“ഇതെന്താ ചങ്ങാതീ? താനെങ്ങനെ ഇവിടെ വന്നുപെട്ടു? അതും ഇതുപോലൊരു മോശപ്പെട്ട സ്ഥലത്ത്! സത്തുകൾ മോന്തുന്ന താൻ! അമൃതം ഭുജിക്കുന്ന താൻ! എനിക്കൊരു പിടിയും കിട്ടുന്നില്ല.”
“എന്റെ പൊന്നുസുഹൃത്തേ, ഈ കുതിരയും വണ്ടിയുമൊക്കെ എനിക്കെന്തു പേടിയാണെന്നു തനിക്കറിയാമല്ലോ. അല്പം മുമ്പ് ഞാൻ തെരുവൊന്നു മുറിച്ചുകടക്കാൻ നോക്കുകയായിരുന്നു; നാലുപാടും നിന്ന് ഒരേസമയം കുതിച്ചുവരുന്ന മരണത്തിന്റെ കുളമ്പടികൾക്കിടയിലൂടെ ചെളിയിൽ ചവിട്ടാതെ തത്രപ്പെട്ടു പായുന്നതിനിടയിൽ തലയിൽ നിന്നു പ്രഭാവലയമൂരി ആ അഴുക്കിൽത്തന്നെ ചെന്നുവീണു. അതു ചെന്നെടുക്കാനുള്ള ധൈര്യം അപ്പോഴെനിക്കുണ്ടായില്ല. കീർത്തിമുദ്ര പോയാൽ പോകട്ടെ, എല്ലു നുറുങ്ങാതെ നോക്കുന്നതാണ് ബുദ്ധി എന്നു ഞാൻ ചിന്തിച്ചു. അതുമല്ല, ഏതു ചീത്തക്കാര്യത്തിനും ഒരു നല്ല വശമുണ്ടാവുമല്ലോ എന്നു ഞാൻ സ്വയം സമാധാനിക്കുകയും ചെയ്തു. ഇനിയിപ്പോൾ ആരും തിരിച്ചറിയാതെ സാമാന്യരെപ്പോലെ എനിക്കിവിടെ ചുറ്റിയടിക്കാം, ആഭാസത്തരങ്ങൾ കാണിക്കാം, കുടിച്ചുമദിച്ചു നടക്കാം. അങ്ങനെയാണ്, തന്നെപ്പോലെതന്നെ, ഞാനിവിടെ എത്തിപ്പെട്ടത്!”
“എന്നാലും പ്രഭാവലയം നഷ്ടപ്പെട്ട വിവരത്തിന് പത്രത്തിൽ ഒരു പരസ്യം കൊടുക്കുകയെങ്കിലും ചെയ്യാമായിരുന്നു, അതല്ലെങ്കിൽ പോലീസിൽ പരാതിപ്പെടാമായിരുന്നു.”
“എന്റെ ദൈവമേ, അതിനൊന്നിനും ഞാനില്ല. എനിക്കിവിടെ വളരെ ഇഷ്ടപ്പെട്ടു. നിങ്ങൾ ഒരാളേ എന്നെ തിരിച്ചറിഞ്ഞിട്ടുള്ളു. തന്നെയുമല്ല, ഈ പേരും പ്രശസ്തിയുമൊക്കെ എന്നെ ബോറടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. പിന്നെ ഏതെങ്കിലും പൊട്ടക്കവി ആ പ്രഭാവലയമെടുത്ത് ഒരു നാണവുമില്ലാതെ തന്റെ തലയിൽ വയ്ക്കുന്നതോർക്കുമ്പോൾ എനിക്കു നല്ല രസം തോന്നുന്നുമുണ്ട്. ഒരാളെ സന്തോഷിപ്പിക്കുക- അതെന്തു സുഖമുള്ള കാര്യമാണ്! ഓർക്കുമ്പോഴേ ചിരി വരുന്ന ഒരാളാണയാളെങ്കിൽ പ്രത്യേകിച്ചും! ‘എക്സ്’നെയോ ‘സെഡ്’നെയോ ഒന്നു മനസ്സിൽ കണ്ടുനോക്കൂ! എന്താ? ചിരി വരുന്നില്ലേ?
(ഗദ്യകവിതകൾ- 46)
-----------------------------------------------------------------------------------------------------------------------
ഈ സംഭാഷണം നടക്കുന്നത് കവിയും ഒരു സാധാരണക്കാരനും തമ്മിലാണ്; അത്ര പന്തിയല്ലാത്ത ഒരിടത്ത് (അതിനി ഒരു ചുവന്ന തെരുവും ആവാം) യാദൃച്ഛികമായി കണ്ടുമുട്ടുകയാണവർ; അതിന്റെ ചമ്മൽ ഇരുവർക്കുമുണ്ട്. താൻ ഒരുന്നതപീഠത്തിൽ പ്രതിഷ്ഠിച്ചിരുന്ന കലാകാരനെ ഇങ്ങനെയൊരിടത്തു കണ്ടതിന്റെ അന്ധാളിപ്പിൽ നില്ക്കുന്ന സാധാരണക്കാരനെ കവി സാഹചര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുന്നു. തന്നെയുമല്ല, താനിനി അവിടെ സ്ഥിരമാകാൻ പോവുകയാണെന്ന സൂചനയും നല്കുന്നുണ്ട്. ആ സാധാരണക്കാരനെപ്പോലെതന്നെ വായനക്കാരനേയും കുഴക്കുന്ന ഒരു വിചിത്രമായ കവിതയാണിത്.
ആദ്യത്തെ നിഗൂഢത ആ ‘പ്രഭാവലയം’ തന്നെ. ഒരു ആധുനികകവിയുടെ തലയിൽ അതെങ്ങനെ വന്നു? ബോദ്‌ലേറുടെ തന്നെ ഏറ്റവും പ്രിയപ്പെട്ട ഒരു വിശ്വാസത്തെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുകയാണ് ഇവിടെയത്: അതായത് കലയുടെ പാവനത എന്ന വിശ്വാസം. കലയോട് മതവിശ്വാസത്തിനു തുല്യമായ ഈ ആരാധന അദ്ദേഹത്തിന്റെ രചനകളിലെല്ലാം കാണാം. 1855ൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: “കലാകാരൻ മുളയെടുക്കുന്നത് അവനിൽ നിന്നു മാത്രമാണ്...അവൻ ഉറപ്പു നല്കുന്നത് അവനു മാത്രമാണ്...സന്തതികളില്ലാതെ അവൻ മരിക്കുന്നു. അവന്റെ രാജാവ് അവൻ തന്നെയാണ്, അവന്റെ പുരോഹിതനും അവന്റെ ദൈവവും അവൻ തന്നെ.” പ്രഭാവലയം നഷ്ടപ്പെടുമ്പോൾ ബോദ്‌ലേറുടെ ദൈവമാണ് പരാജയപ്പെടുന്നത്. എന്നാൽ ഈ ദൈവത്തെ ആരാധിക്കുന്നത് കലാകാരന്മാർ മാത്രമല്ല, കലയും കലാകാരനും തങ്ങൾക്കപ്രാപ്യമായ ഒരു തലത്തിൽ നിലനില്ക്കുന്ന സത്തകളാണെന്ന പല സാധാരണക്കാർ കൂടിയാണെന്നും നാം മനസ്സിലാക്കണം. ‘പ്രഭാവലയത്തിന്റെ നഷ്ടം’ നടക്കുന്നത് കലയുടെ ലോകവും സാധാരണലോകവും ഒന്നിക്കുന്ന ഒരു ബിന്ദുവിൽ വച്ചാണ്. അത് ആത്മീയമായ ഒരു ബിന്ദു മാത്രമല്ല, ഭൗതികവും കൂടിയാണ്; ആധുനികനഗരത്തിന്റെ ഭൂപടത്തിൽ ഒരു ബിന്ദു. ആധുനികവല്ക്കരണത്തിന്റെ ചരിത്രവും ആധുനികതയുടെ ചരിത്രവും ഉരുകിച്ചേരുന്ന ബിന്ദുവാണത്.
ബോദ്‌ലേറും മാർക്സും തമ്മിലുള്ള ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിക്കുന്നത് വാൾട്ടർ ബന്യാമിൻ ആണെന്നു തോന്നുന്നു. വാൾട്ടർ ബന്യാമിൻ എടുത്തുപറയുന്നില്ലെങ്കിലും ബോദ്‌ലേറുടെ കവിതയിലെ കേന്ദ്രബിംബത്തിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഒരു പ്രാഥമികബിംബത്തിനോടുള്ള ചാർച്ച മാർക്സിനെ വായിച്ചിട്ടുള്ള ഒരാൾക്ക് കണ്ടെടുക്കാവുന്നതേയുള്ളു: “ഇത്രകാലവും ആദരിക്കപ്പെടുകയും ആരാധനയോടെ വീക്ഷിക്കപ്പെടുകയും ചെയ്ത സകലപ്രവൃത്തികളേയും ചൂഴ്ന്നുനിന്ന പ്രഭാവലയത്തെ ബൂർഷ്വാസി പറിച്ചെറിഞ്ഞിരിക്കുന്നു. ഡോക്ടറെ, വക്കീലിനെ, പുരോഹിതനെ, കവിയെ, ശാസ്ത്രജ്ഞനെ അത് അതിന്റെ കൂലിവേലക്കാരാക്കി മാറ്റി.” ആധുനികജീവിതത്തിനു സവിശേഷമായ ഒരനുഭവം, ആധുനികകലയുടേയും ചിന്തയുടേയും ഒരു കേന്ദ്രപ്രമേയം, ‘അപവിത്രീകരണം’ ആണെന്നാണ് ഇരുവരും പറയുന്നത്. മാർക്സിന്റെ സിദ്ധാന്തം ആ അനുഭവത്തെ ലോകചരിത്രപരമായ ഒരു സന്ദർഭത്തിൽ പ്രതിഷ്ഠിക്കുന്നു; ഉള്ളിൽ നിന്നുള്ള അതിന്റെ അനുഭവത്തെയാണ് ബോദ്‌ലേറുടെ കവിത കാണിക്കുന്നത്. എന്നാൽ രണ്ടുപേരുടെയും പ്രതികരണത്തിന്റെ വൈകാരികതലം വ്യത്യസ്തമാണ്. മാനിഫെസ്റ്റോയിൽ ഈ അപവിത്രീകരണനാടകം ഭയാനകവും ട്രാജിക്കുമാണ്: മാർക്സ് തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് ഈഡിപ്പസ്സിനേയും ലിയർ രാജാവിനേയും പോലെയുള്ള ഉദാത്തവ്യക്തികളെയാണ്; അവമതിയിൽ നിന്നും ദുരിതത്തിൽ നിന്നും പുതിയൊരു കുലീനത സൃഷ്ടിക്കുന്നവരെയാണ്. എന്നാൽ ‘പ്രഭാവലയത്തിന്റെ നഷ്ട’ത്തിന്റെ അന്തസ്സത്ത മറ്റൊന്നാണ്; ഇവിടെ ആ നാടകം കോമിക്കാണ്, ആവിഷ്കാരരീതി ഐറണിക്കാണ്. പ്രഭാവലയം മാനിഫെസ്റ്റോയിലേതുപോലെ ഉഗ്രവും പ്രൗഢവുമായ ഒരു ചേഷ്ടയിൽ പറിച്ചെറിയപ്പെടുകയല്ല, മറിച്ചത് കവിയുടെ തലയിൽ നിന്നൂർന്നുവീണ്, ചെളിയിലൂടെ ഉരുണ്ടുപോവുകയാണ്; അതോർമ്മിപ്പിക്കുന്നത് വില കുറഞ്ഞ തമാശനാടകങ്ങളെയാണ്, ചാപ്ലിന്റെയും കീറ്റന്റെയും സിനിമകളിലെ ദാർശനികമായ മൂടിടിച്ചുവീഴ്ചകളെയാണ്. ഹീറോകൾ ആന്റിഹീറോകളുടെ വേഷമിട്ടു വരുന്ന ഒരു നൂറ്റാണ്ടിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്; ആ നൂറ്റാണ്ടിൽ ഏറ്റവും ഗൗരവമുള്ള സത്യങ്ങളുടെ മുഹൂർത്തങ്ങൾ വിവരിക്കപ്പെടുന്നത് എന്നു മാത്രമല്ല, അനുഭവിക്കപ്പെടുകയും ചെയ്യുന്നത് കോമാളിനാടകങ്ങളായിട്ടായിരിക്കും...
(from Baudelaire: Modernism in the Streets by Marshall Berman)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ