2020, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ലോർക്ക - ന്യൂയോർക്ക്

(ഓഫീസ്സും തള്ളിപ്പറയലും)


ഗുണനങ്ങൾക്കടിയിൽ
ഒരു താറാവിന്റെ ചോരത്തുള്ളി;
ഹരണങ്ങൾക്കടിയിൽ
ഒരു നാവികന്റെ ചോരത്തുള്ളി;
കൂട്ടലുകൾക്കടിയിൽ
ഒരു ചുടുചോരപ്പുഴ.
നഗരത്തിലെ കിടപ്പുമുറികളിലൂടെ
പാടിക്കൊണ്ടൊഴുകുന്ന ഒരു പുഴ-
ന്യൂയോർക്കിലെ കൃത്രിമപ്രഭാതത്തിൽ
വെള്ളിയും സിമന്റും കാറ്റുമേയുള്ളു.
മലകളുണ്ടെന്നെനിക്കറിയാം,
ജ്ഞാനത്തിന്റെ കണ്ണടകളുമുണ്ട്.
എന്നാൽ ഞാൻ വന്നതാകാശം കാണാനല്ല.
കലുഷമായ ചോര കാണാനാണു ഞാൻ വന്നത്,
യന്ത്രങ്ങളെ വെള്ളച്ചാട്ടങ്ങളിലേക്കും
ആത്മാവിനെ മൂർഖന്റെ നാവിലേക്കും
ഒഴുക്കിക്കൊണ്ടുപോകുന്ന ചോര കാണാൻ.
ന്യൂയോർക്കിൽ ഒരു ദിവസം കശാപ്പു ചെയ്യുന്നുണ്ട്,
നാല്പതുലക്ഷം താറാവുകളെ,
അമ്പതുലക്ഷം പന്നികളെ,
മരണാസന്നരുടെ രുചികളെ പ്രീതിപ്പെടുത്താൻ
രണ്ടായിരം പ്രാവുകളെ,
പത്തുലക്ഷം പശുക്കളെ,
പത്തുലക്ഷം ആടുകളെ,
ആകാശത്തെ ഛിന്നഭിന്നമാക്കുന്ന
ഇരുപതുലക്ഷം പൂവൻകോഴികളെ.
രാവിലെ, പാൽവണ്ടികളുടെ ഒടുങ്ങാത്ത നിരയെ,
ചോരവണ്ടികളുടെ ഒടുങ്ങാത്ത നിരയെ,
സുഗന്ധതൈലവില്പനക്കാർ വിലങ്ങുവച്ച
റോസാപ്പൂക്കളുടെ ഒടുങ്ങാത്ത നിരയെ
തടുക്കാൻ നോക്കുന്നതിലും ഭേദം,
കത്തി മൂർച്ച വരുത്തുമ്പോൾ,
ഭ്രാന്തു പിടിച്ച വേട്ടകളിൽ നായ്ക്കളെ കൊല്ലുമ്പോൾ
തേങ്ങിത്തേങ്ങിക്കരയുക.
താറാവുകളും പ്രാവുകളും
പന്നികളും ആടുകളും
ഗുണനങ്ങൾക്കടിയിൽ
തങ്ങളുടെ ചോര ചിന്തുന്നു;
ഞെക്കിഞ്ഞെരുക്കിക്കൊണ്ടുപോകുന്ന പശുക്കളുടെ
പേടിച്ചരണ്ട നിലവിളികൾ
ഹഡ്സൺ എണ്ണ കുടിച്ചുന്മത്തമാകുന്ന താഴ്വരയെ
ശോകം കൊണ്ടു നിറയ്ക്കുന്നു.
മറ്റേപ്പാതിയെ അവഗണിക്കുന്ന സകലരേയും ഞാൻ തള്ളിപ്പറയുന്നു,
മറക്കപ്പെട്ട കുഞ്ഞുജീവികൾക്കുള്ളിൽ 
ഹൃദയങ്ങൾ മിടിക്കുന്നിടത്ത്,
ഡ്രില്ലുകൾ അന്ത്യകലാശമെടുക്കുമ്പോൾ
നാമെല്ലാം ചെന്നൊടുങ്ങുന്നിടത്ത്
സിമന്റിന്റെ കൂറ്റൻമലകൾ കൊട്ടിപ്പൊക്കുന്നവരെ 
ഞാൻ തള്ളിപ്പറയുന്നു.
നിങ്ങളുടെ മുഖത്തു ഞാൻ കാറിത്തുപ്പുന്നു.
മറ്റേപ്പാതി എനിക്കു കാതു തരുന്നുണ്ട്,
തങ്ങളുടേതായ നിർമ്മലമായ രീതിയിൽ
തിന്നുകയും മൂത്രമൊഴിക്കുകയും പറക്കുകയും ചെയ്യുന്നവകൾ,
പ്രാണികളുടെ സ്പർശനികൾ തുരുമ്പെടുക്കുന്ന വിലങ്ങളിൽ 
കമ്പുകൾ കൊണ്ടു തോണ്ടുന്ന
കൂലിപ്പണിക്കാരുടെ കുട്ടികൾ പോലെ.
ഇതു നരകമല്ല, തെരുവാണ്‌.
മരണമല്ല, പഴക്കടയാണ്‌.
ഒരു കാറു കയറിച്ചതഞ്ഞ ഈ പൂച്ചയുടെ
കുഞ്ഞുകാല്പാദത്തിലുണ്ട്,
തകർന്ന പുഴകളുടേയും 
അപ്രാപ്യമായ ദൂരങ്ങളുടേയും ഒരു ലോകം;
പല പെൺകുട്ടികളുടേയും ഹൃദയങ്ങളിൽ
മണ്ണിരയുടെ പാട്ടു ഞാൻ കേട്ടിട്ടുമുണ്ട്.
തുരുമ്പ്, പുളിക്കൽ, വിറയ്ക്കുന്ന മണ്ണ്‌.
ഓഫീസുകളിലെ അക്കങ്ങളിൽ പൊന്തിയൊഴുകുന്ന
നിങ്ങൾ തന്നെയാണ്‌ മണ്ണ്‌.
ഞാനിനി എന്തു ചെയ്യണം?
ഭൂദൃശ്യങ്ങളെ ക്രമപ്പെടുത്തിവയ്ക്കുകയോ?
പില്ക്കാലത്തു ഫോട്ടോകളാകുന്ന പ്രേമങ്ങളെ,
അറുക്കപ്പൊടിയോ വായ നിറയെ ചോരയോ ആകുന്ന പ്രണയങ്ങളെ
ക്രമപ്പെടുത്തിവയ്ക്കുകയോ?
ഇഗ്നേഷ്യസ് ലയോള പുണ്യവാളൻ
ഒരിക്കലൊരു മുയൽക്കുഞ്ഞിനെ കൊന്നു;
പള്ളിമണികളിലിന്നും അവന്റെ ചുണ്ടുകൾ വിലപിക്കുന്നു.
ഇല്ല, ഇല്ല: സകലതിനെയും ഞാൻ തള്ളിപ്പറയുന്നു.
ഒരു വേദനയും പ്രസരിപ്പിക്കാത്ത,
കാടുകളുടെ പദ്ധതികളെ മായ്ച്ചുകളയുന്ന,
നിർജ്ജനമായ ഈ ഓഫീസുകളുടെ ഗൂഢാലോചനയെ
ഞാൻ തള്ളിപ്പറയുന്നു;
ഞെക്കിഞ്ഞെരുക്കിക്കൊണ്ടുപോകുമ്പോൾ
ഹഡ്സൺ എണ്ണ കുടിച്ചുന്മത്തമാകുന്ന താഴ്വരയെ
നിലവിളികൾ കൊണ്ടു നിറയ്ക്കുന്ന പശുക്കൾക്ക്
ഞാനെന്നെത്തന്നെ തീറ്റയായി സമർപ്പിക്കുന്നു.


(മഹാനഗരങ്ങളുടെ പിടി കിട്ടാത്ത വളർച്ചയെ, സിമന്റുബ്ളോക്കുകളെ, അത്രയും വലിയൊരു ജനപ്പറ്റത്തെ തീറ്റിപ്പോറ്റാൻ ഓരോ ദിവസവും കുരുതി കൊടുക്കപ്പെടുന്ന ജന്തുക്കളുടെ അവിശ്വസനീയമായ എണ്ണത്തെ തള്ളിപ്പറയുകയാണ്‌ ലോർക്ക . ഈ രാക്ഷസീയത തെല്ലും സ്പർശിക്കാത്ത മനുഷ്യന്റെ നിർവ്വികാരതയേയും ലോർക്ക തള്ളിപ്പറയുന്നു. തെരുവിനെ നരകമാക്കുന്നവരെ നോക്കി ‘നിങ്ങളുടെ മുഖത്തു ഞാൻ കാറിത്തുപ്പുന്നു’ എന്ന് കവി പറയുന്നു. ഒരു മുയല്ക്കുഞ്ഞിനെ കൊന്നതിന്റെ പേരിൽ ഇപ്പോഴും വിലപിക്കുന്ന ഇഗ്നേഷ്യസ് ലയോളയാകാൻ അദ്ദേഹമില്ല. ‘ഇല്ല, ഇല്ല, സകലതിനെയും ഞാൻ തള്ളിപ്പറയുന്നു.’ തിന്മയെ ചെറുക്കാൻ ആത്മപീഡനമല്ല, കുറ്റാരോപണം തന്നെയാണു വേണ്ടത്.)

*ഹഡ്സൺ- ന്യൂയോർക്ക്നഗരത്തിലൂടെ ഒഴുകുന്ന നദി



അഭിപ്രായങ്ങളൊന്നുമില്ല: