1. ജീവിതത്തിന്
---------------------
രാത്രിയങ്ങനെതന്നെ
ഒരു മഴുവും കൈയ്യിലെടുത്ത്,
ശോകം കൊണ്ടെന്നെ കീഴടക്കിയിരുന്നു,
ആ സ്വപ്നമെന്നാൽ,
ചോരക്കറ പറ്റിയ കല്ലുകൾക്കു മേൽ
ഇരുണ്ട ജലമെന്നപോലെ,
കടന്നുപോയി.
ഇന്നെനിക്കു വീണ്ടും
ജീവൻ വച്ചിരിക്കുന്നു.
ജീവിതമേ,
നിന്നെ ഞാൻ
വീണ്ടും ചുമലേറ്റുന്നു.
ജീവിതമേ,
തെളിഞ്ഞ കപ്പേ,
എത്ര പെട്ടെന്നു നീ നിറഞ്ഞു,
അഴുക്കുവെള്ളത്താൽ,
ചത്ത വീഞ്ഞിനാൽ,
മനോവേദനയാൽ, നഷ്ടങ്ങളാൽ,
തൂങ്ങിക്കിടക്കുന്ന മാറാലകളാൽ,
പലരും കരുതുന്നു,
ആ നാരകീയനിറം
നിനക്കെന്നുമെന്നുമുണ്ടാവുമെന്നും.
അതു ശരിയല്ല.
ഒരു മന്ദരാത്രി കടന്നുപോകുന്നു,
ഒരേയൊരു നിമിഷം കടന്നുപോകുന്നു,
എല്ലാറ്റിനും മാറ്റവുമാകുന്നു.
ജീവിതത്തിന്റെ കോപ്പയിൽ
തെളിമ തുളുമ്പുന്നു.
വിപുലമായ വേല
നമ്മെക്കാത്തുനില്ക്കുന്നു.
ഒരേകാന്തസ്ഫോടനത്തിൽ
മാടപ്രാവുകൾ പിറക്കുന്നു.
ഭൂമിയിൽ ജീവിതം സ്ഥാപിക്കപ്പെടുന്നു.
ജീവിതമേ,
സാധുക്കളായ കവികൾ നിന്നെ
കയ്ക്കുന്നതായിക്കരുതി,
നിന്നോടൊപ്പം,
ലോകത്തെ കാറ്റിനൊപ്പം
അവർ കിടക്കയിൽ നിന്നെഴുന്നേറ്റില്ല.
അവർ ഒരു തമോഗർത്തം തുരന്നു,
ഒരേകാന്തമായ കിണറിന്റെ വിലാപത്തിലേക്ക്
അവർ മുങ്ങിത്താഴാനും തുടങ്ങി.
ഇതു നേരല്ല, ജീവിതമേ,
നീ സുന്ദരിയാണ്,
ഞാൻ സ്നേഹിക്കുന്നവളെപ്പോലെ,
നിന്റെ മുലകൾക്കിടയിൽ
പുതിനയുടെ മണവും ഞാൻ മണക്കുന്നു.
ജീവിതമേ,
നീയൊരു പൂർണ്ണയന്ത്രമാണ്,
സന്തോഷമാണ്,
കൊടുങ്കാറ്റിന്റെ ഇടിമുഴക്കമാണ്,
എണ്ണയുടെ സ്നിഗ്ധമാർദ്ദവമാണ്.
ജീവിതമേ,
നീയൊരു മുന്തിരിത്തോപ്പാണ്,
നീ വെളിച്ചം സംഭരിക്കുന്നു,
മുന്തിരിക്കുലകളിലാക്കി
പിന്നെ നീയതു വിതരണം ചെയ്യുന്നു.
നിന്നിൽ നിന്നൊഴിഞ്ഞുമാറി നടക്കുന്നവൻ,
അവൻ ഒരു മിനിട്ടു കാത്തിരിക്കട്ടെ,
ഒരു രാത്രി, ഒരു ഹ്രസ്വവർഷം,
ഒരു ദീർഘവർഷം കാത്തിരിക്കട്ടെ,
നുണ പറയുന്ന ഏകാന്തതയിൽ നിന്നവൻ
പുറത്തുവരട്ടെ,
അവൻ തേടുകയും മല്ലിടുകയും ചെയ്യട്ടെ,
മറ്റു കൈകളിലേക്കവൻ
തന്റെ കൈകൾ കൊണ്ടുചെല്ലട്ടെ,
ദുരിതത്തെ അവൻ കൈക്കൊള്ളുകയോ
സ്തുതിക്കുകയോ ചെയ്യരുത്,
കല്ലാശാരി കല്ലു കൊണ്ടു ചെയ്യുമ്പോലെ
അതിനൊരു ചുമരിന്റെ രൂപം നല്കി
അവനതിനെ തിരസ്കരിക്കട്ടെ,
ദുരിതത്തെ മുറിച്ചെടുത്ത്
അവനതിനെ കാലുറകളാക്കട്ടെ.
ജീവിതം
നമ്മെയെല്ലാം കാത്തിരിക്കുന്നു,
കടലിന്റെ വന്യഗന്ധത്തെ,
മുലകൾക്കിടയിലെ പുതിനയുടെ മണത്തെ
സ്നേഹിക്കുന്ന നമ്മെ.
2. പുസ്തകത്തിന്
--------------------
പുസ്തകമേ,
നിന്നെയടയ്ക്കുമ്പോൾ
ജീവിതം തന്നെ തുറക്കുന്നു.
തുറയിൽ ഞാൻ
ഒച്ചവയ്പ്പുകൾ കേൾക്കുന്നു.
ചെമ്പു കയറ്റിയ വണ്ടികൾ
ഒച്ചുകളെപ്പോലെ മണല്പരപ്പും കടന്ന്
ടോക്കോപ്പില്ലായിലേക്കു പോകുന്നു.
രാത്രിനേരമാണ്.
ദ്വീപുകൾക്കിടയിൽ
ഞങ്ങളുടെ കടൽ
മീൻ നിറഞ്ഞു തുടിയ്ക്കുന്നു.
എന്റെ ദേശത്തിന്റെ കാലുകളിൽ,
തുടകളിൽ,
ചുണ്ണാമ്പുകൽവാരിയെല്ലുകളിൽ
അതിന്റെ വിരലോടുന്നു.
രാത്രി തീരത്തു പറ്റിപ്പിടിയ്ക്കുന്നു,
ഉണരുന്നൊരു ഗിത്താറു പോലെ
പാട്ടും പാടി
പുലർച്ചയ്ക്കതെഴുന്നേറ്റുവരുന്നു.
കടലെന്നെ വിളിയ്ക്കുന്നു.
കാറ്റെന്നെ വിളിയ്ക്കുന്നു,
റോഡ്രിഗ്സും ഹൊസ്സേ അന്തോണിയോയും
എന്നെ വിളിയ്ക്കുന്നു.
ഖനിത്തൊഴിലാളികളുടെ യൂണിയൻ
ഒരു കമ്പിയടിച്ചിരിക്കുന്നു,
ഞാൻ സ്നേഹിക്കുന്ന ഒരുവൾ
(പേരു ഞാൻ പറയില്ല)
ബുക്കാലെമൂവിൽ
എന്നെ കാത്തിരിക്കുകയും ചെയ്യുന്നു.
പുസ്തകമേ,
കടലാസ്സു കൊണ്ടെന്നെപ്പൊതിയാൻ
നിനക്കായിട്ടില്ല,
അക്ഷരവടിവു കൊണ്ട്,
സ്വർഗീയചിത്രങ്ങൾ കൊണ്ട്
എന്നെ മൂടാൻ
നിനക്കായിട്ടില്ല.
പുറംചട്ടകൾക്കിടയിൽ
എന്റെ കണ്ണുകളെ കുടുക്കിയിടാൻ
നിനക്കിനിയും കഴിഞ്ഞിട്ടില്ല.
നിന്നെവിട്ടു ഞാൻ പോകുന്നു,
എന്റെ പാട്ടിന്റെ
തൊണ്ട കാറിയ കുടുംബവുമൊത്ത്
തോട്ടങ്ങളിൽ കുടിപാർക്കാൻ,
പഴുപ്പിച്ച ലോഹത്തിൽ വേല ചെയ്യാൻ,
മലയോരക്കോലായിൽ
ഇറച്ചി ചുട്ടതും തിന്നുകൊണ്ടിരിക്കാൻ.
എനിക്കിഷ്ടം
പര്യവേക്ഷകരായ പുസ്തകങ്ങളെ,
കാടും മഞ്ഞും
ആഴവും മാനവുമുള്ള പുസ്തകങ്ങളെ.
ചിലന്തികളുടെ പുസ്തകത്തെ
എനിക്കു വെറുപ്പാണ്;
വിഷനൂൽ കൊണ്ടു നെയ്ത വലയിൽ
പ്രായം കുറഞ്ഞ,
പക്വത കുറഞ്ഞ ഈച്ചയെ
അതു കെണിയിൽ പിടിയ്ക്കുന്നു.
പുസ്തകമേ,
നിൻ്റെ പിടി വിടൂ.
വാല്യങ്ങളിൽ ചത്തുകിടക്കാൻ
ഞാനില്ല,
സമ്പൂർണ്ണകൃതികളിൽ നിന്നിറങ്ങിവരാൻ
ഞാനില്ല,
എന്റെ കവിതകൾ തിന്നുന്നത്
കവിതകളല്ല,
അതു വെട്ടിവിഴുങ്ങുന്നത്
ത്രസിപ്പിക്കുന്ന സംഭവങ്ങൾ,
മഴയത്തും വെയിലത്തും
അതിറങ്ങിനടക്കും,
അതിനെ ഊട്ടുന്നത്
മണ്ണും മനുഷ്യരും.
പുസ്തകമേ,
ഞാൻ വഴിയിലേക്കിറങ്ങട്ടെ,
ചെരുപ്പിൽ ചെളിയുമായി,
പുരാണങ്ങളുടെ മാറാപ്പില്ലാതെ.
നീ അലമാരയിലേക്കു മടങ്ങൂ,
ഞാൻ തെരുവിലേക്കിറങ്ങട്ടെ.
ജീവിതമെന്തെന്ന്
ജീവിതത്തിൽ നിന്നുതന്നെ ഞാൻ പഠിച്ചു,
ഒരേയൊരു ചുംബനത്തിൽ നിന്ന്
പ്രണയമെന്തെന്നും ഞാൻ പഠിച്ചു.
ആരെയും ഞാൻ യാതൊന്നും പഠിപ്പിച്ചിട്ടില്ല,
ഞാൻ ജീവിച്ചറിഞ്ഞതല്ലാതെ,
അന്യർക്കുമെനിക്കും പൊതുവായിട്ടുള്ളതല്ലാതെ,
അവർക്കൊപ്പം പടവെട്ടിനേടിയതല്ലാതെ,
അന്യർ പറയേണ്ടതെൻ്റെ പാട്ടിലാക്കി
ഞാൻ പറഞ്ഞതല്ലാതെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ