2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ലോർക്ക - അവിശ്വസ്തയായ ഭാര്യ



പിന്നെ ഞാനവളെ പുഴവക്കത്തു കൊണ്ടുപോയി,
അവൾ വിവാഹിതയല്ലെന്നു ഞാൻ കരുതി,
എന്നാലവൾക്കൊരു ഭർത്താവുണ്ടായിരുന്നു.

പിറ്റേന്നു സാന്തിയാഗോയിലെ പെരുന്നാളായിരുന്നു,
അതെനിക്കൊരു കടമ പോലെയുമായിരുന്നു.
തെരുവുവിളക്കുകൾ കെട്ടുതുടങ്ങിയിരുന്നു,
ചീവീടുകൾ തെളിഞ്ഞുതുടങ്ങിയിരുന്നു.
തെരുവിലൊടുവിലത്തെ തിരിവിൽ വച്ച്
ഞാനവളുടെ ഉറങ്ങുന്ന മുലകളിലൊന്നുതൊട്ടു.
ഹയാസിന്തിന്റെ കതിരുകൾ പോലെ
പൊടുന്നനേയവ എനിക്കായിത്തുറന്നു.
പത്തു കഠാരകൾ കീറിമുറിക്കുന്ന
പട്ടുതുണിയുടെ തുണ്ടുപോലെയായിരുന്നു,
അവളുടെ അടിപ്പാവാടയുടെ കഞ്ഞിപ്പശ
എന്റെ കാതിലൊച്ചപ്പെട്ടത്
ഇലച്ചിലിൽ നിന്നു വെള്ളിവെളിച്ചം പോയപ്പോൾ
മരങ്ങൾക്കു കിളരം കൂടിയിരുന്നു,
നായ്ക്കളുടെയൊരു ചക്രവാളം 
പുഴയ്ക്കകലെനിന്നു കുരച്ചിരുന്നു.
*

ഞാറക്കാടുകൾക്കും ഈറകൾക്കും
മുൾച്ചെടികൾക്കുമപ്പുറം
അവളുടെ മുടിക്കെട്ടിനടിയിൽ
മണ്ണിൽ ഞാനൊരു കുഴി കുഴിച്ചു.
ഞാനെന്റെ കഴുത്തിലെ തൂവാലയഴിച്ചു,
അവൾ തന്റെയുടുപ്പിന്റെ നാടയഴിച്ചു.
ഞാനെന്റെ ബല്റ്റും കൈത്തോക്കുമൂരി,
അവളടിയുടുപ്പുകൾ നാലുമൂരി...
ഒരു ചിപ്പിക്കും ജടാമാഞ്ചിക്കുമില്ല,
അവളുടെ ചർമ്മത്തിന്റെ പാതിപോലും മിനുസം,
നിലാവു വീഴുന്ന കണ്ണാടിച്ചില്ലിനുമില്ല,
ഇതുപോലെ തെളിഞ്ഞൊരു തിളക്കം.
വിരണ്ട രണ്ടു മീനുകൾ പോലെ
അവളുടെ തുടകളെന്നിൽ നിന്നു വഴുതി.
അതിലൊന്നിൽ നിറയേ തീയായിരുന്നു,
മറ്റേതു നിറയെ മഞ്ഞായിരുന്നു.
മുത്തുപോൽ വെളുത്തൊരു പെൺകുതിരക്കുട്ടി മേൽ,
നല്ലതിൽ നല്ലതായൊരു പാതയിലൂടെ,
കടിഞ്ഞാണില്ലാതെ, കുതിമുള്ളുകളില്ലാതെ,
അന്നു രാത്രിയിൽ ഞാൻ പറന്നു.
അന്നവളെന്നോടു മന്ത്രിച്ചതൊന്നും
ആണായ ഞാനിനി പറയുന്നില്ല.
ഞാനന്നറിഞ്ഞതിന്റെ കടുംവെളിച്ചം
എന്റെ ചുണ്ടുകൾക്കു മുദ്ര വച്ചു.
ചുംബനങ്ങളും മണൽത്തരികളും കൊണ്ടു മലിനപ്പെട്ടവളെ
പിന്നെ ഞാൻ പുഴക്കരയിൽ നിന്നു കൊണ്ടുപോന്നു.
ലില്ലിപ്പൂക്കളുടെ വാൾമുനകൾ
വായുവിനോടു പടവെട്ടുകയായിരുന്നു.

നേരും നെറിയുമുള്ളൊരു ജിപ്സിയാണു ഞാൻ.
അതിനു ചേർന്നതാണു ഞാനന്നു ചെയ്തതും.
ഞാനവൾക്കൊരു തുന്നൽക്കൂട കൊടുത്തു,
വയ്ക്കോൽനിറത്തിൽ സാറ്റിൻ നെയ്തത്.
അവളെ പ്രേമിക്കാനെനിക്കു തോന്നിയില്ല,
അവൾ വിവാഹിതയല്ലെന്ന തോന്നലോടെ
അവളെ പുഴവക്കത്തു കൊണ്ടുപോകുമ്പോൾ
അവൾക്കൊരു ഭർത്താവുണ്ടായിരുന്നു എന്നതിനാൽ.

‘ലോർക്കയുടെ ഏറ്റവും പ്രസിദ്ധമായ പുസ്തകത്തിലെ (The Gypsy Balladas) ഏറ്റവും കുപ്രസിദ്ധമായ കവിത’ എന്നാണ്‌ ഈ കവിത വിശേഷിപ്പിക്കപ്പെടുന്നത്. ഈ കവിതയ്ക്കു കിട്ടിയ വൻപ്രചാരം ലോർക്കയ്ക്കു തന്നെ അസഹ്യമായിരുന്നു. അതുകാരണം പലപ്പോഴും അദ്ദേഹം ഇത് സദസ്സുകളിൽ വായിക്കാറുമില്ലായിരുന്നു. 

*സാന്തിയാഗോയിലെ പെരുന്നാൾ- ജൂലൈ 25നാണ്‌ സാന്തിയാഗോയിൽ വളരെ വിശേഷമായ സെയ്ന്റ് ജയിംസിന്റെ പെരുന്നാൾ. കഥ നടക്കുന്നത് തലേ രാത്രിയിലാണ്‌.
*ലില്ലിപ്പൂക്കളുടെ വാൾമുനകൾ- ലോപ്പേ ഡി വേഗയുടെ ഒരു വിവാഹഗാനത്തിൽ നിന്ന്; “ലില്ലിപ്പൂക്കളുടെ വാൾമുനകൾ കൊണ്ട് പ്രഭാതം അവരെ കാക്കട്ടെ...”




അഭിപ്രായങ്ങളൊന്നുമില്ല: