2020, മേയ് 19, ചൊവ്വാഴ്ച

റ്റൊമാസ് ട്രാൻസ്ട്രൊമർ - കവിതാവിവർത്തനത്തെക്കുറിച്ച്



സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രൊമർ സാഹിത്യത്തിനുള്ള ന്യൂസ്റ്റാഡ്റ്റ് ഇന്റെർനാഷണൽ സമ്മാനം സ്വീകരിച്ചുകൊണ്ട് 1990 ജൂണിൽ ഓൿലഹോമ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്.
"...എന്നോടൊപ്പം ഈ പുരസ്കാരം പങ്കിടുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സാമാന്യം വലിയ ഒരു സംഘത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ; വിവിധഭാഷകളിലേക്ക് എന്റെ കവിതകൾ വിവർത്തനം ചെയ്തവർ. ആരെയും പരാമർശിക്കുന്നില്ല, ആരെയും മറക്കുന്നില്ല. ചിലർ വ്യക്തിപരമായി എനിക്കടുപ്പമുള്ളവരാണ്‌; മറ്റു ചിലരെ വ്യക്തിപരമായി എനിക്കറിയുകയുമില്ല. ചിലർക്ക് സ്വീഡിഷ് ഭാഷയേയും പാരമ്പര്യത്തെയും കുറിച്ച് തികഞ്ഞ അവഗാഹമുണ്ട്, മറ്റുള്ളവർക്ക് പ്രാഥമികമായ അറിവേയുള്ളു (അന്തർജ്ഞാനത്തിന്റെയും ഒരു നിഘണ്ടുവിന്റെയും സഹായത്തോടെ എത്രത്തോളം പോകാമെന്നതിന്‌ ശ്രദ്ധേയമായ ചില ഉദാഹരണങ്ങളുണ്ട്). ഇവർക്കെല്ലാം പൊതുവായിട്ടുള്ളത് ഇതാണ്‌: അവരവരുടെ ഭാഷകളിൽ വിദഗ്ധരാണവർ; അവർ എന്റെ കവിതകൾ വിവർത്തനം ചെയ്തതാവട്ടെ, അതു ചെയ്യാനുള്ള ആഗ്രഹം കൊണ്ടും. അങ്ങനെ ചെയ്തിട്ട് അവർക്കു പണമോ പ്രശസ്തിയോ കിട്ടുന്നില്ല. മൂലഗ്രന്ഥത്തിലുള്ള താല്പര്യം, ജിജ്ഞാസ, സമർപ്പണം- അതാണ്‌ അവർക്കു പ്രേരണയായത്. അതിനെ സ്നേഹം എന്നുതന്നെ വിളിക്കണം- കവിതാവിവർത്തനത്തിനുള്ള യഥാർത്ഥമായ അടിസ്ഥാനം അതൊന്നുമാത്രമാണ്‌.
ഒരു കവിതയെ രണ്ടു രീതിയിൽ നമുക്കു കാണാം. ഭാഷയുടെ ജീവന്റെ ഒരാവിഷ്കാരമായി കവിതയെ കാണാം; ഏതു ഭാഷയിലാണോ എഴുതപ്പെട്ടത്, അതിൽ നിന്ന് നൈസർഗ്ഗികമായി വളർന്നുവരുന്നതൊന്ന്. എന്റെ കാര്യത്തിൽ ആ ഭാഷ സ്വീഡിഷാണ്‌. സ്വീഡിഷ് ഭാഷ എന്നിലൂടെ എഴുതുന്ന ഒരു കവിത. മറ്റൊരു ഭാഷയിലേക്ക് അതു കൊണ്ടുപോവുക അസാദ്ധ്യം.
വ്യത്യസ്തമായ, ഇപ്പോൾ പറഞ്ഞതിനു വിരുദ്ധമായ മറ്റൊരു വീക്ഷണമുണ്ട്: സാധാരണഭാഷകൾക്കു പിന്നിലുള്ള മറ്റൊരു ഭാഷയിൽ എഴുതപ്പെടുന്ന അദൃശ്യമായ ഒരു കവിതയുടെ ആവിഷ്കരണമാണ്‌ നമുക്കു പ്രത്യക്ഷത്തിൽ വരുന്ന ഏതു കവിതയും. അപ്പോൾ മൂലരൂപം തന്നെ ഒരു വിവർത്തനമാണെന്നു വരുന്നു. ഇംഗ്ലീഷിലേക്കോ മലയാളത്തിലേക്കോ ഉള്ള പകർച്ച തന്നെ ആ അദൃശ്യകവിതയ്ക്കു പിറവിയെടുക്കാനുള്ള പുതിയൊരു ശ്രമമാകുന്നു. എഴുത്തിനും വായനക്കാരനുമിടയിൽ എന്തു നടക്കുന്നു എന്നതാണ്‌ പ്രധാനം. യഥാർത്ഥത്തിൽ അർപ്പിതമനസ്സായ ഒരു വായനക്കാരൻ ചോദിക്കാറുണ്ടോ, താൻ വായിക്കുന്നത് മൂലരൂപമാണോ വിവർത്തനമാണോയെന്ന്?
ഞാൻ കവിത വായിക്കാൻ തുടങ്ങിയ (എഴുതാനും തുടങ്ങിയ) കൗമാരകാലത്ത് ആ ചോദ്യം ഞാൻ എന്നോടു ചോദിച്ചിട്ടില്ല. ഭാഷാബഹുലമായ ഒരു ചുറ്റുപാടിൽ വളരുന്ന ഒരു രണ്ടുവയസ്സുകാരൻ കുട്ടി വ്യത്യസ്തഭാഷകളെ ഒറ്റഭാഷയായി അനുഭവിക്കുന്നതുപോലെ എന്റെ കാവ്യജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ എല്ലാ കവിതയും എനിക്ക് സ്വീഡിഷ് ആയിരുന്നു. എലിയട്ട്, ട്രൿൽ, എല്വാദ്- അമൂല്യവും വികലവുമായ വിവർത്തനങ്ങളിലൂടെ എനിക്കു പ്രത്യക്ഷരായ അവരെല്ലാം സ്വീഡിഷ് എഴുത്തുകാരായിരുന്നു. സൈദ്ധാന്തികതലത്തിൽ, അതിൽ കുറേയൊക്കെ ന്യായവുമുണ്ട്, കവിതാവിവർത്തനത്തെ ഒരസംബന്ധമായി നമുക്കു കാണാം. എന്നാൽ പ്രായോഗികതലത്തിൽ നാം കവിതാവിവർത്തനത്തിൽ വിശ്വസിക്കുകതന്നെ വേണം, വിശ്വസാഹിത്യത്തിൽ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ. ഇവിടെ, ഓൿലഹോമയിൽ നാം ചെയ്യുന്നതും അതാണ്‌. ഞാൻ എന്റെ വിവർത്തകരോട് നന്ദി പറയുന്നു."

അഭിപ്രായങ്ങളൊന്നുമില്ല: