പറുദീസയിൽ ജോലിസമയം ആഴ്ചയിൽ മുപ്പതു മണിക്കൂറായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു
ശമ്പളത്തോതുയർന്നതാണ് വിലനിലവാരം താഴേക്കുതന്നെയുമാണ്
കായികാദ്ധ്വാനം തളർത്തുന്നതല്ല (ഗുരുത്വാകർഷണം കുറവായതിനാൽ)
വിറകു വെട്ടുന്നത് ടൈപ്പ് ചെയ്യുന്നപോലെയേയുള്ളു
സാമുഹ്യവ്യസ്ഥിതി സുസ്ഥിരമാണ് അധികാരത്തിലിരിക്കുന്നവർ അറിവുള്ളവരുമാണ്
മറ്റേതു നാട്ടിലെക്കാളും സുഖമായി ജീവിക്കാം പറുദീസയിലെന്നു പറയാതെവയ്യ
തുടക്കത്തിൽ കാര്യങ്ങൾ മറ്റൊരു വിധമാകാൻ പോയതാണ്
പ്രകാശവലയങ്ങൾ ഗായകസംഘങ്ങൾ അമൂർത്തതയുടെ തട്ടുകൾ
പക്ഷേ ആത്മാവിനെ മാംസത്തിൽ നിന്നു കൃത്യമായി വേർപെടുത്താൻ
അവർക്കു കഴിയാതെപോയി അതിനാൽ പറ്റിപ്പിടിച്ചിരിക്കുന്ന
ഒരു തുള്ളി കൊഴുപ്പും ഒരിഴ മാംസപേശിയും കൊണ്ടാണ് അതിവിടെയെത്തുന്നത്
അതിന്റെ അനന്തരഫലത്തെ നേരിടാതെയും പറ്റില്ലായിരുന്നു
ഒരു തരി ശുദ്ധസത്തയെ ഒരു കളിമൺതരിയുമായി കലർത്തേണ്ടിവന്നു
പ്രമാണത്തിൽ നിന്നു മറ്റൊരു വ്യതിയാനം അവസാനത്തെ വ്യതിയാനം
യോഹന്നാൻ മാത്രമേ അതു മുൻകൂട്ടിക്കണ്ടുള്ളു: നിങ്ങൾ മാംസത്തിൽ ഉയിർപ്പിക്കപ്പെടും
ചുരുക്കം ചിലരേ ദൈവത്തെ ദർശിക്കുന്നുള്ളു
നൂറുശതമാനം ആത്മാവായിട്ടുള്ളവർക്കു മാത്രമാണവൻ
ശേഷിച്ചവർക്ക് പ്രളയങ്ങളേയും അത്ഭുതങ്ങളേയും കുറിച്ചുള്ള ഔദ്യോഗികവിജ്ഞാപനങ്ങൾ കേൾക്കാം
ഒരു ദിവസം എല്ലാവർക്കും ദൈവത്തെ കാണാം
അതെന്നാണെന്ന് ആർക്കുമറിയില്ല
ഇപ്പോഴെങ്ങനെയാണെന്നാൽ
എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് സൈറണുകൾ മധുരമായി അമറുന്നു
സ്വർഗ്ഗത്തിലെ തൊഴിലാളിവർഗ്ഗം പണിശാലകൾ വിട്ടിറങ്ങുന്നു
ചുമലുകളിലവർ ഒരു ചൊവ്വില്ലാതെ വയലിനുകൾ പോലെ ചിറകുകൾ തൂക്കിയിട്ടിരിക്കുന്നു
(1969)
കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലെ പോളണ്ടിലെ തൊഴിൽ രംഗമാണ് ഈ ‘പറുദീസ.’
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ