2020, മേയ് 18, തിങ്കളാഴ്‌ച

എഡ്വാർഡോ ഗലിയാനോ - ഏകാകിയായ ഒരു വൃദ്ധൻ

ഏതു നേരവും കിടക്കയിൽ കിടന്നു കാലം കഴിച്ചിരുന്ന ഏകാകിയായ ഒരു വൃദ്ധനുണ്ടായിരുന്നു. അയാൾ തന്റെ വീട്ടിലെവിടെയോ ഒരു നിധി ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ആളുകൾ അടക്കം പറഞ്ഞു. ഒരുനാൾ കുറേ കള്ളന്മാർ വീട്ടിൽ കയറി എമ്പാടും അരിച്ചുപെറുക്കിയപ്പോൾ നിലവറയിൽ നിന്ന് ഒരു പെട്ടി അവർക്കു കിട്ടി. അവർ അതു കൊണ്ടുപോയി തുറന്നപ്പോൾ കണ്ടത് കുത്തിനിറച്ചുവച്ചിരിക്കുന്ന കത്തുകളാണ്‌. തന്റെ ദീർഘജീവിതത്തിനിടയിൽ ആ വൃദ്ധനു കിട്ടിയ പ്രണയലേഖനങ്ങളാണവ. കള്ളന്മാർ ആദ്യം അവ കത്തിച്ചുകളയാൻ പോയതാണെങ്കിലും പിന്നീടവർ തമ്മിൽ ആലോചിച്ച് അവ അയാൾക്കുതന്നെ മടക്കിക്കൊടുക്കാമെന്നു തീരുമാനിച്ചു. ഓരോന്നായി. ആഴ്ചയിൽ ഒന്ന്. അതിനു ശേഷം എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് അയൾ പോസ്റ്റ്മാൻ വരാനായി കാത്തുനില്ക്കാൻ തുടങ്ങി. പോസ്റ്റ്മാനെ കണ്ടതും അയാൾ ഓടിച്ചെല്ലും; കാര്യത്തിന്റെ കിടപ്പറിയാവുന്ന പോസ്റ്റ്മാൻ കത്തെടുത്ത് കൈയിൽ പിടിച്ചിട്ടുമുണ്ടാവും. ഒരു സ്ത്രീയുടെ സന്ദേശം കൈപ്പറ്റുന്നതിന്റെ ആനന്ദത്താൽ ഉന്മത്തമായ ഒരു ഹൃദയത്തിന്റെ സ്പന്ദനം വിശുദ്ധപത്രോസിനുപോലും കേൾക്കാമായിരുന്നു.

( ആലിംഗനങ്ങളുടെ പുസ്തകം)

ഈ കഥ ഗലിയാനോയുടെ രചനാരീതിയുടെ മർമ്മസൂചകമായും കാണാമെന്ന് ഇസബൽ അയേന്ദേ പറയുന്നു. കത്തുകൾ മുമ്പേ ഉണ്ടായിരുന്നു; അവ ആ വൃദ്ധന്റേതുമായിരുന്നു; എന്നാൽ അവ വായിക്കപ്പെടാതെ ഒരു ഇരുണ്ട നിലവറയിൽ കിടക്കുകയായിരുന്നു, അവ മൃതമായിരുന്നു. എന്നാൽ ഓരോന്നായി ആ കത്തുകൾ അയാൾക്കയച്ചുകൊടുക്കുക വഴി ആ നല്ല കള്ളന്മാർ കത്തുകൾക്കു പുതുജീവൻ നല്കി, വൃദ്ധന്‌ പുതിയ വ്യാമോഹങ്ങളും നല്കി. ഗലിയാനോ ചെയ്യുന്നതും ഇതാണ്‌: മറഞ്ഞുകിടക്കുന്ന നിധികൾ കണ്ടെത്തുക, പഴകിത്തേഞ്ഞ സംഭവങ്ങൾക്കു തിളക്കം നല്കുക, ക്ഷീണിച്ചുകിടക്കുന്ന ആത്മാവിനെ തന്റെ കിരാതാവേശത്താൽ ഊർജ്ജസ്വലമാക്കുക...

അഭിപ്രായങ്ങളൊന്നുമില്ല: