2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - എന്തുകൊണ്ട് ക്ലാസ്സിക്കുകൾ

 

1
പെലോപ്പൊണേഷ്യൻ യുദ്ധത്തിന്റെ നാലാം പുസ്തകത്തിൽ
മറ്റു പലതിനുമിടയിൽ
ഫലം കാണാതെപോയ തന്റെ സമുദ്രയാത്രയെക്കുറിച്ചും
തൂസിഡിഡീസ് പറയുന്നുണ്ട്

സൈന്യാധിപന്മാരുടെ ദീർഘപ്രഭാഷണങ്ങൾക്കും
യുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കും മഹാമാരികൾക്കും
നയതന്ത്രവ്യവഹാരങ്ങളുടെ കണ്ണി തിങ്ങിയ വലകൾക്കുമിടയിൽ
ഈ സംഭവം കാട്ടിനുള്ളിൽ ഒരു സൂചി പോലെയേയുള്ളു

തൂസിഡിഡീസ് സഹായമെത്തിക്കാൻ വൈകിയതു കാരണം
ആംഫിപ്പൊളീസ് എന്ന ഗ്രീക്ക് കോളണി
ബ്രസീഡോസിന്റെ കയ്യിലായി

ഇതിനു വിലയായി അയാൾ തന്റെ ജന്മനഗരത്തിനു നല്കിയത്
മരണം വരെ പ്രവാസമാണ്‌

അതെന്തുതരം വിലയാണെന്ന്
എല്ലാക്കാലത്തെയും പ്രവാസികൾക്കറിയാം

2
സമീപകാലയുദ്ധങ്ങളിലെ ജനറൽമാർക്കാണ്‌
ഇങ്ങനെയൊരു സംഗതി സംഭവിക്കുന്നതെങ്കിൽ
ഭാവിതലമുറയ്ക്കു മുന്നിൽ അവർ മുട്ടുകാലിൽ വീണു ചിണുങ്ങും
സ്വന്തം ധൈര്യത്തെയും നിരപരാധിത്വത്തെയും പുകഴ്ത്തും

തങ്ങളുടെ കീഴുദ്യോഗസ്ഥരെ
അസൂയാലുക്കളായ സഹപ്രവർത്തകരെ
പ്രതികൂലമായ കാറ്റുകളെ അവർ കുറ്റപ്പെടുത്തും

തൂസിഡിഡീസ് ഇത്രയേ പറയുന്നുള്ളു
തന്റെ വശം ഏഴു കപ്പലുകളുണ്ടായിരുന്നു
മഞ്ഞുകാലമായിരുന്നു
താൻ വേഗം കപ്പലോടിച്ചു

3
ഒരുടഞ്ഞ ഭരണിയും
ആത്മാനുകമ്പ കൂടിപ്പോയ
ഒരു ചെറിയ തകർന്ന ഹൃദയവുമാണ്‌
കലയ്ക്കു വിഷയമാകുന്നതെങ്കിൽ

നമുക്കു ശേഷം ബാക്കിയാകുന്നത്
വൃത്തികെട്ട ഒരു കൊച്ചു ഹോട്ടൽമുറിയിൽ
വാൾപേപ്പറിൽ ഉദയമാകുമ്പോൾ
കാമുകരുടെ മോങ്ങൽ പോലെ ചിലതാകും

(1969)

ഭൂതകാലത്തോട് ഹെർബെർട്ടിന്റെ സമീപനം നിഷ്ക്രിയമല്ല. അദ്ദേഹം ഭൂതകാലത്തെ ഉപയോഗപ്പെടുത്തുന്നത് വർത്തമാനകാലത്തെ പുനഃസൃഷ്ടിക്കാൻ വേണ്ടിയാണ്‌. അതേ സമയം കവിതയേക്കാൾ മുൻഗണന ചരിത്രത്തിനാണ്‌ അദ്ദേഹം നല്കുന്നതും. സത്യസന്ധതയേക്കാൾ പ്രധാനമല്ല കല. തൂസിഡിഡീസ് സത്യത്തിനു വേണ്ടി പ്രവാസം അനുഭവിച്ചപോലെ കലാകാരനും സത്യത്തിനു വേണ്ടി യാതന അനുഭവിക്കാൻ തയാറാവണം.

(from Bogdana Carpenter- "The Barbarian and the Garden: Zbigniew Herbert's Reevaluations") 


2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - പറുദീസയിൽ നിന്നുള്ള വിശേഷങ്ങൾ




പറുദീസയിൽ ജോലിസമയം ആഴ്ചയിൽ മുപ്പതു മണിക്കൂറായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു
ശമ്പളത്തോതുയർന്നതാണ്‌ വിലനിലവാരം താഴേക്കുതന്നെയുമാണ്‌
കായികാദ്ധ്വാനം തളർത്തുന്നതല്ല (ഗുരുത്വാകർഷണം കുറവായതിനാൽ)
വിറകു വെട്ടുന്നത് ടൈപ്പ് ചെയ്യുന്നപോലെയേയുള്ളു
സാമുഹ്യവ്യസ്ഥിതി സുസ്ഥിരമാണ്‌ അധികാരത്തിലിരിക്കുന്നവർ അറിവുള്ളവരുമാണ്‌
മറ്റേതു നാട്ടിലെക്കാളും സുഖമായി ജീവിക്കാം പറുദീസയിലെന്നു പറയാതെവയ്യ

തുടക്കത്തിൽ കാര്യങ്ങൾ മറ്റൊരു വിധമാകാൻ പോയതാണ്‌
പ്രകാശവലയങ്ങൾ ഗായകസംഘങ്ങൾ അമൂർത്തതയുടെ തട്ടുകൾ
പക്ഷേ ആത്മാവിനെ മാംസത്തിൽ നിന്നു കൃത്യമായി വേർപെടുത്താൻ
അവർക്കു കഴിയാതെപോയി അതിനാൽ പറ്റിപ്പിടിച്ചിരിക്കുന്ന 
ഒരു തുള്ളി കൊഴുപ്പും ഒരിഴ മാംസപേശിയും കൊണ്ടാണ്‌ അതിവിടെയെത്തുന്നത്
അതിന്റെ അനന്തരഫലത്തെ നേരിടാതെയും പറ്റില്ലായിരുന്നു
ഒരു തരി ശുദ്ധസത്തയെ ഒരു കളിമൺതരിയുമായി കലർത്തേണ്ടിവന്നു
പ്രമാണത്തിൽ നിന്നു മറ്റൊരു വ്യതിയാനം അവസാനത്തെ വ്യതിയാനം
യോഹന്നാൻ മാത്രമേ അതു മുൻകൂട്ടിക്കണ്ടുള്ളു: നിങ്ങൾ മാംസത്തിൽ ഉയിർപ്പിക്കപ്പെടും

ചുരുക്കം ചിലരേ ദൈവത്തെ ദർശിക്കുന്നുള്ളു
നൂറുശതമാനം ആത്മാവായിട്ടുള്ളവർക്കു മാത്രമാണവൻ
ശേഷിച്ചവർക്ക് പ്രളയങ്ങളേയും അത്ഭുതങ്ങളേയും കുറിച്ചുള്ള ഔദ്യോഗികവിജ്ഞാപനങ്ങൾ കേൾക്കാം
ഒരു ദിവസം എല്ലാവർക്കും ദൈവത്തെ കാണാം
അതെന്നാണെന്ന് ആർക്കുമറിയില്ല

ഇപ്പോഴെങ്ങനെയാണെന്നാൽ
എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് സൈറണുകൾ മധുരമായി അമറുന്നു
സ്വർഗ്ഗത്തിലെ തൊഴിലാളിവർഗ്ഗം പണിശാലകൾ വിട്ടിറങ്ങുന്നു
ചുമലുകളിലവർ ഒരു ചൊവ്വില്ലാതെ വയലിനുകൾ പോലെ ചിറകുകൾ തൂക്കിയിട്ടിരിക്കുന്നു

(1969)

 

കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലെ പോളണ്ടിലെ തൊഴിൽ രംഗമാണ്‌ ഈ ‘പറുദീസ.’



2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഉൾശബ്ദം

 

എന്റെ ഉൾശബ്ദത്തിന്‌
എനിക്കൊരുപദേശവും നല്കാനില്ല
ഒരു മുന്നറിയിപ്പും തരാനില്ല

ആകാമെന്നോ അരുതെന്നോ
അയാൾ പറയാറില്ല

തീരെപ്പതിഞ്ഞിട്ടാണത്
കാതില്പതിഞ്ഞാലൊട്ടു തിരിയുകയുമില്ല

എത്രയൊക്കെ കുനിഞ്ഞുനിന്നാലും
ചില അക്ഷരങ്ങളേ നിങ്ങൾ കേൾക്കുന്നുണ്ടാവൂ
എല്ലാ അർത്ഥങ്ങളും ചോർന്നുപോയിട്ടുമുണ്ടാവും

അതു കേൾക്കാതിരിക്കാൻ വേണ്ടി
ഞാൻ ഒച്ചയുയർത്താറില്ല
മര്യാദയോടെയാണ്‌ ഞാനയാളോടു പെരുമാറുക

എനിക്കു തുല്യനാണയാളെന്നും
അതിപ്രധാനമായ കാര്യമാണയാൾ പറയുന്നതെന്നും
ഞാൻ അഭിനയിക്കും

ചിലനേരം ഞാൻ അയാളുമായി
സംഭാഷണം ചെയ്യാനും ശ്രമിക്കാറുണ്ട്
-ഇന്നലെ ഞാൻ വിസമ്മതിച്ചു കേട്ടോ
ഇന്നുവരെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല
ഇനി ചെയ്യാനും പോകുന്നില്ല

-ഗ്ലു-ഗ്ലു

-അപ്പോൾ നിങ്ങൾ പറയുന്നത്
ഞാൻ ചെയ്തതു ശരിയാണെന്നാണോ

-ഗാ-ഗോ-ഗി

നമുക്കൊരേ അഭിപ്രായമാണെന്നറിഞ്ഞതിൽ
സന്തോഷം
-മാ-ആ-

-ഇപ്പോൾ പോയൊന്നു വിശ്രമിക്കൂ
നമുക്കു നാളെ വീണ്ടും കാണാം

എനിക്കയാളെക്കൊണ്ട് ഒരുപയോഗവുമില്ല
എനിക്കയാളെ വേണമെങ്കിൽ മറന്നുകളയാം

എനിക്കൊരു പ്രതീക്ഷയുമില്ല
സഹതാപം കൊണ്ടു മൂടി
അയാൾ അവിടെക്കിടക്കുമ്പോൾ
വിഷമിച്ചു ശ്വാസമെടുത്തുകൊണ്ട്
വായ തുറക്കുമ്പോൾ
നിശ്ചേഷ്ടമായ തല പൊന്തിക്കാൻ നോക്കുമ്പോൾ
ചെറിയൊരു കുറ്റബോധം മാത്രം

(1961)


2020, ഓഗസ്റ്റ് 26, ബുധനാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് -ഉരുളൻകല്ല്



ഉരുളൻകല്ല് 
ഒരു സമ്പൂർണ്ണജീവിയാണ്‌

അത് അതിനു തുല്യം
അതിന്റെ അതിരുകളറിയുന്നത്

ഒരു ഉരുളൻകല്ലർത്ഥം കൊണ്ട്
കൃത്യമായി നിറഞ്ഞത്

അതിന്റെ ഗന്ധം ഒന്നിനേയും ഓർമ്മിപ്പിക്കുന്നില്ല
ഒന്നിനേയും വിരട്ടിയോടിക്കുന്നില്ല
ഒരാഗ്രഹവുമുണർത്തുന്നില്ല

അതിന്റെ വ്യഗ്രതയും നിർമ്മമതയും
നീതിയുക്തവും അന്തസ്സുറ്റതുമാണ്‌

അതിനെ കയ്യിലെടുത്തു പിടിക്കുമ്പോൾ
അതിന്റെ അഭിജാതമായ ഉടലിൽ
കൃത്രിമച്ചൂടു പകരുമ്പോൾ
എനിക്കു കടുത്ത പശ്ചാത്താപം തോന്നുന്നു

-ഉരുളൻകല്ലുകളെ മെരുക്കാനാവില്ല
അവസാനം വരെയും അവ നമ്മെ നോക്കിക്കൊണ്ടിരിക്കും
പ്രശാന്തവും സ്വച്ഛവുമായ കണ്ണുകൊണ്ട്

(1961)

(ഹെർബെർട്ടിന്റെ ഏറ്റവും പ്രസിദ്ധമായ കവിതകളിൽ ഒന്നാണിത്. അചേതനവസ്തുക്കളിൽ മാനുഷികവികാരങ്ങൾ ആരോപിക്കുന്നതിനെതിരായിട്ടുള്ള ഒരു മുന്നറിയിപ്പായിട്ടാണ്‌ ഈ കവിത വായിക്കപ്പെടുന്നത്. വസ്തുക്കളിൽ അതതു വസ്തുവിന്റെ ‘വസ്തുത്വ’മല്ലാതെ മറ്റൊരു വാസ്തവം നാം അന്വേഷിക്കേണ്ടതില്ല. ഷിംബോർസ്ക്കയുടെ ഒരു ‘കല്ലുമായി നടത്തിയ സംഭാഷണം’ ഈ കവിതയുമായി ചേർത്തു വായിക്കാവുന്നതാണ്‌.)



2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഞങ്ങളുടെ ഭയം



ഞങ്ങളുടെ ഭയം നിശാവസ്ത്രം ധരിച്ചതല്ല
കൂമന്റെ കണ്ണുകളുള്ളതല്ല
പേടകത്തിന്റെ മൂടി തുറക്കുന്നതല്ല
മെഴുകുതിരി ഊതിക്കെടുത്തുന്നതല്ല

ഒരു പരേതന്റെ മുഖവും അതിനില്ല

ഞങ്ങളുടെ ഭയം
ഒരു പോക്കറ്റിൽ കണ്ട
ഒരു തുണ്ടുകടലാസ്സാണ്‌
“ദ്ലൂഗാത്തെരുവു പൊള്ളുമെന്ന്
വൊയ്ച്ചിക്കിനോടു പറഞ്ഞേക്കൂ”

ഞങ്ങളുടെ ഭയം
കൊടുങ്കാറ്റിന്റെ ചിറകുകളിൽ പറക്കുന്നതല്ല
പള്ളിമേടയിലിരിക്കുന്നതല്ല
തീർത്തും സാധാരണമാണത്

അതിന്റെ രൂപം
കമ്പിളിയുടുപ്പും
ഭക്ഷണവും വെള്ളവും
ആയുധങ്ങളും
തിടുക്കത്തിൽ കെട്ടിയെടുത്ത
ഒരു മാറാപ്പിന്റേതാണ്‌

ഞങ്ങളുടെ ഭയം
ഒരു പരേതന്റെ മുഖമുള്ളതല്ല
മരിച്ചവർ ഞങ്ങളെ കഷ്ടപ്പെടുത്തുന്നില്ല
ഞങ്ങൾ അവരെ തോളിൽ ചുമന്നുകൊണ്ടുപോകുന്നു
ഒരേ വിരിപ്പിനടിയിൽ ഞങ്ങളുറങ്ങുന്നു
ഞങ്ങളവരുടെ കണ്ണുകൾ തിരുമ്മിയടയ്ക്കുന്നു
ചുണ്ടുകൾ അടച്ചുവയ്ക്കുന്നു
നനവില്ലാത്ത ഒരിടം നോക്കി
അവരെ മറവു ചെയ്യുകയും ചെയ്യുന്നു

അധികം ആഴത്തിലല്ലാതെ
ആഴം കുറയാതെയും
(1961)



സ്ബിഗ്നിയെഫ് ഹെർബെർട്ട് - അവസാനത്തെ അപേക്ഷ



അവർക്കിപ്പോൾ തലയനക്കാൻ പറ്റാതായിരിക്കുന്നു
എന്നോടവർ കുനിഞ്ഞുനില്ക്കാൻ ആംഗ്യം കാണിച്ചു
-ഇത് ഇരുന്നൂറു സ്ലോട്ടിയുണ്ട്
ബാക്കി കൂടിയിട്ട്
എനിക്കു വേണ്ടി ഒരു ഗ്രിഗേറിയൻ കുർബ്ബാന നടത്തണം

അവർക്കു വേണ്ടത് 
മുന്തിരിപ്പഴമല്ല
അവർക്കു വേണ്ടത്
മോർഫിനല്ല
അവർക്കു
പാവങ്ങളെ സന്തോഷിപ്പിക്കുകയും വേണ്ട
അവർക്കു വേണ്ടത് ഒരു കുർബ്ബാനയാണ്‌

അങ്ങനെ അവർക്കു വേണ്ടി ഒരു കുർബ്ബാന നടത്തി

പള്ളിയിലെ ഇരിപ്പിടങ്ങൾക്കിടയിൽ
ചൂടത്ത് ഞങ്ങൾ മുട്ടുകുത്തി
എന്റെ സഹോദരൻ തൂവാല കൊണ്ടു നെറ്റി തുടയ്ക്കുന്നു
എന്റെ സഹോദരി പ്രാർത്ഥനാപുസ്തകം കൊണ്ട് വീശുന്നു
ഞാൻ ഉരുവിടുന്നു
...ഞങ്ങൾ ക്ഷമിക്കുന്നപോലെ
ബാക്കി ഓർമ്മ വരാത്തതിനാൽ
ഞാൻ പിന്നെയും അതുതന്നെ ഉരുവിടുന്നു

വികാരി
കത്തിച്ച ഏഴു ലില്ലികളുടെ പാതയിലൂടെ
നടക്കുന്നു
ഓർഗൻ വിലപിക്കുന്നു
അതു തുറക്കുമെന്നും
കാറ്റൊഴുകിയെത്തുമെന്നും തോന്നിപ്പോകുന്നു

എന്നാൽ ഇല്ല
സകലതും അടഞ്ഞിരിക്കുകയാണ്‌
ഒരു മെഴുകുതിരിയുടെ തണ്ടിലുടെ
മെഴുകുരുകിയൊലിക്കുന്നു
ഞാനോർക്കുകയാണ്‌
മെഴുകു കൊണ്ട് അവരെന്തു ചെയ്യും
പുതിയ മെഴുകുതിരി ഉണ്ടാക്കാൻ ഉപയോഗിക്കുമോ
അതോ എടുത്തുകളയുമോ

ഞങ്ങൾക്കു ചെയ്യാനാകാത്തത്
വികാരിക്കു
ചെയ്യാൻ പറ്റിയെന്നുവരാം
ഒരല്പം ഉയരാൻ കൂടി കഴിഞ്ഞെന്നുവരാം

ഒരു മണി മുഴങ്ങുന്നു

കറുത്ത ഉടലും
വെള്ളിച്ചിറകുകളുമായി
വികാരി
ആദ്യത്തെ രണ്ടു പടികൾ കയറുന്നു
പിന്നെ ഒരീച്ചയെപ്പോലെ
താഴേക്കുരസ്സിയിറങ്ങുന്നു

പള്ളിയിലെ ഇരിപ്പിടങ്ങൾക്കിടയിൽ
ചൂടത്ത് ഞങ്ങൾ മുട്ടു കുത്തി
വിയർപ്പിന്റെ ഒരിഴ
മണ്ണുമായി ഞങ്ങളെ ബന്ധിച്ചിരുന്നു

ഒടുവിൽ എല്ലാം കഴിയുന്നു
ഞങ്ങൾ തിടുക്കത്തിൽ പുറത്തേക്കിറങ്ങുന്നു
പുറത്തെത്തിയതും
ദീർഘശ്വാസമെടുക്കുക
എന്ന മഹത്തായ കർമ്മം നടക്കുന്നു

(1961)


സ്ബിഗ്നിയെഫ് ഹെർബെർട്ട് - റഷ്യൻ പ്രവാസികളുടെ ദൃഷ്ടാന്തകഥ



കൊല്ലം ഇരുപതായിരുന്നു
അതോ ഇരുപത്തൊന്നോ
റഷ്യൻ പ്രവാസികൾ
അന്നാണു ഞങ്ങളുടെ നാട്ടിലേക്കു വരുന്നത്

നല്ല ഉയരവും സ്വർണ്ണമുടിയുമുള്ളവർ
സ്വപ്നം കാണുന്ന കണ്ണുകൾ
സ്ത്രീകൾ സ്വപ്നം പോലെ

അങ്ങാടിയിലൂടവർ നടന്നുപോകുമ്പോൾ
ഞങ്ങൾ പറയാറുണ്ടായിരുന്നു- ദേശാടനപ്പക്ഷികൾ

ജന്മിഗൃഹങ്ങളിലെ സായാഹ്നവിരുന്നുകളിൽ
അവർ സംബന്ധിക്കാറുണ്ടായിരുന്നു
എല്ലാവരും അടക്കം പറയും-
ആ മുത്തുകൾ കണ്ടോ

നരച്ച നിറത്തിലുള്ള പത്രങ്ങൾ മൗനം തുടർന്നു
ഒറ്റയ്ക്കിരുന്നുള്ള ചീട്ടുകളി മാത്രം കരുണ കാണിച്ചു

പിന്നെ ജനാലകൾക്കപ്പുറത്തെ ഗിത്താറുകൾ നിശ്ശബ്ദമാകും
ഇരുണ്ട കണ്ണുകൾ പോലും മാഞ്ഞുപോകും

രാത്രിയിൽ ചൂളം കുത്തുന്ന ഒരു സമോവർ
തങ്ങളുടെ കുടുംബങ്ങളിലേക്കും റയിൽവേ സ്റ്റേഷനുകളിലേക്കും
അവരെ കൊണ്ടുപോകും

രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ അവരിൽ മൂന്നുപേരെക്കുറിച്ചു മാത്രമായി
ആളുകൾ എന്തെങ്കിലും പറഞ്ഞിരുന്നത്
ഭ്രാന്തു പിടിച്ച ഒരാൾ
തൂങ്ങിച്ചത്ത ഒരാൾ
ആണുങ്ങൾ കാണാൻ പോയിരുന്ന ഒരു സ്ത്രീ

ശേഷിച്ചവർ പുറമെയ്ക്കു വെളിച്ചപ്പെടാതെ ജീവിച്ചു
അവർ സാവധാനം മണ്ണാവുകയായിരുന്നു

ചരിത്രത്തിന്റെ അനിവാര്യതകൾ മനസ്സിലാവുന്ന നിക്കോളാസ്
എന്നോടു പറഞ്ഞതാണ്‌ ഈ ദൃഷ്ടാന്തകഥ
എന്നെ പേടിപ്പെടുത്താൻ എന്നു പറഞ്ഞാൽ എനിക്കു ബോദ്ധ്യം വരാൻ

(1957)


2020, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - അഞ്ചുപേർ

 

1
കല്ലു പാകിയ മുറ്റത്തേക്ക്
രാവിലെ അവരെ വിളിച്ചിറക്കിക്കൊണ്ടുപോകുന്നു
ചുമരിനെതിരെ അവരെ നിരത്തിനിർത്തുന്നു

അഞ്ചുപേർ
രണ്ടു പേർ വളരെച്ചെറുപ്പം
മറ്റുള്ളവർ മദ്ധ്യവയസ്കർ

അവരെക്കുറിച്ചു
മറ്റൊന്നും പറയാനില്ല

2
പട്ടാളക്കാർ അവർക്കു നേരെ
തോക്കുകൾ ചൂണ്ടുമ്പോൾ
പെട്ടെന്നു സർവ്വതും പ്രത്യക്ഷമാകുന്നു
സുനിശ്ചിതത്വത്തിന്റെ
പകിട്ടുവെളിച്ചത്തിൽ

മഞ്ഞച്ചുമര്‌
തണുത്ത നീല
ചക്രവാളത്തിനു പകരം
ചുമരിലെ കറുത്ത കമ്പി

ഈ നിമിഷത്തിലാണ്‌
ഇന്ദ്രിയങ്ങളഞ്ചും കുതറുന്നത്
മുങ്ങുന്ന കപ്പലിൽ നിന്നെലികളെപ്പോലെ
അവ രക്ഷപ്പെട്ടേനെ

വെടിയുണ്ട അതിന്റെ ലക്ഷ്യം കാണും മുമ്പേ
കണ്ണുകൾ അതിന്റെ യാത്രാപഥം ദർശിക്കും
കാതുകൾ ഒരു ലോഹമർമ്മരം രേഖപ്പെടുത്തും
നാസകൾ പൊള്ളുന്ന പുക കൊണ്ടു നിറയും
ചോരയുടെ ഒരിതൾ നാവിലുരുമ്മും
സ്പർശം ഒന്നു മുറുകി പിന്നെ അയയും
ഇപ്പോഴവർ നിലത്തു ചടഞ്ഞുകൂടിക്കിടക്കുന്നു
കണ്ണു വരെയും അവരെ നിഴൽ മൂടിയിരിക്കുന്നു
പട്ടാളക്കാർ നടന്നുപോകുന്നു
ചുമരിനരികിൽ കിടക്കുന്നവരെക്കാൾ
ജീവനുള്ളതാണ്‌
അവരുടെ ബട്ടണുകൾ വാറുകൾ
ഉരുക്കുതൊപ്പികളും

3
ഞാനിത് ഇന്നറിഞ്ഞതല്ല
ഇന്നലെയ്ക്കും മുന്നേ എനിക്കിതറിയാമായിരുന്നു

എങ്കില്പിന്നെ പൂക്കളെക്കുറിച്ചുള്ള നിസ്സാരകവിതകളെഴുതി
ഞാനെന്തിനു കാലം കഴിച്ചു

വധശിക്ഷയുടെ തലേ രാത്രിയിൽ
ആ അഞ്ചുപേർ എന്തിനെക്കുറിച്ചാവും സംസാരിച്ചിരിക്കുക

നടക്കാൻ പോകുന്ന സ്വപ്നങ്ങളെക്കുറിച്ച്
ഏതോ വേശ്യാലയത്തിൽ നടത്തിയ തോന്ന്യാസത്തെക്കുറിച്ച്
കാറുകളുടെ സ്പെയർപാർട്ടുകളെക്കുറിച്ച്
ഒരു കടൽയാത്രയെക്കുറിച്ച്
കൈയിൽ ഇസ്പേഡുണ്ടായിട്ടും
കളി തോറ്റതിനെക്കുറിച്ച്
തലയ്ക്കു കനം വരാതിരിക്കാൻ
വൈനിനെക്കാൾ നല്ലത് വോഡ്ക്കയാണെന്നതിനെക്കുറിച്ച്
പെണ്ണുങ്ങളെക്കുറിച്ച്
പഴങ്ങളെക്കുറിച്ച്
ജീവിതത്തെക്കുറിച്ച്

അതുകൊണ്ട് കവിതയിൽ നിങ്ങൾക്ക്
ഗ്രീക്ക് ആട്ടിടയന്മാരുടെ പേരുപയോഗപ്പെടുത്താം
പ്രഭാതവാനത്തിന്റെ നിറം പിടിച്ചെടുക്കാൻ നോക്കാം
പ്രണയത്തെക്കുറിച്ചെഴുതാം
പിന്നെ
ഒരിക്കല്ക്കൂടി
എത്രയും ആത്മാർത്ഥതയോടെ
വഞ്ചിക്കപ്പെട്ട ലോകത്തിന്‌
ഒരു പനിനീർപ്പൂ
വച്ചുനീട്ടുകയുമാവാം

(1957)


2020, ഓഗസ്റ്റ് 23, ഞായറാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - കവിത വിവർത്തനം ചെയ്യുന്നതിനെക്കുറിച്ച്



ചാതുര്യം പോരാത്തൊരു വണ്ടത്താനെപ്പോലെ
അയാൾ ഒരു പൂവിൽ 
അതിന്റെ ലോലമായ തണ്ടു വളച്ചും കൊണ്ട് വന്നിറങ്ങുന്നു
നിഘണ്ടുവിന്റെ താളുകൾ പോലത്തെ
ഇതളുകളുടെ നിരകൾക്കിടയിലൂടെ
അയാൾ ഞെരുങ്ങിക്കയറുന്നു
മണവും മധുരവുമിരിക്കുന്നിടത്താണ്‌
അയാൾക്കെത്തേണ്ടത്
ആളൊരു ജലദോഷക്കാരനാണെങ്കിലും
നാവിനു രുചി പോയിരിക്കുന്നുവെങ്കിലും
അയാൾ തള്ളിക്കേറുകയാണ്‌
ഒടുവിൽ അയാളുടെ തല
മഞ്ഞിച്ച കേസരത്തിൽ ചെന്നിടിക്കുന്നു

അത്രത്തോളമേ അയാൾക്കെത്താനാകുന്നുള്ളു
പൂവിന്റെ വിദളങ്ങളിൽ നിന്ന്
വേരിലേക്കു കടക്കാനുള്ള വഴി കഠിനം
അതിനാൽ അയാൾ തിരിച്ചിറങ്ങുകയാണ്‌
വലിയ കാര്യം സാധിച്ചപോലെ പുറത്തുവരുമ്പോൾ
അയാൾ മുരളുന്നുണ്ട്:
ഞാൻ അവിടെ പോയിരുന്നുവെന്നേ
നിങ്ങൾക്കയാളെ വിശ്വാസമായില്ലെങ്കിൽ
ആ മൂക്കിൻതുമ്പൊന്നു നോക്കൂ
അതിൽ പൂമ്പൊടിയുടെ മഞ്ഞ പുരണ്ടിട്ടുണ്ട്

(1957)


2020, ഓഗസ്റ്റ് 22, ശനിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ബയോളജി ടീച്ചർ



അദ്ദേഹത്തിന്റെ മുഖം
എനിക്കോർമ്മിക്കാൻ പറ്റുന്നില്ല

നീണ്ട കാലുകൾ കവച്ചുവച്ച്
എനിക്കുമേലദ്ദേഹം ഉയർന്നുനിന്നു
ഒരു സ്വർണ്ണച്ചെയിൻ ഞാൻ കണ്ടു
പിന്നെ ചാമ്പൽനിറത്തിൽ ഒരു മുറിക്കുപ്പായവും
ഒരു ചത്ത ടൈ തറച്ചുവച്ച
മെലിഞ്ഞ കഴുത്തും

ഒരു ചത്ത തവളയുടെ കാൽ
ആദ്യമദ്ദേഹം ഞങ്ങൾക്കു കാണിച്ചുതന്നു
സൂചി കൊണ്ടൊന്നു തൊട്ടപ്പോൾ
അതു വല്ലാതെ കോച്ചിപ്പിടിച്ചിരുന്നു

നമ്മുടെ പൂർവ്വികൻ
പരാമീസിയത്തിന്റെ
രഹസ്യജീവിതത്തിലേക്ക്
സ്വർണ്ണനിറത്തിലുള്ള ഒരു ബൈനോക്കുലറിലൂടെ
അദ്ദേഹം ഞങ്ങളെ നയിച്ചു

ഇരുണ്ട നിറത്തിൽ
ഒരു തൊണ്ടു കൊണ്ടുവന്നിട്ട്
അദ്ദേഹം പറഞ്ഞു: എർഗൊട്ട്

അദ്ദേഹത്തിന്റെ നിർബ്ബന്ധത്താൽ
പത്താം വയസ്സിൽ
ഞാൻ ഒരു പിതാവായി
വെള്ളത്തിൽ മുക്കിവച്ചിരുന്ന ഒരു ചെസ്റ്റ്നട്ട് കുരു
പിരിമുറുക്കം നല്കിയ ഒരു കാത്തിരുപ്പിനു ശേഷം
ഒരു മഞ്ഞിച്ച മുള നീട്ടിയപ്പോൾ
ചുറ്റിനും പെട്ടെന്നു
സംഗീതമുയർന്നപ്പോൾ

യുദ്ധത്തിന്റെ രണ്ടാം കൊല്ലം
ചരിത്രത്തിലെ തെമ്മാടിക്കുട്ടികളാൽ
ഞങ്ങളുടെ ബയോളജി ടീച്ചർ കൊല്ലപ്പെട്ടു

അദ്ദേഹം സ്വർഗ്ഗത്തേക്കാണു പോയതെങ്കിൽ-

ഇപ്പോഴദ്ദേഹം ഉലാത്തുകയാവാം
ദീർഘമായ പ്രകാശരശ്മികളിലൂടെ
നരച്ച നിറത്തിലുള്ള സ്റ്റോക്കിങ്ങ്സും ധരിച്ച്
കൈയിൽ കൂറ്റനൊരു വലയുമായി
പിന്നിൽ പ്രസരിപ്പോടെ തട്ടുന്ന
ഒരു പച്ചപ്പെട്ടിയുമായി

ഇനി അദ്ദേഹം മുകളിലേക്കല്ല പോയതെങ്കിൽ-

വേനല്ക്കാലത്തൊരു പാതയിൽ വച്ച്
ഒരു മണ്ണുരുളയ്ക്കു മേൽ 
പൊത്തിപ്പിടിച്ചുകയറുന്ന ഒരു വണ്ടിനെ കാണുമ്പോൾ
ഞാൻ അടുത്തുചെന്നു വണങ്ങിയിട്ട്
ചോദിക്കുന്നു:
-നമസ്കാരം സർ
ഞാൻ സഹായിക്കുന്നതിൽ വിരോധമുണ്ടാവുമോ

കരുതലോടെ ഞാൻ 
അദ്ദേഹത്തെ എടുത്തുമാറ്റുന്നു
ഇലകളുടെ ഒരു നടക്കാവിനൊടുവിൽ
തന്റെ പൊടി പിടിച്ച ടീച്ചേഴ്സ് റൂമിലേക്ക്
അദ്ദേഹം പോയിമറയുന്നതുവരെ
ഞാൻ നോക്കിനില്ക്കുന്നു

(1957)

*ചരിത്രത്തിലെ ‘തെമ്മാടിക്കുട്ടിക’ളായ നാസികളുടെ പോളിഷ് ഉപരോധകാലത്തെ ക്രൂരതകളാണ്‌ ഈ കവിതയുടെ പ്രമേയം. ‘തെമ്മാടിക്കുട്ടികൾ’എന്നത് നാസികളെ വെറും ചട്ടമ്പിമാരായി മാത്രം കണ്ടിരുന്ന സഖ്യകക്ഷികളുടെ യുദ്ധകാലപ്രചാരവേലയെ ഓർമ്മിപ്പിക്കുന്നു.
* പാരമീസിയം (Paramecium)- വെള്ളത്തിൽ ജീവിക്കുന്ന ഒരു ഏകകോശജീവി.
*എർഗൊട്ട് (Ergot)- ധാന്യക്കതിരുകളെ ബാധിക്കുന്ന ഒരു പൂപ്പൽ



2020, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മഴ



യുദ്ധം കഴിഞ്ഞു വരുമ്പോൾ
എന്റെ ജ്യേഷ്ഠന്റെ നെറ്റിയിൽ
ഒരു കുഞ്ഞുവെള്ളിനക്ഷത്രമുണ്ടായിരുന്നു
നക്ഷത്രത്തിനടിയിൽ
ഒരു ഗർത്തവും

വെർദൂണിൽ വച്ച്
ഒരു വെടിച്ചീൾ തറച്ചുകേറിയതാണ്‌
അതോ ഇനി ഗ്രൂൺവാൾഡിൽ വച്ചാണോ
(ജ്യേഷ്ഠനത് നല്ല ഓർമ്മയില്ല)

പല ഭാഷകളിൽ
ഒരുപാടു സംസാരിക്കാറുണ്ടായിരുന്നു ജ്യേഷ്ഠൻ
എന്നാൽ ആൾക്കേറെയിഷ്ടം
ചരിത്രത്തിന്റെ ഭാഷയായിരുന്നു

തന്റെ ശ്വാസം പോകുന്നതുവരെ
കൂട്ടാളികളെ ഓടിപ്പോകാൻ ശാസിക്കുകയായിരുന്നു ജ്യേഷ്ഠൻ
റൊളാങ്ങ് കൊവാൽസ്കി ഹന്നിബാൾ

ജ്യേഷ്ഠൻ അലറുകയായിരുന്നു
അവസാനത്തെ കുരിശ്ശുയുദ്ധമാണിതെന്ന്
കാർത്തേജ് വൈകാതെ വീഴുമെന്ന്
പിന്നെ തേങ്ങിക്കൊണ്ടു സമ്മതിക്കുകയായിരുന്നു
നെപ്പോളിയന്‌ തന്നെ ഇഷ്ടമില്ലായിരുന്നുവെന്ന്

ജ്യേഷ്ഠന്റെ മേൽ വിളർച്ച പടരുന്നത്
ഞങ്ങൾ നോക്കിനിന്നു
ഇന്ദ്രിയങ്ങൾ വിട്ടുപോയതോടെ
ജ്യേഷ്ഠൻ സാവധാനമൊരു സ്മാരകമായി

കാതുകളുടെ സംഗീതച്ചിപ്പികളിൽ
കല്ലുകളുടെ കാടു കയറി
മുഖത്തെ ചർമ്മം
കണ്ണുകളുടെ
അന്ധമായ വരണ്ട ബട്ടണുകളിൽ
വലിഞ്ഞുമുറുകിക്കിടന്നു

ജ്യേഷ്ഠന്റേതായി ശേഷിച്ചത്
സ്പർശം മാത്രം

എന്തൊക്കെക്കഥകൾ
കൈകൾ കൊണ്ടു ജ്യേഷ്ഠൻ പറഞ്ഞിരുന്നു
വലതുകൈയിൽ വീരഗാഥകൾ
ഇടതുകൈയിൽ പട്ടാളക്കാരന്റെ സ്മരണകൾ

എന്റെ സഹോദരനെ
നാട്ടിനു പുറത്തേക്കെടുത്തുകൊണ്ടുപോയി
ഓരോ ശരല്ക്കാലത്തും
ജ്യേഷ്ഠൻ മടങ്ങിവരുന്നു
മെലിഞ്ഞ് ഒന്നും മിണ്ടാതെ
ജ്യേഷ്ഠൻ ഉള്ളിലേക്കു വരുന്നില്ല
ജനാലയിൽ തട്ടി എന്നെ വിളിക്കും

തെരുവിലൂടെ ഞങ്ങൾ ഒരുമിച്ചു നടക്കുന്നു
അവിശ്വസനീയമായ കഥകൾ 
ജ്യേഷ്ഠനെനിക്കു പറഞ്ഞുതരുന്നു
മഴയുടെ അന്ധമായ വിരലുകളാൽ
എന്റെ മുഖം സ്പർശിച്ചുകൊണ്ട്
(1957)

കവിയും വിവർത്തകനുമായ ഡാൻ ബെല്ലം (Dan Bellm) ഈ കവിതയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:

തിരിവുകളുടെ ഒരു കവിതയാണിത്. യുദ്ധം കഴിഞ്ഞു തിരിച്ചുവരുന്ന ഈ “ജ്യേഷ്ഠൻ” ആരാണ്‌? ഏതു യുദ്ധം? എങ്ങനെയുള്ള മടക്കം? യുദ്ധത്തിന്റെ അനന്തരഫലങ്ങൾ, ശരിക്കു പറഞ്ഞാൽ യുദ്ധത്തിന്റെ നിലയ്ക്കാത്ത സാന്നിദ്ധ്യം 1945നു ശേഷമുള്ള പോളിഷ് കവികളുടെ അനിവാര്യമായ പ്രമേയമായിരുന്നു. സ്ബിഗ്നിയെഫ് ഹെർബെർട്ട് തന്റെ “മഴ” തുടങ്ങുന്നത് മടങ്ങിവരുന്ന മറ്റൊരു പട്ടാളക്കാരനെ അവതരിപ്പിച്ചുകൊണ്ടാണ്‌; അയാൾ കവിയുടെ കുടുംബാംഗമാണ്‌, യഥാർത്ഥവും ആലങ്കാരികവുമായ ഒരു വെള്ളിനക്ഷത്രം കൊണ്ടു സമ്മാനിതനായ ഒരു ജ്യേഷ്ഠനാണ്‌. എന്നാൽ ആ ആ നക്ഷത്രം, ആ മുറിവ്, കവിതയുടെ ആദ്യത്തെ തിരിവുമാണ്‌, നാം തലകുത്തി വീഴുന്ന ഗർത്തം; എന്തെന്നാൽ അയാൾ മടങ്ങിവരുന്നത് നമ്മുടെ ഓർമ്മയിൽ നിന്നു മായാൻ സമയമായിട്ടില്ലാത്ത ഒരു സമീപകാലയുദ്ധത്തിൽ നിന്നല്ല, മറിച്ച്, ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നാണ്‌; എന്നു മാത്രമല്ല, നെപ്പോളിയന്റെ യുദ്ധങ്ങളിൽ പങ്കെടുത്തയാളാണയാൾ, പതിനഞ്ചാം നൂറ്റാണ്ടിലെ ഗ്രുൺവാൾഡ് യുദ്ധങ്ങളിൽ, കുരിശ്ശുയുദ്ധങ്ങളിൽ, ഗാളുകളുടെ യുദ്ധങ്ങളിൽ, കാർത്തേജിനെതിരെ റോമിന്റെ ഉപരോധത്തിൽ അയാളുണ്ടായിരുന്നു. ഇപ്പോൾ നമുക്കു മനസ്സിലായിത്തുടങ്ങുന്നു: അത് ഏതു മനുഷ്യനുമാണ്‌, ചരിത്രത്തിലെ ഏതു യുദ്ധവും കഴിഞ്ഞു വരുന്ന പടയാളിയാണ്‌. എന്നാൽ ഇത്രയും കൊണ്ടു തീരാനാണെങ്കിൽ അത്ര വലിയ കവിതയെന്ന് ഇതിനെ പറയാനില്ല. എന്നാൽ ആറാമത്തെ ഖണ്ഡത്തിൽ നാം തിരിച്ചറിയുന്നു, യഥാർത്ഥത്തിലുള്ള ഒരു സഹോദരനാണ്‌ തിരിച്ചുവരുന്നതെന്ന്; അയാളുടെ വിധിയിൽ ഒരു ഐതിഹാസികമാനം കലരുന്നുണ്ടെങ്കിലും കവിതയ്ക്ക് അതിന്റെ ശക്തി പകരുന്നത് ആ സഹോദരന്റെ മാരകമായ ഭൗതികതയാണ്‌: അയാളുടെ അന്ധമായ കണ്ണുകൾ, അയാളുടെ കൈകൾ, വക്താവിന്റെ മുഖത്തേക്കു പിന്നെയും പിന്നെയും തിരിച്ചുവരുന്ന സ്പർശം. അയാൾ ഒരു പ്രതീകമല്ല, ഒരു ശരീരമാണ്‌, ഒരു സഹചാരി, അതിജീവിച്ചയാൾ, അതിജീവിക്കാത്തയാൾ, ശവക്കുഴിയിൽ അടങ്ങിക്കിടക്കാത്ത ഒരാൾ. 


2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - പക്വത



സംഭവിച്ചതെല്ലാം നല്ലതിന്‌
സംഭവിക്കാനിരിക്കുന്നതും നല്ലതിന്‌
ഈ പറയുന്ന നിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നതും
അതും ഓക്കേ

മാംസം കൊണ്ടു മെടഞ്ഞെടുത്ത ഒരു കൂട്ടിനുള്ളിൽ
ഒരു കിളി ജീവിച്ചിരുന്നു
ഹൃദയത്തിനു ചുറ്റും അതു ചിറകടിച്ചിരുന്നു
മിക്കപ്പോഴും നാമതിനെ വിളിച്ചു: അശാന്തി
ചിലപ്പോൾ ഇങ്ങനെയും: പ്രണയം

വൈകുന്നേരങ്ങളിൽ
ഇരച്ചൊഴുകുന്ന സങ്കടപ്പുഴയുടെ കരയിലൂടെ നാം നടന്നു
പുഴയിൽ നമുക്കു നമ്മെത്തന്നെ കാണാമായിരുന്നു
അടി മുതൽ മുടി വരെ

ഇപ്പോൾ
കിളി മേഘങ്ങളുടെ അടിത്തട്ടിലേക്കു വീണിരിക്കുന്നു
പുഴ മണലിനടിയിലേക്കു വലിഞ്ഞിരിക്കുന്നു

കുട്ടികളെപ്പോലെ നിരാലംബരായി
വൃദ്ധരെപ്പോലെ പരിചയസമ്പന്നരായി
നാമിപ്പോൾ - സ്വതന്ത്രരാണ്‌
എന്നുപറഞ്ഞാൽ- പോകാൻ പാകത്തിലാണ്‌

രാത്രിയിൽ മുഖപ്രസാദമുള്ള ഒരു വയസ്സൻ വരുന്നു
വശീകരിക്കുന്നൊരു ചേഷ്ട കാട്ടി നമ്മെ വശത്താക്കാൻ നോക്കുന്നു
-നിങ്ങളാരാ- ഉൾപ്പേടിയോടെ നാം ചോദിക്കുന്നു

-സെനെക്ക- ഹൈസ്കൂൾ കടന്നവർ പറയുന്നു
ലാറ്റിൻ പിടിയില്ലാത്തവരാകട്ടെ
എന്നെ വിളിക്കുന്നു- പരേതൻ
(1957)

*സെനെക്ക (Seneca)- ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ സ്റ്റോയിക് ചിന്തകൻ. 


സ്ബിഗ്നിയെഫ് ഹെർബെർട്ട്- നിന്നെക്കുറിച്ചൊരിക്കലും



നിന്നെക്കുറിച്ചു പറയാനെനിക്കൊരിക്കലും ധൈര്യമുണ്ടാവില്ല
എന്റെ ചുറ്റുവട്ടത്തെ വിപുലാകാശമേ
കോരിച്ചൊരിയുന്ന കാറ്റിനെത്തടുക്കുന്ന മേല്പുരകളേ
ഞങ്ങളുടെ വീടുകൾക്കു മുടിച്ചുരുളുകളായ
നനുത്ത മേല്പുരകളേ നിങ്ങളെക്കുറിച്ചും
സങ്കടങ്ങളുടെ പരീക്ഷണശാലകളായ ചിമ്മിനികളേ
പുച്ഛിക്കുന്ന ചന്ദ്രനെ കഴുത്തുനീട്ടിനോക്കുന്ന 
ചിമ്മിനികളേ നിങ്ങളെക്കുറിച്ചും
തുറന്നതും അടഞ്ഞതുമായ ജനാലകളേ
അന്യദേശങ്ങളിൽക്കിടന്നു ഞങ്ങൾ മരിക്കുമ്പോൾ
പൊട്ടിത്തകരുന്ന ജനാലകളേ നിങ്ങളെക്കുറിച്ചും

എന്റെ ഒളിച്ചോട്ടങ്ങൾ എന്റെ മടക്കങ്ങൾ എല്ലാമറിയുന്ന
എന്റെ വീടിനെക്കുറിച്ചു പറയാൻ പോലും എനിക്കു കഴിയില്ല
എന്റെ അടഞ്ഞ കൺപോളകൾക്കടിയിൽ
ഒതുങ്ങിക്കിടക്കുന്നത്ര ചെറുതാണതെങ്കിലും
അതിന്റെ ഗന്ധത്തെ പച്ചനിറത്തിലെ ജനാലവിരിയെ
വിളക്കുമെടുത്തു ഞാൻ കയറുമ്പോൾ
കോണിപ്പടിയുടെ ഞരക്കത്തെ
പടിക്കപ്പുറത്തെ പച്ചപ്പിനെപ്പോലും
എങ്ങനെ പകർത്തണമെന്നെനിക്കറിവില്ല

വീട്ടുപടിയുടെ കൊളുത്തിനെക്കുറിച്ചെനിക്കെഴുതണമായിരുന്നു
അതിന്റെ പരുക്കൻ ഹസ്തദാനത്തെ
സൗഹാർദ്ദപൂർണ്ണമായ ഞരക്കങ്ങളെക്കുറിച്ചുമെഴുതണമായിരുന്നു
അതിനെക്കുറിച്ചത്രയൊക്കെയറിഞ്ഞിട്ടും
ക്രൂരമാം വിധം സാധാരണമായ ഒരുകൂട്ടം വാക്കുകളേ ഞാനുപയോഗിക്കുന്നുള്ളു
എന്തൊക്കെച്ചേതോവികാരങ്ങൾ രണ്ടു ഹൃദയമിടിപ്പുകൾക്കിടയിലൊതുങ്ങുന്നു
എന്തൊക്കെ വസ്തുക്കൾ നമ്മുടെ രണ്ടു കൈകൾ കൊണ്ടെടുത്തുപിടിക്കാം

വസ്തുക്കളെ സൗമ്യമായി പേരെടുത്തു വിളിക്കാമെന്നല്ലാതെ
ലോകത്തെ വിവരിക്കാൻ നമുക്കാവുന്നില്ലെങ്കിൽ അതിലത്ഭുതം വേണ്ട

(1957)

സ്ബിഗ്നിയെഫ് ഹെർബെർട്ട് - നക്ഷത്രങ്ങളുടെ ഇഷ്ടജനങ്ങൾ



അതൊരു കവിയാണ്‌
മാലാഖയൊന്നുമല്ല

അയാൾക്കു ചിറകുകളില്ല
വലതുകൈ
തൂവലുള്ളതാണെന്നുമാത്രം

കൈ വായുവിൽ തുഴയുന്നു
ഒരു മൂന്നടി അയാൾ പറന്നുവെന്നുമാകുന്നു
പിന്നയാൾ താഴെ വീഴുകയും ചെയ്യുന്നു

താഴേക്കു പോരുവോളം
പാദങ്ങൾ കൊണ്ടയാൾ കുതിക്കുന്നുണ്ട്
തൂവല്ക്കൈ പറപ്പിച്ചുകൊണ്ട്
ഒരു നിമിഷം അയാൾ പൊന്തിനില്ക്കുന്നുമുണ്ട്

ഹാ കളിമണ്ണിന്റെ പ്രലോഭനത്തിൽ നിന്നു മുക്തനാവാനായെങ്കിൽ
ഒരു നക്ഷത്രക്കൂട്ടിൽ അയാൾക്കു താമസമാക്കാമായിരുന്നു
രശ്മിയിൽ നിന്നു രശ്മിയിലേക്കയാൾക്കു കുതിക്കാമായിരുന്നു
അയാൾക്കാകുമായിരുന്നു-

പക്ഷേ നക്ഷത്രങ്ങൾ
തങ്ങളയാളുടെ ഭൂമിയാകുമോയെന്ന 
ചിന്തയാൽത്തന്നെ
പേടിച്ചു പതിക്കുന്നു

കവി തന്റെ തൂവല്ക്കൈ കൊണ്ടു
കണ്ണുപൊത്തുന്നു
അയാളിപ്പോൾ സ്വപ്നം കാണുന്നതു പറക്കലല്ല
ഒരു പതനം മാത്രം
അനന്തതയുടെ നിഴൽരൂപത്തെ
ഒരു മിന്നല്പിണർ പോലടയാളപ്പെടുത്തുന്നത്
(1957)

സ്ബിഗ്നിയെഫ് ഹെർബെർട്ട് - കൊട്ടുവടി



തലയ്ക്കുള്ളിൽ ഉദ്യാനങ്ങൾ വളർത്തുന്ന 
ചിലരുണ്ട്
അവരുടെ മുടിയിഴകളിൽ നിന്നുള്ള പാതകൾ
വെയിലു വീഴുന്ന വെളുവെളുത്ത നഗരങ്ങളിലേക്കു നയിക്കുന്നു

അവർക്കെഴുതാൻ വളരെയെളുപ്പമാണ്‌
അവർ കണ്ണുകളടയ്ക്കുമ്പോഴേക്കും
ബിംബങ്ങളുടെ മീൻപറ്റങ്ങൾ
അവരുടെ നെറ്റിയിൽ നിന്നൊഴുകിയിറങ്ങുകയായി

എന്റെ ഭാവന 
ഒരു പലകക്കഷണമാണ്‌
എനിക്കാകെയുള്ള പണിയായുധം
ഒരു മരമുട്ടിയുമാണ്‌

ഞാൻ പലകയിലടിക്കുന്നു
അതെനിക്കുത്തരം തരുന്നു
അതെ-അതെ
അല്ല-അല്ല

മറ്റുള്ളവർക്കാണ്‌ മരത്തിന്റെ പച്ചമണി
ജലത്തിന്റെ നീലമണി
എനിക്കുള്ളതൊരു കൊട്ടുവടി
കാവലില്ലാത്ത തോട്ടത്തിൽ നിന്നു സമ്പാദിച്ചത്

ഞാൻ പലക മേൽ തട്ടുന്നു
അതെന്നെ പ്രചോദിപ്പിക്കുന്നു
ഒരു സദാചാരചിന്തകന്റെ വരട്ടുകവിത കൊണ്ട്
അതെ-അതെ
അല്ല-അല്ല

(1957)


2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ലോർക്ക - അകം

പഠിക്കുമ്പോഴെനിക്കുള്ള ഹൃദയം, 
ഞാനാദ്യം ബാലപാഠത്തിൽ 
ചായമിട്ട ഹൃദയം, 
അതു നിന്നിലുണ്ടോ, 
കറുത്ത രാവേ?

(കുളിരുന്ന, കുളിരുന്ന 
പുഴവെള്ളം പോലെ.)

ചുംബനത്തിന്റെ രുചി ഞാനറിഞ്ഞ     
ആദ്യചുംബനം, 
എന്റെ ബാല്യത്തിന്റെ ചുണ്ടുകളിൽ      
പുതുമഴപോലെ പെയ്ത ചുംബനം,      
അതു നിന്നിലുണ്ടോ, 
കറുത്ത രാവേ?

(കുളിരുന്ന, കുളിരുന്ന 
പുഴവെള്ളം പോലെ.)

ഞാനാദ്യമെഴുതിയ കവിതയുടെ വരി, 
എന്നും നേരെ നോക്കി നടന്നുപോയ 
മുടി മെടഞ്ഞിട്ട പെൺകുട്ടി, 
അവ നിന്നിലുണ്ടോ, 
കറുത്ത രാവേ?

(കുളിരുന്ന, കുളിരുന്ന 
പുഴവെള്ളം പോലെ.)

എന്നാലെന്റെ ഹൃദയം, 
സർപ്പങ്ങൾ കരണ്ട ഹൃദയം, 
അറിവിന്റെ വൃക്ഷത്തിലൊരുകാലം 
വിളഞ്ഞുകിടന്ന ഹൃദയം, 
അതു നിന്നിലുണ്ടോ, 
കറുത്ത രാവേ?

(പൊള്ളുന്ന, പൊള്ളുന്ന 
ഉറവെള്ളം പോലെ.)

എന്റെ നാടോടിപ്രണയം, 
നിഴലുകൾ കരിമ്പനടിച്ച 
അരക്ഷിതദുർഗ്ഗം, 
അതു നിന്നിലുണ്ടോ, 
കറുത്ത രാവേ?

(പൊള്ളുന്ന, പൊള്ളുന്ന 
ഉറവെള്ളം പോലെ.)

ഹാ, കൊടിയ നോവേ! 
നിന്റെ ഗുഹയിലേക്കു 
നീ കടത്തിവിട്ടതു നിഴലിനെ മാത്രം. 
ഇതു നേരല്ലേ, 
കറുത്ത രാവേ?

(പൊള്ളുന്ന, പൊള്ളുന്ന 
ഉറവെള്ളം പോലെ.)

ഹാ, തുലഞ്ഞുപോയ ഹൃദയമേ! 
നിത്യശാന്തി!*

1920 ജൂലൈ 16


* Requiem aeternam - പർഗേറ്ററിയിൽ നിന്നു സ്വർഗ്ഗത്തേക്കു പോകുന്ന വിശ്വാസികളായ ആത്മാക്കളുടെ യാത്ര സുഗമമാകണമേയെന്ന ക്രിസ്തീയപാർത്ഥന.


ലോര്‍ക്ക - നാട്ടുമ്പുറം

 

ആകാശം ധൂസരം.

മരങ്ങൾ ധവളം,

തീയിട്ട വൈക്കോൽക്കുറ്റികൾ

കൽക്കരി പോലെ കറുത്തും.

പടിഞ്ഞാറിന്റെ മുറിവിൽ

ചോരയുണങ്ങിപ്പിടിച്ചിരിക്കുന്നു,

മലയുടെ നിറം കെട്ട കടലാസ്സ്

ചുളുങ്ങിക്കൂടിയിരിക്കുന്നു.

പാതയിലെ മണ്ണും പൊടിയും

ചാലുകളിലൊളിയ്ക്കുന്നു.

ജലധാരകളിൽ ചെളിയൊഴുകുന്നു,

തടാകമലയടങ്ങിയതും.

ചെമ്പിച്ച ധൂസരതയിൽ

കുടമണികൾ മുഴങ്ങുന്നു,

ജപമാല തിരിച്ചുതീർക്കുന്നു

അമ്മയെപ്പോലൊരു ജലചക്രം.

ആകാശം ധൂസരം.

മരങ്ങൾ ധവളം.

(1920)


ബുനുവേൽ - ലോർക്കയുടെ മരണം

 Un Chien andalou (ഒരു ആൻഡലൂഷ്യൻ നായ)വിനു ശേഷം ഞാനും ലോർക്കയും തമ്മിൽ ഒന്നു തെറ്റിയിരുന്നു; ആ സിനിമ തനിക്കെതിരായുള്ള വ്യക്തിപരമായ ഒരാക്രമണമാണെന്നായിരുന്നു അവന്റെ ചിന്ത; അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുന്നതായിട്ടണ്‌ അവൻ നടിച്ചത്.

“ബുന്വെൽ ഒരു കൊച്ചുസിനിമ ഉണ്ടാക്കിയിട്ടുണ്ട്, ഇങ്ങനൊരെണ്ണം!” വിരൽ ഞൊടിച്ചുകൊണ്ട് അവൻ പറയാറുണ്ടായിരുന്നു. “ഒരു ആൻഡലൂഷ്യൻ നായ എന്നാണതിന്റെ പേര്‌; ആ നായ ഞാനാണ്‌.”

എന്നാൽ 1934 ആയപ്പോഴേക്കും ഞങ്ങൾ പിന്നെയും നല്ല കൂട്ടുകാർ ആയിക്കഴിഞ്ഞിരുന്നു; ആൾക്കൂട്ടത്തിന്റെ ആരാധനയോട് അവനൊരല്പം അനുഭാവമുണ്ടെന്ന് എനിക്കു ചിലപ്പോൾ തോന്നിയിരുന്നുവെങ്കില്ക്കൂടി, സാധിക്കുമ്പോഴൊക്കെ ഞങ്ങൾ ഒരുമിച്ചു കൂടിയിരുന്നു. എൽ പൗലാറിന്റെ ഗോത്തിക് ഏകാന്തതയിൽ കുറച്ചു സമയം കഴിക്കാൻ വേണ്ടി ഞങ്ങൾ പലപ്പോഴും ഉഗാർത്തേയുടെ കൂടെ മലകളിലേക്കു കാറോടിച്ചു പോയിരുന്നു. ആശ്രമം ജീർണ്ണാവസ്ഥയിലായിരുന്നു; എന്നാലും ഫൈൻ ആർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ചെല്ലുന്നവർക്കു വേണ്ടി വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ചില മുറികൾ മാറ്റിവച്ചിരുന്നു. സ്വന്തമായി സ്ലീപ്പിങ്ങ് ബാഗ് കൊണ്ടുപോയാൽ അവിടെ രാത്രി കഴിക്കുകയുമാവാം.

ചുറ്റും ഉഗ്രയുദ്ധം നടക്കുമ്പോൾ കവിതയെക്കുറിച്ചോ പെയിന്റിങ്ങിനെക്കുറിച്ചോ കാര്യമായ ചർച്ചകൾ നടത്തുക ദുഷ്കരമായിരുന്നു. ഫ്രാങ്കോ വരുന്നതിനു നാലുദിവസം മുമ്പ് രാഷ്ട്രീയകാര്യങ്ങളിൽ ഒരാവേശവും കാണിക്കാത്ത ലോർക്ക പെട്ടെന്ന് താൻ ജന്മദേശമായ ഗ്രനാഡയിലേക്കു പോകാനുള്ള തീരുമാനം അറിയിച്ചു.

“ഫെദെറിക്കോ,” ഞാൻ അവനോടപേക്ഷിച്ചു, “ഭയങ്കരമായ കാര്യങ്ങളാണു നടക്കുന്നത്. നീ ഇപ്പോൾ പോകാൻ പാടില്ല, ഇവിടെത്തന്നെ നില്ക്കുന്നതാണ്‌ സുരക്ഷിതം.”

ഞങ്ങൾ ആരു പറഞ്ഞിട്ടും കേൾക്കാതെ അടുത്ത ദിവസം അവൻ നാട്ടിലേക്കു പോയി; അവൻ ആകെ പേടിച്ച മട്ടായിരുന്നു. അവന്റെ മരണവാർത്ത വല്ലാത്തൊരാഘാതമായിരുന്നു. ഫെദെറിക്കോയെപ്പോലെ ഇത്ര വിശിഷ്ടനായ ഒരു മനുഷ്യജീവിയെ ഞാൻ കണ്ടിട്ടില്ല. അവന്റെ നാടകങ്ങളുടെയോ കവിതയുടേയോ കാര്യമല്ല ഞാൻ പറയുന്നത്; വ്യക്തി എന്ന നിലയിലുള്ള കാര്യമാണ്‌. ഷോപ്പാങ്ങിനെ അനുകരിച്ചുകൊണ്ട് പിയാനോ വായിക്കുമ്പോഴാകട്ടെ, ഒരു പാന്റോമൈം തട്ടിക്കൂട്ടുമ്പോഴാകട്ടെ, ഒരു നാടകരംഗം അഭിനയിച്ചുകാണിക്കുമ്പോഴാകട്ടെ, അവൻ നമ്മളെ വല്ലാതെ വശീകരിച്ചുകളയും. അവൻ ഒന്നാന്തരമായി വായിച്ചിരുന്നു; ചെറുപ്പവും ആവേശവും ആഹ്ലാദവും അവനുണ്ടായിരുന്നു. റെസിഡെൻസിയയിൽ വച്ച് ഞങ്ങൾ ആദ്യമായി കാണുമ്പോൾ സ്പോർട്ട്സിൽ മാത്രം താല്പര്യമുള്ള വെറുമൊരു കാടനായിരുന്നു ഞാൻ. അവനാണ്‌ എന്നെ മാറ്റിത്തീർത്തത്, തീർത്തും വ്യത്യസ്തമായ ഒരു ലോകം എനിക്കു പരിചയപ്പെടുത്തിത്തന്നത്. അവൻ ഒരു തീനാളം പോലെയായിരുന്നു.

അവന്റെ ജഡം ഇന്നുവരെ കണ്ടെത്തിയിട്ടില്ല. അവന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ തോന്നിയപോലെ പ്രചരിക്കുന്നുണ്ടായിരുന്നു; സ്വവർഗ്ഗപ്രണയവുമായി ബന്ധപ്പെട്ട എന്തോ കള്ളക്കളി നടന്നിട്ടുണ്ടെന്ന ഹീനമായ ഒരഭിപ്രായം പോലും ദാലിയുടെ ഭാഗത്തു നിന്നുണ്ടായി. ലോർക്ക കൊല്ലപ്പെട്ടത് അവൻ കവിയായതുകൊണ്ടാണ്‌ എന്നതാണു വാസ്തവം. “ബുദ്ധിജീവികൾക്കു മരണം” എന്നത് യുദ്ധകാലത്തു പ്രചാരത്തിലുണ്ടായിരുന്ന ഒരു മുദ്രാവാക്യമായിരുന്നു. ഗ്രനാഡയിൽ ചെന്നപ്പോൾ അവൻ താമസിച്ചത് റൊസാലസ്സിന്റെ കൂടെ ആയിരുന്നു; ആ ഫലാൻജിസ്റ്റിന്റെയും ലോർക്കയുടെയും കുടുംബങ്ങൾ തമ്മിൽ പരിചയവുമായിരുന്നു. റൊസാലസ്സിന്റെ വീട്ടിൽ താൻ സുരക്ഷിതനായിരിക്കും എന്നാണ്‌ അവൻ വിചാരിച്ചതെന്ന് ഞാൻ ഊഹിക്കുന്നു; എന്നാൽ ഒരുദിവസം രാത്രിയിൽ ആരെന്നറിയാത്ത ഒരുകൂട്ടം ആളുകൾ (അതറിഞ്ഞിട്ടു കാര്യവുമില്ല) അലോൺസോ എന്നു പേരുള്ള ഒരുവന്റെ നേതൃത്വത്തിൽ പെട്ടെന്നുവന്ന് ഒരു ട്രക്കിൽ അവനെ കയറ്റിക്കൊണ്ടുപോയി; അവന്റെ കൂട്ടത്തിൽ ചില പണിക്കാരും ഉണ്ടായിരുന്നു. ഫെദെറിക്കോയ്ക്ക് മരണത്തെയും മരണവേദനയേയും വല്ലാത്ത പേടിയായിരുന്നു. അർദ്ധരാത്രിയിൽ വെടിവച്ചുകൊല്ലാനായി ഒരൊലീവുതോട്ടത്തിലേക്കു തന്നെ കൊണ്ടുപോകുന്ന ഒരു ട്രക്കിലിരിക്കുമ്പോൾ അവന്റെ തോന്നലുകൾ എന്തായിരിക്കുമെന്ന് എനിക്കു സങ്കല്പിക്കാം. അതിനെക്കുറിച്ചു ഞാൻ പലപ്പോഴും ഓർത്തുപോകാറുണ്ട്.


(ബുന്വേലിന്റെ ഓർമ്മക്കുറിപ്പുകളായ “എന്റെ അന്ത്യശ്വാസ”ത്തിൽ നിന്ന്. ജനറൽ ഫ്രാങ്കോയുടെ നാഷണലിസ്റ്റ് മിലിഷ്യ ലോർക്കയെ വെടിവച്ചുകൊന്നത് 1936 ആഗസ്റ്റ് 19നു രാത്രിയിലാണ്‌.)


2020, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മുറി

 

ഈ മുറിയിൽ മൂന്നു സ്യൂട്ട്കേസുകളുണ്ട്
എന്റേതല്ലാത്ത ഒരു കിടക്കയുണ്ട്
കണ്ണാടിയിൽ പൂപ്പൽ പിടിച്ച ഒരലമാരയുമുണ്ട്

ഞാൻ വാതിൽ തുറക്കുമ്പോൾ
ഫർണീച്ചർ വെറുങ്ങലിച്ചുനില്ക്കുന്നു
ഒരു പരിചിതഗന്ധം എന്നെ എതിരേല്ക്കുന്നു
വിയർപ്പ് ഉറക്കമില്ലായ്മ വിരിപ്പുകൾ

ചുമരിലെ ഒരു ചിത്രത്തിൽ
വെസൂവിയസ്
പുകയുന്ന മകുടവുമായി

ഞാൻ വെസൂവിയസ് കണ്ടിട്ടേയില്ല
സജീവമായ അഗ്നിപർവ്വതങ്ങളിൽ എനിക്കു വിശ്വാസവുമില്ല

മറ്റേച്ചിത്രം
ഒരു ഡച്ച് ഇന്റീരിയറാണ്‌

ചൂഴുന്ന നിഴലിൽ
ഒരു സ്ത്രീയുടെ കൈകൾ
ഒരു ജഗ്ഗ് ചരിക്കുന്നു
അതിൽ നിന്ന് ചരടുപോലെ പാലിറ്റുന്നു

മേശപ്പുറത്ത് ഒരു കത്തി ഒരു നാപ്കിൻ
റൊട്ടി മീൻ ഉള്ളി

ഒരു സുവർണ്ണവെളിച്ചത്തിനു പിന്നാലെ പോയി
നാം മൂന്നു പടികളിലെത്തുന്നു
തുറന്ന വാതിലുകൾക്കു പുറത്ത്
ഒരുദ്യാനത്തിന്റെ ചതുരം

ഇലകൾ വെളിച്ചം ശ്വസിക്കുന്നു
കിളികൾ പകലിന്റെ മാധുര്യം പുലർത്തുന്നു

അയഥാർത്ഥമായ ഒരു ലോകം
റൊട്ടി പോലെ ഊഷ്മളം
ആപ്പിൾ പോലെ സുവർണ്ണം

അടരുന്ന വാൾപേപ്പർ
പരിചിതമല്ലാത്ത ഫർണീച്ചർ
വെള്ളെഴുത്തു പിടിച്ച കണ്ണാടികൾ
ഇതാണ്‌ ശരിക്കുമുള്ള വീട്ടകങ്ങൾ

എന്റെ മുറിയിൽ
മൂന്നു സ്യൂട്ട്കേസ്സുകളിൽ
പകൽ അലിഞ്ഞുചേരുന്നു
തളം കെട്ടുന്നൊരു സ്വപ്നമായി
(1957)




സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഒരു പഴങ്കഥ



കവി കിളിയൊച്ചകൾ അനുകരിക്കുന്നു
അയാൾ തന്റെ നീണ്ട കഴുത്തു നീട്ടുമ്പോൾ
ഉന്തിനില്ക്കുന്ന തൊണ്ടമുഴ
ഒരു ഗാനത്തിന്റെ ചിറകിൽ അചതുരമായ വിരൽ പോലെ

പാടുമ്പോൾ അയാൾക്കു സംശയമേതുമില്ല
സൂര്യോദയം നേരത്തേയാക്കുന്നതു താനാണെന്ന്
അയാളുടെ ഗാനം ഊഷമളമാകുന്നതതിനാൽ
മേൽസ്ഥായിയിൽ സ്വരശുദ്ധിക്കാശ്രയവുമത്

കവി നിദ്രാണശിലകളെ അനുകരിക്കുന്നു
അയാളുടെ ശിരസ്സ് ചുമലുകളിലേക്കു പിൻവലിഞ്ഞിരിക്കുന്നു
അപൂർവ്വമായും വേദനയോടെയും ശ്വസിക്കുന്ന
ഒരു പ്രതിമ പോലെയാണയാൾ

ഉറങ്ങുമ്പോൾ അയാൾ വിശ്വസിക്കുന്നു
അസ്തിത്വരഹസ്യത്തെ ഭേദിക്കാൻ താനൊരാളേയുള്ളുവെന്ന്
ദൈവശാസ്ത്രപണ്ഡിതന്മാരുടെ തുണയില്ലാതെതന്നെ
നിത്യതയുടെ രുചി താൻ നാവിലറിയുമെന്ന്

ഈ ലോകം എന്താകുമായേനെ
കിളികൾക്കും കല്ലുകൾക്കുമൊപ്പം
കവിയുടെ നിലയ്ക്കാത്ത കോലാഹലം കൊണ്ടും
നിറഞ്ഞതായിരുന്നില്ല അതെങ്കിൽ

(1957)


2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - നെഫെർറ്റിറ്റി



അത്രയധികം പ്രണയങ്ങളില്പിന്നെ
ആത്മാവിനെന്തു സംഭവിച്ചു

ഹാ പുലരും വരെ എല്ലാ രാത്രിയിലും
വെള്ളച്ചിറകടിച്ചിരുന്ന 
കൂറ്റൻ പക്ഷിയല്ല ഇന്നത്

മരിച്ച നെഫെർറ്റിറ്റിയുടെ 
വായിൽ നിന്ന്
ഒരു ചിത്രശലഭം പറന്നുപൊങ്ങി
മഴവിൽനിറത്തിൽ
ഒരുച്ഛ്വാസം പോലെ
ഒരു ചിത്രശലഭം

ഒടുവിലത്തെ നെടുവീർപ്പിൽ നിന്ന്
തൊട്ടടുത്ത നിത്യതയിലേക്ക്
എത്രദൂരം യാത്ര ചെയ്യണം

മരിച്ച നെഫെർറ്റിറ്റിയുടെ ശിരസ്സിനു മേൽ
ഒരു ചിത്രശലഭം വട്ടം ചുറ്റിപ്പറക്കുന്നു
പട്ടു കൊണ്ടൊരു
കൊക്കൂൺ നെയ്യുകയാണത്

നെഫെർറ്റിറ്റീ
ലാർവേ
നിന്റെ മടക്കത്തിനായി
എത്രകാലം നീ കാത്തിരിക്കണം
ഒറ്റപ്പകലിലേക്ക്
ഒറ്റരാത്രിയിലേക്ക്
നിന്നെ ഉയർത്തുന്ന
ചിറകടിക്ക്

എല്ലാ കവാടങ്ങൾക്കും ഗർത്തങ്ങൾക്കും മേൽ
സ്വർഗ്ഗത്തെ എല്ലാ ചെങ്കുത്തായ ചരിവുകൾക്കും മേൽ

(1957)


നെഫെർറ്റിറ്റി (Nefertiti)- ക്രി.മു. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്ഷ്യൻ രാജ്ഞി. 1913ൽ കണ്ടെടുത്ത നെഫെർറ്റിറ്റിയുടെ പ്രതിമ പ്രാചീനകാലത്തെ സ്ത്രീസൗന്ദര്യത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ മാതൃകയായി കണക്കാക്കപ്പെടുന്നു.



സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഡീഡലസ്സും ഇക്കറസ്സും

(Landscape with the Fall of Icarus , 

Painting by Pieter Bruegel the Elder)


ഡീഡലസ് പറയുന്നു:
പോകൂ മകനേ പറക്കുകയല്ല നടക്കുകയാണു നീയെന്നുമോർക്കൂ
ചിറകുകൾ വെറുമൊരലങ്കാരമാണ്‌ നീ ഒരു പുൽത്തകിടിയിലൂടെ നടക്കുകയാണ്‌
ആ ഊഷ്മളവാതം ഗ്രീഷ്മസുഗന്ധമുയരുന്ന ഭൂമിയാണ്‌
മറ്റേ ശീതവാതം ഒഴുകുന്നൊരരുവിയും

ഇക്കറസ് പറയുന്നു:
എന്റെ കണ്ണുകൾ കല്ലുകൾ പോലെ പിന്നെയും ഭൂമിയിലേക്കു പതിക്കുന്നുവല്ലോ
കട്ടിയുള്ള ചെളിക്കട്ടകൾ ഇളക്കിമറിക്കുന്ന കൃഷിക്കാരനെ അവ കാണുന്നു
കൊഴുച്ചാലിൽ പുളയുന്ന പുഴുവിനേയും
ചെടിയുടെ ഭൂബന്ധത്തെ കരണ്ടുമുറിക്കുന്ന ഒരു ദുഷ്ടപ്പുഴുവിനേയും കാണുന്നു

ഡീഡലസ് പറയുന്നു:
എന്റെ മകനേ അതു സത്യമല്ല പ്രപഞ്ചം ശുദ്ധമായ വെളിച്ചമാണ്‌
ഭൂമി നിഴലിന്റെ ഒരു തളികയും നിറങ്ങളുടെ കളി നോക്കൂ
കടലിൽ നിന്നാവി പറക്കുന്നു മാനത്തേക്കു മഞ്ഞുയരുന്നു
അഭിജാതമായ കണികകളിൽ നിന്ന് ഒരു മഴവില്ലു രൂപപ്പെടുകയും ചെയ്യുന്നു

ഇക്കറസ് പറയുന്നു:
ശൂന്യതയിൽ തുഴഞ്ഞെന്റെ കൈകൾ കുഴയുന്നച്ഛാ
കഴയ്ക്കുന്ന കാലുകൾ പൈനിലകൾക്കും കട്ടിക്കല്ലുകൾക്കും കൊതിക്കുന്നു
അങ്ങയെപ്പോലെ സൂര്യനെ നേരെ നോക്കാനെനിക്കരുതച്ഛാ
ഭൂമിയുടെ ഇരുള്രശ്മികളിലാണ്ടവനല്ലേ ഞാൻ

ആ മഹാദുരന്തത്തിന്റെ വിവരണം:
ഇക്കറസ്സിതാ തല കീഴായി പതിക്കുന്നു
അവന്റെ അവസാനത്തെ ചിത്രം
ആർത്തി തീരാത്ത കടൽ വിഴുങ്ങുന്ന 
ഒരു ബാലന്റെ മടമ്പിന്റെ ദൃശ്യം
അങ്ങുയരത്തിൽ അവന്റെ പിതാവൊരു പേരു പറഞ്ഞുവിളിക്കുന്നു
ആ പേരിനവകാശി ഒരു കഴുത്തല്ല ഒരു ശിരസ്സല്ല
ഒരു സ്മരണയാണ്‌

വ്യാഖ്യാനം:
അവൻ തീരെച്ചെറുപ്പമായിരുന്നു
ചിറകുകൾ ഒരു രൂപകം മാത്രമാണെന്ന് അവനു മനസ്സിലായിരുന്നില്ല
അല്പം മെഴുകും ചില തൂവലുകളും ഭൂഗുരുത്വനിയമങ്ങളോടുള്ള അവജ്ഞയും
അത്രയുമടി ഉയരത്തിൽ ഉടലിനെ താങ്ങാൻ അവയ്ക്കാവില്ല
കാര്യത്തിന്റെ മർമ്മം മറ്റൊന്നാണ്‌
കട്ടച്ചോര ഇന്ധനമായ നമ്മുടെ ഹൃദയങ്ങൾ
വായു കൊണ്ടു നിറയണം
ഇക്കറസ്സിനു സമ്മതമല്ലാത്തതും അതുതന്നെ

നമുക്കു പ്രാർത്ഥിക്കാം

*

ഗ്രീക്ക് പുരാണങ്ങളിലെ പ്രസിദ്ധനായ വാസ്തുശില്പിയാണ്‌ ഡീഡലസ് (Daedulus); ഇക്കറസ് (Icarus) അദ്ദേഹത്തിന്റെ മകനും. നൊസോസ്സിലെ മിനോസ് രാജാവിനു വേണ്ടി ക്രീറ്റിൽ ഡീഡലസ് നിർമ്മിച്ച 1300 മുറികളുള്ള മനോഹരമായ കൊട്ടാരം ഇന്നും കാണാം. മിനോട്ടാർ എന്ന കാളത്തലയുള്ള സത്വത്തെ പാർപ്പിക്കാനായി ലാബ്‌രിന്ത് (Labyrinth) എന്ന രാവണൻകോട്ട നിർമ്മിച്ചതും ഡീഡലസ്സാണ്‌. എന്നാൽ എന്തിനോ ശില്പിയോടു നീരസം തോന്നിയ രാജാവ് അയാളെ മകനോടൊപ്പം ലാബ്‌രിന്തിൽ തടവിലിട്ടു. അതിൽ നിന്നു രക്ഷപ്പെടാനായി ഡീഡലസ് മെഴുകും അരളിമരച്ചില്ലകളും കൊണ്ട് കൃത്രിമച്ചിറകുകളുണ്ടാക്കി തനിക്കും മകനും വച്ചുപിടിപ്പിച്ചു. എന്നാൽ പറക്കലിന്റെ ഉത്സാഹത്തിൽ സൂര്യനോടു വളരെയടുത്തു ചെന്ന ഇക്കറസ് മെഴുകുരുകി കടലിൽ പതിച്ചു. 

ഈ കഥയെ ആധാരമാക്കി പീറ്റർ ബ്രൂഗൽ (Peter Bruegel) 1550ൽ വരച്ച “ഇക്കറസ്സിന്റെ പതനം” എന്ന പ്രശസ്തമായ ചിത്രമാണ്‌ ഈ കവിതയ്ക്കാധാരം. പച്ചപ്പാടവും നിലമുഴുന്ന കർഷകനും നീലക്കടലും പായ്ക്കപ്പലും വെളിച്ചവുമൊക്കെച്ചേർന്ന ഉജ്ജ്വലമായ ഒരു പ്രകൃതിദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അപ്രധാനമായ ഒരു സംഭവമായിട്ടാണ്‌ ബ്രൂഗൽ ഇക്കറസ്സിന്റെ പതനത്തെ ചിത്രീകരിച്ചിരിക്കുന്നത്. കടലിൽ മുങ്ങിമറയുന്ന ഒരു കാലടി മാത്രമേ ആ ഐതിഹാസികകഥയുടേതായി ചിത്രത്തിലുള്ളു. 

ഇതേ ചിത്രം ആധാരമാക്കുന്ന മറ്റു രണ്ടു കവിതകളാണ്‌, W.H.Audenന്റെ  Musée des Beaux Arts, William Carlos Williamsന്റെ Landscape with the Fall of Icarus എന്നിവ. 


സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഭൂമിയുടെ ഉപ്പ്




അതാ ഒരു സ്ത്രീ പോകുന്നു
പുൽത്തകിടി പോലെ പുള്ളിക്കുത്തുള്ള ഷാളും പുതച്ച്
ഒരു കടലാസ്സുപൊതി
നെഞ്ചിനോടു ചേർത്തുപിടിച്ച്

ഇതു നടക്കുന്നത്
ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക്
നഗരത്തിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗത്ത്

ഇവിടെ ടൂറിസ്റ്റുകളെ 
അരയന്നങ്ങൾ നീന്തുന്ന ഉദ്യാനം കാണിച്ചുകൊടുക്കാറുണ്ട്
അതുപോലെ പൂന്തോട്ടങ്ങളും
പരിപ്രേക്ഷ്യങ്ങളും പനിനീർപ്പൂക്കളുമുള്ള ബംഗ്ലാവുകളും

അതാ ഒരു സ്ത്രീ പോകുന്നു
ഒരു വീർത്ത സഞ്ചിയുമായി
-അമ്മേ എന്താണടുക്കിപ്പിടിച്ചിരിക്കുന്നത്

അതാ അവരുടെ കാലിടറുന്നു
പഞ്ചാരത്തരികൾ
സഞ്ചിയിൽ നിന്നു പുറത്തേക്കു തെറിക്കുന്നു

അവർ കുനിഞ്ഞിരിക്കുന്നു
അവരുടെ കണ്ണുകളിലെ ആ ഭാവം പകർത്താൻ
ഉടഞ്ഞ ഭരണികൾ വരയ്ക്കുന്ന
ഒരു ചിത്രകാരനും ഒരിക്കലും കഴിയില്ല

അവരുടെ ഇരുണ്ട കൈ
തൂവിപ്പോയ നിധിയിൽ അള്ളിപ്പിടിക്കുന്നു
തിളങ്ങുന്ന തരികളും പൊടിയും
അവർ വാരിയെടുക്കുന്നു

എത്ര 
നേരമാണ്‌
അവർ 
മുട്ടുകുത്തി ഇരിക്കുന്നത്
മണ്ണിന്റെ മാധുര്യം
ഒരു തരിപോലും കളയാതെ
പെറുക്കിയെടുക്കാനെന്നപോലെ
(1956)

2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഒരു ഗ്രീക്ക് തളികക്കഷണം



പൂർവ്വതലത്തിൽ നിങ്ങൾക്കു കാണാം
ഒരു യുവാവിന്റെ സുന്ദരമായ ഉടൽ

അയാളുടെ താടി നെഞ്ചത്തേക്കു ചരിഞ്ഞുകിടക്കുന്നു
ഒരു കാല്മുട്ട് മടങ്ങിയിരിക്കുന്നു
അയാളുടെ കൈ ശുഷ്കിച്ച മരച്ചില്ല പോലെ

അയാൾ കണ്ണുകളടച്ചുകഴിഞ്ഞു
ഇയോസ്സിനെപ്പോലും അയാൾ നിരാകരിക്കുന്നു

അവളുടെ വിരലുകൾ വായുവിലള്ളിപ്പിടിക്കുന്നു
അവളുടെ മുടി പാറിക്കിടക്കുന്നു
അവളുടെ പുടവയുടെ വടിവുകൾ
ശോകത്തിന്റെ മൂന്നു വൃത്തങ്ങൾ ചമയ്ക്കുന്നു

അയാൾ കണ്ണുകളടച്ചുകഴിഞ്ഞു
അയാൾ നിരാകരിക്കുന്നു
തന്റെ ചെമ്പുമാർച്ചട്ടയെ
ചോരയും തൂവലും കൊണ്ടലങ്കരിച്ച
തന്റെ സുന്ദരമായ ശിരോകവചത്തെ
തന്റെ ഉടഞ്ഞ പരിചയേയും
കുന്തത്തെയും

അയാൾ കണ്ണുകളടച്ചുകഴിഞ്ഞു
അയാൾ ലോകത്തെ നിരാകരിക്കുന്നു

അനക്കമറ്റ വായുവിൽ ഇലകൾ തൂങ്ങിനില്ക്കുന്നു
പറന്നുപോയ കിളികളുടെ നിഴലിനൊപ്പം 
ഒരു മരച്ചില്ല വിറകൊള്ളുന്നു
മെംനോണിന്റെ ഇനിയും മരിക്കാത്ത മുടിയിൽ ഒളിച്ചിരിക്കുന്ന
ഒരു ചീവീടു മാത്രം
ആവേശത്തോടെ ജീവിതത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു

ഇപ്പോൾ ലൂവ്ര് മ്യൂസിയത്തിലുള്ള ഒരു ഗ്രീക്ക് കോപ്പയിലെ ചിത്രമാണ്‌ ഈ കവിതയുടെ വിഷയം. ട്രോയിയിലെ യുദ്ധത്തിൽ അക്കിലീസ് വധിച്ച മെംനോണിന്റെ ജഡം അമ്മ ഇയോസ് (ഉദയദേവത) യുദ്ധക്കളത്തിൽ വച്ചു കാണുന്നതാണ്‌ സന്ദർഭം. ക്രി.മു. 4-5 നൂറ്റാണ്ടിലെ ഈ കോപ്പ ചെയ്തത് കല്യാഡസ് (Calliades) എന്ന കുംഭാരനും ചിത്രം വരച്ചത് ആ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭരായ ചിത്രകാരന്മാരിൽ ഒരാളായ ഡൗരിസ്സും (Dauris) ആണ്‌. 


വാസ്കോ പോപ്പ - എന്റെ പൂർവ്വികരുടെ ഗ്രാമത്തിൽ

 

ആരോയെന്നെ കെട്ടിപ്പിടിക്കുന്നു
ആരോയെന്നെ ചെന്നായയുടെ കണ്ണുകൾ കൊണ്ടുഴിയുന്നു
ഞാനയാളെ നല്ലപോലെ കാണട്ടെയെന്നതിനായി
ആരോ തന്റെ തൊപ്പി ഊരിമാറ്റുന്നു

നമ്മൾ തമ്മിലുള്ള ബന്ധം നിനക്കറിയാമോ
എല്ലാവരും എന്നോടു ചോദിക്കുന്നു

ഞാനറിയാത്ത കിഴവന്മാരും കിഴവികളും
എന്റെ ഓർമ്മയിലെ 
കുട്ടികളുടെ പേരുകൾ തട്ടിയെടുത്തിരിക്കുന്നു

ഞാൻ ഒരാളോടു ചോദിച്ചു
ദൈവത്തെയോർത്ത് ഒന്നുപറയൂ
ജോർജ്ജ് വുൾഫ് - ആളിപ്പോഴും ജീവനോടുണ്ടോ

അയാൾ ഞാൻ തന്നെ
ശവക്കുഴികൾക്കപ്പുറത്തുനിന്നുള്ള സ്വരത്തിൽ ഒരാൾ പറഞ്ഞു

ഞാൻ അയാളുടെ കവിളത്തു വിരലോടിച്ചു
കണ്ണുകൾ കൊണ്ടു ഞാൻ അയാളോടു കെഞ്ചി

എനിക്കും ജീവനുണ്ടെന്ന് ഒന്നുപറയൂ


2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്ബിഗിനിയെഫ് ഹെർബെർട്ട് - മീദാസ് രാജാവിന്റെ ദൃഷ്ടാന്തം



ഒടുവിൽ പുല്മേടുകളിൽ
സ്വർണ്ണമാൻ സുഷുപ്തിയിലാഴുന്നു

മലയാടുകളുമതുപോലെ
പാറകളിൽ തല താഴ്ത്തുന്നു

ഔറോക്കുകൾ യൂണിക്കോണുകൾ അണ്ണാറക്കണ്ണന്മാർ
പൊതുവിൽ ജീവികളേതും
ഇരപിടിയന്മാരാവട്ടെ ശാന്തസ്വഭാവികളാവട്ടെ
പിന്നെ എല്ലാത്തരം കിളികളും

മീദാസ് രാജാവ് വേട്ടയ്ക്കു പോകുന്നില്ല

ഒരു സൈലീനസ്സിനെ പിടികൂടണമെന്ന്
രാജാവിനൊരിക്കൽ ചിന്തയുദിച്ചു

മൂന്നുനാളയാൾ അവനെ പിന്തുടർന്നു
ഒടുവിൽ അവനെ പിടികൂടി
കണ്ണുകൾക്കിടയിൽ മുഷ്ടി കൊണ്ടിടിച്ചിട്ട്
രാജാവു ചോദിച്ചു
-മനുഷ്യന്‌ ഏറ്റവും നല്ലതേത്?

സൈലീനസ് ചിനച്ചു
പിന്നെ പറഞ്ഞു:
-ഒന്നുമല്ലാതാവുക
-മരിക്കുക

മീദാസ് രാജാവ് കൊട്ടാരത്തിൽ മടങ്ങിയെത്തുന്നു
വീഞ്ഞിൽ പുഴുങ്ങിയെടുത്ത
ജ്ഞാനിയായ സൈലീനസ്സിന്റെ ഹൃദയം കഴിച്ചിട്ട്
രാജാവിനൊരു സുഖവും കിട്ടുന്നില്ല
അയാൾ ചാലിടുന്നു താടി പിടിച്ചു വലിയ്ക്കുന്നു
വൃദ്ധരോടു ചോദിക്കുന്നു
-ഒരുറുമ്പിന്റെ ആയുസ്സെത്ര
-മരണം നടക്കുമ്പോൾ നായ മോങ്ങുന്നതെന്തുകൊണ്ട്
-പൊയ്പോയ എല്ലാ ജന്തുക്കളുടേയും മനുഷ്യരുടേയും 
അസ്ഥികൾ കൂമ്പാരം കൂട്ടിയാൽ
ആ മലയ്ക്കെന്തുയരം വരും

പിന്നയാൾ ചേടിനിറമായ പാത്രങ്ങളിൽ
കറുത്ത കാടത്തൂവൽ കൊണ്ട്
വിവാഹങ്ങളും ഘോഷയാത്രകളും വേട്ടകളും വരയ്ക്കുന്ന
ഒരാളെ വിളിച്ചുവരുത്തി
എന്തിനു നിഴലുകളുടെ ജീവിതം രേഖപ്പെടുത്തിവയ്ക്കുന്നു
എന്നു മീദാസ് ചോദിച്ചപ്പോൾ
അയാൾ പറഞ്ഞു:
-കുതിച്ചോടുന്ന കുതിരയുടെ കഴുത്ത് 
മനോഹരമായതിനാൽ
പന്തു കളിയ്ക്കുന്ന പെൺകുട്ടികളുടെ പുടവകൾ
ഒരരുവി പോലെ ചൊടിയുള്ളതും കിടയറ്റതുമായതിനാൽ

ഞാൻ അങ്ങയുടെ അരികത്തൊന്നിരുന്നോട്ടെ
മൺപാത്രങ്ങളുടെ ചിത്രകാരൻ അപേക്ഷിക്കുന്നു
നമുക്ക് ആളുകളെക്കുറിച്ചു സംസാരിക്കാം
എത്രയുമാത്മാർത്ഥതയോടെ
മണ്ണിനൊരു ഗോതമ്പുമണി കൊടുത്ത്
പത്തു കൊയ്യുന്നവർ
പാദരക്ഷകളുടേയും റിപ്പബ്ലിക്കുകളുടേയും കേടു തീർക്കുന്നവർ
നക്ഷത്രങ്ങളും നാണയങ്ങളുമെണ്ണുന്നവർ
കവിതകളെഴുതുന്നവർ
മണ്ണിൽ വീണ ഒരു പയറില കുനിഞ്ഞെടുക്കുന്നവർ

നമുക്കിത്തിരി മോന്താം
ഇത്തിരി തത്വവിചാരം നടത്താം
അങ്ങനെയൊരുപക്ഷേ
രക്തവും മിഥ്യയും ചേർത്തുണ്ടാക്കിയ നാമിരുവരും
പ്രതിഭാസത്തിന്റെ ഞെരുക്കുന്ന ലാഘവത്തിൽ നിന്ന്
സ്വയം മോചിപ്പിച്ചെടുക്കുകയും ചെയ്തേക്കാം
***

മീദാസ് (Midas)- ഗ്രീക്ക്, റോമൻ പുരാണങ്ങളിൽ തൊടുന്നതെന്തും പൊന്നാകാനുള്ള വരം കിട്ടിയ ഫിർജിയയിലെ രാജാവ്. 

ഔറോക്ക്സ് (Aurochs)- പതിനേഴാം നൂറ്റാണ്ടോടെ വംശനാശം വന്ന കന്നുകാലിവർഗ്ഗത്തില്പെട്ട ജീവികൾ. 

യൂണിക്കോണുകൾ (Unicorns)- കുതിരയുടെയോ ആടിൻ്റെയോ രൂപമുള്ളതും നെറ്റിയിൽ നിന്നു പൊന്തിനിൽക്കുന്ന ഒറ്റക്കൊമ്പുള്ളതുമായ ഐതിഹാസികജന്തുക്കൾ. 

സൈലീനസ് (Silenus)- പകുതി മനുഷ്യരൂപവും പകുതി മൃഗവുമായ ഗ്രീക്ക് ദേവൻ; വീഞ്ഞിന്റെ ദേവനായ ഡയണീസസ്സിന്റെ വളർത്തച്ഛനും ഗുരുവും ആയിരുന്നു.


2020, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് -വീട്



ഋതുക്കൾക്കു മേൽ ഒരു വീട്
കുട്ടികൾക്കും ജന്തുക്കൾക്കും ആപ്പിളുകൾക്കും ഒരു വീട്
ഇല്ലാത്തൊരു നക്ഷത്രത്തിനടിയിൽ
ശൂന്യസ്ഥലത്തിന്റെ ഒരു ചതുരക്കട്ട

വീട് ബാല്യത്തിന്റെ ദൂരദർശിനിയായിരുന്നു
വീട് വികാരത്തിന്റെ ചർമ്മമായിരുന്നു
ഒരു പെങ്ങളുടെ കവിളായിരുന്നു
ഒരു മരത്തിന്റെ ചില്ലയായിരുന്നു

ഒരു തീനാളം കവിളിനെ ഊതിക്കെടുത്തി
ഒരു വെടിയുണ്ട മരച്ചില്ല വെട്ടിക്കളഞ്ഞു
ഒരു കൂടിന്റെ ചിതറിയ ചാരത്തിനു മേൽ
വീടില്ലാത്ത ഒരു പട്ടാളക്കാരന്റെ പാട്ട്

വീട് ബാല്യത്തിന്റെ ചതുരക്കട്ടയാണ്‌
വീട് വികാരത്തിന്റെ പകിടയാണ്‌

ഒരു കരിഞ്ഞ പെങ്ങളുടെ ചിറകാണ്‌
ഒരുണക്കമരത്തിന്റെ ഇലയാണ്‌

(1956)


സ്ബിഗ്നിയെഫ് ഹെർബെർട്ട് - രണ്ടു തുള്ളികൾ

 

                                                                            കാടുകൾ കത്തിയെരിയുമ്പോൾ*
                                                      പനിനീർപ്പൂക്കളെയോർത്തു കരയാൻ നേരമില്ല

                                                                                      -ജൂലിയസ് സ്ലൊവാക്കി


കാടുകൾ കത്തുകയായിരുന്നു-
അവരെന്നാൽ
അന്യോന്യം മുഖങ്ങൾ കോരിയെടുക്കുകയായിരുന്നു
പനിനീർപ്പൂച്ചെണ്ടുകൾ പോലെ

ആളുകൾ ഷെൽട്ടർ നോക്കി ഓടി-
അയാൾ പറഞ്ഞു
തന്റെ ഭാര്യയുടെ മുടിയുടെ ആഴങ്ങൾ മതി
തനിക്കൊളിക്കാനെന്ന്

ഒരേ വിരിപ്പിനടിയിൽ കിടന്ന്
നിർലജ്ജമായ വാക്കുകൾ അവർ മന്ത്രിച്ചു
പ്രണയിക്കുന്നവരുടെ പ്രാർത്ഥന

സ്ഥിതി കൂടുതൽ മോശമായപ്പോൾ
അവർ അന്യോന്യം കണ്ണുകളിലോടിക്കയറി
എന്നിട്ടവർ കണ്ണുകളിറുക്കിയടച്ചു

തീനാളങ്ങൾ കണ്ണിമകളിലേക്കെത്തിയപ്പോൾ
അവരതറിഞ്ഞതുപോലുമില്ല

ഒടുക്കം വരെയും അവർ ധീരരായിരുന്നു
ഒടുക്കം വരെയും അവർ വിശ്വസ്തരായിരുന്നു
ഒടുക്കം വരെയും അവർ സമാനരായിരുന്നു
മുഖത്തിന്റെ വക്കിൽ തങ്ങിനില്ക്കുന്ന

രണ്ടു തുള്ളികൾ പോലെ

***

സ്ബിഗ്നിയെഫ് ഹെർബെർട്ടിന്റെ ആദ്യത്തെ കവിതാസമാഹാരമായ Chord of Light (1956)ലെ ആദ്യത്തെ കവിത. ആദ്യമായി പ്രസിദ്ധീകരിക്കുന്നതും ഈ കവിത തന്നെ ഹെർബെർട്ട് പറയുന്നു: “ഞാനന്ന് കൗമാരക്കാരനായിരുന്നു. യുദ്ധം നടക്കുകയാണ്‌. കനത്ത ബോംബിംഗ് നടന്ന ഒരു ദിവസം ഞാൻ ഷെൽട്ടറിലേക്കോടുമ്പോൾ- ഭയം എന്നെ അടിച്ചോടിക്കുകയായിരുന്നു-  പടവുകളിൽ ഒരു യുവാവും യുവതിയും ചുംബിച്ചുകൊണ്ടുനില്ക്കുന്നത് ഞാൻ കണ്ടു. അങ്ങനെയൊരു സന്ദർഭത്തിൽ അത് തീർത്തും അസാധാരണമായിരുന്നു...കാരണം ഞാൻ വിവരിച്ചപോലത്തെ സന്ദർഭങ്ങളിൽ ആളുകളെ ഭീതി പൂർണ്ണമായും കീഴടക്കിക്കളയുന്നു, തങ്ങൾ സ്നേഹിക്കുന്നവരെപ്പോലും അവർക്കു മറക്കേണ്ടിവരുന്നു. അപകടം സുനിശ്ചിതമായ നിമിഷങ്ങളിൽ നമ്മളിൽ ഉണരുന്ന അതിജീവനവാസന എലികളുടേതുപോലത്തെ ഒരു ഭീതി നമ്മിൽ നിറയ്ക്കുകയാണ്‌, സ്വന്തം ജീവൻ മാത്രം രക്ഷിക്കുക എന്ന ഏകാഗ്രമായ ഇച്ഛ. എന്നാൽ ആ രണ്ടുപേർ തങ്ങൾക്കു ചുറ്റും കത്തിക്കാളുന്ന ക്രൂരതയെ പ്രണയത്തിന്റെ ദുർബ്ബലമായ ശക്തി കൊണ്ടു ചെറുക്കുകയായിരുന്നു.“


*മൂലകവിതയിൽ സ്ലൊവാക്കിയുടെ വരികൾ ഇല്ല. ഈ കവിത ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ചെസ്വ മിവോഷ് കൂട്ടിച്ചേർത്തതാണ്‌.


സ്ബിഗ്നിയെഫ് ഹെർബെർട്ട്- ഞാൻ വാക്കു കൊടുത്തു

ഞാൻ വളരെ ചെറുപ്പമായിരുന്നു

സാമാന്യബുദ്ധി എന്നോടു പറഞ്ഞു
വാക്കു കൊടുക്കരുത്

എനിക്കു മടിക്കാതെ പറയാമായിരുന്നു
ഞാനൊന്നാലോചിച്ചുനോക്കട്ടെ
എന്തിനാണിത്ര തിടുക്കം
ഇതു റയിൽവേ ടൈംടേബിളൊന്നുമല്ലല്ലോ

ഞാൻ വാക്കു തരാം
ഞാനൊന്നു ഡിഗ്രിയെടുത്തോട്ടെ
എന്റെ പട്ടാളസേവനം കഴിയട്ടെ
ഞാനൊരു വീടു വയ്ക്കട്ടെ

പക്ഷേ കാലം പൊട്ടിത്തെറിച്ചു*
മുമ്പുണ്ടായിരുന്നില്ല
പിമ്പുണ്ടായിരുന്നില്ല
കണ്ണുകളന്ധമാക്കുന്ന വർത്തമാനത്തിൽ
നിങ്ങൾ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിയിരുന്നു
അങ്ങനെ ഞാൻ വാക്കു കൊടുത്തു

ഒരു വാക്ക്-
എന്റെ കഴുത്തിൽ വീണ ഒരു കൊലക്കുരുക്ക്
അന്തിമമായ ഒരു വാക്ക്

സർവ്വതും തെളിഞ്ഞതും
സുതാര്യവുമാകുന്ന
അപൂർവ്വനിമിഷങ്ങളിൽ
ഞാൻ തന്നത്താനിരുന്നോർമ്മിക്കുന്നു
“എന്റെ വാക്ക്
കൊടുത്ത വാക്ക്
തിരിച്ചെടുക്കാൻ പറ്റിയെങ്കിൽ”

അതധികം നീണ്ടുനില്ക്കുന്നില്ല
ലോകത്തിന്റെ അച്ചുതണ്ട് സീല്ക്കാരമിടുന്നു
ആളുകൾ മറഞ്ഞുപോകുന്നു
അതുപോലെ ഭൂദൃശ്യങ്ങൾ
കാലത്തിന്റെ വർണ്ണവലയങ്ങൾ
എന്നാൽ എന്റെ തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു

ഞാൻ കൊടുത്ത വാക്ക്


*1939 സെപ്തംബർ 1ന്‌ ഹിറ്റ്ലർ പോളണ്ട് ആക്രമിച്ചു; ഹെർബെർട്ടിന്‌ അന്നു പതിനഞ്ചു വയസ്സായിരുന്നു.

2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഫൈസ് അഹമ്മദ് ഫൈസ് - പ്രഭാതമെന്ന പ്രത്യാശ

 

ഹൃദയം തകർന്നവനാണു ഞാൻ,

ഒരു നെഞ്ചിലെ മുറിവിന്റെ കഥ കേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.

ശോകത്തിന്റെ ഭാരം ചുമക്കുന്നവനാണു ഞാൻ,
കണ്ണീരിൽ കുതിർന്ന കുപ്പായത്തിന്റെ കഥ കേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.

നാവു പിഴുതെടുക്കപ്പെട്ടവനാണു ഞാൻ,
എന്റെ മുറിവിന്റെ കഥ കേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.

കാലടികൾ വിണ്ടവനാണു ഞാൻ,
പഥികന്റെ ഖേദങ്ങളുടെ കഥ കേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.

കദനത്തിന്റെ പാതിരാമണലലയുന്നവനിൽ നിന്നും
പ്രഭാതസൌന്ദര്യത്തിന്റെ കഥ പറഞ്ഞുകേൾക്കൂ,
പ്രഭാതമെന്ന പ്രത്യാശയ്ക്കു കാതു കൊടുക്കൂ.

2020, ഓഗസ്റ്റ് 12, ബുധനാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട്- ഒരാണിയുടെ കഥ


ഒരാണിയുടെ കുറവുകൊണ്ട് ഒരു ദേശം യുദ്ധത്തിൽ തോറ്റു
-അമ്മൂമ്മക്കഥകൾ നമ്മെ പഠിപ്പിക്കുന്നു-എന്നാൽ ഞങ്ങളുടെ ദേശത്ത്
ആണികളില്ലാതായിട്ടു കാലമേറെയായിരിക്കുന്നു ഇനിയതുണ്ടാവുകയുമില്ല
ചുമരിൽ ചിത്രങ്ങൾ തൂക്കിയിടാനുള്ള മുള്ളാണികൾ മാത്രമല്ല
ശവപ്പെട്ടികളുടെ മൂടിയിലടിച്ചുകയറ്റുന്ന കൂറ്റൻ ആണികളും

എന്നാൽ ഇങ്ങനെയായിട്ടും അല്ലെങ്കിൽ ഇങ്ങനെയായതുകൊണ്ടും
ഞങ്ങളുടെ ദേശം പിടിച്ചുനില്ക്കുന്നു അന്യരുടെ ബഹുമാനം പിടിച്ചുപറ്റുകപോലും ചെയ്യുന്നു
എങ്ങനെയാണു ജീവിക്കാൻ പറ്റുക ആണിയില്ലാതെ കടലാസ്സില്ലാതെ നൂലില്ലാതെ
ഇഷ്ടികയും പ്രാണവായുവും സ്വാതന്ത്ര്യവും പിന്നെയെന്തൊക്കെയുണ്ടോ അതൊന്നുമില്ലാതെ
പറ്റുമായിരിക്കണം എന്തെന്നാൽ ഞങ്ങളുടെ ദേശം നിലനില്ക്കുന്നുണ്ടല്ലോ

ഞങ്ങളുടെ രാജ്യത്ത് ഗുഹകളിലൊന്നുമല്ല വീടുകളിൽത്തന്നെയാണ്‌ മനുഷ്യർ പാർക്കുന്നത്
പുല്മൈതാനങ്ങളിൽ ഫാക്ടറികൾ പുകയുന്നുണ്ട് മഞ്ഞുറഞ്ഞ സമതലങ്ങളിലൂടെ തീവണ്ടികളോടുന്നുണ്ട്
തണുത്ത പെരുംകടലിൽ ഒരു കപ്പൽ കാഹളം വിളിക്കുന്നുമുണ്ട്
പട്ടാളമുണ്ട് പോലീസുണ്ട് മുദ്രയും പതാകയും ദേശീയഗാനവുമുണ്ട്
പുറംകാഴ്ചയ്ക്ക് ലോകത്തെ മറ്റെവിടെയും പോലെയാണെല്ലാം

എല്ലാം പുറംകാഴ്ചയ്ക്കേയുള്ളു എന്തെന്നാൽ ഞങ്ങളുടെ ഈ ദേശം
പ്രകൃതിയുടെ ഒരു സൃഷ്ടിയല്ല മനുഷ്യന്റെ സൃഷ്ടിയല്ല
മാമത്തുകളുടെ അസ്ഥികളിൽ പണിതപോലെ ഉറച്ചതാണെന്നു തോന്നാം
യഥാർത്ഥത്തിൽ ദുർബ്ബലമാണത് തൂങ്ങിനില്ക്കുകയാണതെന്നപോലെ
പ്രവൃത്തിക്കും ചിന്തയ്ക്കുമിടയിൽ അസ്തിത്വത്തിനും അഭാവത്തിനുമിടയിൽ

ഒരിലയും ഒരു കല്ലും വീഴുന്നു യഥാർത്ഥമായതൊക്കെ വീഴുന്നു
എന്നാൽ പ്രേതങ്ങൾ ചിരായുസ്സുകളാണ്‌ അവ പിടിച്ചുനില്ക്കും
സൂര്യന്റെ ഉദയാസ്തമയങ്ങൾക്കിടയിലും ആകാശഗോളങ്ങളുടെ ഭ്രമണങ്ങൾക്കിടയിലും

അപമാനിതയായ ഭൂമിയിൽ കണ്ണീരും വസ്തുക്കളും വന്നുവീഴുന്നു

***

(“ഒരാണിയുടെ കുറവുകൊണ്ട്” എന്നത് ഒരു പഴഞ്ചൊല്ലാണ്‌, നിസ്സാരമെന്നു തോന്നുന്ന വീഴ്ചകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമാവാം എന്ന അർത്ഥത്തിൽ. ഇതിനാധാരമായ ഒരു കുട്ടിക്കവിതയുടെ പല രൂപങ്ങളിൽ ഒന്ന് ഇങ്ങനെയാണ്‌: ഒരാണിയുടെ കുറവുകൊണ്ട് ഒരു ലാടം നഷ്ടമായി/ ഒരു ലാടത്തിന്റെ കുറവുകൊണ്ട് ഒരു കുതിര മുടന്തിനടന്നു/ ഒരു കുതിരയുടെ കുറവുകൊണ്ട് ഒരു കുതിരപ്പടയാളി വരാൻ വൈകി/ ഒരു പടയാളിയുടെ കുറവുകൊണ്ട് ഒരു സന്ദേശം എത്തിയതേയില്ല/ഒരു സന്ദേശത്തിന്റെ കുറവുകൊണ്ട് സൈന്യം പടയ്ക്കിറങ്ങിയില്ല/ ഒരു സൈന്യത്തിന്റെ കുറവുകൊണ്ട് ഒരു യുദ്ധം പരാജയപ്പെട്ടു/ ഒരു യുദ്ധത്തിന്റെ കുറവുകൊണ്ട് ഒരു രാജ്യം അടിയറവുപറഞ്ഞു/ ഇതെല്ലാം ഒരാണിയുടെ കുറവുകൊണ്ട്.)



2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

എഡ്ന സെയ്ൻ്റ് വിൻസെൻ്റ് മില്ലെ - കവിതകൾ

 


പ്രായമായവൾ


ഞാൻ പ്രാർത്ഥനകളുരുവിട്ടതിതിനോ,
തേങ്ങിയതും ശപിച്ചതും കോണിപ്പടിയിൽ തൊഴിച്ചതുമിതിനോ,
ഒരടുക്കളപ്പാത്രം പോലൊരു വീട്ടുജന്തുവാകാൻ,
എട്ടരമണിയ്ക്കു കൃത്യം വിളക്കണച്ചുകിടക്കാൻ?


ശലഭം


പൂമ്പാറ്റകൾ, വെള്ളയും നീലയും നിറത്തിൽ,
നാമൊരുമിച്ചിന്നലയുന്ന ഈ വയലിൽ.
നിന്റെ കരം ഗ്രഹിക്കാനൊന്നനുവദിക്കൂ,
മരണം വരുമല്ലോ, ഇന്നല്ലെങ്കിൽ നാളെ.

നാമറിഞ്ഞുവച്ച കാര്യങ്ങളൊന്നൊഴിയാതെ
ആ മുഹൂർത്തത്തിൽ വെറും ചാരമാവും,
അല്പായുസ്സായ ആ പൂമ്പാറ്റയെ നോക്കൂ,
പൂവിൽ നിന്നവൻ ഞാന്നുകിടക്കുന്നതും.

നിന്റെ കരം ഗ്രഹിക്കാനൊന്നനുവദിക്കൂ.
ആകാശത്തുദയമാവുന്ന നേരം വരെ
നിന്നെയോമനിക്കാനൊന്നനുവദിക്കൂ.
ഞാൻ നേരുള്ളവളോ, മറിച്ചോ ആവട്ടെ,
മരണം വരുമല്ലോ, ഇന്നല്ലെങ്കിൽ നാളെ.


എന്റെ ചുണ്ടുകൾ ചുംബിച്ച ചുണ്ടുകളേതെന്നു ഞാൻ മറന്നു...


എന്റെ ചുണ്ടുകൾ ചുംബിച്ച ചുണ്ടുകളേതെന്നു ഞാൻ മറന്നു,
എവിടെ വച്ചെന്തിനെന്നു ഞാൻ മറന്നു; ഞാന്‍ മറന്നു,

പുലരും വരെ ഞാന്‍ തല ചായ്ച്ച കൈത്തണ്ടയേതെന്നും.
ഇന്നത്തെ രാത്രിയിലെന്നാല്‍, പ്രേതങ്ങള്‍ മഴ നനയുന്നു,
ജനാലച്ചില്ലുകളിൽ തട്ടിക്കൊണ്ടവര്‍ നെടുവീർപ്പിടുന്നു,
എന്നിൽ നിന്നൊരു വാക്കിനായവര്‍ കാതോർക്കുന്നു.
എന്റെ നെഞ്ചിനുള്ളിലൊരു മൌനവേദന കുതറുന്നു,
ഓർമ്മയിൽ നിന്നു ഞാൻ മായ്ച്ചുകളഞ്ഞ മുഖങ്ങൾക്കായി,
കരഞ്ഞും കൊണ്ടെന്നോടു പറ്റിക്കിടന്ന ബാലന്മാര്‍ക്കായി.
മഞ്ഞും മഴയുമേറ്റൊരൊറ്റമരം നിൽക്കുന്നതുമങ്ങനെ-
ഒന്നൊന്നായി പറന്നുമറഞ്ഞ കിളികളേതെന്നതിനറിയില്ല,
എന്നാലതിനറിയാം, തന്റെ ചില്ലകൾ നിശ്ശബ്ദമാണെന്ന്;
വന്നുപോയ പ്രണയങ്ങളേതൊക്കെയെന്നെനിക്കറിയില്ല,
എന്നാലെനിക്കറിയാം, അല്പകാലമെന്നിലിരുന്നു പാടിയിരുന്നു,
വേനലെന്ന്, ഇന്നതെന്നിൽ പാടാറില്ലെന്ന്.


ചരമലിഖിതം


ഈ മൺകൂനയ്ക്കു മേൽ കൂമ്പാരം കൂട്ടേണ്ട,
അവൾക്കത്രമേലിഷ്ടമായിരുന്ന പനിനീർപ്പൂക്കൾ;
പൂക്കൾ കൊണ്ടെന്തിനവളെ അന്ധാളിപ്പിക്കുന്നു,
കാണാനും മണക്കാനുമവൾക്കാകില്ലെന്നിരിക്കെ?
താൻ ശയിക്കുന്നിടത്തു സന്തുഷ്ടയാണവൾ,
കണ്ണുകൾക്കു മേലടിഞ്ഞ മൺപൊടിയുമായി.

വിലാപം


നോക്കൂ, കുട്ടികളേ,
നിങ്ങളുടെ അച്ഛൻ മരിച്ചുപോയി.
അച്ഛന്റെ പഴയ ഷർട്ടുകൾ കൊണ്ട്
നിങ്ങൾക്കു ഞാൻ കൊച്ചുടുപ്പുകൾ തയ്ച്ചുതരാം.
അച്ഛന്റെ പഴയ പാന്റുകൾ കൊണ്ട്
കൊച്ചുട്രൗസറുകൾ ഞാൻ തയ്ച്ചുതരാം.
അച്ഛന്റെ പോക്കറ്റുകളിൽ
അതിലിട്ടിരുന്ന പലതുമുണ്ടാവും:
പുകയില മണക്കുന്ന
നാണയങ്ങൾ, ചാവികൾ.
നാണയങ്ങൾ ഡാൻ എടുത്തോളൂ,
നിനക്കതു കുടുക്കയിലിട്ടുവയ്ക്കാം.
ആനി ചാവികളെടുത്തോ,
നിനക്കതു കിലുക്കിനടക്കാം.
ജീവിതം മുന്നോട്ടുപോകണമല്ലോ,
മരിച്ചവരെ മറക്കുകയും വേണം.
ജീവിതം മുന്നോട്ടുപോകണം,
മരിക്കുന്നവർ നല്ലവരായാലും.
ആനീ, പ്രാതൽ കഴിക്കൂ,
ഡാൻ, നിന്റെ മരുന്നു കഴിക്കൂ.
ജീവിതം മുന്നോട്ടു പോകണമല്ലോ;

എന്തിനുവേണ്ടിയെന്നു ഞാൻ മറന്നു.

*

എഡ്ന സെയിന്റ് വിൻസെന്റ് മില്ലെ Edna St. Vincent Millay(1892-1950) അമേരിക്കയിലെ റോക്ക്‌ലാന്റിൽ ഫെബ്രുവരി 22നു ജനിച്ചു. വളരെ ചെറുപ്പത്തിലേ സാഹിത്യരംഗത്തെത്തി; 1923ൽ കവിതയ്ക്കുള്ള പുലിറ്റ്സർ സമ്മാനവും ലഭിച്ചു. 1920കളിൽ ഗ്രീൻവിച്ച് വിലേജിൽ അവർ നയിച്ച ബൊഹീമിയൻ ജീവിതം കുപ്രസിദ്ധി നേടിക്കൊടുത്തുവെങ്കിലും തീവ്രവൈകാരികത നിറഞ്ഞുനില്ക്കുന്ന ഭാവഗീതങ്ങളും വടിവൊത്ത ഗീതകങ്ങളും ഇന്നും വായനക്കാരുടെ തലമുറകളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.


2020, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ലോർക്ക - ന്യൂയോർക്ക്

(ഓഫീസ്സും തള്ളിപ്പറയലും)


ഗുണനങ്ങൾക്കടിയിൽ
ഒരു താറാവിന്റെ ചോരത്തുള്ളി;
ഹരണങ്ങൾക്കടിയിൽ
ഒരു നാവികന്റെ ചോരത്തുള്ളി;
കൂട്ടലുകൾക്കടിയിൽ
ഒരു ചുടുചോരപ്പുഴ.
നഗരത്തിലെ കിടപ്പുമുറികളിലൂടെ
പാടിക്കൊണ്ടൊഴുകുന്ന ഒരു പുഴ-
ന്യൂയോർക്കിലെ കൃത്രിമപ്രഭാതത്തിൽ
വെള്ളിയും സിമന്റും കാറ്റുമേയുള്ളു.
മലകളുണ്ടെന്നെനിക്കറിയാം,
ജ്ഞാനത്തിന്റെ കണ്ണടകളുമുണ്ട്.
എന്നാൽ ഞാൻ വന്നതാകാശം കാണാനല്ല.
കലുഷമായ ചോര കാണാനാണു ഞാൻ വന്നത്,
യന്ത്രങ്ങളെ വെള്ളച്ചാട്ടങ്ങളിലേക്കും
ആത്മാവിനെ മൂർഖന്റെ നാവിലേക്കും
ഒഴുക്കിക്കൊണ്ടുപോകുന്ന ചോര കാണാൻ.
ന്യൂയോർക്കിൽ ഒരു ദിവസം കശാപ്പു ചെയ്യുന്നുണ്ട്,
നാല്പതുലക്ഷം താറാവുകളെ,
അമ്പതുലക്ഷം പന്നികളെ,
മരണാസന്നരുടെ രുചികളെ പ്രീതിപ്പെടുത്താൻ
രണ്ടായിരം പ്രാവുകളെ,
പത്തുലക്ഷം പശുക്കളെ,
പത്തുലക്ഷം ആടുകളെ,
ആകാശത്തെ ഛിന്നഭിന്നമാക്കുന്ന
ഇരുപതുലക്ഷം പൂവൻകോഴികളെ.
രാവിലെ, പാൽവണ്ടികളുടെ ഒടുങ്ങാത്ത നിരയെ,
ചോരവണ്ടികളുടെ ഒടുങ്ങാത്ത നിരയെ,
സുഗന്ധതൈലവില്പനക്കാർ വിലങ്ങുവച്ച
റോസാപ്പൂക്കളുടെ ഒടുങ്ങാത്ത നിരയെ
തടുക്കാൻ നോക്കുന്നതിലും ഭേദം,
കത്തി മൂർച്ച വരുത്തുമ്പോൾ,
ഭ്രാന്തു പിടിച്ച വേട്ടകളിൽ നായ്ക്കളെ കൊല്ലുമ്പോൾ
തേങ്ങിത്തേങ്ങിക്കരയുക.
താറാവുകളും പ്രാവുകളും
പന്നികളും ആടുകളും
ഗുണനങ്ങൾക്കടിയിൽ
തങ്ങളുടെ ചോര ചിന്തുന്നു;
ഞെക്കിഞ്ഞെരുക്കിക്കൊണ്ടുപോകുന്ന പശുക്കളുടെ
പേടിച്ചരണ്ട നിലവിളികൾ
ഹഡ്സൺ എണ്ണ കുടിച്ചുന്മത്തമാകുന്ന താഴ്വരയെ
ശോകം കൊണ്ടു നിറയ്ക്കുന്നു.
മറ്റേപ്പാതിയെ അവഗണിക്കുന്ന സകലരേയും ഞാൻ തള്ളിപ്പറയുന്നു,
മറക്കപ്പെട്ട കുഞ്ഞുജീവികൾക്കുള്ളിൽ 
ഹൃദയങ്ങൾ മിടിക്കുന്നിടത്ത്,
ഡ്രില്ലുകൾ അന്ത്യകലാശമെടുക്കുമ്പോൾ
നാമെല്ലാം ചെന്നൊടുങ്ങുന്നിടത്ത്
സിമന്റിന്റെ കൂറ്റൻമലകൾ കൊട്ടിപ്പൊക്കുന്നവരെ 
ഞാൻ തള്ളിപ്പറയുന്നു.
നിങ്ങളുടെ മുഖത്തു ഞാൻ കാറിത്തുപ്പുന്നു.
മറ്റേപ്പാതി എനിക്കു കാതു തരുന്നുണ്ട്,
തങ്ങളുടേതായ നിർമ്മലമായ രീതിയിൽ
തിന്നുകയും മൂത്രമൊഴിക്കുകയും പറക്കുകയും ചെയ്യുന്നവകൾ,
പ്രാണികളുടെ സ്പർശനികൾ തുരുമ്പെടുക്കുന്ന വിലങ്ങളിൽ 
കമ്പുകൾ കൊണ്ടു തോണ്ടുന്ന
കൂലിപ്പണിക്കാരുടെ കുട്ടികൾ പോലെ.
ഇതു നരകമല്ല, തെരുവാണ്‌.
മരണമല്ല, പഴക്കടയാണ്‌.
ഒരു കാറു കയറിച്ചതഞ്ഞ ഈ പൂച്ചയുടെ
കുഞ്ഞുകാല്പാദത്തിലുണ്ട്,
തകർന്ന പുഴകളുടേയും 
അപ്രാപ്യമായ ദൂരങ്ങളുടേയും ഒരു ലോകം;
പല പെൺകുട്ടികളുടേയും ഹൃദയങ്ങളിൽ
മണ്ണിരയുടെ പാട്ടു ഞാൻ കേട്ടിട്ടുമുണ്ട്.
തുരുമ്പ്, പുളിക്കൽ, വിറയ്ക്കുന്ന മണ്ണ്‌.
ഓഫീസുകളിലെ അക്കങ്ങളിൽ പൊന്തിയൊഴുകുന്ന
നിങ്ങൾ തന്നെയാണ്‌ മണ്ണ്‌.
ഞാനിനി എന്തു ചെയ്യണം?
ഭൂദൃശ്യങ്ങളെ ക്രമപ്പെടുത്തിവയ്ക്കുകയോ?
പില്ക്കാലത്തു ഫോട്ടോകളാകുന്ന പ്രേമങ്ങളെ,
അറുക്കപ്പൊടിയോ വായ നിറയെ ചോരയോ ആകുന്ന പ്രണയങ്ങളെ
ക്രമപ്പെടുത്തിവയ്ക്കുകയോ?
ഇഗ്നേഷ്യസ് ലയോള പുണ്യവാളൻ
ഒരിക്കലൊരു മുയൽക്കുഞ്ഞിനെ കൊന്നു;
പള്ളിമണികളിലിന്നും അവന്റെ ചുണ്ടുകൾ വിലപിക്കുന്നു.
ഇല്ല, ഇല്ല: സകലതിനെയും ഞാൻ തള്ളിപ്പറയുന്നു.
ഒരു വേദനയും പ്രസരിപ്പിക്കാത്ത,
കാടുകളുടെ പദ്ധതികളെ മായ്ച്ചുകളയുന്ന,
നിർജ്ജനമായ ഈ ഓഫീസുകളുടെ ഗൂഢാലോചനയെ
ഞാൻ തള്ളിപ്പറയുന്നു;
ഞെക്കിഞ്ഞെരുക്കിക്കൊണ്ടുപോകുമ്പോൾ
ഹഡ്സൺ എണ്ണ കുടിച്ചുന്മത്തമാകുന്ന താഴ്വരയെ
നിലവിളികൾ കൊണ്ടു നിറയ്ക്കുന്ന പശുക്കൾക്ക്
ഞാനെന്നെത്തന്നെ തീറ്റയായി സമർപ്പിക്കുന്നു.


(മഹാനഗരങ്ങളുടെ പിടി കിട്ടാത്ത വളർച്ചയെ, സിമന്റുബ്ളോക്കുകളെ, അത്രയും വലിയൊരു ജനപ്പറ്റത്തെ തീറ്റിപ്പോറ്റാൻ ഓരോ ദിവസവും കുരുതി കൊടുക്കപ്പെടുന്ന ജന്തുക്കളുടെ അവിശ്വസനീയമായ എണ്ണത്തെ തള്ളിപ്പറയുകയാണ്‌ ലോർക്ക . ഈ രാക്ഷസീയത തെല്ലും സ്പർശിക്കാത്ത മനുഷ്യന്റെ നിർവ്വികാരതയേയും ലോർക്ക തള്ളിപ്പറയുന്നു. തെരുവിനെ നരകമാക്കുന്നവരെ നോക്കി ‘നിങ്ങളുടെ മുഖത്തു ഞാൻ കാറിത്തുപ്പുന്നു’ എന്ന് കവി പറയുന്നു. ഒരു മുയല്ക്കുഞ്ഞിനെ കൊന്നതിന്റെ പേരിൽ ഇപ്പോഴും വിലപിക്കുന്ന ഇഗ്നേഷ്യസ് ലയോളയാകാൻ അദ്ദേഹമില്ല. ‘ഇല്ല, ഇല്ല, സകലതിനെയും ഞാൻ തള്ളിപ്പറയുന്നു.’ തിന്മയെ ചെറുക്കാൻ ആത്മപീഡനമല്ല, കുറ്റാരോപണം തന്നെയാണു വേണ്ടത്.)

*ഹഡ്സൺ- ന്യൂയോർക്ക്നഗരത്തിലൂടെ ഒഴുകുന്ന നദി



2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ലോർക്ക - പശു


മുറിപ്പെട്ട പശു പുല്ലിന്മേൽ വീണുകിടന്നു;
മരങ്ങളും അരുവികളും അതിന്റെ കൊമ്പുകളിൽ പിടിച്ചുകയറി.
അതിന്റെ മോന്ത ആകാശത്തു ചോര വാർത്തു.

പതഞ്ഞുവീഴുന്ന ഉമിനീരിനു ചുവടെ
തേനീച്ച പോലെ അതിന്റെ മോന്ത.
ഒരു വെളുത്ത രോദനം പ്രഭാതത്തെ മുട്ടുകാലിൽ വീഴ്ത്തുന്നു.

പശുക്കൾ, ചത്തതും ജീവനുള്ളതും,
തുടുത്ത വെളിച്ചത്തിന്റെയോ തേനിന്റെയോ നിറമുള്ളവ,
പാതിയടഞ്ഞ കണ്ണുകളോടെ മുക്കുറയിടുകയായിരുന്നു.

വേരുകളോടു പറയൂ,
കത്തി മൂർച്ച കൂട്ടുന്ന ആ കുട്ടിയോടു പറയൂ:
ഇനിയവർക്ക് പശുവിനെ തിന്നാം.

അങ്ങു മുകളിൽ,
വെളിച്ചങ്ങളും കഴുത്തിലെ സിരകളും വിളറുന്നു.
നാലു കുളമ്പുകൾ വായുവിൽ വിറകൊള്ളുന്നു.

ചന്ദ്രനോടു പറയൂ,
മഞ്ഞിച്ച പാറകളുടെ ഈ രാത്രിയോടു പറയൂ:
ചാരത്തിന്റെ പശു പൊയ്ക്കഴിഞ്ഞു.

അതു പൊയ്ക്കഴിഞ്ഞു,
കുടിയന്മാർ മരണമുണ്ണുന്ന
അനക്കമറ്റ ആകാശത്തിന്റെ നാശാവശിഷ്ടങ്ങൾക്കിടയിലൂടെ.
***

1929-30ൽ പഠനത്തിനായി ന്യൂയോർക്കിലെത്തിയ ലോർക്കയുടെ ആ നഗരത്തെക്കുറിച്ചുള്ള കാവ്യപ്രതികരണമാണ്‌ Poeta en Nueva York (ന്യൂയോർക്കിലെ കവി.) ലോർക്കയുടെ മരണശേഷം 1940ലാണ്‌ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.

പണത്തിന്റെയും യന്ത്രങ്ങളുടേയും ആർത്തിയുടേയും നഗരമാണ്‌ ലോർക്കയ്ക്ക് ന്യൂയോർക്ക്. ഒരമേരിക്കൻ സ്നേഹിതനായ ഫിലിപ് കമ്മിങ്ങ്സ് തന്റെ ഗ്രാമമായ വെർമൊണ്ടിലേക്കു ക്ഷണിച്ചപ്പോൾ ലോർക്കയ്ക്ക് അത് ആ അസുരനഗരത്തിൽ നിന്ന് അല്പകാലത്തേക്കുള്ള മോചനമായിരുന്നു. ഇവിടെ വച്ച് ഒരയല്ക്കാരൻ രോഗം പിടിച്ച തന്റെ പശുവിനെ ചികിത്സിക്കാൻ മൃഗഡോക്ടറെ വിളിക്കുന്നത് ലോർക്ക കാണുന്നു. അദ്ദേഹത്തിന്‌ അതൊരു ഷോക്കായിരുന്നു; തന്റെ സ്പെയിനിൽ മനുഷ്യർക്കു പോലും ഡോക്ടർമാരില്ല എന്നാണ്‌ ലോർക്ക സ്നേഹിതനോടു പറയുന്നത്.


ലോർക്ക -സെവിയേയിലേക്കുള്ള പാതയിൽ വച്ച് അന്തോണിയോ ഡെൽ കംബോറിയോയെ പോലീസ് പിടിക്കുന്നു


അന്തോണിയോ ടോറെസ് ഹെറേദിയ,
കംബോറിയോകളുടെ മകനും ചെറുമകനും,
ഒരു വില്ലോമരച്ചാട്ടയുമായി
സെവിയേയിലേക്കു പോവുകയാണ്‌,
മൂരികളെ നോക്കാൻ.
ഹരിതചന്ദ്രനെപ്പോലിരുണ്ടവൻ,
തല ഉയർത്തിപ്പിടിച്ചവൻ നടക്കുന്നു,
തിടുക്കമേതുമില്ലാതെ.
അവന്റെ കുറുനിരകളുടെ മയില്പീലിമിനുക്കം
രണ്ടു കണ്ണുകൾക്കിടയിൽ മിന്നിക്കെടുന്നു.
സെവിയേയിലേക്കുള്ള വഴി പാതിയെത്തുമ്പോൾ
ഉരുണ്ട നാരങ്ങകൾ ചിലതവൻ അറുത്തെടുക്കുന്നു,
ഒന്നൊന്നായതു പുഴയിലേക്കെറിയുന്നു,
പുഴയ്ക്കു പൊന്നിന്റെ നിറം പകരുന്നു.
സെവിയേയിലേക്കുള്ള വഴി പാതിയെത്തുമ്പോൾ
പന്തലിച്ചുനിന്നൊരു മരത്തിനടിയിൽ വച്ച്
റോന്തു ചുറ്റുന്ന ഒരു പോലീസ് സംഘം
അവനെ കടന്നുപിടിച്ചു കൂടെക്കൊണ്ടുപോകുന്നു.
*
പകൽ പതിയെ കടന്നുപോകുന്നു,
കടലിനും അരുവികൾക്കും മുകളിലൂടെ കടന്നുപോകുന്നു,
ഒരു കാളപ്പോരുകാരന്റെ കൈയ്യില്ലാത്ത കുപ്പായമെന്നപോലെ.
മകരം രാശിയിലെ രാത്രിക്കായി ഒലീവുമരങ്ങൾ കാത്തുനില്ക്കുന്നു.
ഈയക്കട്ടികളായ കുന്നുകൾക്കു മേൽകൂടി
കുതിരയെപ്പോലൊരു ചെറുകാറ്റു കുതിച്ചോടുന്നു.
അന്തോണിയോ ടോറെസ് ഹെറേദിയ,
കംബോറിയോകളുടെ മകനും ചെറുമകനും,
വില്ലോമരച്ചാട്ടയില്ലാതെ നടന്നുപോകുന്നു,
അഞ്ചു പോലീസ് തൊപ്പികൾക്കിടയിലായി.

“അന്തോണിയോ, ആരാണു നീ?
നീ ശരിക്കുമൊരു കംബോറിയോ ആയിരുന്നെങ്കിൽ
അഞ്ചു ദ്വാരങ്ങളിലൂടെ ചോര ചീറ്റുന്നൊരു ജലധാര
നീയിപ്പോൾ തീർത്തേനെയല്ലോ!
ഒരു തന്തയുടേയുമല്ലാത്ത മകനാണു നീ,
ഒരു കംബോറിയോയുമല്ല നീ.
അവരെല്ലാം മണ്മറഞ്ഞുകഴിഞ്ഞു,
കുന്നുകളിലൂടൊറ്റയ്ക്കലഞ്ഞ ജിപ്സികൾ!
അവരുടെ പഴയ കത്തികൾ
മണ്ണിനടിയിൽ കിടന്നു വിറകൊള്ളുന്നു.“
*
അന്നു രാത്രിയിൽ ഒമ്പതു മണിയ്ക്ക്
അവരവനെ ഒരു സെല്ലിലടയ്ക്കുന്നു,
പോലീസുകാർ സംഘം ചേർന്ന്
നാരങ്ങാവെള്ളം കുടിക്കുകയാണ്‌.
അന്നു രാത്രിയിൽ ഒമ്പതുമണിയ്ക്ക്
അവരവനെ ഒരു സെല്ലിലടച്ചിട്ടു,

ഒരാൺകുതിരക്കുട്ടിയുടെ ഊരകൾ പോലെ

ആകാശം തിളങ്ങുമ്പോൾ.


(1926 ജനുവരി 20നെഴുതിയത്. തുടക്കത്തിലെ വരികൾ അതിപ്രചാരമുള്ള ഒരു നാടൻപാട്ടിനെ ഓർമ്മിപ്പിക്കുന്നു: ”മാലഗാക്കാരി ഒരു പെൺകുട്ടി/കാലികളെ നോക്കാൻ സെവിയേയിലേക്കു പോകുന്നു/പാതിവഴിയെത്തുമ്പോൾ മൂറുകൾ അവളെ പിടിച്ചു.“ ”മകരം രാശിയിലെ രാത്രി“ ഒലീവുതോപ്പുകളിൽ വിളവെടുക്കുന്ന ഡിസംബറിന്റെ സൂചനയാണ്‌. ക്രിസ്തുവിന്റെ പീഡാനുഭവമാണ്‌ വിഷയമെന്ന ഒരു വ്യാഖ്യാനവുമുണ്ട്.)

2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ലോർക്ക - കറുത്ത വേദന



പൂവൻകോഴികളുടെ കൂന്താലികൾ
പുലരിയെ കുഴിച്ചെടുക്കുമ്പോൾ
ഇരുളടഞ്ഞ കുന്നിറങ്ങിവരുന്നു,
സോളിഡാഡ് മൊൻതോയ.
പൊന്നും ചെമ്പും നിറമായ ഉടലിന്‌
ഇരുട്ടിന്റെയും കുതിരയുടേയും മണം.
പുകയുന്ന അടകല്ലുകൾ, അവളുടെ മുലകൾ,
അവയിൽ നിന്നുയരുന്നു
ഉരുണ്ട ഗാനങ്ങളുടെ നെടുവീർപ്പുകൾ.
“ഈ വൈകിയ നേരത്തേകാകിനിയായി,
സോളിഡാഡ്, നീ ആരെത്തേടിനടക്കുന്നു?”
“ഞാൻ തേടുന്നയാളെ ഞാൻ തേടുന്നു.
അതിൽ നിങ്ങൾക്കെന്തു കാര്യം?
ഞാനാഗ്രഹിക്കുന്നതു ഞാനാഗ്രഹിക്കുന്നു,
എന്നിലെയെന്നെ, എന്റെ ആനന്ദത്തെ.”
“എന്റെ ശോകത്തിന്റെ സോളിഡാഡ്,
കെട്ടുകൾ പെട്ടിച്ചോടുന്ന കുതിര
ഒടുവിൽ കടൽ കണ്ടെത്തുന്നു,
തിരമാലകളതിനെ വാരിയെടുത്തുവിഴുങ്ങുന്നു.”
“കടലിനെക്കുറിച്ചെന്നെയോർമ്മിപ്പിക്കേണ്ട,
ഒലീവുമരങ്ങളുടെ നാട്ടിൽ,
ഇലകളുടെ മർമ്മരത്തിനടിയിൽ,
ഇരുണ്ട ശോകമുറപൊട്ടുകയല്ലോ.”
“സോളിഡാഡ്, എന്തു വേദനയാണു നിനക്ക്,
എത്രയുത്കടമാണു നിന്റെ വേദന!
നിന്റെ പ്രതീക്ഷയും വാക്കുകളുമൊഴുക്കുന്ന കണ്ണീർ
കയ്ക്കുന്ന നാരങ്ങയുടെ നീരാണല്ലോ.”
“ഹാ, എന്തുമാത്രം വേദന!
രണ്ടായിപ്പിന്നിയ മുടി തറയിലിഴച്ച്,
തീനുമുറിയിൽ നിന്നു കിടപ്പറയിലേക്ക്,
ഭ്രാന്തിയെപ്പോലെ ഞാൻ വീട്ടിനുള്ളിൽ നടക്കുന്നു.
എന്റെയുടലും എന്റെയുടുപ്പും കറുപ്പായി മാറുന്നു.
ഹാ, എന്റെ അടിയുടുപ്പുകൾ!
ഹാ, എന്റെ പോപ്പിത്തുടകൾ!”
“വാനമ്പാടികളുടെ ജലത്തിൽ
നിന്റെ ഉടലു കഴുകൂ,
നിന്റെ ഹൃദയത്തിനു ശാന്തി വരട്ടെ,
സോളിഡാഡ് മൊൻതോയ.“
*

അങ്ങുതാഴെ പുഴ പാടുന്നു:
ആകാശവും ഇലകളും കൊണ്ടു മുഖപടം,
മത്തപ്പൂക്കൾ കൊണ്ടു കിരീടമണിയുന്ന പുതുവെളിച്ചം.
ഹാ, വേദന, ജിപ്സികളുടെ വേദന,
കറയറ്റ, എന്നും തനിച്ചായ വേദന,
കാണാത്ത ഉറവകളുടെ,
വിദൂരമായ പുലരിയുടെ വേദന.

(1924 ജൂലൈ 30നെഴുതിയത്. ശമനമില്ലാത്ത വേദനയുടെ മൂർത്തരൂപമാണ്‌ സോളിഡാഡ് മൊൻതോയ എന്നു ലോർക്ക പറയുന്നു; ഒരു കത്തിയെടുത്ത് ഇടതുഭാഗത്ത് ആഴത്തിൽ ഒരു മുറിവുണ്ടാക്കിയാലേ ആ കറുത്ത വേദനയിൽ നിന്നു നമുക്കു മോചനം കിട്ടുകയുള്ളു. ആൻഡലൂഷ്യൻ ജനതയുടെ വേരാണ്‌ സോളിഡാഡ് മൊൻതോയയുടെ വേദന. വാതിലിനു പുറത്ത് മരണം കാത്തുനില്ക്കുകയാണെന്ന തീർച്ചയോടെ ലക്ഷ്യമില്ലാത്ത ഒരഭിലാഷമാണത്, ഒന്നിനോടുമല്ലാത്ത തീക്ഷ്ണസ്നേഹമാണ്‌. പില്ക്കാലത്ത് ലോർക്കയുടെ നാടകങ്ങളിലൂടെ പൂർണ്ണവികാസം പ്രാപിക്കുന്ന, സ്നേഹത്തിനു വേണ്ടി വിഫലമായി കാത്തിരിക്കുന്ന സ്ത്രീയുടെ ആദിരൂപമാണ്‌ സോളിഡാഡ് മൊൻതോയ.) 
*

ലോർക്ക - അവിശ്വസ്തയായ ഭാര്യ



പിന്നെ ഞാനവളെ പുഴവക്കത്തു കൊണ്ടുപോയി,
അവൾ വിവാഹിതയല്ലെന്നു ഞാൻ കരുതി,
എന്നാലവൾക്കൊരു ഭർത്താവുണ്ടായിരുന്നു.

പിറ്റേന്നു സാന്തിയാഗോയിലെ പെരുന്നാളായിരുന്നു,
അതെനിക്കൊരു കടമ പോലെയുമായിരുന്നു.
തെരുവുവിളക്കുകൾ കെട്ടുതുടങ്ങിയിരുന്നു,
ചീവീടുകൾ തെളിഞ്ഞുതുടങ്ങിയിരുന്നു.
തെരുവിലൊടുവിലത്തെ തിരിവിൽ വച്ച്
ഞാനവളുടെ ഉറങ്ങുന്ന മുലകളിലൊന്നുതൊട്ടു.
ഹയാസിന്തിന്റെ കതിരുകൾ പോലെ
പൊടുന്നനേയവ എനിക്കായിത്തുറന്നു.
പത്തു കഠാരകൾ കീറിമുറിക്കുന്ന
പട്ടുതുണിയുടെ തുണ്ടുപോലെയായിരുന്നു,
അവളുടെ അടിപ്പാവാടയുടെ കഞ്ഞിപ്പശ
എന്റെ കാതിലൊച്ചപ്പെട്ടത്
ഇലച്ചിലിൽ നിന്നു വെള്ളിവെളിച്ചം പോയപ്പോൾ
മരങ്ങൾക്കു കിളരം കൂടിയിരുന്നു,
നായ്ക്കളുടെയൊരു ചക്രവാളം 
പുഴയ്ക്കകലെനിന്നു കുരച്ചിരുന്നു.
*

ഞാറക്കാടുകൾക്കും ഈറകൾക്കും
മുൾച്ചെടികൾക്കുമപ്പുറം
അവളുടെ മുടിക്കെട്ടിനടിയിൽ
മണ്ണിൽ ഞാനൊരു കുഴി കുഴിച്ചു.
ഞാനെന്റെ കഴുത്തിലെ തൂവാലയഴിച്ചു,
അവൾ തന്റെയുടുപ്പിന്റെ നാടയഴിച്ചു.
ഞാനെന്റെ ബല്റ്റും കൈത്തോക്കുമൂരി,
അവളടിയുടുപ്പുകൾ നാലുമൂരി...
ഒരു ചിപ്പിക്കും ജടാമാഞ്ചിക്കുമില്ല,
അവളുടെ ചർമ്മത്തിന്റെ പാതിപോലും മിനുസം,
നിലാവു വീഴുന്ന കണ്ണാടിച്ചില്ലിനുമില്ല,
ഇതുപോലെ തെളിഞ്ഞൊരു തിളക്കം.
വിരണ്ട രണ്ടു മീനുകൾ പോലെ
അവളുടെ തുടകളെന്നിൽ നിന്നു വഴുതി.
അതിലൊന്നിൽ നിറയേ തീയായിരുന്നു,
മറ്റേതു നിറയെ മഞ്ഞായിരുന്നു.
മുത്തുപോൽ വെളുത്തൊരു പെൺകുതിരക്കുട്ടി മേൽ,
നല്ലതിൽ നല്ലതായൊരു പാതയിലൂടെ,
കടിഞ്ഞാണില്ലാതെ, കുതിമുള്ളുകളില്ലാതെ,
അന്നു രാത്രിയിൽ ഞാൻ പറന്നു.
അന്നവളെന്നോടു മന്ത്രിച്ചതൊന്നും
ആണായ ഞാനിനി പറയുന്നില്ല.
ഞാനന്നറിഞ്ഞതിന്റെ കടുംവെളിച്ചം
എന്റെ ചുണ്ടുകൾക്കു മുദ്ര വച്ചു.
ചുംബനങ്ങളും മണൽത്തരികളും കൊണ്ടു മലിനപ്പെട്ടവളെ
പിന്നെ ഞാൻ പുഴക്കരയിൽ നിന്നു കൊണ്ടുപോന്നു.
ലില്ലിപ്പൂക്കളുടെ വാൾമുനകൾ
വായുവിനോടു പടവെട്ടുകയായിരുന്നു.

നേരും നെറിയുമുള്ളൊരു ജിപ്സിയാണു ഞാൻ.
അതിനു ചേർന്നതാണു ഞാനന്നു ചെയ്തതും.
ഞാനവൾക്കൊരു തുന്നൽക്കൂട കൊടുത്തു,
വയ്ക്കോൽനിറത്തിൽ സാറ്റിൻ നെയ്തത്.
അവളെ പ്രേമിക്കാനെനിക്കു തോന്നിയില്ല,
അവൾ വിവാഹിതയല്ലെന്ന തോന്നലോടെ
അവളെ പുഴവക്കത്തു കൊണ്ടുപോകുമ്പോൾ
അവൾക്കൊരു ഭർത്താവുണ്ടായിരുന്നു എന്നതിനാൽ.

‘ലോർക്കയുടെ ഏറ്റവും പ്രസിദ്ധമായ പുസ്തകത്തിലെ (The Gypsy Balladas) ഏറ്റവും കുപ്രസിദ്ധമായ കവിത’ എന്നാണ്‌ ഈ കവിത വിശേഷിപ്പിക്കപ്പെടുന്നത്. ഈ കവിതയ്ക്കു കിട്ടിയ വൻപ്രചാരം ലോർക്കയ്ക്കു തന്നെ അസഹ്യമായിരുന്നു. അതുകാരണം പലപ്പോഴും അദ്ദേഹം ഇത് സദസ്സുകളിൽ വായിക്കാറുമില്ലായിരുന്നു. 

*സാന്തിയാഗോയിലെ പെരുന്നാൾ- ജൂലൈ 25നാണ്‌ സാന്തിയാഗോയിൽ വളരെ വിശേഷമായ സെയ്ന്റ് ജയിംസിന്റെ പെരുന്നാൾ. കഥ നടക്കുന്നത് തലേ രാത്രിയിലാണ്‌.
*ലില്ലിപ്പൂക്കളുടെ വാൾമുനകൾ- ലോപ്പേ ഡി വേഗയുടെ ഒരു വിവാഹഗാനത്തിൽ നിന്ന്; “ലില്ലിപ്പൂക്കളുടെ വാൾമുനകൾ കൊണ്ട് പ്രഭാതം അവരെ കാക്കട്ടെ...”




2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ലോർക്ക - കുടിപ്പക


(റഫായെൽ മെൻഡെസ്സിന്‌)

ചുരത്തിന്റെ പാതിയെത്തുമ്പോൾ
വൈരിയുടെ ചോര കൊണ്ടു സുന്ദരമായ
അൽവാസിത്തേയിലെ കത്തികൾ
വെള്ളിമീൻ പോലെ തിളങ്ങുന്നു.
കയ്ക്കുന്ന പച്ചയിൽ
ഒരു ചീട്ടിന്റെ കഠിനവെളിച്ചം
കുതികൊള്ളാൻ വെമ്പുന്ന കുതിരകളേയും
സവാരിക്കാരുടെ നിഴലുകളേയും വെട്ടിയൊതുക്കുന്നു.
ഒരൊലീവുമരത്തിലിരുന്ന്
രണ്ടു വൃദ്ധകൾ കണ്ണീരൊഴുക്കുന്നു.
കുടിപ്പകയുടെ കാളക്കൂറ്റൻ
ചുമരുകൾ കയറാൻ വെമ്പൽ കൊള്ളുന്നു.
കറുത്ത മാലാഖമാർ
മഞ്ഞുവെള്ളവും തൂവാലകളും കൊണ്ടുവരുന്നു;
അൽവാസിത്തേയിലെ കത്തികൾ
കൂറ്റൻ ചിറകുകളായ മാലാഖമാർ.
ഹുവാൻ അന്തോണിയോ ഡി മൊൻടില്ല
ജഡമായി ചുരമുരുണ്ടിറങ്ങുന്നു;
അയാളുടെ ഉടൽ നിറയെ ഐറിസ്സുകൾ,
അയാളുടെ നെറ്റിത്തടം ഒരു മാതളപ്പഴം.
ഇപ്പോഴയാൾ മരണത്തിലേക്കുള്ള പെരുവഴിയേ
ഒരഗ്നിക്കുരിശ്ശേറി യാത്ര ചെയ്യുന്നു.
*

ജഡ്ജിയും പോലീസും
ഒലീവുതോട്ടങ്ങൾക്കിടയിലൂടെ വരുന്നു.
ഒരു പാമ്പിന്റെ മൂകഗാനവും പാടി
ചൊരിയപ്പെട്ട ചോര വിലപിക്കുന്നു.
പോലീസ്സുകാരേ, സാറന്മാരേ,
ഇതെന്നും പതിവാണല്ലോ:
നാലു റോമാക്കാർ ചത്തു,
കാർത്തേജുകാർ അഞ്ചും.
*

അത്തിപ്പഴങ്ങളും പൊള്ളുന്ന മർമ്മരങ്ങളും
ഉന്മത്തമാക്കിയ അപരാഹ്നം
കുതിരക്കാരുടെ തുടകളിലെ മുറിവുകളിലേക്ക്
മൂർച്ഛിച്ചുവീഴുന്നു.
പശ്ചിമാകാശത്തിലൂടെ
കറുത്ത മാലാഖമാർ പറന്നുപോകുന്നു:
പാറാൻ വിട്ട നീണ്ട മുടിയും
ഹൃദയത്തിൽ ഒലീവെണ്ണയുമുള്ള മാലാഖമാർ.
----------------------------------------------------------------------------------------------------------------------

(ജിപ്സി കഥാഗാനങ്ങളില്പെട്ട ഈ കവിത1926 ആഗസ്റ്റ് 6നെഴുതിയതാണ്‌. ആൻഡലൂഷ്യയിലും സ്പെയിനിലും ആളുകളിൽ നിശ്ശബ്ദവും സുപ്തവുമായിക്കിടക്കുന്ന ഒരു സംഘർഷത്തിന്റെ ആവിഷ്കാരമാണിതെന്ന് ലോർക്ക പറയുന്നുണ്ട്. എന്തിനെന്നറിയാതെ ആളുകൾ അന്യോന്യം ആക്രമിക്കും; ദുർഗ്രഹമായ ആ കാരണം ഒരു നോട്ടമോ ഒരു പനിനീർപ്പൂവോ രണ്ടു നൂറ്റാണ്ടു പഴക്കമുള്ള ഒരു പ്രണയമോ ആകാം; അല്ലെങ്കിൽ തന്റെ മുഖത്തൊരു പ്രാണി വന്നിരുന്നതായി പെട്ടെന്നൊരാൾക്കു തോന്നിയതുമാവാം. *അൽവാസിത്തേ Albacete- മാഡ്രിഡിനും വാലൻസിയക്കും ഇടയ്ക്കുള്ള ഒരു ഗ്രാമം; ഒരിനം നീണ്ട കത്തികൾക്കു പേരുകേട്ടതാണ്‌. 
* ഒരു ചീട്ടിന്റെ കഠിനവെളിച്ചം- വഴക്കിനു കാരണം ചീട്ടുകളിയിലെ തർക്കവുമാകാം.
*നാലു റോമാക്കാർ ചത്തു...-റോമും കാർത്തേജും തമ്മിൽ ക്രി.മു. 264-164ൽ നടന്ന യുദ്ധങ്ങളുടെ സൂചന. സ്പാനിഷ് ക്ലാസ്മുറികളിൽ കുട്ടികൾക്കിടയിൽ നിലനിന്നിരുന്ന മത്സരബുദ്ധിയേയും ഓർമ്മിപ്പിക്കുന്നുണ്ട്. ചില സ്കൂളുകളിൽ, വിശേഷിച്ചും ജസ്യൂട്ട് സ്കൂളുകളിൽ, കുട്ടികളെ പരസ്പരം മത്സരിക്കുന്ന രണ്ടു ടീമുകളായി വേർതിരിച്ചിരുന്നു: റോമാക്കാരും കാർത്തേജുകാരും.

ജ്യോർജി ബെലെവ് - രാത്രിയിൽ കാടിറങ്ങുന്നു

രാത്രിയിൽ കാടിറങ്ങുന്നു


രാത്രിയിൽ കാടിറങ്ങുന്നു. അവസാനത്തെ ട്രാമും പോയിക്കഴിയുന്നതുവരെ അവൾ കാത്തിരിക്കുന്നു; പിന്നെ അവൾ പുറപ്പെടുകയായി. വഴിയിൽ അവൾ കുടിയന്മാരെ കാണുന്നുണ്ട്- പാതിയടഞ്ഞ കണ്ണുകളുമായി അവർ അവളിലൂടെ കടന്നുപോകുന്നു; കാലിടറുന്നുണ്ടെങ്കിലും  അവർ തെറി പറയുന്നില്ല. കാട് നേരേ നടന്നുപോകുന്നു. ഒഴിവുവേളയിലെ കുട്ടികളെപ്പോലെ വീടുകൾ രണ്ടും മൂന്നുമായി പിരിയുന്നു, വള്ളിച്ചെരുപ്പുകളും പൈജാമകളും ധരിച്ച നമ്മളെ ചില്ലകളിലേക്കു തട്ടിയിടുന്നു. തെരുവുകൾ എവിടെ? ഇലകൾക്കും പായലിനുമടിയിലൂടെ അവ ഒഴുകിപ്പോയിരിക്കുന്നു. ടെലിഫോൺ കമ്പികൾ, കാറുകളുടെ ചീറിപ്പായൽ? അവയിപ്പോൾ സ്വപ്നങ്ങളിലേ വഴി മുടക്കുന്നുള്ളു. കടകളുടെ മുൻവശത്തെ ചില്ലലമാരകൾ? വഴിയാത്രക്കാരെത്തേടി അവ മറ്റെവിടെയോ പോയിരിക്കുന്നു.

കാട് ചുറ്റും നോക്കിയിട്ട് നടത്തം നിർത്തുന്നു. വിപുലയായി, ശാന്തയായി തന്റെ നെറ്റിത്തടത്തിൽ നിന്ന് അവൾ മേഘങ്ങളെ തുടച്ചുമാറ്റുന്നു; എന്നാലവ പിന്നെയും പറ്റിപ്പിടിക്കുന്നുണ്ട്...ആ നിശ്ചേഷ്ടത നിശ്ശേഷമാണ്‌, ആരോ ഒന്നു നെടുവീർപ്പിട്ടപോലെ. കാട് ഒറ്റയ്ക്കാണ്‌, പഴയ ഒരാല്ബം നോക്കിനില്ക്കുന്ന ഒരു വിധവയെപ്പോലെ. അവൾ അവിടെത്തന്നെ നില്ക്കുന്നു. കുടിയന്മാർ പൊയ്ക്കഴിഞ്ഞു, വൈൻ മുഴുവൻ കുടിച്ചുതീർക്കാതെ, പാട്ടു മുഴുവൻ പാടിത്തീർക്കാതെ. വൈൻ? മുകളിൽ മൂക്കു തുടുത്ത മേഘങ്ങൾ മത്തു പിടിച്ചപോലെ എന്തോ മന്ത്രിക്കുന്നുണ്ട്. കാട് പെട്ടെന്നു തിരിഞ്ഞുനടക്കുന്നു; അവൾ തിരിഞ്ഞുനോക്കുന്നില്ല. ആദ്യത്തെ ട്രാമിന്റെ ചൂളംവിളി വീടുകളെ നിരത്തിനിർത്തുകയും ചെയ്യുന്നു.

കുട്ടിക്കഥ


കുട്ടിക്കവിതകളെഴുതുന്ന ഒരു കവിയുടെ
സ്വന്തം കുട്ടി മരിക്കാൻ കിടക്കുകയാണ്‌.
അവനു ചുറ്റും എന്തൊരാൾക്കൂട്ടമാണ്‌-
ജ്ഞാനികളായ കൂമന്മാർ,
സംസാരിക്കുന്ന കൂണുകൾ,
തറവാടികളായ വണ്ടുകൾ,
ബുദ്ധിശൂന്യനായ ചെന്നായ,
സൂത്രശാലിയും കുശാഗ്രബുദ്ധിയും
കാണാൻ സുന്ദരനുമായ കുറുനരി...
എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്,
അവർ കാത്തുനില്ക്കുകയുമാണ്‌.

കുട്ടിക്കവിതകളെഴുതുന്ന ഒരു കവിയുടെ
സ്വന്തം കുട്ടി മരിക്കാൻ കിടക്കുകയാണ്‌.
അബദ്ധക്കാരായ ഒച്ചുകൾ
അവന്റെ മേൽ ഇഴഞ്ഞുകേറുന്നു,
അവയുടെ തണുത്ത, കൊഴുത്ത സ്രവം
അവനെ സാവധാനം ഒരഭ്രത്തുണ്ടാക്കുന്നു,
മഞ്ഞിച്ചതും തൊട്ടാൽ പൊടിയുന്നതും.
അതു തട്ടിയെടുക്കാൻ ഒരു മലങ്കാക്ക പറന്നിറങ്ങുന്നു,
അവൾക്കു ചിറകു മിനുക്കാൻ
ഇനിയെന്നും അതു മതിയല്ലോ.

കുട്ടിക്കവിതകളെഴുതുന്ന ഒരു കവിയുടെ
സ്വന്തം കുട്ടി മരിക്കാൻ കിടക്കുകയാണ്‌.
“ഇവിടെ എന്തുമാത്രം വായുവുള്ളതാണ്‌,
എന്തിനാണതത്രയും നിങ്ങൾ ഉള്ളിലാക്കുന്നത്?”
-ഉള്ളുലഞ്ഞ കവി സ്വന്തം സൃഷ്ടികളോടു ചോദിക്കുന്നു.
ആ  കൂട്ടത്തിന്റെ കാതുകളിലതെത്തുന്നേയില്ല;
തിക്കിത്തിരക്കിയും  ചൂടും ചൂരുമുയർത്തിയും
അക്ഷമയോടവർ കാത്തുനില്ക്കുകയാണ്‌,
അതൊന്നവസാനിച്ചുകിട്ടാൻ,
എന്നിട്ടവിടെനിന്നോടിപ്പോകാൻ.

(ബൾഗേറിയൻ കവിയും വിവർത്തകനുമായ ജ്യോർജി ബെലെവ് Georgi Trendafilov Belev ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ 1945 മേയ് 4നു ജനിച്ചു. 1990ൽ അമേരിക്കയിലേക്കു കുടിയേറി ബോസ്റ്റണിൽ സ്ഥിരതാമസമാക്കി. ബൾഗേറിയൻ കവിതയുടെ ഏറ്റവും സമഗ്രമായ ഇംഗ്ലീഷ് സമാഹാരം, Clay and Star: Contemporary Bulgarian Poets" (1992) Lisa Sapinkopfനൊപ്പം എഡിറ്റ് ചെയ്തു. 2020 മേയ് 14ന്‌ കൊവിഡ് ബാധിച്ചു മരിച്ചു.)