2020, മേയ് 13, ബുധനാഴ്‌ച

ഫെർണാണ്ടോ പെസ്സൊവ - എവിടെ ദൈവം?



എവിടെ ദൈവം, അങ്ങനെയൊരാളില്ലെങ്കിൽപ്പോലും? എനിക്കൊന്നു പ്രാർത്ഥിക്കണം, തേങ്ങിക്കരയണം, ചെയ്യാത്ത കുറ്റങ്ങളേറ്റുപറയണം, എന്റെ തെറ്റുകൾ പൊറുത്തുവെന്ന തോന്നൽ അമ്മയുടെ ലാളനയിലും കവിഞ്ഞൊരനുഭൂതിയായി എനിക്കാസ്വദിക്കണം.

തേങ്ങിക്കരഞ്ഞുകിടക്കാനൊരു മടിത്തട്ട്, എന്നാലതിവിശാലവും രൂപമെന്നതില്ലാത്തതും, ഗ്രീഷ്മസന്ധ്യ പോലെ വിപുലം, എന്നാൽ സുഖദം, ഊഷ്മളം, സ്ത്രൈണം... ആ മടിത്തട്ടിൽ കിടന്നു തേങ്ങിക്കരയാനാവുക, സങ്കല്പത്തിലില്ലാത്ത കാര്യങ്ങളെച്ചൊല്ലി, എനിക്കോർമ്മയിലില്ലാത്ത തോൽവികളെച്ചൊല്ലി, ഇല്ലാത്തവയെങ്കിലും നെഞ്ചു നീറ്റുന്ന കാര്യങ്ങളെച്ചൊല്ലി, ഏതെന്നറിയാത്ത ഭാവിയെ സംബന്ധിച്ച ഉൾക്കിടിലമുളവാക്കുന്ന കൂറ്റൻ സന്ദേഹങ്ങളെച്ചൊല്ലി...

ഒരു  രണ്ടാം ബാല്യം, പണ്ടെനിക്കുണ്ടായിരുന്ന വൃദ്ധയായ ഒരായ, അയഞ്ഞ ശ്രദ്ധയ്ക്കു പിടി കിട്ടാതെ പോയ വീരസാഹസികകഥകൾ  പറഞ്ഞെന്നെ ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞുകിടക്ക- ഗോതമ്പുകതിരുകൾ പോലെ പൊൻനിറമായ എൻ്റ്ത്തിഎ ഇളംമുടിയിലൂടെ ഒരുകാലം വിരലോടിയ കഥകൾ...ഒക്കെയും വിപുലവും ചിരന്തനവുമായിരുന്നു,  നിത്യമെന്നുറപ്പു കിട്ടിയതായിരുന്നു, വസ്തുക്കളുടെ ആത്യന്തികയാഥാർത്ഥ്യം വിഷാദത്തോടെ നിദ്ര കൊള്ളുന്ന കയങ്ങളിൽ ദൈവത്തിന്റെ മഹിതൗന്നത്യമാർന്നതായിരുന്നു...

ഒരു മടിത്തട്ട്, ഒരു തൊട്ടിൽ, കഴുത്തിനു ചുറ്റും ഊഷ്മളമായൊരു കൈ... എന്നെ കരയിക്കാനെന്നപോലെ ശബ്ദം താഴ്ത്തി പാടുന്നൊരു സ്വരം, മഞ്ഞുകാലത്ത് അടുപ്പിൽ വെടിച്ചുകത്തുന്ന വിറകിന്റെ ചൂട്...അശ്രദ്ധമായലയുന്ന എന്റെ ബോധം...പിന്നെ അതിവിപുലമായൊരു സ്ഥലരാശിയിൽ പ്രശാന്തവും നിശബ്ദവുമായൊരു സ്വപ്നം, നക്ഷത്രങ്ങൾക്കിടയിലൂടുരുണ്ടുനീങ്ങുന്ന ചന്ദ്രനെപ്പോലെ...

എന്റെ കരവിരുതുകളൊക്കെ ഞാൻ മാറ്റിവച്ചതിൽപ്പിന്നെ, ഉമ്മ കൊടുക്കാൻ പോലത്രയുമെനിക്കു പ്രിയമായ കളിപ്പാട്ടങ്ങൾ, വാക്കുകൾ, ബിംബങ്ങൾ, പദപ്രയോഗങ്ങൾ ഒക്കെയും ഒരു മൂലയ്ക്കു മനോഹരമായി ഞാൻ അടുക്കിവച്ചതിൽപ്പിന്നെ, അത്രയ്ക്കു ചെറുതായ, നിരുപദ്രവിയായ ഒരു ജീവിയാണു ഞാനെന്നെനിക്കു തോന്നുകയാണ്‌, അത്രയും വിശാലവും, അത്രയും വിഷണ്ണവുമായ ഒരു മുറിയിൽ അത്രയുമേകാകിയാണു ഞാനെന്നും!

ഈ കളികളിൽ മുഴുകാത്ത നേരത്ത് ആരാണീ ഞാൻ? ഐന്ദ്രിയാനുഭവങ്ങളുടെ തുറസ്സിൽ പരിത്യക്തനായ, യാഥാർത്ഥ്യത്തിന്റെ തെരുവുമൂലകളിൽ തണുത്തു വിറയ്ക്കുന്ന, വിഷാദത്തിന്റെ പടവുകളിൽ കിടന്നുറങ്ങാൻ വിധിക്കപ്പെട്ട, ദിവാസ്വപ്നം വച്ചുനീട്ടുന്ന അപ്പക്കഷണങ്ങൾ മാത്രം തിന്നാൻ കിട്ടുന്ന ഒരനാഥബാലൻ. ഇന്നേ വരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ പിതാവിന്റെ പേര്‌ ദൈവം എന്നാണെന്നു പറഞ്ഞുകേൾക്കുന്നു; എന്നാൽ ആ പേരുമായി എനിക്കൊരു ബന്ധവുമില്ല. ചില രാത്രികളിൽ വല്ലാതെ ഒറ്റപ്പെട്ടുവെന്നു തോന്നുമ്പോൾ കണ്ണീരോടെ ഞാൻ അദ്ദേഹത്തിന്റെ പേരു വിളിച്ചുകരയും, എനിക്കു സ്നേഹിക്കാവുന്നൊരു രൂപം ഞാൻ മനസ്സിൽ രൂപപ്പെടുത്തും. അപ്പോഴാണെനിക്കു തോന്നുക, എനിക്കദ്ദേഹത്തെ അറിയില്ലയെന്ന്, ഞാൻ സങ്കൽപ്പിക്കുന്ന പോലെയാവില്ല അദ്ദേഹമെന്ന്, എന്റെ ആത്മാവിന്റെ പിതാവായിരിക്കില്ല ഈ രൂപമെന്ന്...

എന്നിതിനൊക്കെ ഒരവസാനമുണ്ടാവാൻ - ഞാൻ എന്റെ മനോവേദനയും വലിച്ചിഴച്ചു നടക്കുന്ന ഈ തെരുവുകൾ, എന്റെ കീറത്തുണികളിൽ രാത്രി വിരലോടിക്കുന്നതുമറിഞ്ഞ് തണുത്തു കൂനിപ്പിടിച്ചു ഞാനിരിക്കുന്ന ഈ പടവുകൾ? ഇനിയെന്നെങ്കിലുമൊരുനാൾ ദൈവം വന്ന് എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയും, എനിക്കു ചൂടും സ്നേഹവും തരികയും ചെയ്തിരുന്നെങ്കിൽ...ചിലപ്പോഴൊക്കെ ഞാൻ ഇതിനെക്കുറിച്ചോർത്തുനോക്കാറുണ്ട്; അതിനെക്കുറിച്ചാലോചിക്കാനാവുന്നതിന്റെ സന്തോഷത്താൽ ഞാൻ കരഞ്ഞുപോകാറുമുണ്ട്. പക്ഷേ തെരുവുകളിൽ കാറ്റു വീശുകയാണ്‌, നടപ്പാതകളിൽ ഇലകൾ പൊഴിഞ്ഞുവീഴുന്നുമുണ്ട്. ഞാൻ മുഖമുയർത്തി നക്ഷത്രങ്ങളെ നോക്കുകയാണ്‌; അവയിൽ നിന്നു യാതൊന്നും എന്റെ മനസ്സിലേക്കു കടക്കുന്നില്ല. ശേഷിക്കുന്നത് ഈ ഞാൻ മാത്രം, ഒരു പ്രണയത്തിനും ദത്തുപുത്രനായി വേണ്ടാത്ത, ഒരു സൗഹൃദവും കളിക്കൂട്ടുകാരനായി അംഗീകരിക്കാത്ത ഒരു പാവം അനാഥബാലൻ.

ഈ അനാഥത്വത്തിൽ ഞാൻ കുളിർന്നുവിറയ്ക്കുന്നു, എനിക്കിതാകെ മടുത്തിരിക്കുന്നു. പോയി എന്റെ അമ്മയെ കണ്ടുവരൂ, കാറ്റേ.  ഞാനിന്നേവരെ പോയിട്ടില്ലാത്ത വീട്ടിലേക്കെന്നെ രാത്രിയിൽ കൊണ്ടുപോകൂ. എന്റെ ആയയെ എനിക്കു മടക്കിത്തരൂ, മഹാമൗനമേ, എന്റെ തൊട്ടിലും എന്നെ പാടിയുറക്കിയിരുന്ന താരാട്ടും മടക്കിത്തരൂ...

(അശാന്തിയുടെ പുസ്തകം- വിവ: വി. രവികുമാർ)

അഭിപ്രായങ്ങളൊന്നുമില്ല: