ഭൂമിയിലും ആകാശത്തും പൂർണ്ണത പ്രസരിപ്പിച്ചിരുന്ന ഒരു ബനഡിക്റ്റയെ എനിക്കറിയാമായിരുന്നു; മഹത്വത്തിന്റെ, സൗന്ദര്യത്തിന്റെ, കീർത്തിയുടെ, അമരത്വത്തിൽ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സർവ്വതിന്റെയും ബീജങ്ങൾ അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
പക്ഷേ ആ അത്ഭുതബാലികയുടെ സൗന്ദര്യത്തിനു നിരക്കുന്നതായില്ല, അവളുടെ ആയുസ്സ്; ഞാൻ അവളെ പരിചയപ്പെട്ട് അല്പനാൾ കഴിഞ്ഞപ്പോഴേക്കും അവൾ മരിച്ചു. ശവപ്പറമ്പുകളിൽപോലും ധൂപപാത്രവുമായി വസന്തമെത്തുന്ന ഒരു നാൾ ഞാൻ തന്നെ അവളെ മറവു ചെയ്തു. ഇന്ത്യയിൽ നിന്നു വരുന്ന പെട്ടകങ്ങൾ പോലെ വാസനിക്കുന്നതും ദ്രവിക്കാത്തതുമായ ഒരു മരപ്പെട്ടിയിൽ ഭദ്രമായടക്കി ഞാൻ തന്നെയാണ് അവളെ മറവു ചെയ്തത്.
എന്നിട്ട്, എന്റെ നിധി മറഞ്ഞുപോയ ആ സ്ഥാനത്തേക്കു കണ്ണുനട്ടു ഞാൻ നില്ക്കുമ്പോൾ മരിച്ചവളുമായി അത്ഭുതകരമായ സാദൃശ്യം വഹിക്കുന്ന ഒരു കൊച്ചുപെണ്ണ് പെട്ടെന്നെന്റെ ദൃഷ്ടിയിൽ പെട്ടു; ഭ്രാന്തു പിടിച്ചവളെപ്പോലെ ആ പുതുമണ്ണു ചവിട്ടിക്കുഴച്ചുകൊണ്ട് ഒരട്ടഹാസച്ചിരിയോടെ അവൾ പറഞ്ഞു: “എന്നെ നോക്കാൻ! ഞാനാണ് ശരിക്കുള്ള ബനഡിക്റ്റ! പേരു കേട്ട തേവിടിശ്ശി! നിങ്ങളുടെ അന്ധതയ്ക്കും മൂഢതയ്ക്കുമുള്ള ശിക്ഷയായി ഇനി നിങ്ങൾ ശരിക്കുള്ള എന്നെ പ്രേമിക്കും!”
ഞാൻ രോഷാകുലനായി അവളോടു പറഞ്ഞു: “ഇല്ല! ഇല്ല! ഇല്ല!” എന്നിട്ട് ആ തിരസ്കാരത്തിനു കൂടുതൽ ശക്തി പകരാനായി നിലത്തൊന്നാഞ്ഞുചവിട്ടിയതും
(ഗദ്യകവിതകൾ-38)
----------------------------------------------------------------------------------------------------------------------------------------
കവിതയും ഗദ്യകവിതയുമെന്ന ആദർശവും യാഥാർത്ഥ്യവുമാണ് ബനഡിക്റ്റയുടെ ഈ രണ്ടു രൂപങ്ങളെന്ന് ഒരു വ്യാഖ്യാനമുണ്ട്. എല്ലാ പൂർണ്ണതകളുടേയും ആദർശരൂപമായ കവിതയുടെ മോഹവലയത്തിൽ നിന്ന് എല്ലാ അപൂർണ്ണതകളുടേയും ആവിഷ്കാരമായ (രൂപത്തിൽ, ഭാവത്തിൽ, ഭാഷയിൽ) ഗദ്യകവിതയിലേക്കാണ് കവി ഞെട്ടിയുണരുന്നത്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ