2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ലോർക്ക - പശു


മുറിപ്പെട്ട പശു പുല്ലിന്മേൽ വീണുകിടന്നു;
മരങ്ങളും അരുവികളും അതിന്റെ കൊമ്പുകളിൽ പിടിച്ചുകയറി.
അതിന്റെ മോന്ത ആകാശത്തു ചോര വാർത്തു.

പതഞ്ഞുവീഴുന്ന ഉമിനീരിനു ചുവടെ
തേനീച്ച പോലെ അതിന്റെ മോന്ത.
ഒരു വെളുത്ത രോദനം പ്രഭാതത്തെ മുട്ടുകാലിൽ വീഴ്ത്തുന്നു.

പശുക്കൾ, ചത്തതും ജീവനുള്ളതും,
തുടുത്ത വെളിച്ചത്തിന്റെയോ തേനിന്റെയോ നിറമുള്ളവ,
പാതിയടഞ്ഞ കണ്ണുകളോടെ മുക്കുറയിടുകയായിരുന്നു.

വേരുകളോടു പറയൂ,
കത്തി മൂർച്ച കൂട്ടുന്ന ആ കുട്ടിയോടു പറയൂ:
ഇനിയവർക്ക് പശുവിനെ തിന്നാം.

അങ്ങു മുകളിൽ,
വെളിച്ചങ്ങളും കഴുത്തിലെ സിരകളും വിളറുന്നു.
നാലു കുളമ്പുകൾ വായുവിൽ വിറകൊള്ളുന്നു.

ചന്ദ്രനോടു പറയൂ,
മഞ്ഞിച്ച പാറകളുടെ ഈ രാത്രിയോടു പറയൂ:
ചാരത്തിന്റെ പശു പൊയ്ക്കഴിഞ്ഞു.

അതു പൊയ്ക്കഴിഞ്ഞു,
കുടിയന്മാർ മരണമുണ്ണുന്ന
അനക്കമറ്റ ആകാശത്തിന്റെ നാശാവശിഷ്ടങ്ങൾക്കിടയിലൂടെ.
***

1929-30ൽ പഠനത്തിനായി ന്യൂയോർക്കിലെത്തിയ ലോർക്കയുടെ ആ നഗരത്തെക്കുറിച്ചുള്ള കാവ്യപ്രതികരണമാണ്‌ Poeta en Nueva York (ന്യൂയോർക്കിലെ കവി.) ലോർക്കയുടെ മരണശേഷം 1940ലാണ്‌ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.

പണത്തിന്റെയും യന്ത്രങ്ങളുടേയും ആർത്തിയുടേയും നഗരമാണ്‌ ലോർക്കയ്ക്ക് ന്യൂയോർക്ക്. ഒരമേരിക്കൻ സ്നേഹിതനായ ഫിലിപ് കമ്മിങ്ങ്സ് തന്റെ ഗ്രാമമായ വെർമൊണ്ടിലേക്കു ക്ഷണിച്ചപ്പോൾ ലോർക്കയ്ക്ക് അത് ആ അസുരനഗരത്തിൽ നിന്ന് അല്പകാലത്തേക്കുള്ള മോചനമായിരുന്നു. ഇവിടെ വച്ച് ഒരയല്ക്കാരൻ രോഗം പിടിച്ച തന്റെ പശുവിനെ ചികിത്സിക്കാൻ മൃഗഡോക്ടറെ വിളിക്കുന്നത് ലോർക്ക കാണുന്നു. അദ്ദേഹത്തിന്‌ അതൊരു ഷോക്കായിരുന്നു; തന്റെ സ്പെയിനിൽ മനുഷ്യർക്കു പോലും ഡോക്ടർമാരില്ല എന്നാണ്‌ ലോർക്ക സ്നേഹിതനോടു പറയുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല: