ഞാൻ വളരെ ചെറുപ്പമായിരുന്നു
സാമാന്യബുദ്ധി എന്നോടു പറഞ്ഞുവാക്കു കൊടുക്കരുത്
എനിക്കു മടിക്കാതെ പറയാമായിരുന്നു
ഞാനൊന്നാലോചിച്ചുനോക്കട്ടെ
എന്തിനാണിത്ര തിടുക്കം
ഇതു റയിൽവേ ടൈംടേബിളൊന്നുമല്ലല്ലോ
ഞാൻ വാക്കു തരാം
ഞാനൊന്നു ഡിഗ്രിയെടുത്തോട്ടെ
എന്റെ പട്ടാളസേവനം കഴിയട്ടെ
ഞാനൊരു വീടു വയ്ക്കട്ടെ
പക്ഷേ കാലം പൊട്ടിത്തെറിച്ചു*
മുമ്പുണ്ടായിരുന്നില്ല
പിമ്പുണ്ടായിരുന്നില്ല
കണ്ണുകളന്ധമാക്കുന്ന വർത്തമാനത്തിൽ
നിങ്ങൾ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിയിരുന്നു
അങ്ങനെ ഞാൻ വാക്കു കൊടുത്തു
ഒരു വാക്ക്-
എന്റെ കഴുത്തിൽ വീണ ഒരു കൊലക്കുരുക്ക്
അന്തിമമായ ഒരു വാക്ക്
സർവ്വതും തെളിഞ്ഞതും
സുതാര്യവുമാകുന്ന
അപൂർവ്വനിമിഷങ്ങളിൽ
ഞാൻ തന്നത്താനിരുന്നോർമ്മിക്കുന്നു
“എന്റെ വാക്ക്
കൊടുത്ത വാക്ക്
തിരിച്ചെടുക്കാൻ പറ്റിയെങ്കിൽ”
അതധികം നീണ്ടുനില്ക്കുന്നില്ല
ലോകത്തിന്റെ അച്ചുതണ്ട് സീല്ക്കാരമിടുന്നു
ആളുകൾ മറഞ്ഞുപോകുന്നു
അതുപോലെ ഭൂദൃശ്യങ്ങൾ
കാലത്തിന്റെ വർണ്ണവലയങ്ങൾ
എന്നാൽ എന്റെ തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു
ഞാൻ കൊടുത്ത വാക്ക്
*1939 സെപ്തംബർ 1ന് ഹിറ്റ്ലർ പോളണ്ട് ആക്രമിച്ചു; ഹെർബെർട്ടിന് അന്നു പതിനഞ്ചു വയസ്സായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ