2020, മേയ് 25, തിങ്കളാഴ്‌ച

ബോദ്‌ലേർ- ചന്ദ്രൻ പ്രസാദിച്ചവൾ



നീ തൊട്ടിലിൽ ഉറങ്ങിക്കിടക്കെ, ചാപല്യത്തിന്റെ ഉടൽരൂപമായ ചന്ദ്രൻ ജനാലയിലൂടെ ഉള്ളിലേക്കു നോക്കി ഇങ്ങനെ പറഞ്ഞു: “ഈ കുഞ്ഞിൽ ഞാൻ പ്രീതയായിരിക്കുന്നു.”

എന്നിട്ടവൾ ഒരു തൂവൽ പോലെ മേഘപ്പടവുകളിറങ്ങിവന്ന് ജനാലച്ചില്ലിലൂടെ നിശ്ശബ്ദം ഉള്ളിലേക്കു കടന്നു. പിന്നെയവൾ ഒരമ്മയുടെ കരുതലോടെ, വാത്സല്യത്തോടെ നിന്നെപ്പൊതിഞ്ഞുകിടന്നപ്പോൾ നിന്റെ മുഖത്തവളുടെ നിറങ്ങൾ പുരണ്ടു. അങ്ങനെയാണ്‌ നിന്റെ കൃഷ്ണമണികൾക്കു പച്ചനിറം പകർന്നത്, നിന്റെ കവിളുകൾ ഇത്രയും വിളർത്തതും. ഈ അതിഥിയെ നോക്കിക്കിടന്നതിനാലാണ്‌ നിന്റെ കണ്ണുകൾ ഇത്ര വിചിത്രമായി വിടർന്നുപോയത്; നിന്റെ തൊണ്ടയിലവൾ അത്രയും മൃദുവായി തഴുകിയതിനാൽ തേങ്ങൽ നിന്നെ വിട്ടൊഴിയാതെയുമായി.

അതേനേരം ചന്ദ്രനതിന്റെ വിപുലാനന്ദത്തോടെ മുറിയിലെങ്ങും നിറഞ്ഞു, ഒരു ശീതവെളിച്ചം പോലെ, മിനുങ്ങുന്നൊരു വിഷം പോലെ. ആ ജീവനുള്ള വെളിച്ചം ഇങ്ങനെ ചിന്തിച്ചു, ഇങ്ങനെ പറഞ്ഞു: “ഇനിയെന്നും നീ എന്റെ ചുംബനത്തിനടിമയായിരിക്കും. നിന്റെ സൗന്ദര്യം എന്റേതുപോലെയായിരിക്കും. ഞാൻ സ്നേഹിക്കുന്നതേതിനേയും എന്നെ സ്നേഹിക്കുന്നതേതിനേയും തന്നെ നീയും സ്നേഹിക്കും: ജലം, മേഘങ്ങൾ, നിശ്ശബ്ദത, രാത്രി; ആഴം കാണാത്ത പച്ചക്കടൽ; രൂപരഹിതവും ബഹുരൂപിയുമായ ജലം; നീ കാണാത്ത ഇടങ്ങൾ; നിനക്കറിയാത്ത കാമുകൻ; വിലക്ഷണപുഷ്പങ്ങൾ; ഉന്മാദത്തിലേക്കെത്തിക്കുന്ന പരിമളങ്ങൾ; പിയാനോകൾക്കു മേൽ അലസമായി പതിഞ്ഞുകിടന്ന് സ്ത്രീകളെപ്പോലെ മധുരമായി മുരളുന്ന പൂച്ചകൾ!

“എന്നെ പ്രേമിക്കുന്നവർ നിന്നെ പ്രേമിക്കും, എന്നെ പ്രീതിപ്പെടുത്താൻ നോക്കുന്നവർ നിന്നെയും പ്രീതിപ്പെടുത്താൻ വരും. എന്റെ നിശാലാളനകളിൽ ഞാൻ കണ്ഠാശ്ലേഷം ചെയ്ത പച്ചക്കണ്ണുള്ള പുരുഷന്മാർ; കടലിനെ, വിപുലവും പ്രക്ഷുബ്ധവും പച്ചനിറമായതുമായ കടലിനെ; രൂപരഹിതവും ബഹുലരൂപവുമായ  ജലത്തെ; തങ്ങളെത്താത്തിടങ്ങളെ, തങ്ങൾക്കറിയാത്ത സ്ത്രീകളെ, ഏതോ അജ്ഞാതമതാനുഷ്ഠാനത്തിലെ ധൂപപാത്രങ്ങൾ പോലുള്ള പൈശാചപുഷ്പങ്ങളെ, മനസ്സസ്വസ്ഥമാക്കുന്ന പരിമളങ്ങളെ; തങ്ങളുടെ ഉന്മാദത്തിന്റെ മുദ്രകൾ തന്നെയായ വന്യവും മദാലസവുമായ ജന്തുക്കളെ സ്നേഹിക്കുന്നവർ- അവർക്കു നീ റാണിയാകും.”

അതുകൊണ്ടാണെന്റെ ശപ്തയായ, പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ നിന്റെ കാല്ച്ചുവട്ടിൽ വീണുകിടക്കുന്നത്; നിന്റെ ഉടലുടനീളം അവളുടെ പ്രതിച്ഛായ തേടുകയാണു ഞാൻ, ഭീതിദയായ ആ ദേവതയുടെ, മരണഹേതുവായ മാതൃദേവിയുടെ,  ഉന്മാദികൾക്കെല്ലാം വിഷം ചുരത്തുന്ന ധാത്രിയുടെ.

(ഗദ്യകവിതകൾ - 37)
--------------------------------------------------------------------------------------------------------------------

*ഈ കവിതയുടെ ആദ്യരൂപം ഒരു “Berthe”യ്ക്കു സമർപ്പിച്ചിരുന്നു. 1863-64ൽ ബോദ്‌ലേർ ബന്ധം വച്ചിരുന്ന ഒരു നാടകനടിയാണ്‌ അവർ. “സൂപ്പും മേഘങ്ങളും” എന്ന ഗദ്യകവിതയിലെ സ്ത്രീയും അവർ തന്നെ. ഇതിൽ നിന്ന് അവരുടെ പ്രകൃതം എങ്ങനെയുള്ളതാണെന്ന് ഊഹിക്കാം- കവി അവരോടടുക്കാൻ കാരണവും അതുതന്നെ!

അഭിപ്രായങ്ങളൊന്നുമില്ല: