പാരീസ്, 1920
മാന്യരേ,
മാന്യരേ,
മരണം മനുഷ്യനു മേൽ ചുമത്തപ്പെട്ട ഒരു ശിക്ഷയോ പിഴയോ പരിമിതിയോ അല്ല, അതിനെക്കാളുപരി അതൊരു ആവശ്യകതയാണെന്ന്, മനുഷ്യന്റെ ആവശ്യകതകളിൽ വച്ചേറ്റവും പ്രധാനവും നീക്കുപോക്കില്ലാത്തതുമായ ആവശ്യകതയാണെന്ന് ഈ വരികളിലൂടെ നിങ്ങളെ അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്. ജനിക്കാനും ജീവിക്കാനുമുള്ള നമ്മുടെ ആവശ്യത്തെ കവച്ചുവയ്ക്കുന്നതാണ് മരിക്കാനുള്ള നമ്മുടെ ആവശ്യം. ജനിക്കാതിരിക്കാൻ നമുക്കായെന്നു വന്നേക്കാം, പക്ഷേ മരിക്കാതിരിക്കാൻ നമുക്കാവില്ല. ഇന്നേ വരെ ആരും പറഞ്ഞിട്ടില്ല: “എനിക്കു ജനിക്കാൻ തോന്നുന്നു.” എന്നാൽ പലരും പറഞ്ഞു നാം കേൾക്കാറുണ്ട്: “ എനിക്കു മരിക്കാൻ തോന്നുന്നു.” നേരേ മറിച്ച് ജനിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യവുമാണ് എന്നു നമുക്കു തോന്നുകയെങ്കിലും ചെയ്യും; കാരണം താൻ കുറേ കഷ്ടപ്പെട്ടുവെന്നും ഒരു പാടു പണിപ്പെട്ടിട്ടാണു താൻ ഈ ലോകത്തെത്തിയതെന്നും ഇതുവരെയും ആരും പറഞ്ഞിട്ടില്ല. അതേ സമയം മരണമാകട്ടെ, നാം വിചാരിക്കുന്നതിലും വിഷമം പിടിച്ചതാണ്. ഇതിൽ നിന്നു തെളിയുകയാണ്, മരിക്കാനുള്ള നമ്മുടെ ആവശ്യം എത്ര വലുതും തടുക്കരുതാത്തതുമാണെന്ന്; എന്തെന്നാൽ, ഒരു സംഗതി എത്രയ്ക്കു ദുഷ്കരമാകുന്നുവോ, അത്രയ്ക്കു വലുതായിട്ടാണു നാമതു കണ്മുന്നിൽ കാണുക എന്നതു സുവിദിതവുമാണല്ലോ. ഒരു കാര്യം എത്രയ്ക്കപ്രാപ്യമാണോ, അത്രയ്ക്കാണതിനോടുള്ള നമ്മുടെ ദാഹവും.
ഒരാൾ മറ്റൊരാൾക്കു കത്തെഴുതുമ്പോൾ അയാളുടെ അമ്മ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു എന്നാണ് എന്നും അയാൾ എഴുതുന്നതെങ്കിൽ കത്തു കിട്ടുന്നയാൾക്ക് ഒടുവിൽ നിഗൂഢമായ ഒരസ്വസ്ഥത തോന്നിയെന്നു വരാം; തന്നോടു നുണ പറയുകയാണെന്ന് അയാൾ വിശ്വസിക്കുന്നില്ലെങ്കിലും, തന്റെ അമ്മ മരിക്കേണ്ടതാണെന്ന, പുറമേ കാണാത്ത, പുറത്തു പറയാത്ത ആവശ്യത്തിന്റെ ഉത്കടമായ ഭാരത്തിൻ കീഴിൽ അയാൾ സംശയിച്ചേക്കാം, അമ്മ മരിച്ചിരിക്കാനാണു സാദ്ധ്യതയെന്ന്. ആ മനുഷ്യൻ കണക്കുകൂട്ടലുകൾ നടത്തിയിട്ട് തന്നോടു തന്നെ പറഞ്ഞുവെന്നു വരാം:“അങ്ങനെയാവാൻ വഴിയില്ല. ഇതിനകം എന്റെ അമ്മ മരിച്ചില്ലെന്നു പറയുന്നതിൽ ഒട്ടും യുക്തിയില്ല.” ഒടുവിൽ, അമ്മ മരിച്ചു എന്നറിയുക ഉത്കണ്ഠ നിറഞ്ഞ ഒരാവശ്യമായി മാറുകയാണയാൾക്ക്. ഇല്ലെങ്കിൽ അതൊരു വസ്തുതയായി ഒടുവിൽ അയാൾ അംഗീകരിച്ചുവെന്നു വരും.
ഏറ്റവും കൂടിയത് അമ്പതു വയസ്സെത്തുമ്പോൾ ആയുസ്സവസാനിക്കുന്ന ഒരു ജനവിഭാഗത്തിൽ മുന്നൂറെത്തിയ ഒരു മകനെക്കുറിച്ച് പുരാതനമായൊരു ഇസ്ലാമികാഖ്യാനം വിവരിക്കുന്നുണ്ട്. പ്രവാസത്തിനിടയിൽ ഇരുന്നൂറു വയസ്സായ മകൻ അച്ഛനെക്കുറിച്ചന്വേഷിക്കുമ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു: “അദ്ദേഹം നല്ല ആരോഗ്യത്തോടിരിക്കുന്നു.” പക്ഷെ അമ്പതു കൊല്ലം കൂടി കഴിഞ്ഞ് സ്വദേശത്തെത്തുമ്പോൾ അയാൾ അറിയുന്നത് തന്റെ നാളുകളുടെ രചയിതാവ് ഇരുന്നൂറു കൊല്ലം മുമ്പേ മരിച്ചുപോയെന്നാണ്; പ്രശാന്തഭാവത്തോടെ അയാൾ മന്ത്രിച്ചു: “എത്രയോ കൊല്ലമായി അതെനിക്കറിയാമായിരുന്നു.” തീർച്ചയായും. സ്വന്തം അച്ഛൻ മരിക്കണമെന്നുള്ള മകന്റെ ആവശ്യം അതു നടക്കേണ്ട മുഹൂർത്തത്തിൽ നീക്കുപോക്കില്ലാത്തതാണ്, മാരകവുമാണ്; നടക്കേണ്ട സമയത്ത് അത് യഥാർത്ഥമായി നടക്കുകയും ചെയ്തിരിക്കുന്നു.
മരണത്തിലേക്കെത്തുന്നില്ല എന്നതാണ് ദൈവങ്ങളുടെ ദുഃഖമെന്ന് റുബെൻ ദാരിയോ പറഞ്ഞിട്ടുണ്ട്. മനുഷ്യരുടെ കാര്യമാണെങ്കിൽ, തങ്ങളുടെ മരണം തീർച്ചയായെന്നു ബോധവാന്മാരാകുന്ന നിമിഷം മുതൽ അവർ പിന്നെയെന്നും സന്തുഷ്ടരായേനെ. നിർഭാഗ്യത്തിനു പക്ഷേ, മരണം മനുഷ്യർക്കൊരിക്കലും തീർച്ചയുള്ളതൊന്നല്ല: മരിക്കാൻ അവ്യക്തമായ ഒരാഗ്രഹം, ഒരു ദാഹം അവർക്കുണ്ട്; എന്നാൽ തങ്ങൾ മരിക്കുമെന്നതിൽ അവർക്കുറപ്പുമില്ല. മരണത്തെക്കുറിച്ചു തീർച്ചയില്ലാത്തതാണ് മനുഷ്യന്റെ ഖേദത്തിനാസ്പദമെന്ന് ഇതിനാൽ നാം പ്രഖ്യാപിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ