2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - അവസാനത്തെ അപേക്ഷ



അവർക്കിപ്പോൾ തലയനക്കാൻ പറ്റാതായിരിക്കുന്നു
എന്നോടവർ കുനിഞ്ഞുനില്ക്കാൻ ആംഗ്യം കാണിച്ചു
-ഇത് ഇരുന്നൂറു സ്ലോട്ടിയുണ്ട്
ബാക്കി കൂടിയിട്ട്
എനിക്കു വേണ്ടി ഒരു ഗ്രിഗേറിയൻ കുർബ്ബാന നടത്തണം

അവർക്കു വേണ്ടത് 
മുന്തിരിപ്പഴമല്ല
അവർക്കു വേണ്ടത്
മോർഫിനല്ല
അവർക്കു
പാവങ്ങളെ സന്തോഷിപ്പിക്കുകയും വേണ്ട
അവർക്കു വേണ്ടത് ഒരു കുർബ്ബാനയാണ്‌

അങ്ങനെ അവർക്കു വേണ്ടി ഒരു കുർബ്ബാന നടത്തി

പള്ളിയിലെ ഇരിപ്പിടങ്ങൾക്കിടയിൽ
ചൂടത്ത് ഞങ്ങൾ മുട്ടുകുത്തി
എന്റെ സഹോദരൻ തൂവാല കൊണ്ടു നെറ്റി തുടയ്ക്കുന്നു
എന്റെ സഹോദരി പ്രാർത്ഥനാപുസ്തകം കൊണ്ട് വീശുന്നു
ഞാൻ ഉരുവിടുന്നു
...ഞങ്ങൾ ക്ഷമിക്കുന്നപോലെ
ബാക്കി ഓർമ്മ വരാത്തതിനാൽ
ഞാൻ പിന്നെയും അതുതന്നെ ഉരുവിടുന്നു

വികാരി
കത്തിച്ച ഏഴു ലില്ലികളുടെ പാതയിലൂടെ
നടക്കുന്നു
ഓർഗൻ വിലപിക്കുന്നു
അതു തുറക്കുമെന്നും
കാറ്റൊഴുകിയെത്തുമെന്നും തോന്നിപ്പോകുന്നു

എന്നാൽ ഇല്ല
സകലതും അടഞ്ഞിരിക്കുകയാണ്‌
ഒരു മെഴുകുതിരിയുടെ തണ്ടിലുടെ
മെഴുകുരുകിയൊലിക്കുന്നു
ഞാനോർക്കുകയാണ്‌
മെഴുകു കൊണ്ട് അവരെന്തു ചെയ്യും
പുതിയ മെഴുകുതിരി ഉണ്ടാക്കാൻ ഉപയോഗിക്കുമോ
അതോ എടുത്തുകളയുമോ

ഞങ്ങൾക്കു ചെയ്യാനാകാത്തത്
വികാരിക്കു
ചെയ്യാൻ പറ്റിയെന്നുവരാം
ഒരല്പം ഉയരാൻ കൂടി കഴിഞ്ഞെന്നുവരാം

ഒരു മണി മുഴങ്ങുന്നു

കറുത്ത ഉടലും
വെള്ളിച്ചിറകുകളുമായി
വികാരി
ആദ്യത്തെ രണ്ടു പടികൾ കയറുന്നു
പിന്നെ ഒരീച്ചയെപ്പോലെ
താഴേക്കുരസ്സിയിറങ്ങുന്നു

പള്ളിയിലെ ഇരിപ്പിടങ്ങൾക്കിടയിൽ
ചൂടത്ത് ഞങ്ങൾ മുട്ടു കുത്തി
വിയർപ്പിന്റെ ഒരിഴ
മണ്ണുമായി ഞങ്ങളെ ബന്ധിച്ചിരുന്നു

ഒടുവിൽ എല്ലാം കഴിയുന്നു
ഞങ്ങൾ തിടുക്കത്തിൽ പുറത്തേക്കിറങ്ങുന്നു
പുറത്തെത്തിയതും
ദീർഘശ്വാസമെടുക്കുക
എന്ന മഹത്തായ കർമ്മം നടക്കുന്നു

(1961)


അഭിപ്രായങ്ങളൊന്നുമില്ല: