2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ലോർക്ക - ന്യൂയോർക്കിലെ പ്രഭാതം



ന്യൂയോർക്കിലെ പ്രഭാതത്തിന്‌
ചെളി കൊണ്ടു നാലു തൂണുകൾ,
അഴുകിയ വെള്ളത്തിൽ ചിറകിട്ടടിക്കുന്ന
കറുത്ത മാടപ്രാവുകളുടെ ചുഴലിക്കാറ്റും.

ന്യൂയോർക്കിലെ പ്രഭാതം
കൂറ്റൻ കോണിപ്പടികളുടനീളം
ഞരങ്ങിക്കൊണ്ടു തേടുന്നു,
വേദനയുടെ കൈ കൊണ്ടുവരച്ച ജടാമാഞ്ചികൾ.

പ്രഭാതം വന്നെത്തുമ്പോൾ
ആരുമതിനെ തന്റെ വായിൽ സ്വീകരിക്കുന്നില്ല.
അവർക്കറിയാം,
പ്രഭാതവും പ്രതീക്ഷയും അസാദ്ധ്യമാണിവിടെ.

ചിലനേരം നാണയങ്ങളുടെ ഭീഷണമായ പറ്റങ്ങൾ
അനാഥക്കുട്ടികളെ വിഴുങ്ങാനെത്തുന്നു.

അതിരാവിലെ പുറത്തുപോകുന്നവർ
തങ്ങളുടെ മജ്ജകളിലറിയുന്നു,
പറുദീസയുണ്ടാവില്ല, 
നഗ്നമാകുന്ന പ്രണയമുണ്ടാവുകയില്ല.
അവർക്കറിയാം, തങ്ങൾ പോകുന്നത്
അക്കങ്ങളുടേയും നിയമങ്ങളുടേയും
കൊഴുത്ത ചെളിയിലേക്കാണെന്ന്,
മൂഢമായ കളികളിലേക്കും
ഫലം കെട്ട യത്നങ്ങളിലേക്കുമാണെന്ന്.

വേരറ്റ ശാസ്ത്രത്തിന്റെ നാണം കെട്ട വെല്ലുവിളിയിൽ
ചങ്ങലകൾക്കും ഒച്ചകൾക്കുമടിയിൽ
വെളിച്ചം മൂടിക്കിടക്കുന്നു.

നഗരത്തിലെവിടെയും ഉറക്കമില്ലാത്ത മനുഷ്യർ
വേച്ചുവേച്ചുനടക്കുന്നു,
ചോരയുടെ കപ്പൽച്ചേതത്തിൽ നിന്നു രക്ഷപ്പെട്ടവരെപ്പോലെ.


അഭിപ്രായങ്ങളൊന്നുമില്ല: