കാടുകൾ കത്തിയെരിയുമ്പോൾ*
പനിനീർപ്പൂക്കളെയോർത്തു കരയാൻ നേരമില്ല
-ജൂലിയസ് സ്ലൊവാക്കി
കാടുകൾ കത്തുകയായിരുന്നു-
അവരെന്നാൽ
അന്യോന്യം മുഖങ്ങൾ കോരിയെടുക്കുകയായിരുന്നു
പനിനീർപ്പൂച്ചെണ്ടുകൾ പോലെ
ആളുകൾ ഷെൽട്ടർ നോക്കി ഓടി-
അയാൾ പറഞ്ഞു
തന്റെ ഭാര്യയുടെ മുടിയുടെ ആഴങ്ങൾ മതി
തനിക്കൊളിക്കാനെന്ന്
ഒരേ വിരിപ്പിനടിയിൽ കിടന്ന്
നിർലജ്ജമായ വാക്കുകൾ അവർ മന്ത്രിച്ചു
പ്രണയിക്കുന്നവരുടെ പ്രാർത്ഥന
സ്ഥിതി കൂടുതൽ മോശമായപ്പോൾ
അവർ അന്യോന്യം കണ്ണുകളിലോടിക്കയറി
എന്നിട്ടവർ കണ്ണുകളിറുക്കിയടച്ചു
തീനാളങ്ങൾ കണ്ണിമകളിലേക്കെത്തിയപ്പോൾ
അവരതറിഞ്ഞതുപോലുമില്ല
ഒടുക്കം വരെയും അവർ ധീരരായിരുന്നു
ഒടുക്കം വരെയും അവർ വിശ്വസ്തരായിരുന്നു
ഒടുക്കം വരെയും അവർ സമാനരായിരുന്നു
മുഖത്തിന്റെ വക്കിൽ തങ്ങിനില്ക്കുന്ന
രണ്ടു തുള്ളികൾ പോലെ
***
സ്ബിഗ്നിയെഫ് ഹെർബെർട്ടിന്റെ ആദ്യത്തെ കവിതാസമാഹാരമായ Chord of Light (1956)ലെ ആദ്യത്തെ കവിത. ആദ്യമായി പ്രസിദ്ധീകരിക്കുന്നതും ഈ കവിത തന്നെ ഹെർബെർട്ട് പറയുന്നു: “ഞാനന്ന് കൗമാരക്കാരനായിരുന്നു. യുദ്ധം നടക്കുകയാണ്. കനത്ത ബോംബിംഗ് നടന്ന ഒരു ദിവസം ഞാൻ ഷെൽട്ടറിലേക്കോടുമ്പോൾ- ഭയം എന്നെ അടിച്ചോടിക്കുകയായിരുന്നു- പടവുകളിൽ ഒരു യുവാവും യുവതിയും ചുംബിച്ചുകൊണ്ടുനില്ക്കുന്നത് ഞാൻ കണ്ടു. അങ്ങനെയൊരു സന്ദർഭത്തിൽ അത് തീർത്തും അസാധാരണമായിരുന്നു...കാരണം ഞാൻ വിവരിച്ചപോലത്തെ സന്ദർഭങ്ങളിൽ ആളുകളെ ഭീതി പൂർണ്ണമായും കീഴടക്കിക്കളയുന്നു, തങ്ങൾ സ്നേഹിക്കുന്നവരെപ്പോലും അവർക്കു മറക്കേണ്ടിവരുന്നു. അപകടം സുനിശ്ചിതമായ നിമിഷങ്ങളിൽ നമ്മളിൽ ഉണരുന്ന അതിജീവനവാസന എലികളുടേതുപോലത്തെ ഒരു ഭീതി നമ്മിൽ നിറയ്ക്കുകയാണ്, സ്വന്തം ജീവൻ മാത്രം രക്ഷിക്കുക എന്ന ഏകാഗ്രമായ ഇച്ഛ. എന്നാൽ ആ രണ്ടുപേർ തങ്ങൾക്കു ചുറ്റും കത്തിക്കാളുന്ന ക്രൂരതയെ പ്രണയത്തിന്റെ ദുർബ്ബലമായ ശക്തി കൊണ്ടു ചെറുക്കുകയായിരുന്നു.“
*മൂലകവിതയിൽ സ്ലൊവാക്കിയുടെ വരികൾ ഇല്ല. ഈ കവിത ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ചെസ്വ മിവോഷ് കൂട്ടിച്ചേർത്തതാണ്.
1 അഭിപ്രായം:
സ്ലോവാക്കിയുടെ വരികൾ ഹെർബെർട്ടിന്റെ ഈ കവിതയ്ക്കു അനുചിതമായി തോന്നുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ