2020, മേയ് 18, തിങ്കളാഴ്‌ച

ബോദ്‌ലേർ - ഘടികാരം



പൂച്ചയുടെ കണ്ണിൽ നോക്കി ചൈനാക്കാർ സമയം പറയും.

ഒരിക്കൽ നാങ്കിങ്ങിന്റെ പ്രാന്തപ്രദേശത്തുകൂടി നടന്നുപോവുകയായിരുന്ന ഒരു മിഷനറി താൻ വാച്ചെടുക്കാൻ മറന്നുപോയതോർത്തിട്ട് ഒരു കുട്ടിയോട് സമയമെന്തായെന്നു ചോദിച്ചു.

സ്വർഗ്ഗീയസാമ്രാജ്യത്തിലെ ആ തെരുവുപ്രജ ആദ്യമൊന്നു മടിച്ചിട്ട് “ഞാൻ ഇപ്പോൾത്തന്നെ പറയാം” എന്നു മറുപടി നല്കി. അല്പനേരം കഴിഞ്ഞു തിരിച്ചുവരുമ്പോൾ അവന്റെ കൈയിൽ ഒരു കൂറ്റൻ പൂച്ചയുണ്ടായിരുന്നു. അതിന്റെ കൺവെള്ളയിൽ നോക്കിയിട്ട് അവൻ പ്രഖ്യാപിച്ചു: “ഉച്ചയായിട്ടില്ല.” അത് കൃത്യവുമായിരുന്നു.

ഇനി എന്റെ കാര്യം പറയട്ടെ; സുന്ദരിയായ എന്റെ ഫിലൈൻ (എത്ര അന്വർത്ഥമാണ്‌ ആ പേര്‌!) - സ്ത്രീജാതിക്കൊരു തിലകം, എന്റെ ഹൃദയത്തിനഭിമാനം, എന്റെ ആത്മാവിന്റെ സുഗന്ധം- അവളുടെ മുഖത്തേക്കു കുനിഞ്ഞുനോക്കുമ്പോൾ, അതിനി പകലോ രാത്രിയോ ആവട്ടെ, വെളിച്ചത്തോ ഇരുട്ടത്തോ ആവട്ടെ, അവളുടെ മനോഹരമായ കണ്ണുകളുടെ കയങ്ങളിൽ നിന്ന് എനിക്കു സമയം വായിച്ചെടുക്കാം- എന്നും ഒരേ സമയമാണത്, വിപുലം, പ്രൗഢം, സ്ഥലരാശി പോലെ നിസ്സീമം, മിനിട്ടുകളോ സെക്കന്റുകളോ ആയി വിഭജിക്കാത്തത്- ഒരു ഘടികാരവും രേഖപ്പെടുത്താത്ത ഒരു നിശ്ചേഷ്ടമുഹൂർത്തം, ഒരു നെടുവീർപ്പു പോലെ വിലോലം, ഒരിമവെട്ടൽ പോലെ ചടുലം.

വശ്യമായ ആ ഘടികാരമുഖത്ത് എന്റെ നോട്ടം തറഞ്ഞിരിക്കുന്ന സമയത്ത് ഏതെങ്കിലും രസംകൊല്ലി കയറിവന്ന് എന്നെ ശല്യപ്പെടുത്തിയെന്നിരിക്കട്ടെ, ദുർവ്വിനീതനും ക്ഷമ കെട്ടവനുമായ ഒരു ജിന്ന്, അശുഭകാലവും കൊണ്ടുവരുന്ന ഒരു പിശാച്, എന്നോടിങ്ങനെ ചോദിച്ചുവെന്നിരിക്കട്ടെ, “താനെന്താ ഇത്ര സൂക്ഷിച്ചുനോക്കുന്നത്? ആ ജന്തുവിന്റെ കണ്ണുകളിൽ താനെന്താണു തേടുന്നത്? തനിക്കതിൽ സമയം കാണാൻ പറ്റുന്നുണ്ടോ, മടിയനും മുടിയനുമായ മനുഷ്യാ?” എടുത്തടിച്ചപോലെ എന്റെ മറുപടി ഇതായിരിക്കും: “അതെ, സമയം ഞാൻ കാണുന്നുണ്ട്- നിത്യതയാണത്!”

ഉചിതമായൊരു പ്രണയഗാനമല്ലേ, ശ്രീമതീ, ഇത്? നിന്നെപ്പോലെതന്നെ ജാഡ നിറഞ്ഞതും? അത്ര രസം പിടിച്ചാണീ കപടവീരകൃത്യം ഞാൻ ചെയ്തെടുത്തതെന്നതിനാൽ പകരം നീ എന്തുതരുമെന്ന് ഞാൻ ചോദിക്കുന്നതുമില്ല.
--------------------------------------------------------------------------------------------------------------------------

സ്വർഗ്ഗീയസാമ്രാജ്യം- ചൈനയുടെ ഒരു പഴയ പേര്‌

ഫിലൈൻ Feline- പൂച്ചയുടെ സ്വഭാവമുള്ള; ബോദ്‌ലേർക്ക് പരിചയമുണ്ടായിരുന്ന ഏതെങ്കിലും സ്ത്രീയുടെ കള്ളപ്പേരാണെന്നും വരാം.

(ഗദ്യകവിതകൾ - 16)

അഭിപ്രായങ്ങളൊന്നുമില്ല: