2020, മേയ് 23, ശനിയാഴ്‌ച

ബോദ്‌ലേർ - നിന്റെ മുടിയിൽ ഒരർദ്ധഗോളം



നിന്റെ മുടിയുടെ സുഗന്ധം ശ്വസിച്ചുകിടക്കട്ടെ ഞാനേറെയേറെ നേരം; ദാഹം പൊറുക്കാതൊരുവൻ അരുവിയിൽച്ചെന്നു മുങ്ങുമ്പോലതിൽ ഞാൻ മുഖം പൂഴ്ത്തട്ടെ; ഓർമ്മകളെ വായുവിലേക്കു കുടഞ്ഞിടാൻ  മണമുള്ള തൂവാല പോലെ ഞാനതെടുത്തുവീശട്ടെ.

നിന്റെ മുടിയിൽ ഞാൻ കാണുന്നതെന്തൊക്കെയാണെന്നു നീയറിഞ്ഞിരുന്നെങ്കിൽ! എന്തൊക്കെ അനുഭൂതികൾ! എന്തൊക്കെക്കേൾവികൾ! അന്യരുടെ ആത്മാവുകൾ സംഗീതത്തിൽ യാത്ര ചെയ്യുമ്പോൾ ഈ സുഗന്ധത്തിലാണെന്റെ ആത്മാവിന്റെ പ്രയാണം!

നിന്റെ മുടിയിലടങ്ങുന്നു, പായകളും പാമരങ്ങളുമായി ഒരു സ്വപ്നമങ്ങനെതന്നെ; അതിലുണ്ടാഴക്കടലുകൾ; അവയിലെ കാലവർഷക്കാറ്റുകൾ മനോജ്ഞമായ അന്യദേശങ്ങളിലേക്കെന്നെ നയിക്കുന്നു; ആകാശത്തിനു നീലിമയും ഗഹനതയും കൂടുതലാണവിടെ, ഇലകളും കനികളും മനുഷ്യചർമ്മവും പരിമളപ്പെടുത്തുന്ന അന്തരീക്ഷമാണവിടെ.

നിന്റെ മുടിയുടെ പെരുംകടലിൽ ഞാനൊരു തുറമുഖം കാണുന്നു; വിഷാദഗാനങ്ങളതിൽ തങ്ങിനില്ക്കുന്നു, നാനാദേശക്കാരായ ഉശിരന്മാരായ ആണുങ്ങൾ തിക്കിത്തിരക്കുന്നു, നിത്യോഷ്ണം  അലസശയനം നടത്തുന്ന വിപുലാകാശത്ത് നാനാതരം യാനങ്ങൾ സൂക്ഷ്മവും സങ്കീർണ്ണവുമായ വാസ്തുരൂപങ്ങൾ കോറിയിടുകയും ചെയ്യുന്നു.

നിന്റെ മുടിയുടെ ലാളനകളിലമർന്നുകിടക്കെ, മനോഹരമായൊരു നൗകയുടെ ഉള്ളറയിലൊന്നിൽ പൂപ്പാത്രങ്ങൾക്കും കുളിരുന്ന തണ്ണീർക്കുടങ്ങൾക്കുമിടയിൽ, തുറമുഖത്തെ അദൃശ്യമായ തിരപ്പെരുക്കത്തിന്റെ തൊട്ടിലാട്ടത്തിൽ ദീർഘശയനം നടത്തുന്നതിന്റെ സുഖം ഞാൻ വീണ്ടുമറിയുന്നു.

നിന്റെ മുടിക്കെട്ടിന്റെ തീയും കാഞ്ഞിരിക്കെ കറുപ്പും പഞ്ചാരയും കലർത്തിയ പുകയിലയുടെ മണം ഞാൻ ഉള്ളിലേക്കെടുക്കുന്നു; നിന്റെ മുടിയുടെ രാത്രിയിൽ ഉഷ്ണമേഖലയിലെ അനന്തനീലിമയുടെ മിനുക്കം ഞാൻ കാണുന്നു; നിന്റെ മുടിയുടെ കരയ്ക്കിരുന്ന് കീലിന്റെയും കസ്തൂരിയുടെയും വെളിച്ചെണ്ണയുടെയും കൂടിക്കലർന്ന ഗന്ധം മണത്തു ഞാനുന്മത്തനാകുന്നു.

നിന്റെ തഴച്ചിരുണ്ട മുടിയിൽ ഞാൻ സാവധാനം പല്ലുകളാഴ്ത്തട്ടെ. നിന്റെ അയഞ്ഞ, മെരുങ്ങാത്ത മുടി ചവയ്ക്കുമ്പോൾ എനിക്കു തോന്നുന്നു, ഓർമ്മകൾ തിന്നുകയാണു ഞാനെന്ന്.

(ഗദ്യകവിതകൾ-17)
---------------------------------------------------------------------------------------------------------------------

ബോദ്‌ലേറുടെ “കറുത്ത വീനസ്” ആയ ഷീൻ ദുവാൽ (Jeanne Duval) ആണ്‌ ഈ മുടിയുടെ ഉടമ. ഫ്രഞ്ച്-ആഫ്രിക്കൻ സങ്കരവർഗ്ഗത്തിൽ ജനിച്ച ദുവാൽ നടിയും നർത്തകിയും ആയിരുന്നു. 1820ൽ ഹെയ്തിയിൽ ജനിച്ചു. 1842ൽ പാരീസിൽ വച്ചാണ്‌ ബോദ്‌ലേർ ദുവാലിനെ കാണുന്നത്. പിന്നീട് 20 കൊല്ലം അവർ ഒരുമിച്ചുജീവിച്ചു. അമ്മ കഴിഞ്ഞാൽ ബോദ്‌ലേർ ഏറ്റവുമധികം സ്നേഹിച്ച സ്ത്രീ ദുവാൽ ആണെന്നു പറയുന്നു. പേടിപ്പിക്കുന്ന സ്ത്രീസൗന്ദര്യത്തിന്റെയും ലൈംഗികതയുടേയും നിഗൂഢതയുടേയും പ്രതീകമായിരുന്നു ദുവാൽ അദ്ദേഹത്തിന്‌ . പാപത്തിന്റെ പൂക്കളിലെ “അവളുടെ മുടി,” “നൃത്തം ചെയ്യുന്ന സർപ്പം,“ ”ജഡം,“ ”അവൾ തൃപ്തയല്ല“ എന്നീ കവിതകളും ഈ കറുത്ത വീനസ് പ്രചോദിപ്പിച്ചതു തന്നെ. ദുവാൽ 1862ലോ മറ്റോ സിഫിലിസ് ബാധിച്ചു മരിച്ചു എന്നാണ്‌ കരുതപ്പെടുന്നത്.



അഭിപ്രായങ്ങളൊന്നുമില്ല: