2020, ഓഗസ്റ്റ് 22, ശനിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ബയോളജി ടീച്ചർ



അദ്ദേഹത്തിന്റെ മുഖം
എനിക്കോർമ്മിക്കാൻ പറ്റുന്നില്ല

നീണ്ട കാലുകൾ കവച്ചുവച്ച്
എനിക്കുമേലദ്ദേഹം ഉയർന്നുനിന്നു
ഒരു സ്വർണ്ണച്ചെയിൻ ഞാൻ കണ്ടു
പിന്നെ ചാമ്പൽനിറത്തിൽ ഒരു മുറിക്കുപ്പായവും
ഒരു ചത്ത ടൈ തറച്ചുവച്ച
മെലിഞ്ഞ കഴുത്തും

ഒരു ചത്ത തവളയുടെ കാൽ
ആദ്യമദ്ദേഹം ഞങ്ങൾക്കു കാണിച്ചുതന്നു
സൂചി കൊണ്ടൊന്നു തൊട്ടപ്പോൾ
അതു വല്ലാതെ കോച്ചിപ്പിടിച്ചിരുന്നു

നമ്മുടെ പൂർവ്വികൻ
പരാമീസിയത്തിന്റെ
രഹസ്യജീവിതത്തിലേക്ക്
സ്വർണ്ണനിറത്തിലുള്ള ഒരു ബൈനോക്കുലറിലൂടെ
അദ്ദേഹം ഞങ്ങളെ നയിച്ചു

ഇരുണ്ട നിറത്തിൽ
ഒരു തൊണ്ടു കൊണ്ടുവന്നിട്ട്
അദ്ദേഹം പറഞ്ഞു: എർഗൊട്ട്

അദ്ദേഹത്തിന്റെ നിർബ്ബന്ധത്താൽ
പത്താം വയസ്സിൽ
ഞാൻ ഒരു പിതാവായി
വെള്ളത്തിൽ മുക്കിവച്ചിരുന്ന ഒരു ചെസ്റ്റ്നട്ട് കുരു
പിരിമുറുക്കം നല്കിയ ഒരു കാത്തിരുപ്പിനു ശേഷം
ഒരു മഞ്ഞിച്ച മുള നീട്ടിയപ്പോൾ
ചുറ്റിനും പെട്ടെന്നു
സംഗീതമുയർന്നപ്പോൾ

യുദ്ധത്തിന്റെ രണ്ടാം കൊല്ലം
ചരിത്രത്തിലെ തെമ്മാടിക്കുട്ടികളാൽ
ഞങ്ങളുടെ ബയോളജി ടീച്ചർ കൊല്ലപ്പെട്ടു

അദ്ദേഹം സ്വർഗ്ഗത്തേക്കാണു പോയതെങ്കിൽ-

ഇപ്പോഴദ്ദേഹം ഉലാത്തുകയാവാം
ദീർഘമായ പ്രകാശരശ്മികളിലൂടെ
നരച്ച നിറത്തിലുള്ള സ്റ്റോക്കിങ്ങ്സും ധരിച്ച്
കൈയിൽ കൂറ്റനൊരു വലയുമായി
പിന്നിൽ പ്രസരിപ്പോടെ തട്ടുന്ന
ഒരു പച്ചപ്പെട്ടിയുമായി

ഇനി അദ്ദേഹം മുകളിലേക്കല്ല പോയതെങ്കിൽ-

വേനല്ക്കാലത്തൊരു പാതയിൽ വച്ച്
ഒരു മണ്ണുരുളയ്ക്കു മേൽ 
പൊത്തിപ്പിടിച്ചുകയറുന്ന ഒരു വണ്ടിനെ കാണുമ്പോൾ
ഞാൻ അടുത്തുചെന്നു വണങ്ങിയിട്ട്
ചോദിക്കുന്നു:
-നമസ്കാരം സർ
ഞാൻ സഹായിക്കുന്നതിൽ വിരോധമുണ്ടാവുമോ

കരുതലോടെ ഞാൻ 
അദ്ദേഹത്തെ എടുത്തുമാറ്റുന്നു
ഇലകളുടെ ഒരു നടക്കാവിനൊടുവിൽ
തന്റെ പൊടി പിടിച്ച ടീച്ചേഴ്സ് റൂമിലേക്ക്
അദ്ദേഹം പോയിമറയുന്നതുവരെ
ഞാൻ നോക്കിനില്ക്കുന്നു

(1957)

*ചരിത്രത്തിലെ ‘തെമ്മാടിക്കുട്ടിക’ളായ നാസികളുടെ പോളിഷ് ഉപരോധകാലത്തെ ക്രൂരതകളാണ്‌ ഈ കവിതയുടെ പ്രമേയം. ‘തെമ്മാടിക്കുട്ടികൾ’എന്നത് നാസികളെ വെറും ചട്ടമ്പിമാരായി മാത്രം കണ്ടിരുന്ന സഖ്യകക്ഷികളുടെ യുദ്ധകാലപ്രചാരവേലയെ ഓർമ്മിപ്പിക്കുന്നു.
* പാരമീസിയം (Paramecium)- വെള്ളത്തിൽ ജീവിക്കുന്ന ഒരു ഏകകോശജീവി.
*എർഗൊട്ട് (Ergot)- ധാന്യക്കതിരുകളെ ബാധിക്കുന്ന ഒരു പൂപ്പൽ



അഭിപ്രായങ്ങളൊന്നുമില്ല: