2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ബുനുവേൽ - ലോർക്കയുടെ മരണം

 Un Chien andalou (ഒരു ആൻഡലൂഷ്യൻ നായ)വിനു ശേഷം ഞാനും ലോർക്കയും തമ്മിൽ ഒന്നു തെറ്റിയിരുന്നു; ആ സിനിമ തനിക്കെതിരായുള്ള വ്യക്തിപരമായ ഒരാക്രമണമാണെന്നായിരുന്നു അവന്റെ ചിന്ത; അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുന്നതായിട്ടണ്‌ അവൻ നടിച്ചത്.

“ബുന്വെൽ ഒരു കൊച്ചുസിനിമ ഉണ്ടാക്കിയിട്ടുണ്ട്, ഇങ്ങനൊരെണ്ണം!” വിരൽ ഞൊടിച്ചുകൊണ്ട് അവൻ പറയാറുണ്ടായിരുന്നു. “ഒരു ആൻഡലൂഷ്യൻ നായ എന്നാണതിന്റെ പേര്‌; ആ നായ ഞാനാണ്‌.”

എന്നാൽ 1934 ആയപ്പോഴേക്കും ഞങ്ങൾ പിന്നെയും നല്ല കൂട്ടുകാർ ആയിക്കഴിഞ്ഞിരുന്നു; ആൾക്കൂട്ടത്തിന്റെ ആരാധനയോട് അവനൊരല്പം അനുഭാവമുണ്ടെന്ന് എനിക്കു ചിലപ്പോൾ തോന്നിയിരുന്നുവെങ്കില്ക്കൂടി, സാധിക്കുമ്പോഴൊക്കെ ഞങ്ങൾ ഒരുമിച്ചു കൂടിയിരുന്നു. എൽ പൗലാറിന്റെ ഗോത്തിക് ഏകാന്തതയിൽ കുറച്ചു സമയം കഴിക്കാൻ വേണ്ടി ഞങ്ങൾ പലപ്പോഴും ഉഗാർത്തേയുടെ കൂടെ മലകളിലേക്കു കാറോടിച്ചു പോയിരുന്നു. ആശ്രമം ജീർണ്ണാവസ്ഥയിലായിരുന്നു; എന്നാലും ഫൈൻ ആർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ചെല്ലുന്നവർക്കു വേണ്ടി വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ചില മുറികൾ മാറ്റിവച്ചിരുന്നു. സ്വന്തമായി സ്ലീപ്പിങ്ങ് ബാഗ് കൊണ്ടുപോയാൽ അവിടെ രാത്രി കഴിക്കുകയുമാവാം.

ചുറ്റും ഉഗ്രയുദ്ധം നടക്കുമ്പോൾ കവിതയെക്കുറിച്ചോ പെയിന്റിങ്ങിനെക്കുറിച്ചോ കാര്യമായ ചർച്ചകൾ നടത്തുക ദുഷ്കരമായിരുന്നു. ഫ്രാങ്കോ വരുന്നതിനു നാലുദിവസം മുമ്പ് രാഷ്ട്രീയകാര്യങ്ങളിൽ ഒരാവേശവും കാണിക്കാത്ത ലോർക്ക പെട്ടെന്ന് താൻ ജന്മദേശമായ ഗ്രനാഡയിലേക്കു പോകാനുള്ള തീരുമാനം അറിയിച്ചു.

“ഫെദെറിക്കോ,” ഞാൻ അവനോടപേക്ഷിച്ചു, “ഭയങ്കരമായ കാര്യങ്ങളാണു നടക്കുന്നത്. നീ ഇപ്പോൾ പോകാൻ പാടില്ല, ഇവിടെത്തന്നെ നില്ക്കുന്നതാണ്‌ സുരക്ഷിതം.”

ഞങ്ങൾ ആരു പറഞ്ഞിട്ടും കേൾക്കാതെ അടുത്ത ദിവസം അവൻ നാട്ടിലേക്കു പോയി; അവൻ ആകെ പേടിച്ച മട്ടായിരുന്നു. അവന്റെ മരണവാർത്ത വല്ലാത്തൊരാഘാതമായിരുന്നു. ഫെദെറിക്കോയെപ്പോലെ ഇത്ര വിശിഷ്ടനായ ഒരു മനുഷ്യജീവിയെ ഞാൻ കണ്ടിട്ടില്ല. അവന്റെ നാടകങ്ങളുടെയോ കവിതയുടേയോ കാര്യമല്ല ഞാൻ പറയുന്നത്; വ്യക്തി എന്ന നിലയിലുള്ള കാര്യമാണ്‌. ഷോപ്പാങ്ങിനെ അനുകരിച്ചുകൊണ്ട് പിയാനോ വായിക്കുമ്പോഴാകട്ടെ, ഒരു പാന്റോമൈം തട്ടിക്കൂട്ടുമ്പോഴാകട്ടെ, ഒരു നാടകരംഗം അഭിനയിച്ചുകാണിക്കുമ്പോഴാകട്ടെ, അവൻ നമ്മളെ വല്ലാതെ വശീകരിച്ചുകളയും. അവൻ ഒന്നാന്തരമായി വായിച്ചിരുന്നു; ചെറുപ്പവും ആവേശവും ആഹ്ലാദവും അവനുണ്ടായിരുന്നു. റെസിഡെൻസിയയിൽ വച്ച് ഞങ്ങൾ ആദ്യമായി കാണുമ്പോൾ സ്പോർട്ട്സിൽ മാത്രം താല്പര്യമുള്ള വെറുമൊരു കാടനായിരുന്നു ഞാൻ. അവനാണ്‌ എന്നെ മാറ്റിത്തീർത്തത്, തീർത്തും വ്യത്യസ്തമായ ഒരു ലോകം എനിക്കു പരിചയപ്പെടുത്തിത്തന്നത്. അവൻ ഒരു തീനാളം പോലെയായിരുന്നു.

അവന്റെ ജഡം ഇന്നുവരെ കണ്ടെത്തിയിട്ടില്ല. അവന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ തോന്നിയപോലെ പ്രചരിക്കുന്നുണ്ടായിരുന്നു; സ്വവർഗ്ഗപ്രണയവുമായി ബന്ധപ്പെട്ട എന്തോ കള്ളക്കളി നടന്നിട്ടുണ്ടെന്ന ഹീനമായ ഒരഭിപ്രായം പോലും ദാലിയുടെ ഭാഗത്തു നിന്നുണ്ടായി. ലോർക്ക കൊല്ലപ്പെട്ടത് അവൻ കവിയായതുകൊണ്ടാണ്‌ എന്നതാണു വാസ്തവം. “ബുദ്ധിജീവികൾക്കു മരണം” എന്നത് യുദ്ധകാലത്തു പ്രചാരത്തിലുണ്ടായിരുന്ന ഒരു മുദ്രാവാക്യമായിരുന്നു. ഗ്രനാഡയിൽ ചെന്നപ്പോൾ അവൻ താമസിച്ചത് റൊസാലസ്സിന്റെ കൂടെ ആയിരുന്നു; ആ ഫലാൻജിസ്റ്റിന്റെയും ലോർക്കയുടെയും കുടുംബങ്ങൾ തമ്മിൽ പരിചയവുമായിരുന്നു. റൊസാലസ്സിന്റെ വീട്ടിൽ താൻ സുരക്ഷിതനായിരിക്കും എന്നാണ്‌ അവൻ വിചാരിച്ചതെന്ന് ഞാൻ ഊഹിക്കുന്നു; എന്നാൽ ഒരുദിവസം രാത്രിയിൽ ആരെന്നറിയാത്ത ഒരുകൂട്ടം ആളുകൾ (അതറിഞ്ഞിട്ടു കാര്യവുമില്ല) അലോൺസോ എന്നു പേരുള്ള ഒരുവന്റെ നേതൃത്വത്തിൽ പെട്ടെന്നുവന്ന് ഒരു ട്രക്കിൽ അവനെ കയറ്റിക്കൊണ്ടുപോയി; അവന്റെ കൂട്ടത്തിൽ ചില പണിക്കാരും ഉണ്ടായിരുന്നു. ഫെദെറിക്കോയ്ക്ക് മരണത്തെയും മരണവേദനയേയും വല്ലാത്ത പേടിയായിരുന്നു. അർദ്ധരാത്രിയിൽ വെടിവച്ചുകൊല്ലാനായി ഒരൊലീവുതോട്ടത്തിലേക്കു തന്നെ കൊണ്ടുപോകുന്ന ഒരു ട്രക്കിലിരിക്കുമ്പോൾ അവന്റെ തോന്നലുകൾ എന്തായിരിക്കുമെന്ന് എനിക്കു സങ്കല്പിക്കാം. അതിനെക്കുറിച്ചു ഞാൻ പലപ്പോഴും ഓർത്തുപോകാറുണ്ട്.


(ബുന്വേലിന്റെ ഓർമ്മക്കുറിപ്പുകളായ “എന്റെ അന്ത്യശ്വാസ”ത്തിൽ നിന്ന്. ജനറൽ ഫ്രാങ്കോയുടെ നാഷണലിസ്റ്റ് മിലിഷ്യ ലോർക്കയെ വെടിവച്ചുകൊന്നത് 1936 ആഗസ്റ്റ് 19നു രാത്രിയിലാണ്‌.)


അഭിപ്രായങ്ങളൊന്നുമില്ല: