2020, ഓഗസ്റ്റ് 12, ബുധനാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട്- ഒരാണിയുടെ കഥ


ഒരാണിയുടെ കുറവുകൊണ്ട് ഒരു ദേശം യുദ്ധത്തിൽ തോറ്റു
-അമ്മൂമ്മക്കഥകൾ നമ്മെ പഠിപ്പിക്കുന്നു-എന്നാൽ ഞങ്ങളുടെ ദേശത്ത്
ആണികളില്ലാതായിട്ടു കാലമേറെയായിരിക്കുന്നു ഇനിയതുണ്ടാവുകയുമില്ല
ചുമരിൽ ചിത്രങ്ങൾ തൂക്കിയിടാനുള്ള മുള്ളാണികൾ മാത്രമല്ല
ശവപ്പെട്ടികളുടെ മൂടിയിലടിച്ചുകയറ്റുന്ന കൂറ്റൻ ആണികളും

എന്നാൽ ഇങ്ങനെയായിട്ടും അല്ലെങ്കിൽ ഇങ്ങനെയായതുകൊണ്ടും
ഞങ്ങളുടെ ദേശം പിടിച്ചുനില്ക്കുന്നു അന്യരുടെ ബഹുമാനം പിടിച്ചുപറ്റുകപോലും ചെയ്യുന്നു
എങ്ങനെയാണു ജീവിക്കാൻ പറ്റുക ആണിയില്ലാതെ കടലാസ്സില്ലാതെ നൂലില്ലാതെ
ഇഷ്ടികയും പ്രാണവായുവും സ്വാതന്ത്ര്യവും പിന്നെയെന്തൊക്കെയുണ്ടോ അതൊന്നുമില്ലാതെ
പറ്റുമായിരിക്കണം എന്തെന്നാൽ ഞങ്ങളുടെ ദേശം നിലനില്ക്കുന്നുണ്ടല്ലോ

ഞങ്ങളുടെ രാജ്യത്ത് ഗുഹകളിലൊന്നുമല്ല വീടുകളിൽത്തന്നെയാണ്‌ മനുഷ്യർ പാർക്കുന്നത്
പുല്മൈതാനങ്ങളിൽ ഫാക്ടറികൾ പുകയുന്നുണ്ട് മഞ്ഞുറഞ്ഞ സമതലങ്ങളിലൂടെ തീവണ്ടികളോടുന്നുണ്ട്
തണുത്ത പെരുംകടലിൽ ഒരു കപ്പൽ കാഹളം വിളിക്കുന്നുമുണ്ട്
പട്ടാളമുണ്ട് പോലീസുണ്ട് മുദ്രയും പതാകയും ദേശീയഗാനവുമുണ്ട്
പുറംകാഴ്ചയ്ക്ക് ലോകത്തെ മറ്റെവിടെയും പോലെയാണെല്ലാം

എല്ലാം പുറംകാഴ്ചയ്ക്കേയുള്ളു എന്തെന്നാൽ ഞങ്ങളുടെ ഈ ദേശം
പ്രകൃതിയുടെ ഒരു സൃഷ്ടിയല്ല മനുഷ്യന്റെ സൃഷ്ടിയല്ല
മാമത്തുകളുടെ അസ്ഥികളിൽ പണിതപോലെ ഉറച്ചതാണെന്നു തോന്നാം
യഥാർത്ഥത്തിൽ ദുർബ്ബലമാണത് തൂങ്ങിനില്ക്കുകയാണതെന്നപോലെ
പ്രവൃത്തിക്കും ചിന്തയ്ക്കുമിടയിൽ അസ്തിത്വത്തിനും അഭാവത്തിനുമിടയിൽ

ഒരിലയും ഒരു കല്ലും വീഴുന്നു യഥാർത്ഥമായതൊക്കെ വീഴുന്നു
എന്നാൽ പ്രേതങ്ങൾ ചിരായുസ്സുകളാണ്‌ അവ പിടിച്ചുനില്ക്കും
സൂര്യന്റെ ഉദയാസ്തമയങ്ങൾക്കിടയിലും ആകാശഗോളങ്ങളുടെ ഭ്രമണങ്ങൾക്കിടയിലും

അപമാനിതയായ ഭൂമിയിൽ കണ്ണീരും വസ്തുക്കളും വന്നുവീഴുന്നു

***

(“ഒരാണിയുടെ കുറവുകൊണ്ട്” എന്നത് ഒരു പഴഞ്ചൊല്ലാണ്‌, നിസ്സാരമെന്നു തോന്നുന്ന വീഴ്ചകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമാവാം എന്ന അർത്ഥത്തിൽ. ഇതിനാധാരമായ ഒരു കുട്ടിക്കവിതയുടെ പല രൂപങ്ങളിൽ ഒന്ന് ഇങ്ങനെയാണ്‌: ഒരാണിയുടെ കുറവുകൊണ്ട് ഒരു ലാടം നഷ്ടമായി/ ഒരു ലാടത്തിന്റെ കുറവുകൊണ്ട് ഒരു കുതിര മുടന്തിനടന്നു/ ഒരു കുതിരയുടെ കുറവുകൊണ്ട് ഒരു കുതിരപ്പടയാളി വരാൻ വൈകി/ ഒരു പടയാളിയുടെ കുറവുകൊണ്ട് ഒരു സന്ദേശം എത്തിയതേയില്ല/ഒരു സന്ദേശത്തിന്റെ കുറവുകൊണ്ട് സൈന്യം പടയ്ക്കിറങ്ങിയില്ല/ ഒരു സൈന്യത്തിന്റെ കുറവുകൊണ്ട് ഒരു യുദ്ധം പരാജയപ്പെട്ടു/ ഒരു യുദ്ധത്തിന്റെ കുറവുകൊണ്ട് ഒരു രാജ്യം അടിയറവുപറഞ്ഞു/ ഇതെല്ലാം ഒരാണിയുടെ കുറവുകൊണ്ട്.)



അഭിപ്രായങ്ങളൊന്നുമില്ല: