2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ജ്യോർജി ബെലെവ് - രാത്രിയിൽ കാടിറങ്ങുന്നു

രാത്രിയിൽ കാടിറങ്ങുന്നു


രാത്രിയിൽ കാടിറങ്ങുന്നു. അവസാനത്തെ ട്രാമും പോയിക്കഴിയുന്നതുവരെ അവൾ കാത്തിരിക്കുന്നു; പിന്നെ അവൾ പുറപ്പെടുകയായി. വഴിയിൽ അവൾ കുടിയന്മാരെ കാണുന്നുണ്ട്- പാതിയടഞ്ഞ കണ്ണുകളുമായി അവർ അവളിലൂടെ കടന്നുപോകുന്നു; കാലിടറുന്നുണ്ടെങ്കിലും  അവർ തെറി പറയുന്നില്ല. കാട് നേരേ നടന്നുപോകുന്നു. ഒഴിവുവേളയിലെ കുട്ടികളെപ്പോലെ വീടുകൾ രണ്ടും മൂന്നുമായി പിരിയുന്നു, വള്ളിച്ചെരുപ്പുകളും പൈജാമകളും ധരിച്ച നമ്മളെ ചില്ലകളിലേക്കു തട്ടിയിടുന്നു. തെരുവുകൾ എവിടെ? ഇലകൾക്കും പായലിനുമടിയിലൂടെ അവ ഒഴുകിപ്പോയിരിക്കുന്നു. ടെലിഫോൺ കമ്പികൾ, കാറുകളുടെ ചീറിപ്പായൽ? അവയിപ്പോൾ സ്വപ്നങ്ങളിലേ വഴി മുടക്കുന്നുള്ളു. കടകളുടെ മുൻവശത്തെ ചില്ലലമാരകൾ? വഴിയാത്രക്കാരെത്തേടി അവ മറ്റെവിടെയോ പോയിരിക്കുന്നു.

കാട് ചുറ്റും നോക്കിയിട്ട് നടത്തം നിർത്തുന്നു. വിപുലയായി, ശാന്തയായി തന്റെ നെറ്റിത്തടത്തിൽ നിന്ന് അവൾ മേഘങ്ങളെ തുടച്ചുമാറ്റുന്നു; എന്നാലവ പിന്നെയും പറ്റിപ്പിടിക്കുന്നുണ്ട്...ആ നിശ്ചേഷ്ടത നിശ്ശേഷമാണ്‌, ആരോ ഒന്നു നെടുവീർപ്പിട്ടപോലെ. കാട് ഒറ്റയ്ക്കാണ്‌, പഴയ ഒരാല്ബം നോക്കിനില്ക്കുന്ന ഒരു വിധവയെപ്പോലെ. അവൾ അവിടെത്തന്നെ നില്ക്കുന്നു. കുടിയന്മാർ പൊയ്ക്കഴിഞ്ഞു, വൈൻ മുഴുവൻ കുടിച്ചുതീർക്കാതെ, പാട്ടു മുഴുവൻ പാടിത്തീർക്കാതെ. വൈൻ? മുകളിൽ മൂക്കു തുടുത്ത മേഘങ്ങൾ മത്തു പിടിച്ചപോലെ എന്തോ മന്ത്രിക്കുന്നുണ്ട്. കാട് പെട്ടെന്നു തിരിഞ്ഞുനടക്കുന്നു; അവൾ തിരിഞ്ഞുനോക്കുന്നില്ല. ആദ്യത്തെ ട്രാമിന്റെ ചൂളംവിളി വീടുകളെ നിരത്തിനിർത്തുകയും ചെയ്യുന്നു.

കുട്ടിക്കഥ


കുട്ടിക്കവിതകളെഴുതുന്ന ഒരു കവിയുടെ
സ്വന്തം കുട്ടി മരിക്കാൻ കിടക്കുകയാണ്‌.
അവനു ചുറ്റും എന്തൊരാൾക്കൂട്ടമാണ്‌-
ജ്ഞാനികളായ കൂമന്മാർ,
സംസാരിക്കുന്ന കൂണുകൾ,
തറവാടികളായ വണ്ടുകൾ,
ബുദ്ധിശൂന്യനായ ചെന്നായ,
സൂത്രശാലിയും കുശാഗ്രബുദ്ധിയും
കാണാൻ സുന്ദരനുമായ കുറുനരി...
എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്,
അവർ കാത്തുനില്ക്കുകയുമാണ്‌.

കുട്ടിക്കവിതകളെഴുതുന്ന ഒരു കവിയുടെ
സ്വന്തം കുട്ടി മരിക്കാൻ കിടക്കുകയാണ്‌.
അബദ്ധക്കാരായ ഒച്ചുകൾ
അവന്റെ മേൽ ഇഴഞ്ഞുകേറുന്നു,
അവയുടെ തണുത്ത, കൊഴുത്ത സ്രവം
അവനെ സാവധാനം ഒരഭ്രത്തുണ്ടാക്കുന്നു,
മഞ്ഞിച്ചതും തൊട്ടാൽ പൊടിയുന്നതും.
അതു തട്ടിയെടുക്കാൻ ഒരു മലങ്കാക്ക പറന്നിറങ്ങുന്നു,
അവൾക്കു ചിറകു മിനുക്കാൻ
ഇനിയെന്നും അതു മതിയല്ലോ.

കുട്ടിക്കവിതകളെഴുതുന്ന ഒരു കവിയുടെ
സ്വന്തം കുട്ടി മരിക്കാൻ കിടക്കുകയാണ്‌.
“ഇവിടെ എന്തുമാത്രം വായുവുള്ളതാണ്‌,
എന്തിനാണതത്രയും നിങ്ങൾ ഉള്ളിലാക്കുന്നത്?”
-ഉള്ളുലഞ്ഞ കവി സ്വന്തം സൃഷ്ടികളോടു ചോദിക്കുന്നു.
ആ  കൂട്ടത്തിന്റെ കാതുകളിലതെത്തുന്നേയില്ല;
തിക്കിത്തിരക്കിയും  ചൂടും ചൂരുമുയർത്തിയും
അക്ഷമയോടവർ കാത്തുനില്ക്കുകയാണ്‌,
അതൊന്നവസാനിച്ചുകിട്ടാൻ,
എന്നിട്ടവിടെനിന്നോടിപ്പോകാൻ.

(ബൾഗേറിയൻ കവിയും വിവർത്തകനുമായ ജ്യോർജി ബെലെവ് Georgi Trendafilov Belev ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ 1945 മേയ് 4നു ജനിച്ചു. 1990ൽ അമേരിക്കയിലേക്കു കുടിയേറി ബോസ്റ്റണിൽ സ്ഥിരതാമസമാക്കി. ബൾഗേറിയൻ കവിതയുടെ ഏറ്റവും സമഗ്രമായ ഇംഗ്ലീഷ് സമാഹാരം, Clay and Star: Contemporary Bulgarian Poets" (1992) Lisa Sapinkopfനൊപ്പം എഡിറ്റ് ചെയ്തു. 2020 മേയ് 14ന്‌ കൊവിഡ് ബാധിച്ചു മരിച്ചു.)

അഭിപ്രായങ്ങളൊന്നുമില്ല: