ഓമനത്തമുള്ള ആ കുഞ്ഞിനെ കണ്ടപ്പോൾ ചുക്കിച്ചുളിഞ്ഞ ആ വൃദ്ധ എന്തുമാത്രം സന്തോഷിച്ചു; എല്ലാവരും അതിനു മേൽ തങ്ങളുടെ വാത്സല്യം കോരിച്ചൊരിയുകയാണ്, എല്ലാവരും അതിനെ ചിരിപ്പിക്കാൻ നോക്കുകയാണ്. ആ വൃദ്ധയെപ്പോലെ അതും ഒരു ദുർബ്ബലവസ്തുവാണ്, അവരെപ്പോലെതന്നെ അതിനും പല്ലുമില്ല, മുടിയുമില്ല.
അങ്ങനെ അതിനെ ഗോഷ്ടി കാണിച്ചു ചിരിപ്പിക്കാമെന്ന വിചാരവുമായി അവർ കുഞ്ഞിനടുത്തേക്കു ചെന്നു.
പേടിച്ചുപോയ കുഞ്ഞു പക്ഷേ, ആ പാവം വൃദ്ധയുടെ ലാളനകളിൽ നിന്നു കുതറിമാറാൻ നോക്കിക്കൊണ്ട് അലറിക്കരയുകയാണു ചെയ്തത്.
ആ പാവം വൃദ്ധ പിന്നെ തനിയ്ക്കു പറഞ്ഞിട്ടുള്ള നിത്യമായ ഏകാന്തതയിലേക്കു പിൻവലിഞ്ഞ് ഒരു മൂലയ്ക്കു ചെന്നിരുന്ന് ഇങ്ങനെ പർഞ്ഞുകൊണ്ടു കരഞ്ഞു: “കഷ്ടം, ഭാഗ്യം കെട്ട ഈ കിഴവികൾക്ക് ഇനി ആരെയും സന്തോഷിപ്പിക്കാനാവില്ല, ഒന്നുമറിയാത്ത ഒരു കുഞ്ഞിനെപ്പോലും; ഞങ്ങൾ സ്നേഹിക്കാൻ നോക്കുമ്പോൾ കുഞ്ഞുങ്ങൾക്കു തോന്നുന്നത് അറപ്പാണ്.”
(ഗദ്യകവിതകൾ- 2)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ