യുദ്ധം കഴിഞ്ഞു വരുമ്പോൾ
എന്റെ ജ്യേഷ്ഠന്റെ നെറ്റിയിൽ
ഒരു കുഞ്ഞുവെള്ളിനക്ഷത്രമുണ്ടായിരുന്നു
നക്ഷത്രത്തിനടിയിൽ
ഒരു ഗർത്തവും
വെർദൂണിൽ വച്ച്
ഒരു വെടിച്ചീൾ തറച്ചുകേറിയതാണ്
അതോ ഇനി ഗ്രൂൺവാൾഡിൽ വച്ചാണോ
(ജ്യേഷ്ഠനത് നല്ല ഓർമ്മയില്ല)
പല ഭാഷകളിൽ
ഒരുപാടു സംസാരിക്കാറുണ്ടായിരുന്നു ജ്യേഷ്ഠൻ
എന്നാൽ ആൾക്കേറെയിഷ്ടം
ചരിത്രത്തിന്റെ ഭാഷയായിരുന്നു
തന്റെ ശ്വാസം പോകുന്നതുവരെ
കൂട്ടാളികളെ ഓടിപ്പോകാൻ ശാസിക്കുകയായിരുന്നു ജ്യേഷ്ഠൻ
റൊളാങ്ങ് കൊവാൽസ്കി ഹന്നിബാൾ
ജ്യേഷ്ഠൻ അലറുകയായിരുന്നു
അവസാനത്തെ കുരിശ്ശുയുദ്ധമാണിതെന്ന്
കാർത്തേജ് വൈകാതെ വീഴുമെന്ന്
പിന്നെ തേങ്ങിക്കൊണ്ടു സമ്മതിക്കുകയായിരുന്നു
നെപ്പോളിയന് തന്നെ ഇഷ്ടമില്ലായിരുന്നുവെന്ന്
ജ്യേഷ്ഠന്റെ മേൽ വിളർച്ച പടരുന്നത്
ഞങ്ങൾ നോക്കിനിന്നു
ഇന്ദ്രിയങ്ങൾ വിട്ടുപോയതോടെ
ജ്യേഷ്ഠൻ സാവധാനമൊരു സ്മാരകമായി
കാതുകളുടെ സംഗീതച്ചിപ്പികളിൽ
കല്ലുകളുടെ കാടു കയറി
മുഖത്തെ ചർമ്മം
കണ്ണുകളുടെ
അന്ധമായ വരണ്ട ബട്ടണുകളിൽ
വലിഞ്ഞുമുറുകിക്കിടന്നു
ജ്യേഷ്ഠന്റേതായി ശേഷിച്ചത്
സ്പർശം മാത്രം
എന്തൊക്കെക്കഥകൾ
കൈകൾ കൊണ്ടു ജ്യേഷ്ഠൻ പറഞ്ഞിരുന്നു
വലതുകൈയിൽ വീരഗാഥകൾ
ഇടതുകൈയിൽ പട്ടാളക്കാരന്റെ സ്മരണകൾ
എന്റെ സഹോദരനെ
നാട്ടിനു പുറത്തേക്കെടുത്തുകൊണ്ടുപോയി
ഓരോ ശരല്ക്കാലത്തും
ജ്യേഷ്ഠൻ മടങ്ങിവരുന്നു
മെലിഞ്ഞ് ഒന്നും മിണ്ടാതെ
ജ്യേഷ്ഠൻ ഉള്ളിലേക്കു വരുന്നില്ല
ജനാലയിൽ തട്ടി എന്നെ വിളിക്കും
തെരുവിലൂടെ ഞങ്ങൾ ഒരുമിച്ചു നടക്കുന്നു
അവിശ്വസനീയമായ കഥകൾ
ജ്യേഷ്ഠനെനിക്കു പറഞ്ഞുതരുന്നു
മഴയുടെ അന്ധമായ വിരലുകളാൽ
എന്റെ മുഖം സ്പർശിച്ചുകൊണ്ട്
(1957)
കവിയും വിവർത്തകനുമായ ഡാൻ ബെല്ലം (Dan Bellm) ഈ കവിതയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:തിരിവുകളുടെ ഒരു കവിതയാണിത്. യുദ്ധം കഴിഞ്ഞു തിരിച്ചുവരുന്ന ഈ “ജ്യേഷ്ഠൻ” ആരാണ്? ഏതു യുദ്ധം? എങ്ങനെയുള്ള മടക്കം? യുദ്ധത്തിന്റെ അനന്തരഫലങ്ങൾ, ശരിക്കു പറഞ്ഞാൽ യുദ്ധത്തിന്റെ നിലയ്ക്കാത്ത സാന്നിദ്ധ്യം 1945നു ശേഷമുള്ള പോളിഷ് കവികളുടെ അനിവാര്യമായ പ്രമേയമായിരുന്നു. സ്ബിഗ്നിയെഫ് ഹെർബെർട്ട് തന്റെ “മഴ” തുടങ്ങുന്നത് മടങ്ങിവരുന്ന മറ്റൊരു പട്ടാളക്കാരനെ അവതരിപ്പിച്ചുകൊണ്ടാണ്; അയാൾ കവിയുടെ കുടുംബാംഗമാണ്, യഥാർത്ഥവും ആലങ്കാരികവുമായ ഒരു വെള്ളിനക്ഷത്രം കൊണ്ടു സമ്മാനിതനായ ഒരു ജ്യേഷ്ഠനാണ്. എന്നാൽ ആ ആ നക്ഷത്രം, ആ മുറിവ്, കവിതയുടെ ആദ്യത്തെ തിരിവുമാണ്, നാം തലകുത്തി വീഴുന്ന ഗർത്തം; എന്തെന്നാൽ അയാൾ മടങ്ങിവരുന്നത് നമ്മുടെ ഓർമ്മയിൽ നിന്നു മായാൻ സമയമായിട്ടില്ലാത്ത ഒരു സമീപകാലയുദ്ധത്തിൽ നിന്നല്ല, മറിച്ച്, ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നാണ്; എന്നു മാത്രമല്ല, നെപ്പോളിയന്റെ യുദ്ധങ്ങളിൽ പങ്കെടുത്തയാളാണയാൾ, പതിനഞ്ചാം നൂറ്റാണ്ടിലെ ഗ്രുൺവാൾഡ് യുദ്ധങ്ങളിൽ, കുരിശ്ശുയുദ്ധങ്ങളിൽ, ഗാളുകളുടെ യുദ്ധങ്ങളിൽ, കാർത്തേജിനെതിരെ റോമിന്റെ ഉപരോധത്തിൽ അയാളുണ്ടായിരുന്നു. ഇപ്പോൾ നമുക്കു മനസ്സിലായിത്തുടങ്ങുന്നു: അത് ഏതു മനുഷ്യനുമാണ്, ചരിത്രത്തിലെ ഏതു യുദ്ധവും കഴിഞ്ഞു വരുന്ന പടയാളിയാണ്. എന്നാൽ ഇത്രയും കൊണ്ടു തീരാനാണെങ്കിൽ അത്ര വലിയ കവിതയെന്ന് ഇതിനെ പറയാനില്ല. എന്നാൽ ആറാമത്തെ ഖണ്ഡത്തിൽ നാം തിരിച്ചറിയുന്നു, യഥാർത്ഥത്തിലുള്ള ഒരു സഹോദരനാണ് തിരിച്ചുവരുന്നതെന്ന്; അയാളുടെ വിധിയിൽ ഒരു ഐതിഹാസികമാനം കലരുന്നുണ്ടെങ്കിലും കവിതയ്ക്ക് അതിന്റെ ശക്തി പകരുന്നത് ആ സഹോദരന്റെ മാരകമായ ഭൗതികതയാണ്: അയാളുടെ അന്ധമായ കണ്ണുകൾ, അയാളുടെ കൈകൾ, വക്താവിന്റെ മുഖത്തേക്കു പിന്നെയും പിന്നെയും തിരിച്ചുവരുന്ന സ്പർശം. അയാൾ ഒരു പ്രതീകമല്ല, ഒരു ശരീരമാണ്, ഒരു സഹചാരി, അതിജീവിച്ചയാൾ, അതിജീവിക്കാത്തയാൾ, ശവക്കുഴിയിൽ അടങ്ങിക്കിടക്കാത്ത ഒരാൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ