യാതൊന്നുമില്ല,
നിന്റെ പൊള്ളുന്ന ഹൃദയമൊന്നേ.
എന്റെ പറുദീസ,
രാപ്പാടികളില്ലാത്ത,
കിന്നരങ്ങളില്ലാത്ത ഒരു പാടം,
ഒരു കുഞ്ഞുജലധാരയുമായി,
കണ്ണില്പെടാനില്ലാത്തൊരു ചോലയുമായി.
ചില്ലയിൽ
കാറ്റിന്റെ കുതിമുള്ളില്ലാതെ,
ഇലയാവാൻ മോഹിക്കുന്ന
നക്ഷത്രമില്ലാതെ.
വിപുലമായൊരു വെളിച്ചത്തിനു മോഹം,
ഉടഞ്ഞ നോട്ടങ്ങളുടെ പാടത്ത്
വെറുമൊരു മിന്നാമിന്നിയാവാൻ.
ഒരു തെളിഞ്ഞ ശാന്തതയിൽ
നമ്മുടെ ചുംബനങ്ങൾ വിടരും
മാറ്റൊലിയുടെ മുഴങ്ങുന്ന വലയങ്ങളായി.
യാതൊന്നുമില്ല,
നിന്റെ പൊള്ളുന്ന ഹൃദയമൊന്നേ.
(1920)
---------------------------------------------------------------------------------------------------------------------
1926ൽ ലോർക്ക തന്റെ ഒരു സുഹൃത്തിന് ഇങ്ങനെ എഴുതുന്നുണ്ട്: “ഒന്നാലോചിച്ചുനോക്കൂ, എനിക്ക് കല്യാണം കഴിക്കാൻ തോന്നുന്നു! എനിക്കതിനു കഴിവുണ്ടാകുമോ? ഇല്ല. ഈ പ്രശ്നമാണ് എനിക്കു പരിഹരിക്കാനുള്ളത്. എന്റെ ആദ്യകാലകവിതകളിലെപ്പോലെ ഒരുദ്യാനത്തിനും ഒരു ചെറിയ ജലധാരയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിലാണ് എന്റെ ഹൃദയമെന്ന് എനിക്കു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ദിവ്യപുഷ്പങ്ങളും ധനികരുടെ ചിത്രശലഭങ്ങളുമുള്ള ഉദ്യാനമല്ല, ഇളംകാറ്റുകളും ഏകതാനമായ ഇലകളുമുള്ള ഒരിടം; എന്റെ മെരുങ്ങിയ പഞ്ചേന്ദ്രിയങ്ങൾ അവിടെ ആകാശം നോക്കിക്കിടക്കും.”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ