2020, മേയ് 29, വെള്ളിയാഴ്‌ച

ബോദ്‌ലേർ - പാവപ്പെട്ടവരുടെ കളിപ്പാട്ടം



നിർദ്ദോഷമായ ഒരു വിനോദത്തെക്കുറിച്ചു പറയാൻ എനിക്കാഗ്രഹമുണ്ട്. കുറ്റബോധം തോന്നേണ്ടാത്ത നേരമ്പോക്കുകൾ അത്ര കുറവുമാണല്ലോ!

റോഡിലൂടെ വെറുതേ അലഞ്ഞുനടക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ഇനി നിങ്ങൾ രാവിലെ പുറത്തേക്കിറങ്ങുമ്പോൾ ഒന്നിന്‌ ഒരു ‘സൂ’വിലധികം വില വരാത്ത ചെറിയ യന്ത്രക്കളിപ്പാട്ടങ്ങൾ വാങ്ങി പോക്കറ്റിൽ കരുതുക- നൂലിന്മേൽ നീങ്ങുന്ന കടലാസ്സുപാവ, കൂടം കൊണ്ടടിക്കുന്ന കൊല്ലൻ, വാലിൽ പീപ്പിയുള്ള കുതിരയും സവാരിക്കാരനും പോലെയുള്ളവ; പോകുംവഴി മദ്യക്കടകൾക്കു മുന്നിലോ മരങ്ങൾക്കടിയിലോ വച്ചു കാണുന്ന ആരെന്നറിയാത്ത പാവപ്പെട്ട കുട്ടികൾക്ക് അവ സമ്മാനിക്കുക. അവരുടെ കണ്ണുകൾ വിടരുന്നത് നിങ്ങൾക്കു കാണാം. ആദ്യമൊക്കെ അവർക്കതു വാങ്ങാൻ ധൈര്യമുണ്ടായെന്നു വരില്ല; തങ്ങൾക്കു കൈവന്ന സൗഭാഗ്യത്തെ അവർക്കുതന്നെ വിശ്വാസം വരാത്തതുകൊണ്ടാണത്. പിന്നെ പെട്ടെന്നവർ ആ സമ്മാനങ്ങൾ തട്ടിപ്പറിച്ചുകൊണ്ടോടിപ്പോവുകയാണ്‌, മനുഷ്യരെ അവിശ്വസിക്കാൻ ശീലിച്ച പൂച്ചകൾ അവയ്ക്കു വച്ചുനീട്ടുന്ന ആഹാരവും കൊണ്ട് ദൂരെപ്പോകുന്നപോലെ.

വെയിലത്തു വെളുത്തുതിളങ്ങുന്ന സുന്ദരമായ ഒരു മാളികയുടെ മുന്നിലെ വിശാലമായ ഉദ്യാനത്തിന്റെ ഇരുമ്പുഗെയ്റ്റിനു പിന്നിൽ വെളുത്തു തുടുത്ത ഒരു കുട്ടി ഓമനത്തം തോന്നുന്ന ഗ്രാമീണവേഷവുമിട്ടു നില്ക്കുന്നത് നിങ്ങൾ കാണുന്നു.

ആഡംബരത്തിൽ വളരുന്ന, അല്ലലറിയാത്ത, സമൃദ്ധി നിത്യപരിചയമായ ഈ കുട്ടികളുടെ ഭംഗി കാണുമ്പോൾ സാധാരണക്കാരോ പാവപ്പെട്ടവരോ ആയ കുട്ടികളുടെ അതേ മൂശയിൽ നിന്നല്ല അവരെ നിർമ്മിച്ചിരിക്കുന്നതെന്നു വിശ്വസിക്കാൻ തോന്നിപ്പോകും.

അവന്റെ അരികിൽ പുല്ലിന്മേൽ ഒന്നാന്തരമൊരു കളിപ്പാട്ടം വീണുകിടപ്പുണ്ട്; അതിന്റെ ഉടമയെപ്പോലെതന്നെ തുടുത്തത്, തിളങ്ങുന്നതും പൊന്നിന്റെ നിറമുള്ളതും, കടുംചുവപ്പുവേഷമിടീച്ചതും ചെറുതൂവലുകളും പളുങ്കുമണികളും കൊണ്ടലങ്കരിച്ചതും. എന്നാൽ കുട്ടി തനിക്കിഷ്ടപ്പെട്ട ആ കളിപ്പാട്ടം കൊണ്ടു കളിക്കുകയായിരുന്നില്ല; അവൻ നോക്കിക്കൊണ്ടുനിന്നത് എന്തായിരുന്നുവെന്നാൽ:

ഗെയ്റ്റിനു പുറത്ത്, റോഡിൽ, മുൾച്ചെടികൾക്കും കൊടിത്തൂവകൾക്കുമിടയിൽ മറ്റൊരു കുട്ടി നില്പ്പുണ്ടായിരുന്നു; ആകെ അഴുക്കും കരിയും പിടിച്ച്, വളർച്ച മുരടിച്ച ഒരു തെരുവുസന്തതി. എന്നാൽ അവന്റെ ദേഹത്തു നിന്ന് ദാരിദ്ര്യത്തിന്റെ അറയ്ക്കുന്ന ക്ലാവ് കഴുകിക്കളഞ്ഞാൽ, ഒരു കലാസ്വാദകന്റെ നിപുണനേത്രം വാർണ്ണീഷിനടിയിൽ നിന്ന് ഒരു ക്ലാസ്സിക് പെയിന്റിങ്ങ് കണ്ടെത്തുന്നപോലെ, നിഷ്പക്ഷനായ ഒരാളുടെ കണ്ണുകൾക്ക് അവന്റെ സൗന്ദര്യവും കണ്ടെത്താവുന്നതേയുള്ളു.

രണ്ടു ലോകങ്ങളെ, പെരുവഴിയേയും മാളികയേയും, വേർതിരിക്കുന്ന പ്രതീകാത്മകമായ ആ വേലിക്കിടയിലൂടെ പാവപ്പെട്ട കുട്ടി തന്റെ കളിപ്പാട്ടം കാണിച്ചുകൊടുക്കുമ്പോൾ സമ്പന്നനായ കുട്ടി അതെന്തോ അപൂർവ്വവും തനിക്കറിയാത്തതുമായ ഒരു വസ്തുവാണെന്നപോലെ ശ്വാസം പിടിച്ചുകൊണ്ട് അത് സൂക്ഷ്മനിരീക്ഷണം നടത്തുകയായിരുന്നു. അഴുക്കു പിടിച്ച ആ കൊച്ചുപയ്യൻ അഴിയിട്ട ഒരു പെട്ടിക്കുള്ളിലിട്ട് കുത്തുകയും ഇളക്കുകയും കുലുക്കുകയും ചെയ്തിരുന്ന ആ കളിപ്പാട്ടം എന്തായിരുന്നുവെന്നോ- ജീവനുള്ള ഒരെലി! അവന്റെ അച്ഛനമ്മാർ, പണം ലാഭിക്കാനാവാം എന്നെനിക്കു തോന്നുന്നു, ജീവിതത്തിൽ നിന്നുതന്നെ ഒരു കളിപ്പാട്ടം കണ്ടെത്തുകയായിരുന്നു.

കുട്ടികളാകട്ടെ, സഹോദരങ്ങളെപ്പോലെ ഒരുമിച്ചു ചിരിക്കുകയായിരുന്നു, ഒരേ വെണ്മയുള്ള പല്ലുകളും കാണിച്ച്.

(ഗദ്യകവിതകൾ-19)

1853ൽ ബോദ്‌ലേർ എഴുതിയ “കളിപ്പാട്ടങ്ങളുടെ നൈതികത” എന്ന ലേഖനത്തിൽ പറഞ്ഞിട്ടുള്ള ഒരു സംഭവത്തിന്റെ വിപുലരൂപമാണ്‌ ഈ ഗദ്യകവിത. കുട്ടികൾക്ക് കലയിലേക്കുള്ള ആദ്യത്തെ പ്രവേശകമാണ്‌ കളിപ്പാട്ടങ്ങൾ അല്ലെങ്കിൽ അവർ ആദ്യമായി കലയുടെ മൂർത്തരൂപം പരിചയിക്കുന്നത് കളിപ്പാട്ടങ്ങളിലൂടെയാണെന്ന് ബോദ്‌ലേർ ആ ലേഖനത്തിൽ പറയുന്നുണ്ട്.

(വിവ: വി. രവികുമാർ)

അഭിപ്രായങ്ങളൊന്നുമില്ല: