ഉരുളൻകല്ല്
ഒരു സമ്പൂർണ്ണജീവിയാണ്
അത് അതിനു തുല്യം
അതിന്റെ അതിരുകളറിയുന്നത്
ഒരു ഉരുളൻകല്ലർത്ഥം കൊണ്ട്
കൃത്യമായി നിറഞ്ഞത്
അതിന്റെ ഗന്ധം ഒന്നിനേയും ഓർമ്മിപ്പിക്കുന്നില്ല
ഒന്നിനേയും വിരട്ടിയോടിക്കുന്നില്ല
ഒരാഗ്രഹവുമുണർത്തുന്നില്ല
അതിന്റെ വ്യഗ്രതയും നിർമ്മമതയും
നീതിയുക്തവും അന്തസ്സുറ്റതുമാണ്
അതിനെ കയ്യിലെടുത്തു പിടിക്കുമ്പോൾ
അതിന്റെ അഭിജാതമായ ഉടലിൽ
കൃത്രിമച്ചൂടു പകരുമ്പോൾ
എനിക്കു കടുത്ത പശ്ചാത്താപം തോന്നുന്നു
-ഉരുളൻകല്ലുകളെ മെരുക്കാനാവില്ല
അവസാനം വരെയും അവ നമ്മെ നോക്കിക്കൊണ്ടിരിക്കും
പ്രശാന്തവും സ്വച്ഛവുമായ കണ്ണുകൊണ്ട്
(1961)
(ഹെർബെർട്ടിന്റെ ഏറ്റവും പ്രസിദ്ധമായ കവിതകളിൽ ഒന്നാണിത്. അചേതനവസ്തുക്കളിൽ മാനുഷികവികാരങ്ങൾ ആരോപിക്കുന്നതിനെതിരായിട്ടുള്ള ഒരു മുന്നറിയിപ്പായിട്ടാണ് ഈ കവിത വായിക്കപ്പെടുന്നത്. വസ്തുക്കളിൽ അതതു വസ്തുവിന്റെ ‘വസ്തുത്വ’മല്ലാതെ മറ്റൊരു വാസ്തവം നാം അന്വേഷിക്കേണ്ടതില്ല. ഷിംബോർസ്ക്കയുടെ ഒരു ‘കല്ലുമായി നടത്തിയ സംഭാഷണം’ ഈ കവിതയുമായി ചേർത്തു വായിക്കാവുന്നതാണ്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ