2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ലോർക്ക - കുടിപ്പക


(റഫായെൽ മെൻഡെസ്സിന്‌)

ചുരത്തിന്റെ പാതിയെത്തുമ്പോൾ
വൈരിയുടെ ചോര കൊണ്ടു സുന്ദരമായ
അൽവാസിത്തേയിലെ കത്തികൾ
വെള്ളിമീൻ പോലെ തിളങ്ങുന്നു.
കയ്ക്കുന്ന പച്ചയിൽ
ഒരു ചീട്ടിന്റെ കഠിനവെളിച്ചം
കുതികൊള്ളാൻ വെമ്പുന്ന കുതിരകളേയും
സവാരിക്കാരുടെ നിഴലുകളേയും വെട്ടിയൊതുക്കുന്നു.
ഒരൊലീവുമരത്തിലിരുന്ന്
രണ്ടു വൃദ്ധകൾ കണ്ണീരൊഴുക്കുന്നു.
കുടിപ്പകയുടെ കാളക്കൂറ്റൻ
ചുമരുകൾ കയറാൻ വെമ്പൽ കൊള്ളുന്നു.
കറുത്ത മാലാഖമാർ
മഞ്ഞുവെള്ളവും തൂവാലകളും കൊണ്ടുവരുന്നു;
അൽവാസിത്തേയിലെ കത്തികൾ
കൂറ്റൻ ചിറകുകളായ മാലാഖമാർ.
ഹുവാൻ അന്തോണിയോ ഡി മൊൻടില്ല
ജഡമായി ചുരമുരുണ്ടിറങ്ങുന്നു;
അയാളുടെ ഉടൽ നിറയെ ഐറിസ്സുകൾ,
അയാളുടെ നെറ്റിത്തടം ഒരു മാതളപ്പഴം.
ഇപ്പോഴയാൾ മരണത്തിലേക്കുള്ള പെരുവഴിയേ
ഒരഗ്നിക്കുരിശ്ശേറി യാത്ര ചെയ്യുന്നു.
*

ജഡ്ജിയും പോലീസും
ഒലീവുതോട്ടങ്ങൾക്കിടയിലൂടെ വരുന്നു.
ഒരു പാമ്പിന്റെ മൂകഗാനവും പാടി
ചൊരിയപ്പെട്ട ചോര വിലപിക്കുന്നു.
പോലീസ്സുകാരേ, സാറന്മാരേ,
ഇതെന്നും പതിവാണല്ലോ:
നാലു റോമാക്കാർ ചത്തു,
കാർത്തേജുകാർ അഞ്ചും.
*

അത്തിപ്പഴങ്ങളും പൊള്ളുന്ന മർമ്മരങ്ങളും
ഉന്മത്തമാക്കിയ അപരാഹ്നം
കുതിരക്കാരുടെ തുടകളിലെ മുറിവുകളിലേക്ക്
മൂർച്ഛിച്ചുവീഴുന്നു.
പശ്ചിമാകാശത്തിലൂടെ
കറുത്ത മാലാഖമാർ പറന്നുപോകുന്നു:
പാറാൻ വിട്ട നീണ്ട മുടിയും
ഹൃദയത്തിൽ ഒലീവെണ്ണയുമുള്ള മാലാഖമാർ.
----------------------------------------------------------------------------------------------------------------------

(ജിപ്സി കഥാഗാനങ്ങളില്പെട്ട ഈ കവിത1926 ആഗസ്റ്റ് 6നെഴുതിയതാണ്‌. ആൻഡലൂഷ്യയിലും സ്പെയിനിലും ആളുകളിൽ നിശ്ശബ്ദവും സുപ്തവുമായിക്കിടക്കുന്ന ഒരു സംഘർഷത്തിന്റെ ആവിഷ്കാരമാണിതെന്ന് ലോർക്ക പറയുന്നുണ്ട്. എന്തിനെന്നറിയാതെ ആളുകൾ അന്യോന്യം ആക്രമിക്കും; ദുർഗ്രഹമായ ആ കാരണം ഒരു നോട്ടമോ ഒരു പനിനീർപ്പൂവോ രണ്ടു നൂറ്റാണ്ടു പഴക്കമുള്ള ഒരു പ്രണയമോ ആകാം; അല്ലെങ്കിൽ തന്റെ മുഖത്തൊരു പ്രാണി വന്നിരുന്നതായി പെട്ടെന്നൊരാൾക്കു തോന്നിയതുമാവാം. *അൽവാസിത്തേ Albacete- മാഡ്രിഡിനും വാലൻസിയക്കും ഇടയ്ക്കുള്ള ഒരു ഗ്രാമം; ഒരിനം നീണ്ട കത്തികൾക്കു പേരുകേട്ടതാണ്‌. 
* ഒരു ചീട്ടിന്റെ കഠിനവെളിച്ചം- വഴക്കിനു കാരണം ചീട്ടുകളിയിലെ തർക്കവുമാകാം.
*നാലു റോമാക്കാർ ചത്തു...-റോമും കാർത്തേജും തമ്മിൽ ക്രി.മു. 264-164ൽ നടന്ന യുദ്ധങ്ങളുടെ സൂചന. സ്പാനിഷ് ക്ലാസ്മുറികളിൽ കുട്ടികൾക്കിടയിൽ നിലനിന്നിരുന്ന മത്സരബുദ്ധിയേയും ഓർമ്മിപ്പിക്കുന്നുണ്ട്. ചില സ്കൂളുകളിൽ, വിശേഷിച്ചും ജസ്യൂട്ട് സ്കൂളുകളിൽ, കുട്ടികളെ പരസ്പരം മത്സരിക്കുന്ന രണ്ടു ടീമുകളായി വേർതിരിച്ചിരുന്നു: റോമാക്കാരും കാർത്തേജുകാരും.

അഭിപ്രായങ്ങളൊന്നുമില്ല: