2020, മേയ് 29, വെള്ളിയാഴ്‌ച

ലോർക്ക - വജ്രം



വജ്രം പോലൊരു നക്ഷത്രം
ഗഹനമായ മാനത്തെ കോറുന്നു.
പ്രപഞ്ചത്തിൽ നിന്നു രക്ഷപ്പെടാൻ മോഹിക്കുന്ന
വെളിച്ചപ്പക്ഷി;
തന്നെ കുടുക്കിയ പെരുംവല
കുടഞ്ഞുകളയാൻ നോക്കുമ്പോൾ
തന്റെ കഴുത്തിലൊരു തുടലുണ്ടെന്ന്
അതറിയുന്നില്ല.

അതിമാനുഷരായ വേട്ടക്കാർ
സാന്ധ്യതാരങ്ങളെ നായാടാനിറങ്ങുന്നു,
നിശ്ശബ്ദതയുടെ തടാകത്തിലെ
വെള്ളിക്കട്ടിപോലത്തരയന്നങ്ങളെ.

പോപ്ലാർകുട്ടികൾ ബാലപാഠം ചൊല്ലുന്നു;
ഉണക്കച്ചില്ലകൾ വീശുന്ന
ശാന്തശീലനായ ഒരു കിഴവൻപോപ്ലാർ
അവരുടെ ഗുരു.
അകലെ, മലയിലിപ്പോൾ
മരിച്ചവർ ശീട്ടുകളിച്ചിരിക്കുകയാവും.
എത്ര വിരസം, സിമിത്തേരിയിലെ ജീവിതം!

തവളേ, പാട്ടിനു തുടക്കമാവട്ടെ!
ചിവീടേ, മാളത്തിൽ നിന്നിറങ്ങിയാലും!
വ്യാകുലമനസ്സായി ഞാൻ വീട്ടിലേക്കു മടങ്ങുമ്പോൾ
വനത്തിനുള്ളിൽ മുഴങ്ങട്ടെ,
നിന്റെ പുല്ലാങ്കുഴലുകൾ.

എന്റെ തലയ്ക്കുള്ളിൽ
രണ്ടു കാട്ടുപ്രാവുകൾ ചിറകടിയ്ക്കുന്നു.
വിദൂരചക്രവാളത്തിൽ
പകലിന്റെ തുലാക്കൊട്ട മുങ്ങുന്നു.
ഭീതിദം, വെള്ളം തേവുന്ന കാലചക്രം!

(1920 നവംബർ, ഗ്രനാഡ)


------------------------------------------------------------------------------------------------------------------------
ആകാശബിംബങ്ങളെ കീടങ്ങളും നിത്യജീവിതസന്ദർഭങ്ങളുമായി കലർത്തുന്നതിന്റെ ആനന്ദം തന്റെ കാവ്യശൈലിയുടെ ഒരാധാരസ്വരമാണെന്നും അതിന്റെ ആദ്യകാലമാതൃകയാണ്‌ ഈ കവിതയെന്നും ലോർക്ക പിന്നീടൊരു പ്രഭാഷണത്തിൽ പറയുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: