2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ലോർക്ക - കറുത്ത വേദന



പൂവൻകോഴികളുടെ കൂന്താലികൾ
പുലരിയെ കുഴിച്ചെടുക്കുമ്പോൾ
ഇരുളടഞ്ഞ കുന്നിറങ്ങിവരുന്നു,
സോളിഡാഡ് മൊൻതോയ.
പൊന്നും ചെമ്പും നിറമായ ഉടലിന്‌
ഇരുട്ടിന്റെയും കുതിരയുടേയും മണം.
പുകയുന്ന അടകല്ലുകൾ, അവളുടെ മുലകൾ,
അവയിൽ നിന്നുയരുന്നു
ഉരുണ്ട ഗാനങ്ങളുടെ നെടുവീർപ്പുകൾ.
“ഈ വൈകിയ നേരത്തേകാകിനിയായി,
സോളിഡാഡ്, നീ ആരെത്തേടിനടക്കുന്നു?”
“ഞാൻ തേടുന്നയാളെ ഞാൻ തേടുന്നു.
അതിൽ നിങ്ങൾക്കെന്തു കാര്യം?
ഞാനാഗ്രഹിക്കുന്നതു ഞാനാഗ്രഹിക്കുന്നു,
എന്നിലെയെന്നെ, എന്റെ ആനന്ദത്തെ.”
“എന്റെ ശോകത്തിന്റെ സോളിഡാഡ്,
കെട്ടുകൾ പെട്ടിച്ചോടുന്ന കുതിര
ഒടുവിൽ കടൽ കണ്ടെത്തുന്നു,
തിരമാലകളതിനെ വാരിയെടുത്തുവിഴുങ്ങുന്നു.”
“കടലിനെക്കുറിച്ചെന്നെയോർമ്മിപ്പിക്കേണ്ട,
ഒലീവുമരങ്ങളുടെ നാട്ടിൽ,
ഇലകളുടെ മർമ്മരത്തിനടിയിൽ,
ഇരുണ്ട ശോകമുറപൊട്ടുകയല്ലോ.”
“സോളിഡാഡ്, എന്തു വേദനയാണു നിനക്ക്,
എത്രയുത്കടമാണു നിന്റെ വേദന!
നിന്റെ പ്രതീക്ഷയും വാക്കുകളുമൊഴുക്കുന്ന കണ്ണീർ
കയ്ക്കുന്ന നാരങ്ങയുടെ നീരാണല്ലോ.”
“ഹാ, എന്തുമാത്രം വേദന!
രണ്ടായിപ്പിന്നിയ മുടി തറയിലിഴച്ച്,
തീനുമുറിയിൽ നിന്നു കിടപ്പറയിലേക്ക്,
ഭ്രാന്തിയെപ്പോലെ ഞാൻ വീട്ടിനുള്ളിൽ നടക്കുന്നു.
എന്റെയുടലും എന്റെയുടുപ്പും കറുപ്പായി മാറുന്നു.
ഹാ, എന്റെ അടിയുടുപ്പുകൾ!
ഹാ, എന്റെ പോപ്പിത്തുടകൾ!”
“വാനമ്പാടികളുടെ ജലത്തിൽ
നിന്റെ ഉടലു കഴുകൂ,
നിന്റെ ഹൃദയത്തിനു ശാന്തി വരട്ടെ,
സോളിഡാഡ് മൊൻതോയ.“
*

അങ്ങുതാഴെ പുഴ പാടുന്നു:
ആകാശവും ഇലകളും കൊണ്ടു മുഖപടം,
മത്തപ്പൂക്കൾ കൊണ്ടു കിരീടമണിയുന്ന പുതുവെളിച്ചം.
ഹാ, വേദന, ജിപ്സികളുടെ വേദന,
കറയറ്റ, എന്നും തനിച്ചായ വേദന,
കാണാത്ത ഉറവകളുടെ,
വിദൂരമായ പുലരിയുടെ വേദന.

(1924 ജൂലൈ 30നെഴുതിയത്. ശമനമില്ലാത്ത വേദനയുടെ മൂർത്തരൂപമാണ്‌ സോളിഡാഡ് മൊൻതോയ എന്നു ലോർക്ക പറയുന്നു; ഒരു കത്തിയെടുത്ത് ഇടതുഭാഗത്ത് ആഴത്തിൽ ഒരു മുറിവുണ്ടാക്കിയാലേ ആ കറുത്ത വേദനയിൽ നിന്നു നമുക്കു മോചനം കിട്ടുകയുള്ളു. ആൻഡലൂഷ്യൻ ജനതയുടെ വേരാണ്‌ സോളിഡാഡ് മൊൻതോയയുടെ വേദന. വാതിലിനു പുറത്ത് മരണം കാത്തുനില്ക്കുകയാണെന്ന തീർച്ചയോടെ ലക്ഷ്യമില്ലാത്ത ഒരഭിലാഷമാണത്, ഒന്നിനോടുമല്ലാത്ത തീക്ഷ്ണസ്നേഹമാണ്‌. പില്ക്കാലത്ത് ലോർക്കയുടെ നാടകങ്ങളിലൂടെ പൂർണ്ണവികാസം പ്രാപിക്കുന്ന, സ്നേഹത്തിനു വേണ്ടി വിഫലമായി കാത്തിരിക്കുന്ന സ്ത്രീയുടെ ആദിരൂപമാണ്‌ സോളിഡാഡ് മൊൻതോയ.) 
*

അഭിപ്രായങ്ങളൊന്നുമില്ല: