2020, മേയ് 30, ശനിയാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - മരിച്ചവർ നമ്മോടു ചെയ്യുന്നത്



ഇന്നു രാവിലെ യാൻ വന്നു
- ഞാൻ അച്ഛനെ സ്വപ്നം കണ്ടു
അവൻ പറയുകയാണ്‌

ഓക്കുതടി കൊണ്ടുള്ള പെട്ടിയിലായിരുന്നു
അച്ഛന്റെ യാത്ര
മഞ്ചത്തിനരികിൽത്തന്നെ ഞാനുണ്ടായിരുന്നു
അച്ഛൻ എന്നോടു പറയുകയാണ്‌

എത്ര നന്നായിട്ടാണ്‌ നീയെന്നെ ഒരുക്കിയത്
ചടങ്ങുകളൊക്കെ വളരെ നന്നായിട്ടുണ്ട്
ഈ സമയത്തൊക്കെ പൂക്കൾ കിട്ടുക
കുറേ പണം പൊട്ടിച്ചിട്ടുണ്ടാവുമല്ലോ

അതോർത്തു വേവലാതിപ്പെടേണ്ടച്ഛാ
ഞാൻ പറയുകയാണ്‌- ആളുകൾ കാണട്ടെ
ഞങ്ങൾക്കച്ഛനെ എന്തു കാര്യമായിരുന്നുവെന്ന്
ഞങ്ങൾ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ലെന്ന്

കറുത്ത യൂണിഫോമിട്ട ആറുപേർ
ഇരുവശങ്ങളിലും അവർ അകമ്പടി സേവിക്കുന്നുണ്ട്

അച്ഛൻ ഒരു നിമിഷം ആലോചിച്ചിട്ടു പറയുന്നു
മേശയുടെ താക്കോൽ വെള്ളിമഷിക്കുപ്പിയിലുണ്ട്
ഇടതുഭാഗത്തെ രണ്ടാമത്തെ വലിപ്പിൽ
കുറച്ചു പണം ബാക്കിയുണ്ടാവും

അതെടുത്ത് - ഞാൻ പറയുകയാണ്‌-
ഒരു സ്മാരകശില വാങ്ങാമച്ഛാ
കറുത്ത മാർബിൾ കൊണ്ട് വലുതൊരെണ്ണം

അതൊന്നും വേണ്ട മോനേ- അച്ഛൻ പറയുകയാണ്‌
അതു വല്ല പാവങ്ങൾക്കും കൊടുത്തേക്കൂ

കറുത്ത യൂണിഫോമിട്ട ആറു പേർ
കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി
ഇരുവശങ്ങളിലായി ഗാംഭീര്യത്തോടവർ നടക്കുന്നു

പിന്നെയും എന്തോ ആലോചിച്ചിട്ടെന്നപോലെ
-തോട്ടത്തിൽ പൂക്കളുടെ കാര്യം നോക്കണം
മഞ്ഞുകാലത്ത് മറ കെട്ടിക്കൊടുക്കണം
അവ നശിച്ചുപോകരുതെന്നെനിക്കുണ്ട്

നീയാണു മൂത്തവൻ- അച്ഛൻ പറയുകയാണ്‌-
പെയിന്റിങ്ങിനു പിന്നിലുള്ള ചെറിയ സഞ്ചിയിൽ നിന്ന്
മുത്തു കൊണ്ടുള്ള കഫ് ലിങ്ക്സ് നീയെടുത്തോ
അതു നിനക്കു നല്ലതു വരുത്തട്ടെ
ഹൈസ്കൂൾ പാസ്സായപ്പോൾ
അമ്മ എനിക്കു തന്നതാണത്
അച്ഛൻ പിന്നെയൊന്നും പറഞ്ഞില്ല
നല്ല ഉറക്കത്തിലേക്കു വീണിട്ടുണ്ടാവണം

ഇങ്ങനെയാണ്‌ നമ്മുടെ മരിച്ചവർ
നമ്മളെ കാത്തുരക്ഷിക്കുന്നത്
സ്വപ്നങ്ങളിലവർ നമ്മെ ഗുണദോഷിക്കുന്നു
നഷ്ടപ്പെട്ട പണം കണ്ടുപിടിച്ചുതരുന്നു
നമുക്കൊരു ജോലി ഒപ്പിച്ചെടുക്കാൻ നോക്കുന്നു
ഭാഗ്യക്കുറിയുടെ നമ്പർ ചെവിയിൽ പറയുന്നു
അതു ചെയ്യാൻ പറ്റാതെ വരുമ്പോൾ
ജനാലപ്പാളിയിൽ വിരലു കൊണ്ടു മുട്ടുന്നു

അവരോടുള്ള അളവറ്റ നന്ദി കാരണം
നാമവർക്കായി ഒരമരത്വം സങ്കല്പിച്ചെടുക്കുന്നു
ഒരെലിമാളം പോലെ സുഖമായി ഒതുങ്ങിക്കിടക്കാവുന്നത്



അഭിപ്രായങ്ങളൊന്നുമില്ല: