2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ലോർക്ക - കസീഡ: ചരിഞ്ഞുകിടക്കുന്നവൾ



നഗ്നയായി നിന്നെക്കാണുമ്പോൾ മണ്ണിനെ ഞാണോർക്കുന്നു:
മിനുസമായ മണ്ണ്‌, കുതിരകൾ പാടു വീഴ്ത്താത്തത്.
ഒരീറത്തണ്ടു പോലുമില്ലാത്ത കേവലരൂപം,
ഭാവിക്കു നേരേയടഞ്ഞത്: വെള്ളിയുടെ മേഖല.

നഗ്നയായി നിന്നെക്കാണുമ്പോൾ മഴയുടെ തൃഷ്ണ ഞാനറിയുന്നു:
ചുറ്റിപ്പിടിക്കാനൊരു പേലവജഘനം തിരഞ്ഞുപോകുന്ന മഴ.
അതുമല്ലെങ്കിൽ സ്വന്തം കവിളിന്റെ വെളിച്ചം കാണാതെ
ജ്വരം പിടിച്ച കടലിന്റെ പരപ്പാർന്ന മുഖം.

കിടപ്പറകളിൽ ചോരയുടെ ആരവം മാറ്റൊലിക്കും,
ആളുന്ന വാളുകളുമായതു വന്നുചേരും,
തവളയുടെ ഹൃദയവും വയലറ്റുപൂവുമൊളിക്കുമിടങ്ങൾ
നിനക്കെന്നാൽ, അറിവുണ്ടാവുകയുമില്ല.

നിന്റെയുദരം വേരുകളുടെ കലാപം,
നിന്റെ ചുണ്ടുകൾ വടിവുകളില്ലാത്തൊരു പ്രഭാതം.
ഇളംചൂടുള്ള കിടക്കയുടെ പനിനീർപ്പൂക്കൾക്കടിയിൽ
മരിച്ചവർ ഞരങ്ങുന്നു, തങ്ങളുടെ ഊഴം കാത്തിരിക്കുന്നവർ.

അഭിപ്രായങ്ങളൊന്നുമില്ല: