2020, മേയ് 14, വ്യാഴാഴ്‌ച

ലോർക്ക - പുതിയ ഹൃദയം




ഒരു പാമ്പിനെപ്പോലെ
എന്റെ ഹൃദയം ഉറയൂരിയിരിക്കുന്നു.
നിറയെ മുറിവും തേനുമായ വിരലുകളിൽ
അതിനെയെടുത്തു ഞാൻ നോക്കുന്നു.

നിന്റെ മടക്കുകളിൽ കൂടു കൂട്ടിയ ചിന്തകൾ,
ഇന്നവയൊക്കെയെവിടെ?
യേശുക്രിസ്തുവിനേയും സാത്താനേയും
പരിമളപ്പെടുത്തിയ പനിനീർപ്പൂക്കളുമെവിടെ?

എന്റെ വിചിത്രദീപ്തനക്ഷത്രത്തിനു മേൽ
നനഞ്ഞൊട്ടിക്കിടന്നൊരാവരണമേ,
ഒരു കാലത്തെന്റെ സ്നേഹങ്ങളായിരുന്നവയെ
ശോകത്തോടെ ഞാൻ കോറിയിട്ട തോൽച്ചുരുളേ!

ഭ്രൂണപ്രായമായ ശാസ്ത്രങ്ങൾ നിന്നിൽ ഞാൻ കാണുന്നു,
മമ്മികളായി സംസ്കരിച്ച കവിതകൾ,
എന്റെ പ്രണയരഹസ്യങ്ങളുടെയും
എന്റെ നിഷ്കളങ്കതയുടേയും അസ്ഥികൂടങ്ങൾ.

എന്റെ വികാരങ്ങളുടെ കാഴ്ചബംഗ്ലാവിൽ
ചുമരിൽ നിന്നെ ഞാൻ തൂക്കിയിടട്ടെയോ,
എന്റെ നിർഭാഗ്യങ്ങളുടെ ഐറിസ്പൂവുകൾ
തണുത്തിരുണ്ടുറക്കം തൂങ്ങുന്നതിനരികിൽ?

അതോ പൈന്മരങ്ങൾക്കു മേൽ നിന്നെ വിരിച്ചിടുകയോ,
-എന്റെ പ്രണയത്തിന്റെ യാതനാഗ്രന്ഥമേ-
പുലരിയ്ക്കു രാപ്പാടി നിവേദിക്കുന്ന ഗാനം
നിനക്കും കേട്ടുപഠിക്കാനായി?

(ഗ്രനാഡ 1918 ജൂൺ)

അഭിപ്രായങ്ങളൊന്നുമില്ല: