2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഡീഡലസ്സും ഇക്കറസ്സും

(Landscape with the Fall of Icarus , 

Painting by Pieter Bruegel the Elder)


ഡീഡലസ് പറയുന്നു:
പോകൂ മകനേ പറക്കുകയല്ല നടക്കുകയാണു നീയെന്നുമോർക്കൂ
ചിറകുകൾ വെറുമൊരലങ്കാരമാണ്‌ നീ ഒരു പുൽത്തകിടിയിലൂടെ നടക്കുകയാണ്‌
ആ ഊഷ്മളവാതം ഗ്രീഷ്മസുഗന്ധമുയരുന്ന ഭൂമിയാണ്‌
മറ്റേ ശീതവാതം ഒഴുകുന്നൊരരുവിയും

ഇക്കറസ് പറയുന്നു:
എന്റെ കണ്ണുകൾ കല്ലുകൾ പോലെ പിന്നെയും ഭൂമിയിലേക്കു പതിക്കുന്നുവല്ലോ
കട്ടിയുള്ള ചെളിക്കട്ടകൾ ഇളക്കിമറിക്കുന്ന കൃഷിക്കാരനെ അവ കാണുന്നു
കൊഴുച്ചാലിൽ പുളയുന്ന പുഴുവിനേയും
ചെടിയുടെ ഭൂബന്ധത്തെ കരണ്ടുമുറിക്കുന്ന ഒരു ദുഷ്ടപ്പുഴുവിനേയും കാണുന്നു

ഡീഡലസ് പറയുന്നു:
എന്റെ മകനേ അതു സത്യമല്ല പ്രപഞ്ചം ശുദ്ധമായ വെളിച്ചമാണ്‌
ഭൂമി നിഴലിന്റെ ഒരു തളികയും നിറങ്ങളുടെ കളി നോക്കൂ
കടലിൽ നിന്നാവി പറക്കുന്നു മാനത്തേക്കു മഞ്ഞുയരുന്നു
അഭിജാതമായ കണികകളിൽ നിന്ന് ഒരു മഴവില്ലു രൂപപ്പെടുകയും ചെയ്യുന്നു

ഇക്കറസ് പറയുന്നു:
ശൂന്യതയിൽ തുഴഞ്ഞെന്റെ കൈകൾ കുഴയുന്നച്ഛാ
കഴയ്ക്കുന്ന കാലുകൾ പൈനിലകൾക്കും കട്ടിക്കല്ലുകൾക്കും കൊതിക്കുന്നു
അങ്ങയെപ്പോലെ സൂര്യനെ നേരെ നോക്കാനെനിക്കരുതച്ഛാ
ഭൂമിയുടെ ഇരുള്രശ്മികളിലാണ്ടവനല്ലേ ഞാൻ

ആ മഹാദുരന്തത്തിന്റെ വിവരണം:
ഇക്കറസ്സിതാ തല കീഴായി പതിക്കുന്നു
അവന്റെ അവസാനത്തെ ചിത്രം
ആർത്തി തീരാത്ത കടൽ വിഴുങ്ങുന്ന 
ഒരു ബാലന്റെ മടമ്പിന്റെ ദൃശ്യം
അങ്ങുയരത്തിൽ അവന്റെ പിതാവൊരു പേരു പറഞ്ഞുവിളിക്കുന്നു
ആ പേരിനവകാശി ഒരു കഴുത്തല്ല ഒരു ശിരസ്സല്ല
ഒരു സ്മരണയാണ്‌

വ്യാഖ്യാനം:
അവൻ തീരെച്ചെറുപ്പമായിരുന്നു
ചിറകുകൾ ഒരു രൂപകം മാത്രമാണെന്ന് അവനു മനസ്സിലായിരുന്നില്ല
അല്പം മെഴുകും ചില തൂവലുകളും ഭൂഗുരുത്വനിയമങ്ങളോടുള്ള അവജ്ഞയും
അത്രയുമടി ഉയരത്തിൽ ഉടലിനെ താങ്ങാൻ അവയ്ക്കാവില്ല
കാര്യത്തിന്റെ മർമ്മം മറ്റൊന്നാണ്‌
കട്ടച്ചോര ഇന്ധനമായ നമ്മുടെ ഹൃദയങ്ങൾ
വായു കൊണ്ടു നിറയണം
ഇക്കറസ്സിനു സമ്മതമല്ലാത്തതും അതുതന്നെ

നമുക്കു പ്രാർത്ഥിക്കാം

*

ഗ്രീക്ക് പുരാണങ്ങളിലെ പ്രസിദ്ധനായ വാസ്തുശില്പിയാണ്‌ ഡീഡലസ് (Daedulus); ഇക്കറസ് (Icarus) അദ്ദേഹത്തിന്റെ മകനും. നൊസോസ്സിലെ മിനോസ് രാജാവിനു വേണ്ടി ക്രീറ്റിൽ ഡീഡലസ് നിർമ്മിച്ച 1300 മുറികളുള്ള മനോഹരമായ കൊട്ടാരം ഇന്നും കാണാം. മിനോട്ടാർ എന്ന കാളത്തലയുള്ള സത്വത്തെ പാർപ്പിക്കാനായി ലാബ്‌രിന്ത് (Labyrinth) എന്ന രാവണൻകോട്ട നിർമ്മിച്ചതും ഡീഡലസ്സാണ്‌. എന്നാൽ എന്തിനോ ശില്പിയോടു നീരസം തോന്നിയ രാജാവ് അയാളെ മകനോടൊപ്പം ലാബ്‌രിന്തിൽ തടവിലിട്ടു. അതിൽ നിന്നു രക്ഷപ്പെടാനായി ഡീഡലസ് മെഴുകും അരളിമരച്ചില്ലകളും കൊണ്ട് കൃത്രിമച്ചിറകുകളുണ്ടാക്കി തനിക്കും മകനും വച്ചുപിടിപ്പിച്ചു. എന്നാൽ പറക്കലിന്റെ ഉത്സാഹത്തിൽ സൂര്യനോടു വളരെയടുത്തു ചെന്ന ഇക്കറസ് മെഴുകുരുകി കടലിൽ പതിച്ചു. 

ഈ കഥയെ ആധാരമാക്കി പീറ്റർ ബ്രൂഗൽ (Peter Bruegel) 1550ൽ വരച്ച “ഇക്കറസ്സിന്റെ പതനം” എന്ന പ്രശസ്തമായ ചിത്രമാണ്‌ ഈ കവിതയ്ക്കാധാരം. പച്ചപ്പാടവും നിലമുഴുന്ന കർഷകനും നീലക്കടലും പായ്ക്കപ്പലും വെളിച്ചവുമൊക്കെച്ചേർന്ന ഉജ്ജ്വലമായ ഒരു പ്രകൃതിദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അപ്രധാനമായ ഒരു സംഭവമായിട്ടാണ്‌ ബ്രൂഗൽ ഇക്കറസ്സിന്റെ പതനത്തെ ചിത്രീകരിച്ചിരിക്കുന്നത്. കടലിൽ മുങ്ങിമറയുന്ന ഒരു കാലടി മാത്രമേ ആ ഐതിഹാസികകഥയുടേതായി ചിത്രത്തിലുള്ളു. 

ഇതേ ചിത്രം ആധാരമാക്കുന്ന മറ്റു രണ്ടു കവിതകളാണ്‌, W.H.Audenന്റെ  Musée des Beaux Arts, William Carlos Williamsന്റെ Landscape with the Fall of Icarus എന്നിവ. 


അഭിപ്രായങ്ങളൊന്നുമില്ല: