2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ലോർക്ക -സെവിയേയിലേക്കുള്ള പാതയിൽ വച്ച് അന്തോണിയോ ഡെൽ കംബോറിയോയെ പോലീസ് പിടിക്കുന്നു


അന്തോണിയോ ടോറെസ് ഹെറേദിയ,
കംബോറിയോകളുടെ മകനും ചെറുമകനും,
ഒരു വില്ലോമരച്ചാട്ടയുമായി
സെവിയേയിലേക്കു പോവുകയാണ്‌,
മൂരികളെ നോക്കാൻ.
ഹരിതചന്ദ്രനെപ്പോലിരുണ്ടവൻ,
തല ഉയർത്തിപ്പിടിച്ചവൻ നടക്കുന്നു,
തിടുക്കമേതുമില്ലാതെ.
അവന്റെ കുറുനിരകളുടെ മയില്പീലിമിനുക്കം
രണ്ടു കണ്ണുകൾക്കിടയിൽ മിന്നിക്കെടുന്നു.
സെവിയേയിലേക്കുള്ള വഴി പാതിയെത്തുമ്പോൾ
ഉരുണ്ട നാരങ്ങകൾ ചിലതവൻ അറുത്തെടുക്കുന്നു,
ഒന്നൊന്നായതു പുഴയിലേക്കെറിയുന്നു,
പുഴയ്ക്കു പൊന്നിന്റെ നിറം പകരുന്നു.
സെവിയേയിലേക്കുള്ള വഴി പാതിയെത്തുമ്പോൾ
പന്തലിച്ചുനിന്നൊരു മരത്തിനടിയിൽ വച്ച്
റോന്തു ചുറ്റുന്ന ഒരു പോലീസ് സംഘം
അവനെ കടന്നുപിടിച്ചു കൂടെക്കൊണ്ടുപോകുന്നു.
*
പകൽ പതിയെ കടന്നുപോകുന്നു,
കടലിനും അരുവികൾക്കും മുകളിലൂടെ കടന്നുപോകുന്നു,
ഒരു കാളപ്പോരുകാരന്റെ കൈയ്യില്ലാത്ത കുപ്പായമെന്നപോലെ.
മകരം രാശിയിലെ രാത്രിക്കായി ഒലീവുമരങ്ങൾ കാത്തുനില്ക്കുന്നു.
ഈയക്കട്ടികളായ കുന്നുകൾക്കു മേൽകൂടി
കുതിരയെപ്പോലൊരു ചെറുകാറ്റു കുതിച്ചോടുന്നു.
അന്തോണിയോ ടോറെസ് ഹെറേദിയ,
കംബോറിയോകളുടെ മകനും ചെറുമകനും,
വില്ലോമരച്ചാട്ടയില്ലാതെ നടന്നുപോകുന്നു,
അഞ്ചു പോലീസ് തൊപ്പികൾക്കിടയിലായി.

“അന്തോണിയോ, ആരാണു നീ?
നീ ശരിക്കുമൊരു കംബോറിയോ ആയിരുന്നെങ്കിൽ
അഞ്ചു ദ്വാരങ്ങളിലൂടെ ചോര ചീറ്റുന്നൊരു ജലധാര
നീയിപ്പോൾ തീർത്തേനെയല്ലോ!
ഒരു തന്തയുടേയുമല്ലാത്ത മകനാണു നീ,
ഒരു കംബോറിയോയുമല്ല നീ.
അവരെല്ലാം മണ്മറഞ്ഞുകഴിഞ്ഞു,
കുന്നുകളിലൂടൊറ്റയ്ക്കലഞ്ഞ ജിപ്സികൾ!
അവരുടെ പഴയ കത്തികൾ
മണ്ണിനടിയിൽ കിടന്നു വിറകൊള്ളുന്നു.“
*
അന്നു രാത്രിയിൽ ഒമ്പതു മണിയ്ക്ക്
അവരവനെ ഒരു സെല്ലിലടയ്ക്കുന്നു,
പോലീസുകാർ സംഘം ചേർന്ന്
നാരങ്ങാവെള്ളം കുടിക്കുകയാണ്‌.
അന്നു രാത്രിയിൽ ഒമ്പതുമണിയ്ക്ക്
അവരവനെ ഒരു സെല്ലിലടച്ചിട്ടു,

ഒരാൺകുതിരക്കുട്ടിയുടെ ഊരകൾ പോലെ

ആകാശം തിളങ്ങുമ്പോൾ.


(1926 ജനുവരി 20നെഴുതിയത്. തുടക്കത്തിലെ വരികൾ അതിപ്രചാരമുള്ള ഒരു നാടൻപാട്ടിനെ ഓർമ്മിപ്പിക്കുന്നു: ”മാലഗാക്കാരി ഒരു പെൺകുട്ടി/കാലികളെ നോക്കാൻ സെവിയേയിലേക്കു പോകുന്നു/പാതിവഴിയെത്തുമ്പോൾ മൂറുകൾ അവളെ പിടിച്ചു.“ ”മകരം രാശിയിലെ രാത്രി“ ഒലീവുതോപ്പുകളിൽ വിളവെടുക്കുന്ന ഡിസംബറിന്റെ സൂചനയാണ്‌. ക്രിസ്തുവിന്റെ പീഡാനുഭവമാണ്‌ വിഷയമെന്ന ഒരു വ്യാഖ്യാനവുമുണ്ട്.)

അഭിപ്രായങ്ങളൊന്നുമില്ല: