2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

എഡ്ന സെയ്ൻ്റ് വിൻസെൻ്റ് മില്ലെ - കവിതകൾ

 


പ്രായമായവൾ


ഞാൻ പ്രാർത്ഥനകളുരുവിട്ടതിതിനോ,
തേങ്ങിയതും ശപിച്ചതും കോണിപ്പടിയിൽ തൊഴിച്ചതുമിതിനോ,
ഒരടുക്കളപ്പാത്രം പോലൊരു വീട്ടുജന്തുവാകാൻ,
എട്ടരമണിയ്ക്കു കൃത്യം വിളക്കണച്ചുകിടക്കാൻ?


ശലഭം


പൂമ്പാറ്റകൾ, വെള്ളയും നീലയും നിറത്തിൽ,
നാമൊരുമിച്ചിന്നലയുന്ന ഈ വയലിൽ.
നിന്റെ കരം ഗ്രഹിക്കാനൊന്നനുവദിക്കൂ,
മരണം വരുമല്ലോ, ഇന്നല്ലെങ്കിൽ നാളെ.

നാമറിഞ്ഞുവച്ച കാര്യങ്ങളൊന്നൊഴിയാതെ
ആ മുഹൂർത്തത്തിൽ വെറും ചാരമാവും,
അല്പായുസ്സായ ആ പൂമ്പാറ്റയെ നോക്കൂ,
പൂവിൽ നിന്നവൻ ഞാന്നുകിടക്കുന്നതും.

നിന്റെ കരം ഗ്രഹിക്കാനൊന്നനുവദിക്കൂ.
ആകാശത്തുദയമാവുന്ന നേരം വരെ
നിന്നെയോമനിക്കാനൊന്നനുവദിക്കൂ.
ഞാൻ നേരുള്ളവളോ, മറിച്ചോ ആവട്ടെ,
മരണം വരുമല്ലോ, ഇന്നല്ലെങ്കിൽ നാളെ.


എന്റെ ചുണ്ടുകൾ ചുംബിച്ച ചുണ്ടുകളേതെന്നു ഞാൻ മറന്നു...


എന്റെ ചുണ്ടുകൾ ചുംബിച്ച ചുണ്ടുകളേതെന്നു ഞാൻ മറന്നു,
എവിടെ വച്ചെന്തിനെന്നു ഞാൻ മറന്നു; ഞാന്‍ മറന്നു,

പുലരും വരെ ഞാന്‍ തല ചായ്ച്ച കൈത്തണ്ടയേതെന്നും.
ഇന്നത്തെ രാത്രിയിലെന്നാല്‍, പ്രേതങ്ങള്‍ മഴ നനയുന്നു,
ജനാലച്ചില്ലുകളിൽ തട്ടിക്കൊണ്ടവര്‍ നെടുവീർപ്പിടുന്നു,
എന്നിൽ നിന്നൊരു വാക്കിനായവര്‍ കാതോർക്കുന്നു.
എന്റെ നെഞ്ചിനുള്ളിലൊരു മൌനവേദന കുതറുന്നു,
ഓർമ്മയിൽ നിന്നു ഞാൻ മായ്ച്ചുകളഞ്ഞ മുഖങ്ങൾക്കായി,
കരഞ്ഞും കൊണ്ടെന്നോടു പറ്റിക്കിടന്ന ബാലന്മാര്‍ക്കായി.
മഞ്ഞും മഴയുമേറ്റൊരൊറ്റമരം നിൽക്കുന്നതുമങ്ങനെ-
ഒന്നൊന്നായി പറന്നുമറഞ്ഞ കിളികളേതെന്നതിനറിയില്ല,
എന്നാലതിനറിയാം, തന്റെ ചില്ലകൾ നിശ്ശബ്ദമാണെന്ന്;
വന്നുപോയ പ്രണയങ്ങളേതൊക്കെയെന്നെനിക്കറിയില്ല,
എന്നാലെനിക്കറിയാം, അല്പകാലമെന്നിലിരുന്നു പാടിയിരുന്നു,
വേനലെന്ന്, ഇന്നതെന്നിൽ പാടാറില്ലെന്ന്.


ചരമലിഖിതം


ഈ മൺകൂനയ്ക്കു മേൽ കൂമ്പാരം കൂട്ടേണ്ട,
അവൾക്കത്രമേലിഷ്ടമായിരുന്ന പനിനീർപ്പൂക്കൾ;
പൂക്കൾ കൊണ്ടെന്തിനവളെ അന്ധാളിപ്പിക്കുന്നു,
കാണാനും മണക്കാനുമവൾക്കാകില്ലെന്നിരിക്കെ?
താൻ ശയിക്കുന്നിടത്തു സന്തുഷ്ടയാണവൾ,
കണ്ണുകൾക്കു മേലടിഞ്ഞ മൺപൊടിയുമായി.

വിലാപം


നോക്കൂ, കുട്ടികളേ,
നിങ്ങളുടെ അച്ഛൻ മരിച്ചുപോയി.
അച്ഛന്റെ പഴയ ഷർട്ടുകൾ കൊണ്ട്
നിങ്ങൾക്കു ഞാൻ കൊച്ചുടുപ്പുകൾ തയ്ച്ചുതരാം.
അച്ഛന്റെ പഴയ പാന്റുകൾ കൊണ്ട്
കൊച്ചുട്രൗസറുകൾ ഞാൻ തയ്ച്ചുതരാം.
അച്ഛന്റെ പോക്കറ്റുകളിൽ
അതിലിട്ടിരുന്ന പലതുമുണ്ടാവും:
പുകയില മണക്കുന്ന
നാണയങ്ങൾ, ചാവികൾ.
നാണയങ്ങൾ ഡാൻ എടുത്തോളൂ,
നിനക്കതു കുടുക്കയിലിട്ടുവയ്ക്കാം.
ആനി ചാവികളെടുത്തോ,
നിനക്കതു കിലുക്കിനടക്കാം.
ജീവിതം മുന്നോട്ടുപോകണമല്ലോ,
മരിച്ചവരെ മറക്കുകയും വേണം.
ജീവിതം മുന്നോട്ടുപോകണം,
മരിക്കുന്നവർ നല്ലവരായാലും.
ആനീ, പ്രാതൽ കഴിക്കൂ,
ഡാൻ, നിന്റെ മരുന്നു കഴിക്കൂ.
ജീവിതം മുന്നോട്ടു പോകണമല്ലോ;

എന്തിനുവേണ്ടിയെന്നു ഞാൻ മറന്നു.

*

എഡ്ന സെയിന്റ് വിൻസെന്റ് മില്ലെ Edna St. Vincent Millay(1892-1950) അമേരിക്കയിലെ റോക്ക്‌ലാന്റിൽ ഫെബ്രുവരി 22നു ജനിച്ചു. വളരെ ചെറുപ്പത്തിലേ സാഹിത്യരംഗത്തെത്തി; 1923ൽ കവിതയ്ക്കുള്ള പുലിറ്റ്സർ സമ്മാനവും ലഭിച്ചു. 1920കളിൽ ഗ്രീൻവിച്ച് വിലേജിൽ അവർ നയിച്ച ബൊഹീമിയൻ ജീവിതം കുപ്രസിദ്ധി നേടിക്കൊടുത്തുവെങ്കിലും തീവ്രവൈകാരികത നിറഞ്ഞുനില്ക്കുന്ന ഭാവഗീതങ്ങളും വടിവൊത്ത ഗീതകങ്ങളും ഇന്നും വായനക്കാരുടെ തലമുറകളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: