2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്ബിഗിനിയെഫ് ഹെർബെർട്ട് - മീദാസ് രാജാവിന്റെ ദൃഷ്ടാന്തം



ഒടുവിൽ പുല്മേടുകളിൽ
സ്വർണ്ണമാൻ സുഷുപ്തിയിലാഴുന്നു

മലയാടുകളുമതുപോലെ
പാറകളിൽ തല താഴ്ത്തുന്നു

ഔറോക്കുകൾ യൂണിക്കോണുകൾ അണ്ണാറക്കണ്ണന്മാർ
പൊതുവിൽ ജീവികളേതും
ഇരപിടിയന്മാരാവട്ടെ ശാന്തസ്വഭാവികളാവട്ടെ
പിന്നെ എല്ലാത്തരം കിളികളും

മീദാസ് രാജാവ് വേട്ടയ്ക്കു പോകുന്നില്ല

ഒരു സൈലീനസ്സിനെ പിടികൂടണമെന്ന്
രാജാവിനൊരിക്കൽ ചിന്തയുദിച്ചു

മൂന്നുനാളയാൾ അവനെ പിന്തുടർന്നു
ഒടുവിൽ അവനെ പിടികൂടി
കണ്ണുകൾക്കിടയിൽ മുഷ്ടി കൊണ്ടിടിച്ചിട്ട്
രാജാവു ചോദിച്ചു
-മനുഷ്യന്‌ ഏറ്റവും നല്ലതേത്?

സൈലീനസ് ചിനച്ചു
പിന്നെ പറഞ്ഞു:
-ഒന്നുമല്ലാതാവുക
-മരിക്കുക

മീദാസ് രാജാവ് കൊട്ടാരത്തിൽ മടങ്ങിയെത്തുന്നു
വീഞ്ഞിൽ പുഴുങ്ങിയെടുത്ത
ജ്ഞാനിയായ സൈലീനസ്സിന്റെ ഹൃദയം കഴിച്ചിട്ട്
രാജാവിനൊരു സുഖവും കിട്ടുന്നില്ല
അയാൾ ചാലിടുന്നു താടി പിടിച്ചു വലിയ്ക്കുന്നു
വൃദ്ധരോടു ചോദിക്കുന്നു
-ഒരുറുമ്പിന്റെ ആയുസ്സെത്ര
-മരണം നടക്കുമ്പോൾ നായ മോങ്ങുന്നതെന്തുകൊണ്ട്
-പൊയ്പോയ എല്ലാ ജന്തുക്കളുടേയും മനുഷ്യരുടേയും 
അസ്ഥികൾ കൂമ്പാരം കൂട്ടിയാൽ
ആ മലയ്ക്കെന്തുയരം വരും

പിന്നയാൾ ചേടിനിറമായ പാത്രങ്ങളിൽ
കറുത്ത കാടത്തൂവൽ കൊണ്ട്
വിവാഹങ്ങളും ഘോഷയാത്രകളും വേട്ടകളും വരയ്ക്കുന്ന
ഒരാളെ വിളിച്ചുവരുത്തി
എന്തിനു നിഴലുകളുടെ ജീവിതം രേഖപ്പെടുത്തിവയ്ക്കുന്നു
എന്നു മീദാസ് ചോദിച്ചപ്പോൾ
അയാൾ പറഞ്ഞു:
-കുതിച്ചോടുന്ന കുതിരയുടെ കഴുത്ത് 
മനോഹരമായതിനാൽ
പന്തു കളിയ്ക്കുന്ന പെൺകുട്ടികളുടെ പുടവകൾ
ഒരരുവി പോലെ ചൊടിയുള്ളതും കിടയറ്റതുമായതിനാൽ

ഞാൻ അങ്ങയുടെ അരികത്തൊന്നിരുന്നോട്ടെ
മൺപാത്രങ്ങളുടെ ചിത്രകാരൻ അപേക്ഷിക്കുന്നു
നമുക്ക് ആളുകളെക്കുറിച്ചു സംസാരിക്കാം
എത്രയുമാത്മാർത്ഥതയോടെ
മണ്ണിനൊരു ഗോതമ്പുമണി കൊടുത്ത്
പത്തു കൊയ്യുന്നവർ
പാദരക്ഷകളുടേയും റിപ്പബ്ലിക്കുകളുടേയും കേടു തീർക്കുന്നവർ
നക്ഷത്രങ്ങളും നാണയങ്ങളുമെണ്ണുന്നവർ
കവിതകളെഴുതുന്നവർ
മണ്ണിൽ വീണ ഒരു പയറില കുനിഞ്ഞെടുക്കുന്നവർ

നമുക്കിത്തിരി മോന്താം
ഇത്തിരി തത്വവിചാരം നടത്താം
അങ്ങനെയൊരുപക്ഷേ
രക്തവും മിഥ്യയും ചേർത്തുണ്ടാക്കിയ നാമിരുവരും
പ്രതിഭാസത്തിന്റെ ഞെരുക്കുന്ന ലാഘവത്തിൽ നിന്ന്
സ്വയം മോചിപ്പിച്ചെടുക്കുകയും ചെയ്തേക്കാം
***

മീദാസ് (Midas)- ഗ്രീക്ക്, റോമൻ പുരാണങ്ങളിൽ തൊടുന്നതെന്തും പൊന്നാകാനുള്ള വരം കിട്ടിയ ഫിർജിയയിലെ രാജാവ്. 

ഔറോക്ക്സ് (Aurochs)- പതിനേഴാം നൂറ്റാണ്ടോടെ വംശനാശം വന്ന കന്നുകാലിവർഗ്ഗത്തില്പെട്ട ജീവികൾ. 

യൂണിക്കോണുകൾ (Unicorns)- കുതിരയുടെയോ ആടിൻ്റെയോ രൂപമുള്ളതും നെറ്റിയിൽ നിന്നു പൊന്തിനിൽക്കുന്ന ഒറ്റക്കൊമ്പുള്ളതുമായ ഐതിഹാസികജന്തുക്കൾ. 

സൈലീനസ് (Silenus)- പകുതി മനുഷ്യരൂപവും പകുതി മൃഗവുമായ ഗ്രീക്ക് ദേവൻ; വീഞ്ഞിന്റെ ദേവനായ ഡയണീസസ്സിന്റെ വളർത്തച്ഛനും ഗുരുവും ആയിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: