പൂർവ്വതലത്തിൽ നിങ്ങൾക്കു കാണാം
ഒരു യുവാവിന്റെ സുന്ദരമായ ഉടൽ
അയാളുടെ താടി നെഞ്ചത്തേക്കു ചരിഞ്ഞുകിടക്കുന്നു
ഒരു കാല്മുട്ട് മടങ്ങിയിരിക്കുന്നു
അയാളുടെ കൈ ശുഷ്കിച്ച മരച്ചില്ല പോലെ
അയാൾ കണ്ണുകളടച്ചുകഴിഞ്ഞു
ഇയോസ്സിനെപ്പോലും അയാൾ നിരാകരിക്കുന്നു
അവളുടെ വിരലുകൾ വായുവിലള്ളിപ്പിടിക്കുന്നു
അവളുടെ മുടി പാറിക്കിടക്കുന്നു
അവളുടെ പുടവയുടെ വടിവുകൾ
ശോകത്തിന്റെ മൂന്നു വൃത്തങ്ങൾ ചമയ്ക്കുന്നു
അയാൾ കണ്ണുകളടച്ചുകഴിഞ്ഞു
അയാൾ നിരാകരിക്കുന്നു
തന്റെ ചെമ്പുമാർച്ചട്ടയെ
ചോരയും തൂവലും കൊണ്ടലങ്കരിച്ച
തന്റെ സുന്ദരമായ ശിരോകവചത്തെ
തന്റെ ഉടഞ്ഞ പരിചയേയും
കുന്തത്തെയും
അയാൾ കണ്ണുകളടച്ചുകഴിഞ്ഞു
അയാൾ ലോകത്തെ നിരാകരിക്കുന്നു
അനക്കമറ്റ വായുവിൽ ഇലകൾ തൂങ്ങിനില്ക്കുന്നു
പറന്നുപോയ കിളികളുടെ നിഴലിനൊപ്പം
ഒരു മരച്ചില്ല വിറകൊള്ളുന്നു
മെംനോണിന്റെ ഇനിയും മരിക്കാത്ത മുടിയിൽ ഒളിച്ചിരിക്കുന്ന
ഒരു ചീവീടു മാത്രം
ആവേശത്തോടെ ജീവിതത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു
ഇപ്പോൾ ലൂവ്ര് മ്യൂസിയത്തിലുള്ള ഒരു ഗ്രീക്ക് കോപ്പയിലെ ചിത്രമാണ് ഈ കവിതയുടെ വിഷയം. ട്രോയിയിലെ യുദ്ധത്തിൽ അക്കിലീസ് വധിച്ച മെംനോണിന്റെ ജഡം അമ്മ ഇയോസ് (ഉദയദേവത) യുദ്ധക്കളത്തിൽ വച്ചു കാണുന്നതാണ് സന്ദർഭം. ക്രി.മു. 4-5 നൂറ്റാണ്ടിലെ ഈ കോപ്പ ചെയ്തത് കല്യാഡസ് (Calliades) എന്ന കുംഭാരനും ചിത്രം വരച്ചത് ആ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭരായ ചിത്രകാരന്മാരിൽ ഒരാളായ ഡൗരിസ്സും (Dauris) ആണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ