2020, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - അഞ്ചുപേർ

 

1
കല്ലു പാകിയ മുറ്റത്തേക്ക്
രാവിലെ അവരെ വിളിച്ചിറക്കിക്കൊണ്ടുപോകുന്നു
ചുമരിനെതിരെ അവരെ നിരത്തിനിർത്തുന്നു

അഞ്ചുപേർ
രണ്ടു പേർ വളരെച്ചെറുപ്പം
മറ്റുള്ളവർ മദ്ധ്യവയസ്കർ

അവരെക്കുറിച്ചു
മറ്റൊന്നും പറയാനില്ല

2
പട്ടാളക്കാർ അവർക്കു നേരെ
തോക്കുകൾ ചൂണ്ടുമ്പോൾ
പെട്ടെന്നു സർവ്വതും പ്രത്യക്ഷമാകുന്നു
സുനിശ്ചിതത്വത്തിന്റെ
പകിട്ടുവെളിച്ചത്തിൽ

മഞ്ഞച്ചുമര്‌
തണുത്ത നീല
ചക്രവാളത്തിനു പകരം
ചുമരിലെ കറുത്ത കമ്പി

ഈ നിമിഷത്തിലാണ്‌
ഇന്ദ്രിയങ്ങളഞ്ചും കുതറുന്നത്
മുങ്ങുന്ന കപ്പലിൽ നിന്നെലികളെപ്പോലെ
അവ രക്ഷപ്പെട്ടേനെ

വെടിയുണ്ട അതിന്റെ ലക്ഷ്യം കാണും മുമ്പേ
കണ്ണുകൾ അതിന്റെ യാത്രാപഥം ദർശിക്കും
കാതുകൾ ഒരു ലോഹമർമ്മരം രേഖപ്പെടുത്തും
നാസകൾ പൊള്ളുന്ന പുക കൊണ്ടു നിറയും
ചോരയുടെ ഒരിതൾ നാവിലുരുമ്മും
സ്പർശം ഒന്നു മുറുകി പിന്നെ അയയും
ഇപ്പോഴവർ നിലത്തു ചടഞ്ഞുകൂടിക്കിടക്കുന്നു
കണ്ണു വരെയും അവരെ നിഴൽ മൂടിയിരിക്കുന്നു
പട്ടാളക്കാർ നടന്നുപോകുന്നു
ചുമരിനരികിൽ കിടക്കുന്നവരെക്കാൾ
ജീവനുള്ളതാണ്‌
അവരുടെ ബട്ടണുകൾ വാറുകൾ
ഉരുക്കുതൊപ്പികളും

3
ഞാനിത് ഇന്നറിഞ്ഞതല്ല
ഇന്നലെയ്ക്കും മുന്നേ എനിക്കിതറിയാമായിരുന്നു

എങ്കില്പിന്നെ പൂക്കളെക്കുറിച്ചുള്ള നിസ്സാരകവിതകളെഴുതി
ഞാനെന്തിനു കാലം കഴിച്ചു

വധശിക്ഷയുടെ തലേ രാത്രിയിൽ
ആ അഞ്ചുപേർ എന്തിനെക്കുറിച്ചാവും സംസാരിച്ചിരിക്കുക

നടക്കാൻ പോകുന്ന സ്വപ്നങ്ങളെക്കുറിച്ച്
ഏതോ വേശ്യാലയത്തിൽ നടത്തിയ തോന്ന്യാസത്തെക്കുറിച്ച്
കാറുകളുടെ സ്പെയർപാർട്ടുകളെക്കുറിച്ച്
ഒരു കടൽയാത്രയെക്കുറിച്ച്
കൈയിൽ ഇസ്പേഡുണ്ടായിട്ടും
കളി തോറ്റതിനെക്കുറിച്ച്
തലയ്ക്കു കനം വരാതിരിക്കാൻ
വൈനിനെക്കാൾ നല്ലത് വോഡ്ക്കയാണെന്നതിനെക്കുറിച്ച്
പെണ്ണുങ്ങളെക്കുറിച്ച്
പഴങ്ങളെക്കുറിച്ച്
ജീവിതത്തെക്കുറിച്ച്

അതുകൊണ്ട് കവിതയിൽ നിങ്ങൾക്ക്
ഗ്രീക്ക് ആട്ടിടയന്മാരുടെ പേരുപയോഗപ്പെടുത്താം
പ്രഭാതവാനത്തിന്റെ നിറം പിടിച്ചെടുക്കാൻ നോക്കാം
പ്രണയത്തെക്കുറിച്ചെഴുതാം
പിന്നെ
ഒരിക്കല്ക്കൂടി
എത്രയും ആത്മാർത്ഥതയോടെ
വഞ്ചിക്കപ്പെട്ട ലോകത്തിന്‌
ഒരു പനിനീർപ്പൂ
വച്ചുനീട്ടുകയുമാവാം

(1957)


അഭിപ്രായങ്ങളൊന്നുമില്ല: