2020, മേയ് 29, വെള്ളിയാഴ്‌ച

ലോർക്ക - സൂര്യൻ അസ്തമിച്ചു



സൂര്യൻ അസ്തമിച്ചു,
മരങ്ങൾ ധ്യാനത്തിൽ,
പ്രതിമകളെപ്പോലെ.
കതിരെല്ലാം കൊയ്തുകഴിഞ്ഞു.
തേവിത്തീർന്ന ചക്രങ്ങളിൽ
എന്തുമാത്രം വിഷാദം!

വീനസ്സിനെ നോക്കിക്കൊതിക്കുന്നു,
അവളെ നോക്കിക്കുരയ്ക്കുന്നു,
ഒരു നാടൻ പട്ടി.
ചുംബനങ്ങളേല്ക്കാത്തൊരു പാടത്ത്
അവൾ തിളങ്ങിനില്ക്കുന്നു,
മുഴുത്തൊരാപ്പിൾ പോലെ.

കൊതുകുകൾ - മഞ്ഞുതുള്ളികളുടെ പെഗാസസ്സുകൾ-
അനക്കമറ്റ വായുവിൽ
ചുറ്റിപ്പറക്കുന്നു.
വെളിച്ചം, അതികായയായ പെനിലോപ്പി,
ഒരു ദീപ്തരാവു നെയ്തെടുക്കുന്നു.

“ഉറങ്ങിക്കോ, മക്കളേ,
ചെന്നായിറങ്ങാൻ നേരമായി,”
തള്ളയാടു പറയുന്നു.
“ശരല്ക്കാലമായോ, കൂട്ടരേ?”
ഇതൾ വാടിയ പൂവു ചോദിക്കുന്നു.

ഇനി അകലത്തെ മലകളിറങ്ങി, വലകളുമായി,
ആട്ടിടയന്മാരെത്തും!
ഇനി പഴയ സത്രത്തിന്റെ വാതില്ക്കൽ
പെൺകുട്ടികളിരുന്നു കളിയ്ക്കും,
വീടുകൾക്കിനി കേൾക്കാറാകും,
പണ്ടേയവയ്ക്കു മനപ്പാഠമായ
പ്രണയഗാനങ്ങൾ.

(1920 ആഗസ്റ്റ്)
-----------------------------------------------------------------------------------------------------------------------

*പെനിലോപ്പി (Penelope) - ഗ്രീക്ക് മിത്തോളജിയിൽ യുളീസസ്സിൻ്റെ ഭാര്യ; യുളീസസ് ട്രോജൻ യുദ്ധം കഴിഞ്ഞു തിരിച്ചെത്താൻ ഇരുപതുകൊല്ലം എടുത്തു. വരണാർത്ഥികളായി എത്തിയവരെ അത്രയും കാലം പെനിലോപ്പി തടുത്തുനിർത്തിയത്  തൻ്റെ ഭർത്താവിൻ്റെ അച്ഛന് ഒരു ശവക്കച്ച നെയ്തുതീരുന്നതുവരെ കാത്തിരിക്കാൻ പറഞ്ഞുകൊണ്ടാണ്. പകൽ നെയ്തതത്രയും രാത്രിയിൽ അഴിച്ചുകളഞ്ഞിട്ടാണ് അവർ അത്രയും കാലം നെയ്ത്ത് നീട്ടിക്കൊണ്ടുപോയത്.

അഭിപ്രായങ്ങളൊന്നുമില്ല: