സംഭവിച്ചതെല്ലാം നല്ലതിന്
സംഭവിക്കാനിരിക്കുന്നതും നല്ലതിന്
ഈ പറയുന്ന നിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നതും
അതും ഓക്കേ
മാംസം കൊണ്ടു മെടഞ്ഞെടുത്ത ഒരു കൂട്ടിനുള്ളിൽ
ഒരു കിളി ജീവിച്ചിരുന്നു
ഹൃദയത്തിനു ചുറ്റും അതു ചിറകടിച്ചിരുന്നു
മിക്കപ്പോഴും നാമതിനെ വിളിച്ചു: അശാന്തി
ചിലപ്പോൾ ഇങ്ങനെയും: പ്രണയം
വൈകുന്നേരങ്ങളിൽ
ഇരച്ചൊഴുകുന്ന സങ്കടപ്പുഴയുടെ കരയിലൂടെ നാം നടന്നു
പുഴയിൽ നമുക്കു നമ്മെത്തന്നെ കാണാമായിരുന്നു
അടി മുതൽ മുടി വരെ
ഇപ്പോൾ
കിളി മേഘങ്ങളുടെ അടിത്തട്ടിലേക്കു വീണിരിക്കുന്നു
പുഴ മണലിനടിയിലേക്കു വലിഞ്ഞിരിക്കുന്നു
കുട്ടികളെപ്പോലെ നിരാലംബരായി
വൃദ്ധരെപ്പോലെ പരിചയസമ്പന്നരായി
നാമിപ്പോൾ - സ്വതന്ത്രരാണ്
എന്നുപറഞ്ഞാൽ- പോകാൻ പാകത്തിലാണ്
രാത്രിയിൽ മുഖപ്രസാദമുള്ള ഒരു വയസ്സൻ വരുന്നു
വശീകരിക്കുന്നൊരു ചേഷ്ട കാട്ടി നമ്മെ വശത്താക്കാൻ നോക്കുന്നു
-നിങ്ങളാരാ- ഉൾപ്പേടിയോടെ നാം ചോദിക്കുന്നു
-സെനെക്ക- ഹൈസ്കൂൾ കടന്നവർ പറയുന്നു
ലാറ്റിൻ പിടിയില്ലാത്തവരാകട്ടെ
എന്നെ വിളിക്കുന്നു- പരേതൻ
(1957)
*സെനെക്ക (Seneca)- ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ സ്റ്റോയിക് ചിന്തകൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ