2020, മേയ് 19, ചൊവ്വാഴ്ച

ബോദ്‌ലേർ - ഏകാന്തത


ഏകാന്തത മനുഷ്യനു നല്ലതല്ലെന്ന് ഉദാരഹൃദയനായ ഒരു പത്രക്കാരൻ എന്നോടു പറയുകയുണ്ടായി. തന്റെ സിദ്ധാന്തത്തിനുപോദ്ബലകമായി, എല്ലാ അവിശ്വാസികളേയും പോലെ, സഭാപിതാക്കന്മാരെ അയാൾ കൂട്ടുപിടിക്കുകയും ചെയ്തു.
പിശാചിന്റെ വിഹാരരംഗമാണ്‌ തരിശ്ശുനിലങ്ങളെന്ന് എനിക്കറിയാത്തതല്ല; ഹിംസയുടെയും ഭോഗാസക്തിയുടെയും ദുരാത്മാക്കൾ തഴയ്ക്കുന്നത് ഏകാന്തമായ ഇടങ്ങളിലാണെന്നും എനിക്കറിയാം. അതേ സമയം തന്റെ ഏകാന്തതയിൽ സ്വന്തം ആസക്തികളേയും വേതാളങ്ങളേയും കുടിപാർപ്പിക്കുന്ന അലസനും ലക്ഷ്യഹീനനുമായ ഒരാൾക്കേ അതപകടമായി വരുന്നുള്ളു എന്നും വരാം.
വേദിയിലോ മണ്ഡപത്തിലോ കയറിനിന്ന് ഗിരിപ്രസംഗം നടത്തുന്നതുതന്നെ ജീവിതാനന്ദമായ ഒരു വിടുവായന്‌ റോബിൻസൺ ക്രൂസോയുടെ ദ്വീപിൽ ചെന്നുപെട്ടാൽ ഭ്രാന്തെടുത്തുപോകുമെന്നള്ളതിൽ സംശയമില്ല. നമ്മുടെ പത്രക്കാരൻ സുഹൃത്തിന്‌ ക്രൂസോയുടെ ധൈര്യവും സ്ഥൈര്യവും വേണമെന്നൊന്നും ഞാൻ വാശി പിടിക്കുന്നില്ല; എന്നാൽ ഏകാന്തതയേയും നിഗൂഢതയേയും സ്നേഹിക്കുന്നവരെ കുറ്റവാളികളായി കാണരുതെന്ന് എനിക്കയാളോട് അപേക്ഷയുണ്ട്.
കഴുമരത്തിൽ കയറിനിന്ന് ഒരു ദീർഘപ്രസംഗം നടത്താൻ അനുവാദം കിട്ടുമെന്നുണ്ടെങ്കിൽ വധശിക്ഷയ്ക്കു വിധേയരാകുന്നതിൽ അത്ര തരക്കേടൊന്നും കാണാത്ത ചിലരെ നമ്മുടെ വായാടിവർഗ്ഗത്തിൽ കണ്ടെത്താവുന്നതേയുള്ളു. സാന്തെരേയുടെ ചെണ്ടയടി തന്റെ വാക്കുകൾക്കു പെട്ടെന്നു തടയിടുമെന്ന് ഇനി പേടിക്കാനുമില്ലല്ലോ.
എനിക്കവരോടു പരാതിയില്ല, എന്തെന്നാൽ, മറ്റുള്ളവർ മൗനത്തിലും ഏകാന്തധ്യാനത്തിലും നിന്നു സമ്പാദിക്കുന്ന ആനന്ദങ്ങൾക്കു തുല്യമായതൊന്നാണ്‌ അവർക്കു തങ്ങളുടെ വാഗ്ധോരണിയിൽ നിന്നു കിട്ടുന്നതെന്ന് ഞാൻ കാണുന്നുണ്ട്; എന്നാൽ എനിക്കവരെ വെറുപ്പാണ്‌.
ഈ നശിച്ച പത്രക്കാരനെന്താ, എന്നെ എന്റെ ഇഷ്ടത്തിനു വിട്ടുകൂടേ? “സ്വന്തം സന്തോഷങ്ങൾ പങ്കു വയ്ക്കണമെന്ന് നിങ്ങൾക്കൊരിക്കലും തോന്നാറില്ലേ?” സുവിശേഷവേലക്കാരുടെ അനുനാസികസ്വരത്തിൽ അയാൾ ചോദിക്കുകയാണ്‌. അയാളുടെ ഉള്ളിന്റെയുള്ളിലെ അസൂയാലു പുറത്തുവരുന്നതു നോക്കൂ! അയാൾ ജീവിതാനന്ദങ്ങൾ എന്നു കരുതുന്നവയെ എനിക്കൊട്ടും മതിപ്പില്ലെന്ന് അയാൾക്കറിയാം; അതുകൊണ്ട് എന്റെ സന്തോഷങ്ങളിൽ കയറിക്കൂടാൻ നോക്കുകയാണയാൾ, അറയ്ക്കുന്ന ആ രസംകൊല്ലി!
ഒറ്റയാവാൻ കഴിയാത്തത് മഹാപാപമാണെന്ന അർത്ഥത്തിൽ ലാ ബ്രൂയേ എവിടെയോ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കായാൽ തങ്ങൾക്കുതന്നെ തങ്ങളെ സഹിക്കാൻ പറ്റാതെ വരുമോ എന്ന പേടി കാരണം ആൾക്കൂട്ടത്തിലേക്കോടിക്കയറി സ്വയം മറക്കുന്നവരെ നാണം കെടുത്താൻ വേണ്ടിത്തന്നെയാവണം അദ്ദേഹം അതു പറഞ്ഞത്.
“സ്വന്തം മുറിയിൽ അടച്ചിരിക്കാൻ കഴിയാതെ വരുന്നതാണ്‌ നമ്മുടെ മിക്കവാറും എല്ലാ കഷ്ടപ്പാടുകൾക്കും കാരണം,” മറ്റൊരു ജ്ഞാനി, പാസ്കലാണെന്നു തോന്നു, പറയുന്നുണ്ട്; നിരന്തരമായ പ്രവൃത്തിയിലും, എന്റെ കാലത്തെ മനോജ്ഞമായ ഭാഷയിൽ പറഞ്ഞാൽ, കൂട്ടായ്മ എന്ന വ്യഭിചാരത്തിലും സുഖം കണ്ടെത്തുന്ന എല്ലാ ഭ്രാന്തന്മാരെയും തന്റെ ധ്യാനമുറിയിലിരുന്ന് മനസ്സിൽ കാണുകയാവണം അദ്ദേഹം.
-------------------------------------------------------------------------------------------------------------------------------------------

*സാന്തെരെ Antoine Joseph Santerre- ഫ്രഞ്ചുവിപ്ലവകാലത്ത് ലൂയി പതിനാറാമന്റെ ജയിൽ വാർഡനായിരുന്നു; ഗില്ലറ്റിനു മുന്നിൽ വച്ച് ലൂയി ചെയ്ത പ്രസംഗം പുറത്തു കേൾക്കാതിരിക്കാൻ വേണ്ടി പട്ടാളക്കാരോട് വാദ്യം മുഴക്കാൻ സാന്തെരെ ആവശ്യപ്പെട്ടുവത്രെ.
*ലാ ബ്രൂയെ Jean de la Bruyere (1645-1696)- അദ്ദേഹത്തിന്റെ Les Caracteres എന്ന വചനസമാഹാരത്തിൽ നിന്നാണ്‌ ബോദ്‌ലേർ ഉദ്ധരിക്കുന്നത്.
*പാസ്കൽ Pascal (1623-1662)- ഫ്രഞ്ച് ഗണിതജ്ഞൻ; Pensees അദ്ദേഹത്തിന്റെ ദൈവശാസ്ത്രചിന്തകൾ.

(ഗദ്യകവിതകൾ - 23)

അഭിപ്രായങ്ങളൊന്നുമില്ല: