2020, മേയ് 16, ശനിയാഴ്‌ച

ലോർക്ക - വേനല്ക്കാലത്തൊരു പ്രണയഗാനം



നിന്റെ ചെഞ്ചുണ്ടെന്റെ ചുണ്ടിൽ കലർത്തൂ,
എസ്ട്രേലാ, ജിപ്സിപ്പെണ്ണേ!
പൊൻനിറമായ നട്ടുച്ചസൂര്യനു ചുവട്ടിൽ
ആപ്പിൾപ്പഴത്തിൽ ഞാൻ പല്ലുകളാഴ്ത്തട്ടെ.

കുന്നുമ്പുറത്തെ ഒലീവുമരത്തോപ്പിൽ
മൂറുകളുടെ മണിമേട;
പുലരിയും തേനും ചുവയ്ക്കുന്ന
നിന്റെയുടൽനിറം അതിനു നിറം.

നിന്റെ പൊള്ളുന്ന ഉടലൊരു സ്വർഗ്ഗീയഭാജനം,
തിരയടങ്ങിയ പുഴത്തടത്തിനതു
പൂക്കൾ നിവേദിക്കുന്നു,
തെന്നലിനു താരങ്ങളും.

നീയെന്തിനു നിന്നെ എനിക്കു നല്കി,
ഇരുണ്ട വെളിച്ചമേ? എന്തിനെനിക്കു തന്നു,
നിന്റെ സ്ത്രൈണതയുടെ ലില്ലിപ്പൂവും
നിന്റെ മുലകളുടെ മർമ്മരവും?

എന്റെ വിഷാദം നിറഞ്ഞ മുഖം കണ്ടിട്ടോ?
(ഹാ, എത്ര വിലക്ഷണമാണെന്റെ നടത്തം!)
പാട്ടുകൾ വാടിപ്പോയ എന്റെ ജിവിതം കണ്ടു
നിനക്കു കരുണ തോന്നിയാതെണെന്നുണ്ടോ?

എന്തിനെന്റെ വിലാപങ്ങൾ മതിയെന്നു നീ വച്ചു?
നിനക്കൊരു നാട്ടുകാരനെ കിട്ടുമായിരുന്നല്ലോ,
തുടകൾ വിയർക്കുന്നൊരു സാൻ ക്രിസ്തോബാളിനെ,
രതിയിൽ ധൃതിയില്ലാത്തവനെ, സുന്ദരനെ?

എനിക്കാനന്ദത്തിന്റെ ഡനെയ്ഡാണു നീ,
സിൽവേനസ്സിന്റെ സ്ത്രൈണരൂപമേ,
വേനല്ച്ചൂടിൽ പൊരിഞ്ഞ ഗോതമ്പുമണികൾ പോലെ
നിന്റെ ചുംബനങ്ങൾ മണക്കുന്നു.

നിന്റെ പാട്ടു കൊണ്ടെന്റെ കാഴ്ച മങ്ങിക്കുക,
നിന്റെ മുടി വിതിർത്തിയിടുക,
പുല്പരപ്പിനു മേൽ
നിഴലിന്റെ മേലാട പോലെ.

ചോരച്ച ചുണ്ടുകൾ കൊണ്ടെനിക്കു
പ്രണയത്തിന്റെ പറുദീസ വരച്ചുനല്കുക,
ഉടലിന്റെ പശ്ചാത്തലത്തിൽ
നോവിന്റെ വയലറ്റുനക്ഷത്രവും.

നിന്റെ വിടർന്ന കണ്ണുകൾ തടവിൽ പിടിച്ചല്ലോ,
എന്റെ ആൻഡലൂഷ്യൻ പെഗാസസ്സിനെ;
നിന്റെ കണ്ണുകളുദാസീനമാകുന്ന കാലത്തതു പറന്നുപോകും,
മനം തകർന്നും ചിന്താധീനമായും.

നീയെന്നെ സ്നേഹിക്കുന്നില്ലെങ്കിൽത്തന്നെ
നിന്നെ ഞാൻ സ്നേഹിക്കും, ആ ഇരുണ്ട കണ്ണുകൾക്കായി,
വാനമ്പാടി പുലരിയെ സ്നേഹിക്കുമ്പോലെ-
മഞ്ഞുതുള്ളികൾക്കായി മാത്രം.

നിന്റെ ചെഞ്ചുണ്ടെന്റെ ചുണ്ടിൽ കലർത്തൂ,
എസ്ട്രേലാ, ജിപ്സിപ്പെണ്ണേ!
നട്ടുച്ചയുടെ തെളിമയ്ക്കു ചുവട്ടിൽ
ഞാൻ ആപ്പിൾക്കനി തിന്നട്ടെ.

(1920 ആഗസ്റ്റ്)

*എസ്ട്രേല - സ്പാനിഷിൽ നക്ഷത്രം എന്നർത്ഥം

*ജിപ്സി - ആൻഡലൂഷ്യൻ സാംസ്കാരികജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ജിപ്സികൾ; സ്പെയിനിന്റെ ‘യഥാർത്ഥ’വും പരമ്പരാഗതവുമായ സത്ത ജിപ്സികളിലാണുള്ളതെന്ന് ഒരു വിശ്വാസവുമുണ്ട്.

*മൂറുകൾ- വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ഈ മുസ്ലീം ജനത എട്ടാം നൂറ്റാണ്ടിൽ ഐബീരിയൻ ഉപഭൂഖണ്ഡം കീഴടക്കി; സമ്പുഷ്ടമായ ഒരു സങ്കരസംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു, ലോർക്കയുടെ ജന്മനഗരമായ ഗ്രനാഡ.

*എന്റെ വിഷാദം നിറഞ്ഞ മുഖം- സെർവാന്റസിന്റെ നോവലിലെ കഥാനായകനെക്കുറിച്ചുള്ള സൂചന; നോവലിലുടനീളം ഡോൺ കിഹോത്തെയെ പരാമർശിക്കുന്നത് ‘വിഷാദം നിറഞ്ഞ മുഖമുള്ള പ്രഭു’ എന്ന വിശേഷണത്തോടെയാണ്‌.

*എത്ര വിലക്ഷണമാണെന്റെ നടത്തം- ലോർക്കയുടെ നടത്ത തന്നെ വിലക്ഷണമായിട്ടായിരുന്നുവത്രെ.

*സാൻ ക്രിസ്തോബൾ - റോമിൽ വച്ച് മൂന്നാം നൂറ്റാണ്ടിൽ രക്തസാക്ഷിയായ സെയ്ന്റ് ക്രിസ്റ്റഫർ; അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ഒരു കഥ ഒരു കുട്ടിയെ മുതുകത്തിരുത്തി പുഴ കടത്തിവിടുന്നതിനെക്കുറിച്ചാണ്‌; ആ കുട്ടി ക്രിസ്തുവാണെന്ന് പിന്നീട് വെളിപ്പെടുന്നു. അദ്ദേഹം സഞ്ചാരികളുടെ കാവൽമാലാഖയാവുന്നത് അങ്ങനെയാണ്‌.

*ഡനെയ്ഡ് Danaid- ഗ്രീക്ക് പുരാണങ്ങൾ പ്രകാരം ഡനൗസിന്റെ അമ്പതു പുത്രിമാരാണ്‌ ഡനെയ്ഡുകൾ; അവരെ അച്ഛന്റെ ഇരട്ടസഹോദരനായ ഈജിപ്റ്റസ്സിന്റെ അമ്പതു പുത്രന്മാർക്കു വിവാഹം കഴിച്ചുകൊടുത്തു; എന്നാൽ ഒരാളൊഴികെ എല്ലാവരും ആദ്യരാത്രിയിൽത്തന്നെ ഭർത്താക്കന്മാരെ കൊല്ലുന്നു. കാലമുള്ള കാലത്തോളം അടി അരിപ്പയായ ഒരു പാത്രത്തിൽ വെള്ളം കോരുക  എന്നതാണ്‌ അവർക്ക് അതിനു ലഭിക്കുന്ന ശിക്ഷ. ഒരിക്കലും പൂർത്തീകരിക്കാനാവാത്ത ഒരു കാര്യം ആവർത്തിച്ചുചെയ്യുന്നതിലെ വ്യർത്ഥതയുടെ പ്രതീകമാണ്‌ ഡനെയ്ഡുകൾ.

*സിൽവേനസ് Silvanus- റോമൻ മിത്തുകളിൽ കാടുകളുടെയും പാടങ്ങളുടെയും രക്ഷകനായ ദേവൻ.

* പെഗാസസ് Pegasus- ഗ്രീക്ക് മിത്തോളജിയിൽ പെഴ്സ്യൂസ് മെഡൂസയെ വധിച്ചപ്പോൾ അവളുടെ ചോരയിൽ നിന്നു ജനിച്ച ചിറകുകളുള്ള കുതിര.

അഭിപ്രായങ്ങളൊന്നുമില്ല: