ്ങിപ്പോയതു തുറന്നുപറഞ്ഞില്ലെങ്കിൽ അതൊരു നുണയായിപ്പോകും. യൗവ്വനം കഴിഞ്ഞുവെങ്കിലും പിന്നീടു പ്രായമേറുന്നില്ലെന്നു തോന്നിക്കുകയും സൗന്ദര്യത്തിൽ നാശാവശിഷ്ടങ്ങളുടെ തീക്ഷ്ണമായ മാന്ത്രികതയെ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന അതിസുന്ദരികളായ സ്ത്രീകളോടു തുലനം ചെയ്തുകൊണ്ടേ അവളുടെ വശ്യതയെ എനിക്കു നിർവ്വചിക്കാനാവൂ. ഔദ്ധത്യത്തോടൊപ്പം മുഗ്ധതയും കലർന്നതായിരുന്നു അവളുടെ ഭാവം. കണ്ണുകൾ ക്ഷീണിതമായി തോന്നിയെങ്കിലും വശീകരണശക്തിക്കു കുറവുണ്ടായിരുന്നില്ല. എന്നാൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവളുടെ ശബ്ദത്തിലെ നിഗൂഢതയായിരുന്നു; അതിഹൃദ്യമായ കോൺട്രാൾട്ടോകളെയാണ്‌ അതെന്നെ ഓർമ്മിപ്പിച്ചത്; ഒപ്പം അമിതമായി മദ്യപിച്ചു വരണ്ട തൊണ്ടകളേയും.

”എന്റെ ശക്തി അറിയണമെന്നുണ്ടോ?“ മയക്കുന്ന സ്വരത്തിൽ ആ കപടദേവത എന്നോടു ചോദിച്ചു. ”കേട്ടുനോക്കൂ.“

എന്നിട്ടവൾ കൂറ്റനൊരു കാഹളമെടുത്ത് ചുണ്ടിലേക്കു വച്ചു; ഒരു കളിയോടക്കുഴലിലെന്നപോലെ അതിൽ നിന്നു തൂങ്ങിക്കിടക്കുന്ന നാടകളിൽ ഈ പ്രപഞ്ചത്തിലെ സകല പത്രങ്ങളുടേയും പേരുകളെഴുതിയിരുന്നു; ആ കാഹളത്തിലൂടെ അവൾ എന്റെ പേരു വിളിച്ചുപറഞ്ഞപ്പോൾ ഒരു നൂറായിരം ഇടിമുഴക്കങ്ങൾ പോലെ അതുരുണ്ടുമറിഞ്ഞ് സർവ്വദിക്കിലേക്കും വ്യാപിക്കുകയും പ്രപഞ്ചസീമയിലെ വിദൂരഗോളങ്ങളിൽ തട്ടി മാറ്റൊലിച്ചാലെന്നപോലെ തിരിച്ചെന്നിലേക്കെത്തുകയും ചെയ്തു. 

“പിശാചേ!” പാതി വീണുപോയ ഞാൻ പറഞ്ഞു, “ഇത് സംഗതി കൊള്ളാമല്ലോ!” എന്നാൽ മോഹിപ്പിക്കുന്ന ആ യക്ഷിയെ ഒന്നുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ ഇവളെ ഞാൻ എവിടെയോ കണ്ടതാണെന്നുള്ള അസ്പഷ്ടമായ ഓർമ്മ എനിക്കുണ്ടായി; അതുപോലെ എനിക്കറിയാവുന്ന ചില കോമാളികളുമായി ഇവൾ കുടിച്ചുകൂത്താടുന്നത് ഞാനെവിടെയോ കണ്ടിട്ടുമുണ്ട്. അവളുടെ വാദ്യത്തിന്റെ രൂക്ഷമായ സ്വരം വ്യഭിചരിക്കപ്പെട്ട ഒരു കാഹളത്തിന്റെ നേർത്തൊരോർമ്മ എന്റെ കാതുകളിലേക്കെത്തിക്കുകയും ചെയ്തു.

അതു കാരണം കടുത്ത വെറുപ്പോടെ ഞാൻ പറഞ്ഞു, “കടന്നുപൊയ്ക്കോ! എനിക്കു പേരു പറയാൻ ഇഷ്ടമില്ലാത്ത ചിലരുടെ വെപ്പാട്ടിയായിരുന്ന ഒരുത്തിയെ കെട്ടാനല്ല ഞാൻ ജനിച്ചത്.”

അത്രയും ധീരമായ ഒരാത്മനിരാസത്തിന്റെ പേരിൽ അഭിമാനം കൊള്ളാൻ തീർച്ചയായും എനിക്കവകാശമുണ്ടായിരുന്നു. പക്ഷേ എന്റെ ഭാഗ്യക്കേടിന്‌ അപ്പോഴേക്കും എന്റെ ഉറക്കം പോയി; എന്റെ സകല ഇച്ഛാശക്തിയും എന്നെ വിട്ടു പോവുകയും ചെയ്തു. “ശരിയാണ്‌,” ഞാൻ സ്വയം പറഞ്ഞു, “അത്രയും മനസ്സാക്ഷിയൊക്കെ കാണിക്കണമെങ്കിൽ തീച്ചയായും ഞാൻ നല്ല ഉറക്കമായിരുന്നിരിക്കണം. ഹാ, ഞാൻ ഉണർന്നിരിക്കുമ്പോൾ അവർ ഇനിയൊന്നു തിരിച്ചുവരട്ടെ, അത്രയും സ്വഭാവഗുണമൊന്നും ഞാൻ കാണിക്കാൻ പോകുന്നില്ല!”

ആവുന്നത്ര ഒച്ചയിൽ ഞാനവരെ വിളിച്ചുനോക്കി; എന്നെ മാപ്പാക്കണമെന്നു ഞാൻ അവരോടിരന്നു; അവരുടെ പ്രീതിക്കർഹനാവാൻ എത്ര തവണ വേണമെങ്കിലും മാനം കെട്ടുകൊള്ളാമെന്ന് ഞാൻ ഉറപ്പു കൊടുത്തു; പക്ഷേ അവർ പിന്നെ തിരിച്ചുവന്നതേയില്ല; ഞാനവരെ അത്രയധികം വേദനിപ്പിച്ചു കാണണം.


ബോദ്‌ലേർ - സ്തോത്രം



എത്രയും പ്രിയങ്കരി, എത്രയും മനോഹരി,
വെളിച്ചം കൊണ്ടെന്റെ ഹൃദയം നിറയ്ക്കുന്നവൾ,
എന്റെ മാലാഖ, എന്റെ നിത്യപൂജാവിഗ്രഹം,
എന്നുമെന്നുമവൾക്കു സ്തോത്രം!

ലവണസാന്ദ്രമായ വായു പോലെ
എന്റെ ജീവനിലേക്കവൾ വ്യാപിക്കുന്നു,
അസംതൃപ്തമായ എന്റെ ആത്മാവിൽ
നിത്യതയുടെ സ്വാദവൾ പകരുന്നു.

അത്രമേൽ പ്രിയപ്പെട്ടൊരിടത്തിന്റെ കോണിൽ
പുതുമണം പാറ്റുന്ന വാസനച്ചിമിഴവൾ,
എടുത്തു മാറ്റാൻ മറന്ന ധൂപപാത്രം
രാത്രിയിലാരും കാണാതെ പുകയുന്നപോലെ.

എന്റെ പ്രണയത്തിന്റെ പൂർണ്ണതേ,
എങ്ങനെ നിന്നെ ഞാൻ നേരായി വിവരിക്കും?
എന്റെ നിത്യതയുടെ ഖനിയാഴത്തി-
ലൊളിഞ്ഞിരിക്കുന്ന കസ്തൂരിത്തരിയേ!

എത്രയും നല്ലവൾ, എത്രയും മനോഹരി,
എന്റെ ആനന്ദം, എന്റെ സുബോധം,
എന്റെ മാലാഖ, എന്റെ നിത്യപൂജാവിഗ്രഹം,
എന്നുമെന്നുമവൾക്കു സ്തോത്രം!

(1854 മേയ് 8ന്‌ മദാം സബാത്തിയേക്ക് പേരു വയ്ക്കാതെഴുതിയ കത്തിൽ നിന്ന്)


2021, മാർച്ച് 23, ചൊവ്വാഴ്ച

ആദം സഗയെവ്സ്കി - കവിതകൾ

 
ഈ മാർച്ച് 21ന്‌ ക്രാക്കോവിൽ വച്ചന്തരിച്ച ആദം സഗയെവ്സ്കി Adam Zagajewski (1945-1921) പോളണ്ടിലെ സമകാലീനകവികളിൽ ഏറ്റവും പ്രമുഖനായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രോപ്പഗാൻഡയുടെ നുണകളെ എതിർത്തുകൊണ്ട് പോളിഷ് നവതരംഗത്തിലൂടെ കടന്നുവന്ന അദ്ദേഹം എമ്പതുകളിലെ സോളിഡാരിസ്റ്റി പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. തന്റെ ജന്മദേശത്തിന്റെ വിക്ഷുബ്ദ്ധമായ ചരിത്രവും ആധുനികബുദ്ധിജീവിയുടെ സന്ദേഹങ്ങളുമാണ്‌ സഗയെവ്സ്കിയുടെ കവിതയിൽ പ്രമേയങ്ങളായി വരുന്നത്.

മുഖങ്ങൾ


രാത്രിയിൽ അങ്ങാടിക്കവലയിൽ
എനിക്കറിയാത്ത മനുഷ്യരുടെ തിളങ്ങുന്ന മുഖങ്ങൾ ഞാൻ കണ്ടു.
ആർത്തിയോടെ ഞാനവരുടെ മുഖങ്ങളിലേക്കു നോക്കി:
ഓരോന്നും വ്യത്യസ്തമായിരുന്നു,
ഓരോന്നും എന്തോ പറഞ്ഞിരുന്നു, പ്രേരിപ്പിച്ചിരുന്നു,
ചിരിച്ചിരുന്നു, സഹിച്ചിരുന്നു.

എനിക്കു തോന്നി,
നഗരം നിർമ്മിച്ചിരിക്കുന്നത് വീടുകൾ കൊണ്ടല്ല,
കവലകളും നടക്കാവുകളും ഉദ്യാനങ്ങളും
വീതിയേറിയ തെരുവുകളും കൊണ്ടല്ല,
വിളക്കുകൾ പോലെ തിളങ്ങുന്ന മുഖങ്ങൾ കൊണ്ടാണെന്ന്,
രാത്രിയിൽ, തീപ്പൊരികളുടെ മേഘങ്ങൾക്കുള്ളിൽ,
ഉരുക്കു വിളക്കിച്ചേർക്കുന്ന വെൽഡർമാരുടെ 
ടോർച്ചുകൾ പോലത്തെ മുഖങ്ങൾ കൊണ്ട്.


മഞ്ഞുകാറ്റ്


നമ്മൾ സംഗീതം കേൾക്കുകയായിരുന്നു-
ബാഹിന്റെ സംഗീതം,
ഷൂബെർട്ടിന്റെ ഏകാന്തശോകം.
ഒരു നിമിഷം നാം നിശ്ശബ്ദതയ്ക്കും കാതുകൊടുത്തു.
പുറത്തൊരു മഞ്ഞുകാറ്റിരമ്പിപ്പാഞ്ഞു,
കാറ്റതിന്റെ നീലിച്ച മുഖം
ചുമരിനോടു ചേർത്തുരച്ചിരുന്നു.
മരിച്ചവർ തെന്നുന്ന മഞ്ഞുവണ്ടികളിൽ പാഞ്ഞുപോയി,
നമ്മുടെ ജനാലകളിൽ
മഞ്ഞുരുളകൾ തട്ടിത്തെറിപ്പിച്ചും കൊണ്ട്.

ഒരപരിചിതനഗരത്തിൽ


മദ്ധ്യധരണ്യാഴിയുടെ
നേർത്ത, ഭ്രമാത്മകം തന്നെയായ, ഗന്ധം,
പാതിരാത്രിയിൽ തെരുവുകളിൽ ആൾക്കൂട്ടങ്ങൾ,
ഒരു മേളയ്ക്കു തുടക്കമാവുകയായി,
ഏതെന്നു നമുക്കറിയുകയുമില്ല.
ഒരു മെലിഞ്ഞ പൂച്ച
നമ്മുടെ കാലുകൾക്കിടയിലൂടെ പാഞ്ഞുപോകുന്നു,
ജിപ്സികൾ അത്താഴം കഴിക്കുന്നു,
പാട്ടു പാടും പോലെ;
അവർക്കുമപ്പുറം വെളുത്ത വീടുകൾ,
അറിയാത്ത ഭാഷ.
ആനന്ദം.


പുതുവർഷത്തലേന്ന്, 2004


ബില്ലി ഹോളിഡേയുടെ റെക്കോഡുകൾ കേട്ടുകൊണ്ട്
നിങ്ങൾ വീട്ടിലിരിക്കുകയാണ്‌,
നിദ്രാണമായ വിഷാദത്തോടെ അവർ പാടുന്നു.
പാതിരാത്രിയെത്താൻ ഇനിയെത്ര മണിക്കൂറുകൾ വേണമെന്ന്
നിങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്നു.
ഇത്ര മനശ്ശാന്തിയോടെ പാടാൻ മരിച്ചവർക്കെങ്ങനെ കഴിയുന്നു,
ഭീതിയിൽ നിന്നു മോചിതരാവാൻ 
ജീവിച്ചിരിക്കുന്നവർക്കു കഴിയുന്നില്ലെന്നിരിക്കെ?

ബാല്യമില്ല


നിങ്ങളുടെ ബാല്യകാലം എങ്ങനെയായിരുന്നു?
ക്ഷീണിതനായ ഒരു റിപ്പോർട്ടർ അവസാനമായി ചോദിക്കുന്നു.
ബാല്യമെന്നതില്ലായിരുന്നു,
കറുത്ത കാക്കകളും കറണ്ടിനു വിശക്കുന്ന ട്രാമുകളും മാത്രം,
കനത്ത അംഗവസ്ത്രമണിഞ്ഞ തടിച്ച പുരോഹിതന്മാർ,
വെങ്കലത്തിന്റെ മുഖമുള്ള അദ്ധ്യാപകന്മാർ.
ബാല്യമില്ല, പ്രതീക്ഷ മാത്രം.
രാത്രിയിൽ മേപ്പിളിലകൾ മിന്നാമിന്നി പോലെ മിനുങ്ങിയിരുന്നു,
ഇരുണ്ട ഗായകരുടെ ചുണ്ടുകൾ മഴ നനച്ചിരുന്നു.


അമേരിക്കൻ സൂര്യൻ


ജനാലയ്ക്കു വെളിയിൽ
കണ്ണഞ്ചിക്കുന്ന അമേരിക്കൻ സൂര്യൻ,
ഇരുളടഞ്ഞ മുറിയിൽ മേശയ്ക്കരികിൽ 
യൗവ്വനം കടന്ന ഒരാളിരിക്കുന്നു,
തനിക്കെന്തൊക്കെ നഷ്ടമായെന്നും
എന്തൊക്കെ ശേഷിക്കുന്നുവെന്നും
ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണയാൾ.

ആ മനുഷ്യൻ ഞാനാണ്‌,
എന്തൊക്കെ നഷ്ടങ്ങളാണ്‌
ഭാവി എനിക്കായി കരുതിവച്ചിരിക്കുന്നതെന്ന്
ഊഹിച്ചെടുക്കാൻ നോക്കുകയാണു ഞാൻ.
എന്താണു ഞാൻ കണ്ടെത്താൻ പോകുന്നതെന്ന്
എനിക്കിപ്പോഴുമറിയില്ല.


എന്റെ ഇഷ്ടകവികൾ



എന്റെ ഇഷ്ടകവികൾ
പരസ്പരം കണ്ടിട്ടേയില്ല
അവർ ജീവിച്ചത് വിഭിന്നദേശങ്ങളിലായിരുന്നു
വിഭിന്നകാലങ്ങളിലുമായിരുന്നു
ചുറ്റും സാധാരണത്വവും
നല്ലവരും മോശക്കാരുമായി
അവർ ഒതുങ്ങിജീവിച്ചു
തോട്ടത്തിൽ ഒരാപ്പിൾ പോലെ
അവർക്കു മേഘങ്ങളിഷ്ടമായിരുന്നു
തല പൊക്കി നോക്കുമ്പോൾ
വെളിച്ചത്തിന്റെയും നിഴലിന്റെയും
ഒരു കൂറ്റൻ കപ്പൽവ്യൂഹം
അവർക്കു മേൽ കൂടി കടന്നുപോയി
ഒരു സിനിമ നടക്കുന്നുണ്ടായിരുന്നു
അതിനിയും അവസാനിച്ചിട്ടില്ല
മനക്കടുപ്പത്തിന്റെ നിമിഷങ്ങൾ
അതിവേഗം കടന്നുപോയി
ആഹ്ലാദത്തിന്റെ നിമിഷങ്ങളുമതുപോലെ
ലോകമെന്താണെന്ന്
ചിലനേരം അവർക്കറിയാമായിരുന്നു
അപ്പോഴവർ മിനുസമുള്ള താളുകളിൽ
കഠിനമായ വാക്കുകളെഴുതി
ചിലപ്പോഴവർക്ക് ഒന്നുമറിയില്ലായിരുന്നു
അപ്പോഴവർ സ്കൂൾ മൈതാനത്ത്
കുട്ടികളെപ്പോലെയായിരുന്നു
ഊഷ്മളമായ മഴയുടെ
ആദ്യത്തെ തുള്ളി
ഇറങ്ങിവരുമ്പോൾ


കേട്ട സംഗീതം


നിന്നോടൊപ്പം കേട്ട സംഗീതം
സംഗീതത്തിലും കവിഞ്ഞതായിരുന്നു,
നമ്മുടെ സിരകളിലൂടൊഴുകിയ രക്തം
രക്തത്തിലും കവിഞ്ഞതായിരുന്നു,
നാമന്നറിഞ്ഞ ആനന്ദം അവ്യാജമായിരുന്നു,
ഇതിനെല്ലാം ആരോടെങ്കിലും നന്ദി പറയാനുണ്ടെങ്കിൽ
ഞാനയാൾക്കിപ്പോൾ നന്ദി പറയുന്നു,
വൈകിപ്പോകും മുമ്പേ,
എല്ലാം അനക്കമറ്റുപോകും മുമ്പേ.

***


പുലർച്ചയ്ക്ക്

ഉദയവേളയിലെ ട്രെയിൻ ജനാലയിലൂടെ
ശൂന്യനഗരങ്ങൾ ഉറങ്ങുന്നതു ഞാൻ കണ്ടു,
അശരണരായി മലർന്നടിച്ചുകിടക്കുന്ന
കൂറ്റൻ ജന്തുക്കളെപ്പോലെ.
വിശാലമായ കവലകളിലൂടെ
എൻ്റെ ചിന്തകളും  തുളച്ചുകയറുന്നൊരു കാറ്റും മാത്രം
അലഞ്ഞുനടന്നിരുന്നു;
ഗോപുരങ്ങളിൽ ലിനൻ പതാകകൾ മൂർച്ഛിച്ചുകിടന്നു,
മരങ്ങളിൽ കിളികളുണർന്നുതുടങ്ങി,
പാർക്കുകളിലെ നിബിഡമായ പൊന്തകളിൽ
ഒറ്റയാൻ പൂച്ചകളുടെ കണ്ണുകൾ മിന്നിത്തെളിഞ്ഞു.
പ്രഭാതത്തിലെ കാതരവെളിച്ചം,
എന്നുമരങ്ങേറ്റക്കാരിയായ നർത്തകി,
കടകളുടെ ജനാലച്ചില്ലുകളിൽ പ്രതിഫലിക്കുന്നു.

*


ഭദ്രാസനപ്പള്ളിക്കു ചുവട്ടിൽ

 

ജൂണിലൊരിക്കൽ, ഒരു വൈകുന്നേരം,
ഒരു ദീർഘയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ,
(ഫ്രാൻസിലെ പൂമരങ്ങളുടെ ഓർമ്മകൾ
നമ്മുടെ മനസ്സിലപ്പോഴും പൂത്തുനിന്നിരുന്നു,
അതിൻ്റെ മഞ്ഞപ്പാടങ്ങൾ, പച്ച തെഴുത്ത മരങ്ങൾ
കാറിനു മുന്നിലൂടപ്പോഴും പാഞ്ഞുപോയിരുന്നു)
 
ഭദ്രാസനപ്പള്ളിക്കു മുന്നിലെ കടമ്പയിലിരുന്ന്
പതിഞ്ഞ ശബ്ദത്തിൽ നാം സംസാരിച്ചു,
അത്യാഹിതങ്ങളെക്കുറിച്ച്, ഭാവിയെക്കുറിച്ച്,
വരാനിരിക്കുന്ന ഭയത്തെക്കുറിച്ച്;
അപ്പോളാരോ പറഞ്ഞു,
ഇപ്പോൾ നമുക്കു ചെയ്യാവുന്നതിൽ വച്ചേറ്റവും നല്ലതിതാണെന്ന്-
ആ തെളിഞ്ഞ നിഴലത്തിരുന്നുകൊണ്ട് ഇരുട്ടിനെക്കുറിച്ചു സംസാരിക്കുക.

*

2021, മാർച്ച് 20, ശനിയാഴ്‌ച

നെരൂദ - രാത്രിക്കൊരു വാഴ്ത്ത്



പകലിനു
പിന്നിൽ,
ഓരോ കല്ലിനും മരത്തിനും
ഓരോ പുസ്തകത്തിനും പിന്നിൽ,
രാത്രീ,
നീ കുതിച്ചോടുന്നു, പണിയെടുക്കുന്നു,
അല്ലെങ്കിൽ ഇളവെടുക്കുന്നു,
ഉള്ളിലേക്കു വലിഞ്ഞ നിന്റെ വേരുകൾ
പൂക്കളും ഇലച്ചാർത്തുമായി വിടരുവോളം
നീ കാത്തിരിക്കുന്നു.
പതാക പോലെ
നീ മാനത്തു പാറുന്നു,
പിന്നെ നീ നിറയുന്നു,
കുന്നുകളിലും കടലുകളിലും മാത്രമല്ല,
ഏതു ചെറിയ പഴുതിലും,
തളർന്ന കൃഷിക്കാരന്റെ
ഇരുമ്പുകണ്ണുകളിലും
സ്വപ്നം കാണുന്ന
മനുഷ്യവദനങ്ങളുടെ
കറുത്ത പവിഴങ്ങളിലും.
പുഴകളുടെ കിരാതഗതിക്കു മേൽ
നീ കെട്ടഴിഞ്ഞുപായുന്നു,
രാത്രീ, നീ മറയ്ക്കുന്നു,
രഹസ്യവഴികൾ,
നഗ്നമായ ഉടലുകൾ വീണുകിടക്കുന്ന
പ്രണയത്തിന്റെ ഗർത്തങ്ങൾ,
ഒരു നിഴലിന്റെ നിലവിളി
തെറിച്ചുവീണ പാതകങ്ങൾ,
ഇതിനിടയിൽ
തീവണ്ടികളോടുന്നു,
ചുവന്ന തീയിൽ 
സ്റ്റോക്കർമാർ
രാത്രി പോൽ കറുത്ത കല്ക്കരി
കോരിയെറിയുന്നു,
തിരക്കൊഴിയാത്ത
സ്ഥിതിവിവരക്കണക്കുകാരൻ
ജഡിലമായ താളുകളുടെ കാട്ടിൽ
കാണാതെയാകുന്നു,
അപ്പക്കടക്കാരൻ
വെണ്മ കുഴച്ചെടുക്കുന്നു.
ഒരു കരിങ്കുതിരയെപ്പോലെ
രാത്രിയും ഉറക്കമാകുന്നു.
വടക്കു നിന്നു തെക്കോട്ടേക്കു
മഴ പെയ്യുന്നു,
എന്റെ ദേശത്തിന്റെ
പ്രതാപികളായ മരങ്ങൾക്കു മേൽ,
മേല്പ്പുരകളുടെ
തകരപ്പാളികൾക്കു മേൽ
രാത്രിയുടെ പാട്ടു കേൾക്കാകുന്നു,
ആ പാടുന്ന കുന്തം തീർത്തത്
ഇരുട്ടും മഴയും,
മുകളിൽ, ഇരുട്ടിൽ നിന്നും
മുല്ലപ്പൂക്കളും നക്ഷത്രങ്ങളും
കാവൽ നില്ക്കുന്നു,
പതിയെപ്പതിയെ,
നൂറ്റാണ്ടുകളുടെ വേഗതയിൽ
ആ ചിഹ്നങ്ങളുടെ പൊരുൾ
നമുക്കു തിരിയും.
രാത്രീ,
എന്റെ സ്വന്തമായ രാത്രീ,
ആകെ ലോകത്തിന്റെയും രാത്രീ,
നിന്റെയുള്ളിൽ ഒന്നുണ്ട്,
പിറക്കാൻ പോകുന്ന
കുഞ്ഞിനെപ്പോലുരുണ്ടത്,
ഒരു പൊള്ളുന്ന വിത്ത്,
അതൊരു ദിവ്യാത്ഭുതമാണ്‌,
അതാണ്‌ പകൽ.
എത്ര സുന്ദരിയാണു നീ,
പിറന്നുവീഴുന്ന പോപ്പിപ്പൂവിന്‌
ഇരുണ്ട മുലപ്പാൽ നീയൂട്ടുന്നതിനാൽ,
കണ്ണുകൾക്കു തുറക്കാനായി,
ജലത്തിനു പാടാനായി,
ഞങ്ങളുടെ ജീവിതങ്ങൾക്കു
പിന്നെയും ശ്വാസമെടുക്കുന്നതിനായി
കണ്ണുകളടച്ചു നീ പണിയെടുക്കുന്നതിനാൽ.

ബോദ്‌ലേർ - കൊലപാതകിയുടെ വീഞ്ഞ്



എന്റെ ഭാര്യ ചത്തു. ഞാൻ സ്വതന്ത്രനുമായി!
ഇനിയെനിക്കു മതിയാവോളം കുടിക്കാം.
കയ്യിലൊന്നുമില്ലാതെ വീട്ടിൽ വരുമ്പോൾ
അവളുടെ കരച്ചിലെന്റെ നെഞ്ചു പിളർന്നിരുന്നു.

ഇന്നൊരു രാജാവിനെപ്പോലെ ഞാൻ സന്തുഷ്ടൻ;
വായു നിർമ്മലം, തെളിഞ്ഞ ആകാശം...
ഇതുപോലൊരു വേനൽ മുമ്പൊരിക്കലുമുണ്ടായിരുന്നു,
അന്നു ഞാനവളെ പ്രേമിച്ചുതുടങ്ങിയ കാലവുമായിരുന്നു!

ഇന്നെന്റെ തൊണ്ട പൊള്ളിക്കുന്ന ദാഹം തീർക്കാൻ
എത്ര ചാരായം ഞാൻ കുടിച്ചുതീർക്കണം;
അവൾ കിടക്കുന്ന ശവക്കുഴി നിറയ്ക്കുന്നത്ര-
അതത്ര കുറഞ്ഞ അളവുമല്ല!

ഒരു പൊട്ടക്കിണറ്റിലേക്കു ഞാനവളെ തള്ളിയിട്ടു;
ആൾമറയുടെ ചില കല്ലുകളിളകിക്കിടന്നിരുന്നു,
അതും ഞാനവളുടെ മുകളിലേക്കുരുട്ടിയിട്ടു-
അവൾ മറവിക്കടിയിലാകുമോയെന്നു നോക്കട്ടെ!

ഇനിയൊരിക്കലും അറുത്തുമാറ്റാനാവാത്ത
പഴയ പ്രണയവാഗ്ദാനങ്ങളോർമ്മിപ്പിച്ചും
വികാരം കത്തിനിന്ന പണ്ടുകാലം പോലെ
പിന്നെയും നമുക്കു പ്രേമിക്കാമെന്നു വിശ്വസിപ്പിച്ചും

രാത്രിയിൽ, ഒരിടവഴിയുടെ രഹസ്യത്തിലേക്ക്
ഒരുമിച്ചുകൂടാൻ ഞാനവളെ ക്ഷണിച്ചു.
അവൾ വന്നു!- ആ ഭ്രാന്തിപ്പെണ്ണ്‌!
നാമെല്ലാം ഒരു കണക്കിനു ഭ്രാന്തന്മാരാണ്.

അവളപ്പോഴും കാണാൻ സുന്ദരിയായിരുന്നു,
ഒന്നു വാട്ടം തട്ടിയിരുന്നുവെന്നു മാത്രം;
എനിക്കവളെ അത്ര സ്നേഹമായിരുന്നതിനാൽ
ഞാൻ പറഞ്ഞു: “നീ ജീവിതത്തിൽ നിന്നു പോകൂ!”

ആർക്കുമെന്നെ മനസ്സിലാകുന്നില്ല.
ലഹരിയുടെ രോഗാതുരസ്വപ്നങ്ങൾ നുരയുന്ന രാത്രിയിൽ
ഒരു കുടിയനെങ്കിലും തോന്നിയിട്ടുണ്ടോ,
ചാരായത്തിൽ നിന്നൊരു ശവക്കച്ച നെയ്യാൻ?

ബോധത്തിന്റെ തരി പോലുമില്ലാത്തവർ,
ഇരുമ്പുയന്ത്രങ്ങൾ കണക്കെ വികാരഹീനർ,
വേനല്ക്കാലമാവട്ടെ, മഞ്ഞുകാലമാവട്ടെ,
പ്രണയത്തിന്റെ തനതർത്ഥം അവരറിയുന്നില്ല.

പ്രണയം- അതിന്റെ ദുരാഭിചാരങ്ങൾ,
നരകത്തിൽ നിന്നണിയിട്ടുവരുന്ന ഭീതികൾ,
അതിന്റെ കണ്ണീർ, വിഷം നിറച്ച ചിമിഴുകൾ,
എല്ലുകളുടെയും ചങ്ങലകളുടേയും കിലുക്കം!

-ഒടുവിൽ ഞാനൊറ്റ, ഞാൻ സ്വതന്ത്രൻ!
ഇന്നു രാത്രിയിൽ ബോധം കെടും വരെ ഞാൻ കുടിക്കും,
പിന്നെ, പേടിയില്ലാതെ, കുറ്റബോധമില്ലാതെ
വെറും മണ്ണിൽ മാനം നോക്കി ഞാൻ കിടക്കും.

ഒരു പട്ടിയെപ്പോലെ ഞാൻ കിടന്നുറങ്ങും,
ചരലും ചവറും കയറ്റിയ ഭാരവണ്ടികൾ
ഞരങ്ങിക്കൊണ്ടോടുന്ന നടുറോഡിൽത്തന്നെ!
കോപിഷ്ടരായ വണ്ടിച്ചക്രങ്ങൾ

എന്റെ കുറ്റബോധത്തിന്റെ തല തകർക്കട്ടെ,
അല്ലെങ്കിലെന്നെ രണ്ടായി മുറിച്ചുതള്ളട്ടെ,
എന്നാലും പുല്ലോളം ഞാൻ മതിക്കില്ല,
ദൈവത്തെ, സാത്താനെ, പ്രമാണങ്ങളെ!

2021, മാർച്ച് 18, വ്യാഴാഴ്‌ച

ബോദ്‌ലേർ - അടങ്ങാത്ത തൃഷ്ണ



വിചിത്രയായ ദേവതേ, രാത്രികൾ പോലിരുണ്ടവളേ,
കസ്തൂരിയും ഹവാനയും ഇടകലർന്നു മണക്കുന്നവളേ,
നിന്നെ മെനഞ്ഞെടുത്തതേതു സവാനയിലെ ഫൗസ്റ്റ്,
കരിവീട്ടിത്തുടയുള്ളവളേ, പാതിരാവിന്റെ സന്തതീ?

എനിക്കു പ്രിയം ആഫ്രിക്കൻ വീഞ്ഞല്ല, അവീനല്ല,
പ്രണയം ഞെളിഞ്ഞുനടക്കുന്ന നിന്റെ വദനം;
നിന്റെ നേർക്കെന്റെ തൃഷ്ണകളുടെ കാരവനുകൾ യാത്രയാകുമ്പോൾ
എന്റെ വ്യഥകൾ ദാഹം തീർക്കുന്ന രണ്ടു നീർത്തൊട്ടികൾ നിന്റെ കണ്ണുകൾ.

നിന്റെയാത്മാവിന്റെ പുകക്കുഴലുകൾ, ആ രണ്ടു കരിങ്കണ്ണുകളിൽ നിന്നും
ഇത്ര തീയും പുകയും വമിപ്പിക്കരുതേ, കനിവറ്റ രാക്ഷസീ!
ഒമ്പതു വട്ടം നിന്നെപ്പുണരാൻ മരണനദിയല്ലല്ലോ ഞാൻ.

കഷ്ടമേ, ഞാനാളല്ല, കാമാസക്തയായ മെഗെയ്റാ,
നിന്റെ വീര്യം തകർക്കാൻ, നിന്നെ നിലയ്ക്കു നിർത്താൻ,
നിന്റെ കിടപ്പറനരകത്തിൽ മറ്റൊരു പ്രൊസെർപ്പൈനാകാൻ.


2021, മാർച്ച് 15, തിങ്കളാഴ്‌ച

ബോർഹസ്- നൂറുതലയൻ


മറ്റു തരത്തിൽ ഒരു കുറ്റവും പറയാനില്ലാത്ത ഒരു ജീവിതകാലത്ത് ശുണ്ഠിയെടുത്തു പറഞ്ഞുപോയ നൂറു ശകാരപദങ്ങൾ സൃഷ്ടിച്ച ഒരു മീനാണ്‌ ‘നൂറുതലയൻ.’ ചൈനീസ് ഭാഷയിലുള്ള ഒരു ബുദ്ധജീവിതകഥയിൽ അദ്ദേഹം വല വലിച്ചുകയറ്റിക്കൊണ്ടിരുന്ന ചില മുക്കുവരെ കണ്ടതിനെക്കുറിച്ചു പറയുന്നുണ്ട്. ഏറെപ്പണിപ്പെട്ട ശേഷം അവർ കരയിൽ വലിച്ചിട്ട മീനിന്‌ നൂറു തലകളുണ്ടായിരുന്നു: അതിന്റെ ഒരു തല കുരങ്ങന്റേത്, മറ്റൊരു തല പട്ടിയുടേത്, വേറൊരു തല കുതിരയുടേത്, പിന്നൊന്ന് കുറുക്കന്റേത്, ഒരെണ്ണം പെരുച്ചാഴിയുടേത്, ഒന്ന് കടുവയുടേത്...അങ്ങനെയങ്ങനെ നൂറെണ്ണം. ബുദ്ധൻ മീനിനോടു ചോദിച്ചു: “അങ്ങ് കപിലനാണോ?”

“അതെ, ഞാൻ തന്നെ,” ജീവൻ വെടിയും മുമ്പ് നൂറു തലയുള്ള ആ മീൻ പറഞ്ഞു.

ബുദ്ധൻ ശിഷ്യന്മാരോട് കപിലന്റെ കഥ വിശദീകരിച്ചു: പൂർവ്വജന്മത്തിൽ കപിലൻ സന്ന്യാസിയായ ബ്രാഹ്മണനായിരുന്നു; വേദങ്ങളിൽ അദ്ദേഹത്തിന്റെ ജ്ഞാനം അപാരമായിരുന്നു. അദ്ധ്യയനകാലത്ത് തന്റെ സഹപാഠികൾ വാക്കുകൾ തെറ്റി ഉച്ചരിക്കുമ്പോൾ കപിലൻ അവരെ കുതിരത്തലയൻ, നായത്തലയൻ, എലിത്തലയൻ എന്നൊക്കെ വിളിച്ചു കളിയാക്കുക പതിവായിരുന്നു. ആ അധിക്ഷേപങ്ങളുടെ കർമ്മഫലമായിട്ടാണ്‌ മരണശേഷം കപിലന്‌ വിചിത്രമായ ഒരു കടൽജീവിയായി ജനിക്കേണ്ടിവന്നത്; തന്റെ കൂട്ടുകാർക്കു മേൽ താൻ കെട്ടിയേല്പിച്ച ആ തലകളുടെയെല്ലാം ഭാരം അദ്ദേഹത്തിനു ചുമക്കേണ്ടിവരികയും ചെയ്തു.

(“ഭാവനാജീവികളുടെ പുസ്തക”ത്തിൽ നിന്ന്)


ബോദ്‌ലേർ- മൂങ്ങകൾ



ഇരുണ്ട യൂ മരങ്ങൾക്കടിയിൽ, അവയുടെ തണലിൽ
മൂങ്ങകൾ ചേക്കയിരിക്കുന്നു, കൃത്യമായ നിരകളിൽ.
ധ്യാനസ്ഥരാണവർ,  അന്യദേശദേവതകളെപ്പോലെ  
നിങ്ങൾക്കു മേലവർ ചാണ്ടുന്നു, ചുവന്ന തീക്കണ്ണുകൾ.

ഒരു തൂവൽ പോലുമിളകാതെയവർ ഒറ്റയിരിപ്പിരിക്കും,
ക്ഷീണസൂര്യനെ അനുധാവനം ചെയ്തെത്തുന്ന രാത്രി
വിഷാദത്തിന്റെ ശ്യാമകാലമെത്തുന്ന മുഹൂർത്തത്തിൽ
തന്റെ രാജ്യഭാരം വീണ്ടുമേറ്റെടുക്കുന്ന നേരം വരെ.

ബുദ്ധിമാന്മാരെ അവർക്കൊരു പാഠം പഠിപ്പിക്കനുണ്ട്:
കൈ നീട്ടിയാലെത്തുന്നതു കൊണ്ടു തൃപ്തരാവുക നിങ്ങൾ,
ഈ ലോകത്തു വേണ്ടേ വേണ്ട, ചലനവും കോലാഹലവും.

നിഴലുകൾക്കു പിന്നാലെ വെറി പിടിച്ചു പായുന്നവർ
ആയുസ്സൊടുങ്ങും വരെ സ്വസ്ഥത കെട്ടു  നടക്കും,
ഒന്നിളകിയിരിക്കാൻ കൊതിച്ചതിനുള്ള ശിക്ഷയായി.

ബോദ്‌ലേർ- യാത്ര പോകാൻ ഒരു ക്ഷണം

 

കൊക്കെയ്ൻ (1)എന്നൊരു നാടുണ്ടത്രെ; ഒരാത്മമിത്രവുമൊരുമിച്ച്‌ അവിടം സന്ദർശിക്കുക എന്നതാണ് എൻ്റെ സ്വപ്നം. . നമുക്കു വടക്കുള്ള മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്‌ അത്ഭുതങ്ങളുടെ ആ നാട്‌; പാശ്ചാത്യദേശത്തെ പൗരസ്ത്യദേശമെന്നോ യൂറോപ്പിലെ ചൈനയെന്നോ അതിനെ വിശേഷിപ്പിക്കാം. അത്രയ്ക്കാണ്‌ ഉഷ്ണിക്കുന്ന ചപലഭാവനയുടെ തഴപ്പവിടെ; അത്ര ക്ഷമയോടെ,അത്ര ദാർഢ്യത്തോടെയാണ്‌ ഭാവന അതിൽ നിഗൂഢവും വിലോലവുമായ സസ്യസമൃദ്ധി ആലേഖനം ചെയ്തിരിക്കുന്നതും.
കൊക്കെയിന്റെ തനിനാട്‌; സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമാണവിടെ സർവ്വതും;ആഡംബരം ചിട്ടയുമായി സന്തുഷ്ടമായ വേഴ്ചയിലാണവിടെ; ജീവിതം സാന്ദ്രവും സുഗന്ധിയുമാണ്‌; ആ നാട്ടിൽ നിന്ന് അവ്യവസ്ഥയെ, പ്രക്ഷുബ്ധതയെ, ആകസ്മികതകളെ നാടു കടത്തിയിരിക്കുന്നു; ആഹ്ലാദമവിടെ നിശ്ശബ്ദതയെ പരിണയിച്ചിരിക്കുന്നു; പാചകം പോലും കവിതാത്മകമാണവിടെ, ഹൃദ്യമെന്നപോലെ സമൃദ്ധവും; എന്തെല്ലാമുണ്ടവിടെ, അതെല്ലാം നിന്നെയോർമ്മിപ്പിക്കുന്നു എൻ്റെ പ്രിയപ്പെട്ട ദേവതേ.
കെടുതികളുടെ കൊടുംശൈത്യകാലത്ത്‌ നമ്മെക്കടന്നുപിടിക്കുന്ന ജ്വരബാധ നിനക്കറിയുന്നതാണല്ലോ; അറിയാത്തൊരു ദേശത്തെച്ചൊല്ലിയുള്ള ആ നഷ്ടബോധം, ജിജ്ഞാസയിൽ നിന്നുടലെടുക്കുന്ന ആ ആകാംക്ഷ? നിന്നെയോർമ്മിപ്പിക്കുന്ന ഒരു നാടുണ്ട് പ്രിയേ, സർവ്വതും സുന്ദരവും സമൃദ്ധവും പ്രശാന്തവും യുക്തവുമായ ഒരിടം; ഭാവന സ്വന്തം കൈ കൊണ്ടു പടുക്കുകയും വിതാനിക്കുകയും ചെയ്ത ഒരു പാശ്ചാത്യചൈന; ജീവിതം സുഗന്ധിയാണവിടെ, ആഹ്ലാദം നിശബ്ദതയുമായി വേഴ്ചയിലാണവിടെ. നാം പോയി ജീവിക്കേണ്ടതവിടെയത്രെ, നാം പോയി മരിക്കേണ്ടതും അവിടെയാണ്‌!
അതെ, ശ്വസിക്കാൻ, സ്വപ്നം കാണാൻ, അനന്തമായ ഐന്ദ്രിയാനുഭൂതികളാൽ നാഴികകളെ ദീർഘിപ്പിക്കാൻ നാം പോകേണ്ടതവിടെയാണ്‌. "നൃത്തം ചെയ്യാനൊരു ക്ഷണം" (2)രചിക്കാൻ ഒരു സംഗീതജ്ഞനുണ്ടായി; "യാത്ര പോകാനൊരു ക്ഷണം" രചിക്കാൻ എവിടെ ഒരു സംഗീതജ്ഞൻ? അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ എനിക്കതു സമർപ്പിക്കാമായിരുന്നു, എന്റെ പ്രിയപ്പെട്ടവൾക്ക്‌, എന്റെ ഇഷ്ടസോദരിക്ക്‌.
അതെ, ആ അന്തരീക്ഷത്തിലാണ് ജീവിതം ഹിതകരമാവുക- അവിടെ മന്ദഗാമികളായ മണിക്കൂറുകൾ കൂടുതൽ ചിന്തകൾ വഹിക്കുന്നവയാണ്‌, അവിടെ ഘടികാരങ്ങൾ ആഹ്ലാദം ഘോഷിക്കുന്നത്‌ കൂടുതൽ ഗഹനവും കൂടുതൽ അർത്ഥപൂർണ്ണവുമായ മണിനാദത്തോടെയാണ്‌.
തിളങ്ങുന്ന ഫലകങ്ങളിൽ, അല്ലെങ്കിൽ പൊന്നുപൂശിയതും ഇരുണ്ടുമിനുങ്ങുന്നതുമായ തുകൽപ്പായകളിൽ ഗഹനവും പ്രശാന്തവും ധന്യവുമായ ചിത്രങ്ങൾ അവയ്ക്കു ജീവൻ കൊടുത്ത കലാകാരന്മാരുടെ ആത്മാക്കൾ പോലെ രഹസ്യജീവിതം നയിക്കുന്നു. തീൻമുറികളുടെയും ഇരുപ്പുമുറികളുടെയും ചുമരുകൾക്ക്‌ അത്രമേൽ നിറക്കൊഴുപ്പേകുന്ന സൂര്യാസ്തമയങ്ങൾ മനോജ്ഞമായ യവനികകളിലൂടെ, കളം തിരിച്ച ജനാലച്ചില്ലുകളിലൂടെ അരിച്ചിറങ്ങുന്നു. മേശകളും അലമാരകളും ബൃഹത്തും അപൂർവ്വവും വിചിത്രവും സംസ്കൃതചിത്തരെപ്പോലെ താഴുകളും രഹസ്യങ്ങളും കൊണ്ടു സജ്ജവുമാണ്‌. ദർപ്പണങ്ങൾ, ലോഹവാർപ്പുകൾ, വെള്ളിയുരുപ്പടികൾ, കവിടിപ്പാത്രങ്ങൾ കണ്ണുകൾക്കു മുന്നിൽ മൂകവും നിഗൂഢവുമായ ഒരു സിംഫണി വായിക്കുന്നു. സർവ്വതിലും നിന്ന്, കോണുകളിൽ നിന്ന്, വലിപ്പുകളുടെ വിടവുകളിൽ നിന്ന്, വിരിപ്പുകളുടെ, തിരശ്ശീലകളുടെ മടക്കുകളിൽ നിന്ന് അനുപമമായ ഒരു പരിമളം വഴിഞ്ഞൊഴുകുന്നു; സുമാത്രായുടെ ഒരോർമ്മ, ആ വസതിയുടെ ആത്മാവു പോലെ ഒരു പരിമളം.
കൊക്കെയിന്റെ തനിനാട്‌, എന്നെ വിശ്വസിക്കൂ, സകലതും സമൃദ്ധവും സ്വച്ഛവും ദീപ്തവുമാണവിടെ, കറയറ്റ മനഃസാക്ഷി പോലെ, പ്രൗഢിയുറ്റ പാത്രങ്ങൾ പോലെ, ഉജ്ജ്വലമായിപ്പണിത സ്വർണ്ണം പോലെ, പലനിറങ്ങളുള്ള ആഭരണങ്ങൾ പോലെ! ലോകത്തെ നിധികളെല്ലാം അവിടെയ്ക്കൊഴുകുകയാണ്‌, സർവ്വലോകത്തിന്റെയും പ്രീതി സമ്പാദിച്ച ഒരധ്വാനിയുടെ ഭവനത്തിലേക്കെന്നപോലെ. താരതമ്യങ്ങളില്ലാത്ത ദേശം; പ്രകൃതിയെ കല എന്നതുപോലെ സകലതിനെയും അതിശയിക്കുന്നു അത്‌; അവിടെ സ്വപ്നങ്ങൾ പ്രകൃതിയെ ഉടച്ചുവാർക്കുന്നു, അതിനെ മെച്ചപ്പെടുത്തുന്നു, മിനുക്കുന്നു, പുനർനിർമ്മിക്കുകയും ചെയ്യുന്നു.
ഉദ്യാനകലയിലെ ആ രാസവിദ്യക്കാർ അന്വേഷിച്ചു നടക്കട്ടെ, നിരന്തരമായ അന്വേഷണത്തിൽ മുഴുകട്ടെ, തങ്ങളുടെ സംതൃപ്തിയുടെ ചക്രവാളം അധികമധികം വിപുലമാക്കിക്കോട്ടെ! ആകാശം മുട്ടുന്ന തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നവർക്ക്‌ അറുപതോ നൂറോ ആയിരം ഫ്ലോറിനുകൾ വാഗ്ദാനം ചെയ്തോട്ടെ! ഞാനെന്റെ കറുത്ത ട്യൂലിപ്പും നീലഡാലിയായും (3)കണ്ടെത്തിക്കഴിഞ്ഞു!
തുല്യതയില്ലാത്ത പുഷ്പം, വീണ്ടും കണ്ടെടുക്കപ്പെട്ട ട്യൂലിപ്പ്‌, രൂപകാത്മകമായ ഡാലിയ- അവിടെയാണ്‌, അത്രമേൽ പ്രശാന്തവും സ്വപ്നാത്മകവുമായ ആ മനോജ്ഞദേശത്താണ്‌ ജീവിക്കാനും വിടരാനും നാം പോകേണ്ടത്, അല്ലേ? അവിടെ നിന്റെതന്നെ സാദൃശ്യത്തിൽ നീ നിബന്ധിക്കപ്പെടില്ലേ?മിസ്റ്റിക്കുകളുടെ ഭാഷയിൽ നിന്റെതന്നെ പാരസ്പര്യത്തിൽ (4)അവിടെ പ്രതിഫലിപ്പിക്കപ്പെടില്ലേ നീ?
സ്വപ്നങ്ങൾ, അവധിയില്ലാത്ത സ്വപ്നങ്ങൾ! ആത്മാവെത്രയ്ക്കു പേലവവും അതിമോഹിയു മാകുന്നു, അത്രയ്ക്കു സ്വപ്നങ്ങൾ സാധ്യതയിൽ നിന്നകലുകയും ചെയ്യുന്നു. ഓരോ മനുഷ്യനും ജന്മം കൊണ്ടു തനിക്കു കിട്ടിയ, ഒരു മാത്ര അവീൻ തന്റെയുള്ളിൽ കൊണ്ടുനടക്കുന്നുണ്ട്‌; ഓരോ നിമിഷവും നാമതിനെ ഒളിപ്പിച്ചുവയ്ക്കുന്നു, ഓരോ നിമിഷവും അതു പുറത്തേക്കു വരികയും ചെയ്യുന്നു; ജനനത്തിനും മരണത്തിനുമിടയിൽ യഥാർത്ഥസന്തോഷം നിറഞ്ഞ, മനസ്സിരുത്തിച്ചെയ്തു സഫലമാക്കിയ പ്രവൃത്തികൾ നിറഞ്ഞ മണിക്കൂറുകൾ എത്രയുണ്ടെന്നു കണക്കെടുത്താൽ എത്ര വരുമത്‌? എന്റെ ആത്മാവാലേഖനം ചെയ്ത ഈ ചിത്രത്തിൽ, നിന്നെ ഓർമ്മിപ്പിക്കുന്ന ഈ ദൃശ്യത്തിൽ എന്നെങ്കിലും നാം ജീവിതം കഴിക്കുമോ, എന്നെങ്കിലും നാം അതിലേക്കു യാത്ര ചെയ്യുമോ?
ഈ നിധികൾ, ഈ മേശകളും അലമാരകളും, ഈ ആഡംബരം, ഈ ചിട്ട, ഈ പരിമളങ്ങൾ, ഈ ദിവ്യപുഷ്പങ്ങൾ - അവ നീ തന്നെ. ഈ മഹാനദികൾ, ഈ തെളിഞ്ഞ ചാലുകൾ- അവയും നീ തന്നെ. നിധികൾ പേറുന്ന, നാവികരുടെ ഗാനങ്ങളുയരുന്ന വിപുലനൗകകൾ അവയിൽ ഒഴുകിനടക്കുന്നു: നിന്റെ മാറിൽക്കിടന്നു മയങ്ങുകയോ ഉരുണ്ടുമറിയുകയോ ചെയ്യുന്ന എന്റെ ചിന്തകളാണവ. നിന്റെ മനോജ്ഞമായ ആത്മാവിന്റെ സ്വച്ഛതയിൽ ആകാശത്തിനാഴങ്ങളെയാകെ പ്രതിഫലിപ്പിച്ചുകൊണ്ട് നീ എന്റെ ചിന്തകളെ അനന്തത എന്ന ആ മഹാസമുദ്രത്തിലേക്ക്‌ സാവധാനം നയിക്കുന്നു-പിന്നെ, കടൽപ്പെരുക്കത്തിൽ ക്ഷീണിച്ച്‌, കിഴക്കിന്റെ നിധികളാൽ വയറു നിറഞ്ഞ് അവ മടങ്ങുമ്പോൾ- അപ്പോഴും അവ എന്റെ ചിന്തകൾ തന്നെ: പരിപുഷ്ടമായി അനന്തതയിൽ നിന്നു നിന്നിലേക്കു മടങ്ങുന്ന ചിന്തകൾ.
*
1. കൊക്കെയ്ൻ ഭൗതികസുഖങ്ങൾ സമൃദ്ധമായിരുന്ന ഒരു സാങ്കല്പികദേശം.
2. കാൾ മരിയ വൊൺ വെബർ Invitation to the waltz എന്ന പേരിൽ 1819-ൽ ഒരു സംഗീതരചന നടത്തിയിരുന്നു.
3. ദൂമായുടെ നോവൽ Black Tulip 1850ലും ദൂപോണ്ടിന്റെ Blue Dahlia എന്ന ഗാനം 1851ലും പുറത്തുവന്നു.
4. മാന്ത്രികമായ പാരസ്പര്യങ്ങൾ നെയ്തെടുത്തതാണു പ്രപഞ്ചം എന്ന സങ്കൽപ്പം സ്വീഡൻബർഗി(1688-1772)ന്റേതാണ്‌; അതിന്റെ ഏറ്റവും ആധുനികവും മനോഹരവുമായ കാവ്യാവിഷ്കരണമാണ്‌ ബോദ്‌ലേറുടെ പാപത്തിന്റെ പൂക്കൾ എന്ന സമാഹാരത്തിലെ Correspondences എന്ന കവിത.

2021, മാർച്ച് 12, വെള്ളിയാഴ്‌ച

ബോദ്‌ലേർ - വിനാശം



ഒരുനാളും പിരിയാതെ പിശാചെന്റെ പിന്നാലെ നടക്കുന്നു,
തൊട്ടാലറിയാത്ത വായു പോലവനെന്നെച്ചുഴലുന്നു;
ശ്വസിക്കുമ്പോഴുള്ളിൽക്കടന്നവൻ ശ്വാസകോശമെരിക്കുന്നു,
തീരാത്ത തൃഷ്ണയുടെ തിന്മ കൊണ്ടെൻ്റെയുള്ളു നിറയ്ക്കുന്നു.

കലയോടാണെന്റെ സ്നേഹമെന്നവനറിയുന്നതിനാൽ
ചിലനേരമൊരു മോഹിനിയുടെ വടിവിലവൻ വരുന്നു,
കപടന്യായങ്ങളോരോന്നവൻ നിരത്തുന്നു,
ആ ദുഷിച്ച വിഷചഷകമെന്റെ ചുണ്ടിലേക്കടുപ്പിക്കുന്നു.

അങ്ങനെയവനെന്നെ ദൈവദൃഷ്ടിയിൽ നിന്നകറ്റുന്നു,
മടുപ്പിന്റെ പരിധിയറ്റ നിർജ്ജനമായ തുറസ്സുകളിൽ
കിതച്ചും വേയ്ച്ചും ഗതികെട്ടും ഞാനലഞ്ഞുനടക്കുന്നു.

എന്റെ പകച്ച കണ്ണുകൾക്കു മുന്നിലവനെടുത്തെറിയുന്നു,
പൊട്ടിപ്പിളർന്ന മുറിവുകൾ, കറ പറ്റിയ ഉടയാടകൾ,
വിനാശത്തിന്റെ ചോരയിറ്റുന്ന പീഡനോപകരണങ്ങൾ.


2021, മാർച്ച് 8, തിങ്കളാഴ്‌ച

ബോദ്‌ലേർ - ആ ശബ്ദം

 

എന്റെ തൊട്ടിൽ ബുക്കലമാരകൾക്കു തൊട്ടടുത്തായിരുന്നു,
നോവലുകൾ, പുരാണങ്ങൾ, ചരിത്രങ്ങൾ- അതൊരിരുളടഞ്ഞ ബാബേലായിരുന്നു;
ലാറ്റിന്റെ ചാരവും ഗ്രീക്കിന്റെ പൊടിയും അവിടെക്കലർന്നുകിടന്നിരുന്നു.
ഒരിക്കൽ- എനിക്കന്നൊരു പുസ്തകത്തിന്റെ പൊക്കമേയുള്ളു-
രണ്ടു ശബ്ദങ്ങളെന്നോടു പറയുന്നതു ഞാൻ കേട്ടു:
“ഈ ലോകം,” കൗശലവും ദാർഢ്യവും ചേർന്ന ഒരു ശബ്ദം പറഞ്ഞു,
“മധുരം നിറഞ്ഞൊരു പലഹാരമാണ്‌, ചങ്ങാതീ;
എന്നുമതു രുചിക്കാൻ ചേർന്നൊരു വിശപ്പും ഞാൻ തരാം.”
അപ്പോൾ മറ്റേതു പറഞ്ഞു: “വരൂ, നമുക്കൊരു സ്വപ്നയാത്ര പോകാം,
സാദ്ധ്യമായതിനുമപ്പുറം, അറിഞ്ഞതിനുമപ്പുറം നമുക്കു പോകാം!”
ആ ശബ്ദത്തിലുണ്ടായിരുന്നു കടലോരക്കാറ്റിന്റെ നിരർത്ഥസംഗീതം,
എവിടുന്നു വരുന്നുവെന്നറിയാത്തൊരു പ്രേതത്തിന്റെ രോദനം,
കാതു കുളിർപ്പിക്കുമ്പോൾത്തന്നെ പേടിപ്പിക്കുന്നൊരു മാധുര്യം.
“വരാം, ഞാൻ വരാം, സൗമ്യശബ്ദമേ!” അതിനോടു ഞാൻ പറഞ്ഞു.
ആ നിമിഷം എന്റെ വിധി നിശ്ചയിക്കപ്പെട്ടു, എന്റെ മുറിവിനു പേരുമായി;
അതില്പിന്നെ സ്ഥലകാലങ്ങളുടെ പരിചിതസീമകൾക്കുമപ്പുറം
നവലോകങ്ങളുടെ ദീപ്തവിസ്മയങ്ങൾ ഞാൻ കാണുകയായി,
എന്റെ ഉൾവിളികളുടെ ഉന്മാദത്തിനു ഞാൻ വേട്ടമൃഗമാവുകയായി,
പാദങ്ങളിൽ ചുറ്റിപ്പിണഞ്ഞ പാമ്പുകളെയും വലിച്ചിഴച്ചു ഞാൻ നടന്നു;
അതില്പിന്നെ, പ്രാക്തനരായ പ്രവാചകന്മാരെപ്പോലെ
മണല്ക്കാടിനെയും  കടലിനെയും ഞാനരുമയോടെ സ്നേഹിച്ചു,
മരണവീട്ടിൽ ഞാൻ പൊട്ടിച്ചിരിച്ചു, വിരുന്നുകളിൽ തേങ്ങിക്കരഞ്ഞു,
കയ്ക്കുന്ന വീഞ്ഞുകളിൽ അതിമധുരം ഞാൻ നുണഞ്ഞു;
നുണകൾ വസ്തുതകളായി വെള്ളം കൂട്ടാതെ ഞാൻ വിഴുങ്ങി,
നക്ഷത്രങ്ങളെ നോക്കിനടക്കെ പടുകുഴികളിൽ ചെന്നു ചാടി.
“സ്വപ്നത്തിന്റെ പിടി വിടരുതേ!” ആ ശബ്ദമപ്പോഴുമെന്നെ ആശ്വസിപ്പിച്ചു,
“വിഭ്രാന്തസ്വപ്നത്തിന്റെ സൗന്ദര്യം ജ്ഞാനികൾക്കൊരിക്കലും കിട്ടില്ല.”


2021, മാർച്ച് 7, ഞായറാഴ്‌ച

ബോദ്‌ലേർ - ജിപ്സികൾ യാത്രയാവുന്നു

 പോയ രാത്രിയിൽ ആ പ്രവാചകഗോത്രം യാത്രയാവുകയായി,
ജ്വലിക്കുന്ന നേത്രങ്ങളുമായി, മാറാപ്പിൽ കൈക്കുഞ്ഞുങ്ങളുമായി;
അല്ലെങ്കിലവരുടെ ആർത്തി തീരാത്ത ചുണ്ടുകൾക്കായി 
തൂങ്ങിക്കിടക്കുന്ന മുലകളുടെ ഉറവ വറ്റാത്ത നിധിയുമായി.

തങ്ങളുടെ സ്വന്തക്കാരുറങ്ങിക്കിടക്കുന്ന വണ്ടികൾക്കരികിൽ
തിളങ്ങുന്ന തോക്കുകൾ തോളത്തുവച്ചാണുങ്ങൾ നടക്കുന്നു;
കണ്ണുകൾ കൊണ്ടവരാകാശത്തു പരതുന്നതെന്തിനെ?
ചെറുപ്പത്തിൽ തങ്ങളെ മാടിവിളിച്ച ചില മരീചികകളെ?

പൂഴിമണ്ണിലെ സങ്കേതങ്ങളിലൊളിച്ചിരിക്കുന്ന ചീവീടുകൾ
അവർ കടന്നുപോകുമ്പോൾ  പാട്ടിനൊച്ചയും മൂർച്ചയും കൂട്ടുന്നു;
അവരെ സ്നേഹിക്കുന്ന സിബലി പച്ചപ്പിരട്ടിയാക്കുന്നു,

പാറകളെ ഉറവകളാക്കുന്നു, പൂഴിയിൽ പൂക്കൾ വിടർത്തുന്നു,
ഭാവ്യന്ധകാരത്തിന്റെ പരിചിതദേശത്തേക്കുള്ള വഴിയിൽ
നിത്യയാത്ര ചെയ്യുന്നവരുടെ കാൽച്ചുവടുകൾക്കു മുന്നിൽ.


2021, മാർച്ച് 6, ശനിയാഴ്‌ച

ബോദ്‌ലേർ - പാവങ്ങളുടെ മരണം


ഞങ്ങൾക്കു സാന്ത്വനം മരണം, ഞങ്ങൾക്കു ജീവനം മരണം,
ഞങ്ങൾക്കതു ജീവിതലക്ഷ്യം, അതേ ഞങ്ങളുടെ പ്രത്യാശയും;
വീര്യമേറിയ പാനീയം പോലെ ഞങ്ങൾക്കതൊരുത്തേജകം,
അതിന്റെ പ്രാണബലത്തിലത്രേ, രാത്രിയിലേക്കു ഞങ്ങൾ നടക്കുന്നതും.

ഞങ്ങൾക്കു കൊടുങ്കാറ്റിൽ, മഞ്ഞുപെയ്ത്തിൽ, ഉറമഞ്ഞിൽ,
ഇരുണ്ട ചക്രവാളത്തിലതു വഴി കാട്ടുന്ന വിളക്കുമരം,
അതു തന്നെ, ഗ്രന്ഥത്തിലെഴുതിയ പേരുകേട്ട വഴിയമ്പലം,
ഞങ്ങൾക്കിരിപ്പിടമവിടെ, തീന്മേശയും കിടക്കയുമവിടെ.

ആ മാലാഖ തന്റെ മാന്ത്രികവിരലുകളിൽ വച്ചിരിക്കുന്നു,
ഞങ്ങൾക്കു നിദ്രയും ഉന്മത്തസ്വപ്നങ്ങളുടെ പാരിതോഷികവും,
ഉടുതുണിയില്ലാത്ത പാവങ്ങൾക്കു കിടക്കയൊരുക്കുന്നതുമവൻ;

ദൈവങ്ങളുടെ മഹിമയത്, നിഗൂഢമായ കലവറയത്,
പാവങ്ങളുടെ മടിശ്ശീലയത്, അവനോർക്കുന്ന സ്വദേശമത്,
അജ്ഞാതാകാശങ്ങളിലേക്കു തുറന്നുകിടക്കുന്ന പൂമുഖമത്!

ബോദ്‌ലേർ - ഒരു ബിയാട്രിസ്

 ഒരില പോലും ശേഷിക്കാതെ കത്തിച്ചാരമായൊരു നാട്ടിലൂടെ
പ്രകൃതിയോടെന്റെ പരിഭവങ്ങളുച്ചത്തിൽ പറഞ്ഞും
ഹൃദയത്തിന്റെ ചാണക്കല്ലിലണച്ചു ചിന്തയുടെ മൂർച്ച കൂട്ടിയും
എവിടെയ്ക്കെന്നറിയാതൊരു നട്ടുച്ചയ്ക്കു ഞാനലയുമ്പോൾ
കറുത്തും ചീർത്തുമൊരു ചണ്ഡമേഘമെനിക്കുമേലിറങ്ങിവന്നു;
അതു പെയ്തതു പക്ഷേ, കുള്ളന്മാരായ പിശാചുക്കളെയായിരുന്നു!
അവജ്ഞയുടെ തണുത്ത നോട്ടമവരെനിക്കു മേലെറിഞ്ഞു,
ഭ്രാന്തു പിടിച്ചൊരു സാധുവിനെപ്പോലവരെന്നെ തുറിച്ചുനോക്കി;
വാ പൊത്തിച്ചിരിച്ചും തമ്മിൽ തോണ്ടിയും കള്ളനോട്ടങ്ങൾ കൈമാറിയും
എനിക്കു കേൾക്കാൻ പാകത്തിലവരടക്കം പറയുന്നതു ഞാൻ കേട്ടു:

“ഈ പരിഹാസകഥാപാത്രത്തെ ശരിക്കുമൊന്നു നോക്കിയേ!
എവിടെത്തങ്ങണമെന്നറിയാത്ത നോട്ടവും കാറ്റിൽ പാറുന്ന മുടിയും-
നാട്യം കണ്ടാൽ ആളൊരു ഹാംലെറ്റിന്റെ നിഴലു തന്നെ!
ഈ ദയനീയമായ കാഴ്ച കണ്ടിട്ടു തനിക്കു പാവം തോന്നുന്നില്ലേ!
ഈ നാടോടി, ഈ കോമാളി, അരങ്ങു കിട്ടാത്ത നാടകനടൻ-
തന്റെ ഭാഗമഭിനയിക്കാനറിയാമെന്നതിനാൽ അയാൾ കരുതുന്നു,
സ്വന്തം ദുർവിധി വിലാപഗാനമാക്കിപ്പാടുകയാണു താനെന്ന്,
കിളികളും പ്രാണികളും അരുവികളും പൂക്കളും അതുകേട്ടു രസിക്കുന്നുവെന്ന്!
ഈ മുഷിപ്പൻ പ്രഹസനമെഴുതിത്തയ്യാറാക്കിയ നമ്മളെക്കൂടി
തന്റെ പരാതിപ്രസംഗം വായിച്ചുകേൾപ്പിക്കാൻ നോക്കുകയാണയാൾ!”

തിരിഞ്ഞുനോക്കാതെ തലയുമെടുത്തുപിടിച്ചു ഞാൻ നടന്നേനെ,
(എന്റെ ധാർഷ്ട്യം ഏതു മലയെക്കാളുമുയരമുള്ളതായിരുന്നു,
ഒരു പൈശാചശബ്ദത്തിനും കയറിയെത്താനാവാത്തതായിരുന്നു)
ആ അധമപ്പറ്റത്തിനൊപ്പം അവളെക്കൂടി കണ്ടില്ലായിരുന്നെങ്കിൽ!
-ആ പാതകം കണ്ടിട്ടു സൂര്യനൊന്നു പകയ്ക്കുക കൂടിച്ചെയ്തില്ല!-
എന്റെ ഹൃദയത്തിന്റെ റാണിയെ, പളുങ്കിന്റെ കണ്ണുകളുള്ളവളെ!
എന്റെ ദുരവസ്ഥ കണ്ടവളും പരിഹസിച്ചുചിരിക്കുകയായിരുന്നു,
ഇടയ്ക്കൊന്നു തൊട്ടും തലോടിയും അവരെ രസിപ്പിക്കുകയുമായിരുന്നു!



ബിയാട്രിസ് - പ്രണയത്തിൽ ദാന്തേയുടെ ആദർശമാതൃക; അദ്ദേഹത്തിൻ്റെ  കവിതയ്ക്കു പ്രചോദനമായിരുന്നു; ഈ കവിതയിലെ ബിയാട്രിസ് പക്ഷേ, കവിയുടെ ആരാധനയ്ക്കർഹയല്ല.



ബോദ്‌ലേർ - മഞ്ഞും മഴയും



ശരല്ക്കാലാന്ത്യമേ, ഹേമന്തമേ, ചെളിയിൽ കുളിച്ച വസന്തമേ,
ആത്മാവിനെ മയക്കിക്കിടത്തുന്ന ഋതുക്കളേ, നിങ്ങൾക്കു നന്ദി-
എന്റെ മനസ്സും ഹൃദയവുമൊരുപോലെ നിങ്ങൾ മൂടിയിട്ടുവല്ലോ,
മൂടല്മഞ്ഞിന്റെ ശവക്കോടിയിൽ, മഴയുടെ ശവമാടത്തിൽ.

തണുത്ത തെക്കൻ കാറ്റുകളലയുന്ന വിശാലമായ തുറസ്സുകളിൽ,
തുരുമ്പിച്ച കാറ്റുകാട്ടികൾ തൊണ്ട കാറിക്കരയുന്ന ദീർഘരാത്രികളിൽ,
പച്ചകൾ മുളയെടുക്കുന്ന വേനല്ക്കാലത്തെക്കാളുമുത്സുകമായി
ഒരു മലങ്കാക്കയെപ്പോലെന്റെയാത്മാവു ചിറകടുത്തുയരുന്നു.

രക്തപ്രസാദമില്ലാത്ത ഋതുക്കളേ, ഈ ദേശം വാഴുന്ന റാണിമാരേ,
മ്ളാനഹൃദയങ്ങളിൽ യുഗങ്ങളുടെ ഹിമപാതമടിഞ്ഞുകിടക്കുന്നവർ,
ഞങ്ങൾക്കിതിലും പ്രിയതരമായൊരനുഗ്രഹമിനിയെന്തു കിട്ടാൻ,

നിങ്ങളുടെ വിളർത്ത മുഖങ്ങൾ നോക്കിനോക്കിയിരിക്കുകയല്ലാതെ,
(നിലാവൊഴിഞ്ഞ രാത്രിയിൽ, ഒരു കിടക്കയുടെ ആകസ്മികതയിൽ,
ഒരു ചുംബനം കൊടുത്തുറക്കിക്കിടത്തുകയല്ല, ശോകത്തെ ഞങ്ങളെങ്കിൽ?)


2021, മാർച്ച് 5, വെള്ളിയാഴ്‌ച

ബോദ്‌ലേർ - പ്രേമിക്കുന്നവരുടെ മരണം


സൗമ്യസുഗന്ധം വീശുന്ന ശയ്യകൾ നമുക്കുണ്ടാവും,
കുഴിമാടങ്ങൾ പോലാഴമേറിയ മഞ്ചങ്ങളിൽ നാം കിടക്കും,
ചുറ്റിനുമലമാരകളിൽ വിചിത്രപുഷ്പങ്ങൾ നിരന്നിരിക്കും,
സുന്ദരമായ മറ്റൊരാകാശത്തിൽ നമുക്കായി വിടർന്നവ.

ശേഷിച്ച തൃഷ്ണകളുമെരിച്ചുതീർക്കാൻ മത്സരിക്കെ
നമ്മുടെ ഹൃദയങ്ങൾ രണ്ടെരിപന്തങ്ങൾ പോലെയാവും,
ഇരട്ടവെളിച്ചങ്ങളായവയുടെ ജ്വാലകൾ പ്രതിഫലിക്കും,
ഇരട്ടക്കണ്ണാടികളായ നിന്റെയുമെന്റെയുമാത്മാക്കളിൽ.

നിഗൂഢനീലിമയും പാടലവുമാളുന്നൊരു സന്ധ്യയിൽ
നീയും ഞാനുമൊരേയൊരു മിന്നല്പിണർ കൈമാറും,
യാത്രാമൊഴി കനക്കുന്ന ദീർഘമായൊരു തേങ്ങൽ പോലെ.

പിന്നെ വാതിലുകൾ തുറന്നും കൊണ്ടൊരു മാലാഖ കടന്നുവരും,
വിശ്വസ്തനും സന്തുഷ്ടനുമായവൻ പുതുജീവനിലേക്കുയർത്തും,
മങ്ങിപ്പോയ കണ്ണാടികളെ, തവിഞ്ഞുപോയ ജ്വാലകളെ.


ബോദ്‌ലേർ - പത്രോസിന്റെ നിഷേധം



തന്റെ പ്രിയമാലാഖമാരുടെ കാല്ക്കൽ തിരപ്പെരുക്കം പോലെ
നിത്യേന ശാപങ്ങൾ വന്നലയ്ക്കുമ്പോൾ ദൈവമെന്തു പറയും?
വീഞ്ഞുമിറച്ചിയുമാവോളം ചെലുത്തിയൊരു ദുഷ്‌പ്രഭുവെപ്പോലെ
നമ്മുടെ ഘോരമായ ദൈവനിന്ദകളുടെ താരാട്ടിലവൻ മയങ്ങുന്നു.

രക്തസാക്ഷികളുടെ തേങ്ങലുകളും പീഡിതരുടെ രോദനങ്ങളും
നമ്മുടെ ദൈവത്തിനു ലഹരി പിടിപ്പിക്കുന്ന സംഗീതം.
അവർക്കാനന്ദത്തിനായി മനുഷ്യനെത്ര ചോര നിവേദിച്ചാലും
സ്വർഗ്ഗത്തെ ദേവതകളതുകൊണ്ടു സമ്പ്രീതരാവുന്നില്ലല്ലോ.

-യേശുവേ, ആ ഒലീവുമരത്തോട്ടം നീയോർക്കുന്നുവോ?
നിന്റെ എളിമ കൊണ്ടു മുട്ടുകാലിൽ വീണവനോടു നീ പ്രാർത്ഥിച്ചു,
അവനോ, ആ നിന്ദ്യരായ കശാപ്പുകാർ നിന്റെ ജീവനുള്ള മാംസത്തിൽ
ആണികളടിച്ചുകയറ്റുമ്പോളതുകേട്ടു രസിക്കുകയായിരുന്നു;

ആ തെമ്മാടികൾ, ആ കാവൽക്കാർ, വിടുപണിക്കാർ-
അവർ നിന്റെ നിർമ്മലദിവ്യത്വത്തിനു മേൽ കാറിത്തുപ്പുമ്പോൾ,
നമ്മുടെ മനുഷ്യത്വത്തിനിരിപ്പിടമായ നിന്റെ നെറ്റിയിൽ
കൂർത്ത കാരമുള്ളുകളാഴ്ന്നിറങ്ങുന്നതു നീയറിയുമ്പോൾ;

നിന്റെ തകർന്ന ഉടൽ താങ്ങരുതാത്ത ഭാരമാകുമ്പോൾ,
നിന്റെ തളർന്ന കൈകളിരുവശത്തേക്കും വലിഞ്ഞുനീളുമ്പോൾ,
വിളർത്ത നെറ്റിയിലൂടെ ചോരയും വിയർപ്പുമൊലിച്ചിറങ്ങുമ്പോൾ,
പുരുഷാരത്തിനൊരുന്നമായി നിന്നെയുയർത്തിക്കാട്ടുമ്പോൾ;

നിനക്കോർമ്മ വന്നുവോ, ആ ദീപ്തസുന്ദരസുദിനങ്ങൾ,
ഒരു ചിരകാലവാഗ്ദാനത്തിന്റെ നിറവേറലിനായി
ഈന്തപ്പനയോലകളും പൂക്കളും വിതറിയ പാതകളിലൂടെ,
സാധുവായൊരു പെൺകഴുതയുടെ മുകളിലേറി നീ പോയതും,

ധൈര്യത്തോടെ, ഹൃദയം തുളുമ്പുന്ന പ്രതീക്ഷയോടെ,
കൊള്ളപ്പലിശക്കാർക്കു നേരേ ചാട്ടയോങ്ങി നീ ചെന്നതും,
ഒടുവിൽ ലോകത്തിനു നാഥനായതും? അന്നു നിന്റെ പാർശ്വത്തിൽ
കുന്തമുനയേക്കാളുമാഴത്തിൽ കുറ്റബോധം തറച്ചുകയറിയില്ലേ?

സ്വപ്നവും പ്രവൃത്തിയും തമ്മിൽച്ചേരാത്ത ഈ ലോകത്തു നിന്ന്,
എനിക്കു സംശയമേയില്ല, സംതൃപ്തിയോടെ ഞാനിറങ്ങിപ്പോകും;
വാളെടുക്കാൻ, വാളിനാൽ മരിക്കാനെനിക്കായെങ്കിൽ!
യേശുവിനെ പത്രോസ് തള്ളിപ്പറഞ്ഞുവത്രെ...അതിൽ ന്യായമുണ്ട്!


2021, മാർച്ച് 2, ചൊവ്വാഴ്ച

ബോദ്‌ലേർ - ഒരു വീരമൃത്യു

 

ഫോസ്യൂല് കേമനായ ഒരു വിദൂഷകനായിരുന്നു, പ്രിൻസിന്റെ സുഹൃദ്‌വലയത്തിൽ പെട്ട ഒരാളെന്നുപോലും പറയാം. പക്ഷേ, തൊഴിലു കൊണ്ട് തമാശക്കാരാവാൻ വിധിക്കപ്പെട്ടവർക്ക് ഗൗരവമുള്ള വിഷയങ്ങളോട് മാരകമായ ഒരാകർഷണം തോന്നാറുണ്ട്; ദേശാഭിമാനം, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങൾ ഒരു ഹാസ്യനടന്റെ മനസ്സിൽ പിടിമുറുക്കി എന്നത് നമുക്കു വിചിത്രമായി തോന്നിയേക്കാമെങ്കിലും അസംതൃപ്തരായ ചില പ്രഭുക്കന്മാർ രൂപം നല്കിയ ഒരു ഗൂഢാലോചനയിൽ ഫാൻസിയൂവും ഒരു നാൾ പങ്കാളിയായി. 

രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കാനും സമൂഹത്തെ അതിന്റെ അഭിപ്രായം കൂടി അറിയാനൊന്നും നില്ക്കാതെ മാറ്റിപ്പണിയാനും തുനിഞ്ഞിറങ്ങുന്ന അക്ഷമരായ മനുഷ്യരെ അധികാരികൾക്കൊറ്റിക്കൊടുക്കാൻ സന്നദ്ധരായ മര്യാദക്കാർ എവിടെയും ഉണ്ടായിരിക്കുമല്ലോ. മേല്പറഞ്ഞ പ്രഭുക്കന്മാർ അറസ്റ്റിലായി, ഒപ്പം ഫാൻസിയൂവും; എല്ലാവർക്കും മരണശിക്ഷ വിധിക്കപ്പെടുകയും ചെയ്തു.

കലാപകാരികൾക്കിടയിൽ തന്റെ പ്രിയപ്പെട്ട നടനേയും കണ്ടപ്പോൾ പ്രിൻസിനു കുറച്ചു നീരസം തോന്നി എന്നുതന്നെ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. മറ്റേതൊരു രാജാവിനെക്കാളും മോശക്കാരനോ നല്ലവനോ ആയിരുന്നില്ല ഇദ്ദേഹം; അതേ സമയം അമിതമായ ഒരു വൈകാരികത പലപ്പോഴും അയാളെ തന്റെ ഗണത്തിൽ പെട്ട മറ്റുള്ളവരെക്കാൾ ക്രൂരനും മർദ്ദകനുമാക്കിയിരുന്നു. ലളിതകലകളുടെ ആരാധകനും തികഞ്ഞ ആസ്വാദകനുമായ ഇയാൾക്ക് സുഖങ്ങളുടെ കാര്യത്തിൽ പൂർണ്ണതൃപ്തി വരിക എന്നതുണ്ടായിട്ടില്ല. മനുഷ്യരോടും സദാചാരത്തോടും ഉദാസീനനും സ്വയം ഒരു യഥാർത്ഥകലാകാരനുമായ അയാൾക്കറിയാവുന്ന ആപല്ക്കാരിയായ ഏകശത്രു മടുപ്പായിരുന്നു; നിഷ്ഠുരനായ ആ ലോകപീഡകനിൽ നിന്നു രക്ഷപ്പെടാനോ അവനെ കീഴടക്കാനോ അയാൾ സ്വീകരിച്ച വിചിത്രമാർഗ്ഗങ്ങൾ നിർദ്ദയനായ ഒരു ചരിത്രകാരനിൽ നിന്ന് ‘രാക്ഷസൻ’ എന്ന വിശേഷണം നേടിക്കൊടുക്കാൻ പോന്നതായിരുന്നു, എന്നു പറഞ്ഞാൽ,  ആനന്ദമോ അതിന്റെ ഏറ്റവും പേലവരൂപങ്ങളിലൊന്നായ നടുക്കമോ ജനിപ്പിക്കുന്നതല്ലാത്ത എന്തെങ്കിലുമൊന്നെഴുതാൻ അയാളുടെ അധികാരപരിധിയിൽ പെട്ട നാടുകളിൽ അനുവാദമുണ്ടായിരുന്നെങ്കിൽ. തന്റെ പ്രതിഭയ്ക്കു പൂർണ്ണവിഹാരം നടത്താൻ മാത്രം വിപുലമായ ഒരരങ്ങുണ്ടായില്ല എന്നതാണ്‌ ഈ പ്രിൻസിനു പറ്റിയ ഏറ്റവും വലിയ നിർഭാഗ്യം. അതിരുകൾ ഇടുങ്ങിപ്പോവുക കാരണം ശ്വാസം മുട്ടി കഴിയേണ്ടിവരികയും തങ്ങളുടെ പേരുകളും സദുദ്ദേശ്യങ്ങളും വരാനുള്ള നൂറ്റാണ്ടുകളെ കേൾപ്പിക്കാനാവാതെ പോവുകയും ചെയ്യുന്ന ചില യുവനീറോമാരുണ്ട്. ദൈവനിശ്ചയം അങ്ങനെയായിപ്പോയതിനാൽ തന്റെ സിദ്ധികൾക്കു കിടനില്ക്കുന്ന ഭൗതികസാഹചര്യങ്ങൾ ഈ പ്രിൻസിനു കിട്ടാതെപോയി.

എല്ലാ ഗൂഢാലോചനക്കാർക്കും രാജാവ് മാപ്പു കൊടുക്കാൻ ഉദ്ദേശിക്കുന്നതായി പെട്ടെന്നാണ്‌ ഒരു കിംവദന്തി പരന്നത്; ഫാൻസിയൂ തന്റെ ഏറ്റവും പ്രഗത്ഭവും പ്രശസ്തവുമായ ഒരു വേഷം അഭിനയിക്കുന്ന ഒരു നാടകം നടക്കാൻ പോകുന്നു എന്ന പ്രഖ്യാപനത്തിൽ നിന്നായിരുന്നു ആ കിംവദന്തിയുടെ ഉല്പത്തി; ശിക്ഷിക്കപ്പെട്ട പ്രഭുക്കന്മാരും അതിൽ പങ്കെടുക്കുന്നുണ്ടത്രെ. വഞ്ചനക്കിരയായ പ്രിൻസിന്റെ മഹാമനസ്കതയുടെ തികച്ചും വ്യക്തമായ ലക്ഷണമാണതെന്ന് ചില സരളബുദ്ധികൾ പറഞ്ഞുനടക്കുകയും ചെയ്തു. 

പ്രകൃതം കൊണ്ടും മനഃപൂർവ്വമായും കിറുക്കനായ ഒരു മനുഷ്യനിൽ നിന്ന് എന്തും പ്രതീക്ഷിക്കാം, നന്മ പോലും, ദയാദാക്ഷിണ്യം പോലും- അപ്രതീക്ഷിതമായ ചില ആനന്ദങ്ങൾ അതിൽ നിന്നു കണ്ടെടുക്കാമെന്നാശിക്കാൻ അയാൾക്കു കഴിഞ്ഞുവെങ്കിൽ, പ്രത്യേകിച്ചും. എന്നാൽ വിചിത്രവും രോഗാതുരവുമായ ആ ആത്മാവിന്റെ അഗാധതകളിലേക്ക് കുറച്ചുകൂടി ആഴത്തിലിറങ്ങാൻ കഴിഞ്ഞിട്ടുള്ള എന്നെപ്പോലെ ചിലർക്ക് അതിനെക്കാൾ എത്രയോ സംഭവ്യമായി തോന്നിയത് മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ അഭിനയസിദ്ധി വിലയിരുത്താനുള്ള പ്രിൻസിന്റെ കൗതുകമായിരുന്നു അതിനു പിന്നിൽ എന്നാണ്‌. ‘മാരകമായ’ താല്പര്യങ്ങളുള്ള ഒരു ശരീരശാസ്ത്രപരീക്ഷണം നടത്താനും ഒരു കലാകാരന്റെ പ്രകൃത്യായുള്ള കഴിവുകൾ അയാൾ എത്തിപ്പെട്ടിരിക്കുന്ന അസാധാരണമായ സന്ദർഭത്തിനനുസരിച്ച് എത്രത്തോളം മാറാനോ പരിഷ്കരിക്കപ്പെടാനോ സാദ്ധ്യതയുണ്ട് എന്നു നിർണ്ണയിക്കാനും അയാൾ ആ അവസരം ഉപയോഗപ്പെടുത്തുകയാണ്‌. അതിനപ്പുറം മാപ്പു കൊടുക്കാൻ ആലോചിച്ചെടുത്ത ഒരു തീരുമാനം അയാളുടെ ഉള്ളിലുണ്ടായിരുന്നോ? അതിന്നും വെളിച്ച്ച്ചം വീഴാത്ത ഒരു വിഷയമാണ്‌.

ഒടുവിൽ ആ മഹത്തായ ദിവസം വന്നുചേർന്നു; ആ ചെറിയ ദർബാർ അതിന്റെ എല്ലാ പകിട്ടുകളും എടുത്തണിഞ്ഞു. പരിമിതമായ വരുമാനമാർഗ്ഗങ്ങൾ മാത്രമുള്ള ഒരു ചെറിയ രാജ്യത്തെ വരേണ്യവർഗ്ഗം ഇതുപോലുള്ള ഔപചാരികസന്ദർഭങ്ങളിൽ നടത്തുന്ന ആഡംബരപ്രദർശനം കണ്ടുതന്നെ ബോദ്ധ്യപ്പെടണം. ഇവിടെ ആ സന്ദർഭത്തിന്റെ ഭവ്യത ഇരട്ടിയായിരുന്നു: അത്ഭുതപ്പെടുത്തുന്ന ആ അഡംബരപ്രദർശനം കൊണ്ടും പിന്നെ, അതിനോടു ബന്ധപ്പെട്ട ധാർമ്മികവും നിഗൂഢവുമായ താല്പര്യം കൊണ്ടും.

ഫാൻസിയൂ തന്റെ വൈഭവം പൂർണ്ണമായി പ്രകടമാക്കിയിരുന്നത് മൂകമായ, അല്ലെങ്കിൽ സംഭാഷണം പരിമിതമായ വേഷങ്ങളിലായിരുന്നു; ജീവിതത്തിന്റെ നിഗൂഢതയെ പ്രതീകാത്മകമായി ആവിഷ്കരിക്കുക ലക്ഷ്യമാക്കിയ ആ മാന്ത്രികനാടകങ്ങളിൽ പ്രാധാന്യമുള്ള വേഷങ്ങൾ. അനായാസതയോടെ, പൂർണ്ണമായ ആത്മവിശ്വാസത്തോടെയാണ്‌ അയാൾ അരങ്ങത്തേക്കു വന്നത്; അതു കണ്ടപ്പോൾ കാരുണ്യവും മാപ്പും പ്രതീക്ഷിക്കാമെന്ന പൊതുവിശ്വാസത്തിന്‌ ആക്കം കൂടുകയും ചെയ്തു. 

“ഇതാ ഒരു നല്ല നടൻ” എന്ന് നാം ഒരു നടനെക്കുറിച്ചു പറയുമ്പോൾ കഥാപാത്രത്തിനടിയിൽ നിന്ന് നടനെ, എന്നു പറഞ്ഞാൽ, അയാളുടെ വൈഭവത്തെ, അയാളുടെ പരിശ്രമത്തെ, അയാളുടെ ഇച്ഛാശക്തിയെ ഊഹിച്ചെടുക്കാം എന്നു സൂചിപ്പിക്കുന്ന ഒരു ഭാഷാപ്രയോഗമാണ്‌ നാം നടത്തുന്നത്. പൗരാണികകാലത്തെ പ്രതിമാശില്പങ്ങൾ ഒരത്ഭുതത്താൽ ജീവൻ വയ്ക്കുകയും  ചലിക്കുകയും നോക്കുകയും ചെയ്യുകയാണെങ്കിൽ സൗന്ദര്യത്തെക്കുറിച്ചു പൊതുവായുള്ളതും അവ്യക്തവുമായ സങ്കല്പത്തോട് അവയ്ക്കെന്തു ബന്ധമായിരിക്കുമോ, അതേ ബന്ധം  താൻ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തോട് ഒരു നടനു കൈവരിക്കാൻ കഴിഞ്ഞാൽ- അനന്യവും നവീനവുമായ ഒരനുഭവമായിരിക്കും അതെന്നതിൽ സംശയമില്ല. അന്നു രാത്രിയിലെ ഫാൻസിയൂ ഒരാദർശത്തിന്റെ തികവുറ്റ ആവിഷ്കാരമായിരുന്നു; ആ വേഷപ്പകർച്ച ജീവനുള്ളതും സാദ്ധ്യവും യഥാർത്ഥവുമാണെന്നു വിശ്വസിക്കാതിരിക്കാൻ ആർക്കും കഴിഞ്ഞില്ല. വിദൂഷകൻ പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്തു, ചിരിക്കുകയും കരയുകയും ഞെളിപിരി കൊള്ളുകയും ചെയ്തു; അപ്പോഴൊക്കെയും അനശ്വരമായ ഒരു പരിവേഷം അയാളുടെ തലയ്ക്കു ചുറ്റും ഉണ്ടായിരുന്നു, ആരും കാണാത്ത, ഞാൻ മാത്രം കണ്ട ഒരു പരിവേഷം; കലയുടെ രശ്മികളും രക്തസാക്ഷിത്വത്തിന്റെ യശസ്സും ഒരു വിചിത്രമിശ്രിതമായി ഒന്നിക്കുന്ന ഒരു പരിവേഷം. തന്റെ ഏറ്റവും അതിരു കടന്ന വികടത്തരങ്ങളെപ്പോലും ഫാൻസിയൂ, ഏതൊരു വരദാനം കൊണ്ടെന്നാർക്കറിയാം, ദിവ്യവും അലൗകികവുമാക്കിത്തീർത്തു. അവിസ്മരണീയമായ ആ രാത്രിയെക്കുറിച്ചു നിങ്ങളോടു വിവരിക്കാൻ ശ്രമിക്കുമ്പോൾ എന്റെ തൂലിക വിറ കൊള്ളുന്നു, ഇന്നും മായാത്ത ഒരു വികാരത്തിന്റെ കണ്ണീർ എന്റെ കണ്ണുകളിൽ ഉറ പൊട്ടുകയും ചെയ്യുന്നു. ഫാൻസിയൂ അന്നെനിക്ക് ഖണ്ഡിതമായ, അനിഷേദ്ധ്യമായ  തെളിവു നല്കുകയായിരുന്നു, നമ്മെ കാത്തിരിക്കുന്ന ആ നിത്യഗർത്തത്തിന്റെ ഭീതികൾ മൂടിവയ്ക്കാൻ മറ്റെന്തിനെക്കാളും ഉചിതം കലയുടെ ലഹരിയാണെന്നതിന്‌; ഒരു പ്രതിഭാശാലിക്ക് ഒരു ശവക്കുഴിയുടെ വക്കത്തു നിന്നുപോലും ഒരു നാടകമാടാൻ കഴിയുമെന്ന്; മരണം, നാശം പോലുള്ള എല്ലാ ചിന്തകളേയും പുറത്തിട്ടടയ്ക്കുന്ന ഒരു പറുദീസയിൽ സ്വയം നഷ്ടപ്പെടുമ്പോൾ അതിന്റെ ആനന്ദത്തിൽ ശവക്കുഴി കണ്ണിൽ നിന്നു മാഞ്ഞുപോവുകയാണ്‌.

എല്ലാം ചെടിച്ചതും ചപലവുമായിരുന്നു ആ സദസ്സെങ്കിലും അതിലുണ്ടായിരുന്ന ഓരോ ആളും കലാകാരന്റെ പ്രബലമായ സ്വാധീനത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു. മരണം, വിലാപം, ശിക്ഷ ഇതൊന്നും ആരുടെയും ചിന്തയിൽ ഉണ്ടായില്ല. പ്രകൃഷ്ടകലയുടെ ഒരു ജീവൽമാതൃകയ്ക്കു നല്കാനാവുന്ന ആനന്ദങ്ങൾക്ക് പൂർണ്ണമായി വയം വിട്ടുകൊടുക്കുകയായിരുന്നു ഓരോ ആളും. ആഹ്ലാദത്തിന്റെയും ആരാധനയുടേയും വിസ്ഫോടനങ്ങൾ  ഇടിമുഴക്കത്തിന്റെ ഊറ്റത്തോടെ കൊട്ടാരത്തിന്റെ മച്ചുകൾ  പല വട്ടം പിടിച്ചുലച്ചു. ആ ലഹരിക്കടിമപ്പെട്ട പ്രിൻസും സദസ്യരുടെ കരഘോഷത്തിൽ പങ്കു ചേർന്നു. 

എന്നാൽ അയാളുടെ ആ ലഹരിയിൽ ഒരു കലർപ്പില്ലാതെയില്ല എന്ന് സൂക്ഷ്മദൃക്കായ ഒരാൾക്ക്  കണ്ടെത്താമായിരുന്നു. പരമാധികാരപ്രയോഗത്തിൽ മറ്റൊരാൾ തന്നെ അതിശയിച്ചതായി അയാൾക്കു തോന്നിയോ? മനുഷ്യരുടെ ഹൃദയങ്ങളിൽ ഭീതി നിറയ്ക്കാനും അവരെ ജഡബുദ്ധികളാക്കാനുമുള്ള തന്റെ വൈഭവത്തിനു കുറവു പറ്റിയോ? തന്റെ മോഹങ്ങൾ നടക്കാതെപോകുമെന്നും തന്റെ പദ്ധതികൾ പാളിപ്പോകുമെന്നും അയാൾക്കു തോന്നലുണ്ടായോ? പ്രിൻസിന്റെ മുഖം നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയത് ഈദൃശചിന്തകളായിരുന്നു- പൂർണ്ണമായി ന്യായീകരിക്കാനാവില്ലെങ്കില്ക്കൂടി അങ്ങനെയങ്ങു തള്ളിക്കളയാനാവാത്തതുമായ ചിന്തകൾ. മഞ്ഞിനു മേൽ മഞ്ഞു വീഴുന്നതു പോലെ ആ മുഖത്തിനു സ്വാഭാവികമായി ഉണ്ടായിരുന്ന വിളർച്ചയിൽ മറ്റൊരു വിളർച്ച നിരന്തരം വന്നുവീഴുകയായിരുന്നു. മരണത്തെ കണക്കിനു കളിയാക്കുന്ന ആ വിചിത്രവിദൂഷകനെ, തന്റെ പഴയ തോഴനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണെന്ന് പുറമേ തോന്നുമെങ്കിലും അയാളുടെ ചുണ്ടുകൾ അധികമധികം വലിഞ്ഞുമുറുകുകയായിരുന്നു, ഉള്ളിലെരിയുന്ന അസൂയയുടേയും പകയുടേയും തീനാളങ്ങൾ അയാളുടെ കണ്ണുകളിൽ കത്തിക്കാളുകയായിരുന്നു. ഒരു പ്രത്യേകനിമിഷത്തിൽ അയാൾ തന്റെ അടുത്തു നിന്നിരുന്ന പരിചാരകബാലന്റെ ചെകിട്ടിൽ കുനിഞ്ഞെന്തോ മന്ത്രിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. സുന്ദരനായ ആ ബാലന്റെ കുസൃതി നിറഞ്ഞ മുഖം ഒരു പുഞ്ചിരി കൊണ്ട് പ്രകാശമാനമായി; എന്നിട്ടവൻ എന്തോ അടിയന്തിരകാര്യം സാധിക്കാനുണ്ടെന്നപോലെ പെട്ടെന്ന് അവിടെ നിന്നു മാറിപ്പോയി.

ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തീക്ഷ്ണവും ദീർഘവുമായ ഒരു ചൂളം വിളി ഒരനർഘനിമിഷത്തിൽ എത്തിനിന്ന ഫാൻസിയൂവിനെ തടസ്സപ്പെടുത്തി; ഹൃദയങ്ങളേയും കാതുകളേയും ഒരേ സമയം തുളച്ചുകീറിക്കൊണ്ടാണ്‌ അതുയർന്നത്. അപ്രതീക്ഷിതമായ ആ തിരസ്കാരം പുറപ്പെട്ട ഭാഗത്തു നിന്ന് ഒരു കുട്ടി ചിരിയമർത്തിക്കൊണ്ട് ഇടനാഴിയിലേക്കോടുന്നതും കാണപ്പെട്ടു.

തന്റെ സ്വപ്നത്തിൽ നിന്ന് നടുക്കത്തോടെ ഞെട്ടിയുണർന്ന ഫാൻസിയൂ ആദ്യം കണ്ണുകൾ മുറുക്കിയടച്ചു, പിന്നെ പെട്ടെന്നുതന്നെ വല്ലാതെ വലിച്ചുതുറന്നു, ശ്വാസം കിട്ടാൻ വിഷമിച്ചിട്ടെന്നപോലെ വായ പിളർന്നു, വേയ്ച്ചുകൊണ്ട് ഒരടി മുന്നോട്ടുവച്ചു, പിന്നെ ഒന്നു പിന്നിലേക്കു മാറി, എന്നിട്ട് അരങ്ങിൽ മരിച്ചുവീണു.

ഒരു വാൾ വീശൽ പോലെ വന്നുവീണ ആ ചൂളം വിളി, അതു ശരിക്കും ആരാച്ചാരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയായിരുന്നോ? തന്റെ സൂത്രത്തിന്റെ നരഹത്യാശേഷി പ്രിൻസ് മുൻകൂട്ടി കണ്ടിരുന്നോ? അങ്ങനെ കരുതാൻ അവകാശമുണ്ട്. തനിക്കു പ്രിയപ്പെട്ടവനും കിടയറ്റവനുമായ ഫാൻസിയൂവിനെയോർത്ത് അയാൾക്കു നഷ്ടബോധം തോന്നിയോ? അങ്ങനെ കരുതുന്നതിൽ ന്യായമുണ്ട്, അതിലൊരു മാധുര്യവുമുണ്ട്. 

അപരാധികളായ പ്രഭുക്കന്മാർ തങ്ങളുടെ അവസാനത്തെ ഹാസ്യനാടകവും കണ്ടുകഴിഞ്ഞു. അന്നു രാത്രിതന്നെ അവർ ജീവിതത്തിൽ നിന്നു തുടച്ചുമാറ്റപ്പെടുകയും ചെയ്തു.

അതില്പിന്നെ എത്രയോ മൂകാഭിനയവിദഗ്ധർ, മറ്റു നാടുകളിൽ അർഹമായ മതിപ്പു ലഭിച്ചവർ, ഈ *ന്റെ സദസ്സിൽ തങ്ങളുടെ പ്രകടനം നടത്താൻ വന്നിരിക്കുന്നു; എന്നാൽ ഫാൻസിയൂവിന്റെ അത്ഭുതസിദ്ധികളെ ഓർമ്മപ്പെടുത്താൻ അതിൽ ഒരാൾക്കു പോലും സാദ്ധ്യമായിട്ടില്ല, അത്രയും ‘പ്രീതി’ പിടിച്ചുപറ്റാനും ഒരാൾക്കും കഴിഞ്ഞിട്ടില്ല.


ബോദ്‌ലേർ - ചരട്

 

(എദ്വാദ് മാനെയ്ക്ക്)


“മിഥ്യാബോധങ്ങൾ,” എന്റെ സ്നേഹിതൻ എന്നോടു പറഞ്ഞു, “മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പോലെ, അല്ലെങ്കിൽ മനുഷ്യരും വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ പോലെ അത്ര എണ്ണമറ്റതാവാം. ആ മിഥ്യാബോധം മായുമ്പോൾ, എന്നു പറഞ്ഞാൽ, ഒരു വ്യക്തിയോ വസ്തുതയോ നമുക്കു വെളിയിൽ യഥാർത്ഥത്തിൽ എങ്ങനെയാണെന്നു  കാണുമ്പോൾ സങ്കീർണ്ണവും വിചിത്രവുമായ ഒരു വികാരത്തിനു നാം വിധേയരായിപ്പോകുന്നു; അതിൽ പാതി മറഞ്ഞുപോയ ആ മായാരൂപത്തെ ചൊല്ലിയുള്ള നഷ്ടബോധമാണ്‌, പാതി ആ പുതുമയെ, ശരിക്കുള്ള യാഥാർത്ഥ്യത്തെ കണ്ടതിന്റെ ഹിതകരമായ ആശ്ചര്യവും. അതീവസ്പഷ്ടവും സാധാരണവും എന്നും ഒന്നായതും ദുർവ്യാഖ്യാനങ്ങൾക്കിടനല്കാത്തതുമായ ഒരു പ്രതിഭാസമുണ്ടെങ്കിൽ അത് മാതൃസ്നേഹം മാത്രമാണ്‌. മാതൃസ്നേഹമില്ലാത്ത ഒരമ്മയെ സങ്കല്പിക്കുന്നത് ചൂടില്ലാത്ത വെളിച്ചത്തെ സങ്കല്പിക്കുന്നതുപോലെ അത്ര ദുഷ്കരമാണ്‌; അങ്ങനെയെങ്കിൽ തന്റെ കുഞ്ഞിനോടു ബന്ധപ്പെട്ട് ഒരമ്മയിൽ നിന്നു വരുന്ന എല്ലാ പ്രവൃത്തികളും വാക്കുകളും മാതൃസ്നേഹത്തിൽ ആരോപിക്കുന്നത് തികച്ചും ന്യായമല്ലേ? എന്നാലും ഈ കൊച്ചുകഥയൊന്നു കേട്ടുനോക്കൂ; ഏറ്റവും സ്വാഭാവികമായ ആ മിഥ്യാബോധം എന്റെ മനസ്സിനെ കുഴക്കിയതിന്റെ കഥയാണിത്.

”ചിത്രരചന എന്റെ തൊഴിലായ സ്ഥിതിയ്ക്ക് വഴിയിൽ കാണുന്ന മുഖങ്ങളേയും അവയുടെ ലക്ഷണങ്ങളേയും ഞാൻ സൂക്ഷ്മമായി നോക്കിപ്പഠിക്കാറുണ്ട്; മറ്റുള്ളവരെ അപേക്ഷിച്ച് ഞങ്ങളുടെ കണ്ണുകളിൽ ജീവിതത്തെ കൂടുതൽ സജീവവും സാർത്ഥകവുമാക്കുന്ന ഈയൊരു ശേഷിയുടെ പേരിൽ ഞങ്ങൾ ചിത്രകാരന്മാർക്കു കിട്ടുന്ന  ആനന്ദം എന്തുമാത്രമാണെന്നറിയാമോ?  നഗരത്തിൽ തിരക്കൊഴിഞ്ഞ ഭാഗത്ത് ഞാൻ താമസിക്കുന്ന സ്ഥലത്ത് (അവിടെ ഇപ്പോഴും വീടുകൾക്കിടയിൽ വിശാലമായ പുല്പറമ്പുകളുണ്ട്) ഞാൻ പലപ്പോഴും ഒരു ബാലനെ ശ്രദ്ധിക്കാറുണ്ടായിരുന്നു; മറ്റെന്തിലുമപരി പെട്ടെന്നെന്റെ ശ്രദ്ധ ആകർഷിച്ചത് അവന്റെ തീക്ഷ്ണവും കുസൃതി നിറഞ്ഞതുമായ മുഖമാണ്‌. പല തവണ അവനെ ഞാൻ ഒരു മോഡലായി ഉപയോഗപ്പെടുത്തിയിരുന്നു; ചിലപ്പോൾ ഒരു ജിപ്സിപ്പയ്യനായി, ചിലപ്പോൾ ഒരു മാലാഖയായി, അല്ലെങ്കിൽ ഒരു ക്യൂപ്പിഡായി ഞാൻ അവനെ രൂപാന്തരപ്പെടുത്തി. നാടോടികളുടെ വയലിനും മുൾക്കിരീടവും കുരിശിൽ തറച്ച ആണികളും ഇറോസ്സിന്റെ ശലാകയും ഞാൻ അവനെക്കൊണ്ടു ചുമപ്പിച്ചു. ഒടുവിൽ ആ പയ്യന്റെ കുറുമ്പുകളിൽ അത്രയ്ക്കാകൃഷ്ടനായിപ്പോയ ഞാൻ ഒരു ദിവസം സാധുക്കളായ അവന്റെ അച്ഛനോടും അമ്മയോടും അവനെ എനിക്കു വിട്ടുതരാൻ അപേക്ഷിച്ചു; അവനുടുക്കാൻ നല്ല വസ്ത്രങ്ങൾ കൊടുക്കാമെന്നും ചെറിയൊരു തുക അവനു നല്കാമെന്നും എന്റെ ബ്രഷുകൾ വൃത്തിയാക്കുക, എന്റെ കൈയാളായി നില്ക്കുക എന്നതല്ലാതെ ഭാരിച്ച പണികളൊന്നും അവനെക്കൊണ്ടു ചെയ്യിക്കുകയില്ലെന്നും ഞാൻ അവർക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. ഒന്നുരച്ചു കഴുകിയെടുത്തപ്പോൾ അവൻ സുന്ദരനായി; അച്ഛനമ്മമാരോടൊപ്പം ചെറ്റക്കുടിലിൽ കഴിഞ്ഞതു വച്ചു നോക്കുമ്പോൾ എന്റെ കൂടെയുള്ള താമസം അവനു സ്വർഗ്ഗസമാനമായി തോന്നിക്കാണണം. എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ; അവൻ ചിലപ്പോഴൊക്കെ തന്റെ പ്രായത്തിനു നിരക്കാത്ത ഒരു വിഷാദഭാവം കാണിച്ചിരുന്നു; മാത്രമല്ല, പഞ്ചസാരയോടും മദ്യത്തോടും വല്ലാത്തൊരാർത്തിയും അവൻ പ്രകടിപ്പിച്ചു. എന്തിനു പറയുന്നു, എത്ര തവണ വിലക്കിയിട്ടും പിന്നെയും അവൻ അങ്ങനെയൊരു കളവു നടത്തിയപ്പോൾ തിരിച്ചു വീട്ടിലേക്കയക്കുമെന്നു പറഞ്ഞ് അവനെ  ഭീഷണിപ്പെടുത്തി. എന്നിട്ടു ഞാൻ പുറത്തു പോയി; പലവിധ തിരക്കുകൾ കാരണം ദിവസങ്ങൾ കഴിഞ്ഞാണ്‌ ഞാൻ പിന്നെ വീട്ടിലെത്തുന്നത്.

“മടങ്ങിയെത്തുമ്പോൾ ഞാൻ ആദ്യം കാണുന്ന കാഴ്ച്ച എന്റെയാ കുസൃതിക്കാരനായ ആ ജീവിതപങ്കാളി  സ്റ്റോർ മുറിയുടെ കഴുക്കോലിൽ തൂങ്ങിനില്ക്കുന്നതാണെന്നു വരുമ്പോൾ എനിക്കുണ്ടായ ഭീതിയും ഞെട്ടലും സങ്കല്പിക്കാവുന്നതാണല്ലോ! അവന്റെ കാലുകൾ നിലത്തു മിക്കവാറും തൊട്ട നിലയിലായിരുന്നു; അവൻ കാലു കൊണ്ടു തട്ടിമാറ്റിയതാണെന്നു വ്യക്തമായ ഒരു കസേര തൊട്ടടുത്തു മറിഞ്ഞുകിടപ്പുണ്ട്; തല വലിഞ്ഞുപിടഞ്ഞ് ഒരു ചുമലിലേക്കു വീണുകിടക്കുന്നു; അവന്റെ വീർത്ത മുഖവും പേടിപ്പിക്കുന്ന വിധം തറച്ചുനോക്കുന്ന കണ്ണുകളും കണ്ടപ്പോൾ അവന്‌ അപ്പോഴും ജീവനുണ്ടെന്ന് ആദ്യമെനിക്കു തോന്നിപ്പോയി. അവനെ താഴെയിറക്കുക നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമായിരുന്നില്ല. അവന്റെ ദേഹം തണുത്തുമരവിച്ചുകഴിഞ്ഞിരുന്നു; അവനെ കയറു മുറിച്ചു തറയിലേക്കിടുന്നതിൽ എനിക്കെന്തോ ഒരറപ്പു തോന്നുകയും ചെയ്തു. ഒരു കൈ വച്ച് അവന്റെ ഭാരം മൊത്തം താങ്ങിപ്പിടിച്ചുകൊണ്ട്  മറ്റേക്കൈ കൊണ്ട് ഞാൻ കയറു മുറിച്ചു. പക്ഷേ അതോടെ എല്ലാം കഴിഞ്ഞില്ല;  ആ പിശാച് കെട്ടിത്തൂങ്ങാൻ ഉപയോഗിച്ചത് നേർത്ത, കട്ടിയുള്ള ഒരു ചരടാണ്‌; അതവന്റെ കഴുത്തിലെ മാംസത്തിൽ ആഴ്ന്നിറങ്ങിയിരിക്കുകയായിരുന്നു; അവന്റെ കഴുത്ത് സ്വതന്ത്രമാക്കണമെങ്കിൽ വീർത്തുപൊന്തിയ മാംസപാളികൾക്കിടയിലൂടെ ഒരു ചെറിയ കത്രിക കടത്തി മുറിക്കേണ്ടിവരും.

“ഞാൻ സഹായത്തിനു വേണ്ടി ഉറക്കെ വിളിച്ചിരുന്നുവെന്ന കാര്യം ആദ്യം പറയാൻ വിട്ടുപോയി; പക്ഷേ ഒരയല്ക്കാരനും എന്റെ സഹായത്തിനെത്തിയില്ല; അക്കാര്യത്തിൽ അവർ തൂങ്ങിച്ചത്ത ഒരാളുടെ കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന സംസ്കാരസമ്പന്നരായ മനുഷ്യരുടെ സമ്പ്രദായത്തോട് (അതിന്റെ കാരണമൊന്നും എനിക്കറിയില്ല) നീതി പുലർത്തുകതന്നെ ചെയ്തു. ഒടുവിൽ ഒരു ഡോക്ടർ വന്ന് കുട്ടി മരിച്ചിട്ട് കുറേ മണിക്കൂറുകൾ കഴിഞ്ഞതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പിന്നീട്, അടക്കാൻ വേണ്ടി അവന്റെ വസ്ത്രങ്ങൾ ഊരിമാറ്റാൻ നോക്കുമ്പോൾ ജഡം അത്രയ്ക്കു മരവിച്ചുപോയതിനാൽ അവന്റെ കൈകാലുകൾ നിവർക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച്, ഒടുവിൽ തുണികൾ കീറിമുറിച്ചെടുക്കുകയായിരുന്നു.

“സ്വാഭാവികമായും പോലീസിൽ വിവരം അറിയിക്കണമല്ലോ; ഇൻസ്പെക്ടർ ഏറുകണ്ണിട്ട് എന്നെയെന്നു നോക്കിയിട്ടു പറഞ്ഞു: ‘ഇതിലെന്തോ ദുരൂഹതയുണ്ടല്ലോ.’- കുറ്റവാളിയെന്നോ നിരപരാധിയെന്നോ നോക്കാതെ ആരിലും ഭയം ജനിപ്പിക്കാനുള്ള കട്ട പിടിച്ച ആഗ്രഹവും ആ തൊഴിലിന്റെ ശീലവുമായിരുന്നു അതിന്റെ പിന്നിലെന്നതിൽ സംശയമില്ല.

”പരമപ്രധാനമായ ഒരു കർത്തവ്യം അവശേഷിച്ചു: അവന്റെ അച്ഛനമ്മമാരെ വിവരം അറിയിക്കുക; അതോർത്തപ്പോൾത്തന്നെ എന്റെ മനസ്സ് കിടിലം കൊണ്ടുപോയി. എന്റെ കാലുകൾ നടക്കാൻ മടിച്ചു. ഒടുവിൽ എങ്ങനെയോ ഞാൻ ധൈര്യം സംഭരിച്ചു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ നിർവ്വികാരയായി നിന്നു; ഒരിറ്റു കണ്ണീരു പോലും അവരുടെ കണ്ണിൽ പൊടിഞ്ഞില്ല. ആ വിചിത്രമായ പെരുമാറ്റത്തിന്റെ കാരണം അവർ അനുഭവിക്കുന്ന കൊടുംശോകത്തിൽ ഞാൻ ആരോപിച്ചു; ഏറ്റവും കടുത്ത ദുഃഖങ്ങൾ നിശ്ശബ്ദമായിരിക്കും എന്ന ചൊല്ലാണ്‌ എനിക്കോർമ്മ വന്നത്. അച്ഛന്റെ കാര്യമാവട്ടെ, ബുദ്ധി മരവിച്ചപോലെയോ ചിന്തയിലാണ്ടപോലെയോ അയാൾ പറഞ്ഞതിതാണ്‌: ‘ഇങ്ങനെയായത് ഒരുവിധത്തിൽ നന്നായി; എന്തായാലും അവൻ ഗുണം പിടിക്കുമായിരുന്നില്ല!’

“ഈ സമയമായപ്പോഴേക്കും ജഡം എന്റെ കട്ടിലിൽ ഇറക്കിക്കിടത്തിയിരുന്നു; ഞാൻ ഒരു വേലക്കാരന്റെ സഹായത്തോടെ അവസാനത്തെ ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മ എന്റെ സ്റ്റുഡിയോയിലേക്കു കയറിവന്നു. തന്റെ മകന്റെ ശരീരം ഒന്നു കാണണമെന്ന് അവർ പറഞ്ഞു. തന്റെ ദൗർഭാഗ്യത്തിൽ വ്യാപരിക്കുന്നതിൽ നിന്ന് അവരെ തടുക്കാനോ അന്തിമവും വിഷാദപൂർണ്ണവുമായ ആ സമാശ്വാസം അവർക്കു വിലക്കാനോ സത്യം പറഞ്ഞാൽ എനിക്കു മനസ്സു വന്നില്ല. തന്റെ കുഞ്ഞ് തൂങ്ങിച്ചത്ത ഇടം കാട്ടിക്കൊടുക്കണമെന്നായി പിന്നെ അവരുടെ അപേക്ഷ. ‘അയ്യോ, അതു വേണ്ട, മദാം,’ ഞാൻ പറഞ്ഞു, ‘നിങ്ങൾക്കതു താങ്ങാൻ പറ്റില്ല.’ പക്ഷേ എന്റെ കണ്ണുകൾ ഞാനറിയാതെതന്നെ ആ നശിച്ച മുറിയുടെ കഴുക്കോലിലേക്കു നീങ്ങി; ആണി അതിൽത്തന്നെയുണ്ടെന്നും ചരടിന്റെ ഒരു നീണ്ട കഷണം അതിൽ അപ്പോഴും തൂങ്ങിക്കിടപ്പുണ്ടെന്നും അറപ്പും ഭീതിയും ചേർന്ന ഒരു സമ്മിശ്രവികാരത്തോടെ ഞാൻ ശ്രദ്ധിച്ചു. ഞാൻ അങ്ങോട്ടു കുതിച്ചുചെന്ന് ആ ദുരന്തത്തിന്റെ അവസാനശേഷിപ്പുകൾ പറിച്ചെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിയാൻ നോക്കുമ്പോൾ ആ സാധുസ്ത്രീ എന്റെ കൈക്കു കടന്നുപിടിച്ച് തടുക്കാൻ പറ്റാത്ത ഒരു സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: ‘മോസ്യേ, അതെനിക്കു തരണേ! ഞാൻ യാചിക്കുകയാണ്‌!’ ദുഃഖം കൊണ്ടു നിരാശാതപ്തയായ ആ സ്ത്രീ തന്റെ മകൻ മരിക്കാനുപയോഗിച്ച വസ്തുവിനോടു കാണിക്കുന്ന മമതയായി ഞാൻ അതിനെ വ്യാഖാനിച്ചു; ഭീതിദവും പ്രിയപ്പെട്ടതുമായ ഒരു ശേഷിപ്പായി അതു സൂക്ഷിക്കാൻ അവർക്കാഗ്രഹമുണ്ടാവാം. അവർ ആ ആണിയും ചരടും എന്റെ കയ്യിൽ നിന്നു തട്ടിപ്പറിച്ചെടുത്തു.

“ഒടുവിൽ, ഒടുവിൽ, എല്ലാമൊന്നു കഴിഞ്ഞുകിട്ടി. എന്റെ തൊഴിലിലേക്കു തിരിച്ചുപോവുക എന്നതേ എനിക്കിനി ചെയ്യാൻ ബാക്കിയുള്ളു; എന്റെ തലച്ചോറിന്റെ മടക്കുകളിൽ നിന്നപ്പോഴും ഒഴിഞ്ഞുപോകാതെ, വലിയ കണ്ണുകൾ കൊണ്ടു തുറിച്ചുനോക്കി എന്നെ തളർത്തുന്ന ആ കൊച്ചുജഡത്തെ ഉച്ചാടനം ചെയ്യണമെങ്കിൽ പണ്ടത്തേക്കാൾ ഊർജ്ജസ്വലമായി ഞാൻ പണിയെടുക്കണം. അടുത്ത ദിവസം പക്ഷേ, ഒരു കൂട്ടം കത്തുകൾ എന്റെ പേർക്കു വന്നു: ചിലത് ഞാൻ താമസിക്കുന്ന കെട്ടിടത്തിലെ മറ്റു താമസക്കാരിൽ നിന്ന്, ചിലത് അടുത്ത വീടുകളിൽ നിന്ന്; താഴത്തെ നിലയിൽ നിന്നൊന്ന്, രണ്ടാമത്തെ നിലയിൽ നിന്നു മറ്റൊന്ന്,. ഇനിയൊന്ന് മൂന്നാമത്തെ നിലയിൽ നിന്ന്... അപേക്ഷയുടെ വ്യഗ്രതയെ പരിഹാസത്തിൽ ഒളിപ്പിച്ചുകൊണ്ട് തമാശരൂപത്തിലായിരുന്നു ചിലത്; ഒരു മടിയുമില്ലാതെ നേരിട്ടങ്ങു കാര്യം പറയുന്നതും അക്ഷരത്തെറ്റു നിറഞ്ഞതമായിരുന്നു മറ്റു ചിലത്; എല്ലാ കത്തുകളുടേയും ഉള്ളടക്കം പക്ഷേ, ഒന്നായിരുന്നു: മാരകമായ ആ ഭാഗ്യച്ചരടിന്റെ ഒരു തുണ്ട് തങ്ങൾക്കും വേണം. കത്തയച്ചവരിൽ പുരുഷന്മാരെക്കാൾ സ്ത്രീകളായിരുന്നു കൂടുതൽ എന്നും പറയട്ടെ; സമൂഹത്തിന്റെ താണ പടിയിൽ നില്ക്കുന്നവരായിരുന്നില്ല എല്ലാവരും എന്നു ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം. കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചു.

”അപ്പോഴാണ്‌ പെട്ടെന്ന് എന്റെ തലയ്ക്കുള്ളിൽ ഒരു വെളിച്ചം വീശിയത്; ആ അമ്മ എന്റെ കയ്യിൽ നിന്നു ചരടു തട്ടിപ്പറിക്കാൻ വ്യഗ്രത കാട്ടിയതെന്തിനെന്നും എന്തു തരം കച്ചവടം നടത്തിയിട്ടാണ്‌ അവർ സമാശ്വാസം കണ്ടെത്താൻ പോകുന്നതെന്നും എനിക്കപ്പോൾ മനസ്സിലായി.“

(ഒരു യഥാർത്ഥസംഭവത്തെ ആധാരമാക്കിയിട്ടുള്ളതാണ്‌ ഈ കഥ. ചിത്രകാരനായ മാനെ അലക്സാണ്ടർ എന്നൊരു കുട്ടിയെ കൂടെ താമസിപ്പിച്ചിരുന്നു; ചെറിപ്പൂക്കളുമായി നിൽക്കുന്ന കുട്ടി എന്ന ചിത്രത്തിനു മോഡലായതും അവനാണ്‌; അവൻ മാനേയുടെ സ്റ്റുഡിയോവിൽ വച്ച്‌ തൂങ്ങിച്ചാവുകയും ചെയ്തു..)