2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ലോര്‍ക്ക- കസീഡ: അസാദ്ധ്യമായ കൈ



യാതൊന്നുമെനിക്കു വേണ്ട, ഒരു കൈ മാത്രം മതി,
മുറിപ്പെട്ടതുണ്ടെങ്കിൽ അതു മാത്രം മതി.
യാതൊന്നുമെനിക്കു വേണ്ട, ഒരു കൈ മാത്രം മതി,
ഒരായിരം രാത്രികൾ കിടക്കയില്ലാതെ ഞാൻ കഴിഞ്ഞോളാം.

കുമ്മായം കൊണ്ടു വിളറിയൊരു ലില്ലിപ്പൂവാകുമത്,
എന്റെ നെഞ്ചോടു കൊളുത്തിയിട്ടൊരു മാടപ്രാവ്.
എന്റെ മരണം നടക്കുന്ന രാത്രിയിൽ
ചന്ദ്രനെ അകറ്റിനിർത്തുന്ന കാവല്ക്കാരൻ.

യാതൊന്നുമെനിക്കു വേണ്ട, ആ കൈ മാത്രം മതി,
എന്റെ നിത്യലേപനങ്ങൾക്കും എന്റെ മരണവേദനയുടെ വെള്ളവിരിയ്ക്കും.
യാതൊന്നുമെനിക്കു വേണ്ട, ആ കൈ മാത്രം മതി,
എന്റെ മാത്രം മരണത്തിന്റെ ഒരു ചിറകു താങ്ങാൻ.

അതല്ലാത്തതിനെല്ലാം ഒടുവിലൊടുക്കമാകുന്നു.
പേരില്ലാത്തൊരു തിളക്കം. ഒരു നിത്യതാരം.
അതല്ലാത്തതെല്ലാം മറ്റൊന്നാകുന്നു:
കരിയിലകൾ പാഞ്ഞൊളിക്കുന്ന ഒരു വിഷാദവാതം


അഭിപ്രായങ്ങളൊന്നുമില്ല: